Followers

Saturday, December 5, 2009

ആലില

p k gopi
ആലിലകൾ
സംസാരിക്കുന്നതു പോലെ
മറ്റൊരിലയും
സംസാരിക്കുകയില്ല
തെന്നലിന്റെ
കൈപിടിച്ച്‌
ഭൂമിയെ തൊടുന്നതുവരെ
അത്‌ സംസാരിച്ചു-
കൊണ്ടേയിരിക്കും
ആകാശങ്ങളിൽ
എഴുതിവെച്ചതെല്ലാം
ഉരുവിട്ടു
മനഃപാഠമാക്കിയത്‌
ആവർത്തിക്കുകയാണവ.
ആഴങ്ങളിൽ നിന്ന്‌
ശേഖരിച്ചതെല്ലാം
ആത്മമുരളികൾ
നെഞ്ചോടു ചേർത്ത്‌
ആലപിക്കുകയാണവ.
കൽപടവിൽ
കാറ്റുകൊണ്ട്‌
കാതോർത്തിരിക്കുമ്പോൾ
ആലിലകൾ
പറയാൻ വിട്ടത്‌
തായ്ത്തടിയുടെ
ഇതിഹാസവിരലുകൾ
എഴുതിത്തരും.
പുരുഷാന്തരങ്ങളുടെ
അനന്തമായ
നാവു പോലെ
ആലിലകൾ
ആരോടെന്നില്ലാതെ
സത്യം മാത്രം
സംസാരിച്ചു കൊണ്ടിരിക്കുന്നു!