p k gopi
ദേവരൗദ്രതയുടെ
കാവ്യമെഴുതിയെഴുതി
അയാൾ മടുത്തു.
അനുഭവയുദ്ധങ്ങളെ
അപമാനിച്ചുകൊണ്ട്
അധർമ്മയോദ്ധാക്കൾ
ചതിച്ചു ജയിക്കുന്നതു കണ്ട്
എഴുത്താണികൾ വിറച്ചു.
രക്തപുഷ്പങ്ങളുടെ
കിരീടം ചൂടി
അസ്ഥിപ്പരവതാനിയിലൂടെ
തലകുനിച്ചു നടക്കുന്നവർക്ക്
അധികാരം
കൈമാറുന്നതു കണ്ട്
അക്ഷരങ്ങൾ നടുങ്ങി.
മാനുഷികമായ
ധർമ്മസങ്കടങ്ങളെ
മണ്ണിലെഴുതാൻ
വിരൽത്തുമ്പു നീട്ടി
കുമ്പിടുമ്പോൾ
എന്നെയെഴുതു...
എന്നെയെഴുതു....എന്ന്
കോടാനുകോടി
പ്രളയ വിലാപങ്ങൾ !