Followers

Saturday, December 5, 2009

ക്വട്ടേഷൻ






vijayakumar kalarikkakal

ക്വട്ടേഷൻ കിട്ടിക്കഴിഞ്ഞാൽ അയാളുടെ ജീവിതശൈലി തന്നെ മാറുകയായി, പണ്ടത്തെ ആരാച്ചാരന്മാരെപ്പോലെ.
പിന്നീട്‌ കൃത്യശേഷം മാത്രമേ കെട്ട്യോളുടെ കൂടെ കെടക്കുവൊള്ളു, മത്സ്യമാംസങ്ങൾ കൂട്ടുവൊള്ളു, മദ്യം കൈകൊണ്ട്‌ തൊടുവൊള്ളു.....
അയാൾക്ക്‌ സ്വന്തമായൊരു ശൈലി തന്നെയുണ്ട്‌, കൊലയ്ക്ക്‌, പിന്നിൽ നിന്ന്‌ ആളറിയാതെ കഴുത്തിൽ കയറിട്ട്‌ കുരുക്കി, ശ്വാസംമുട്ടിച്ച്‌, അന്ത്യപ്രാണൻ വിടുന്ന ഘട്ടത്തിൽ ഇടതുകയ്യാൽ കയറിനെ മുറുക്കിക്കൊണ്ട്‌, വലതുകയ്യാൽ എളിയിൽ കരുതിയിരിക്കുന്ന കത്തി ഇരയുടെ നെഞ്ചിൽ ഇടതുവശത്ത്‌ വാരിയെല്ലുകൾക്ക്‌ താഴത്തുകൂടി ഹൃദയത്തിൽ എത്തും വിധത്തിൽ താഴ്ത്തി.....
ഒരു പ്രധാന ശിഷ്യനുണ്ടെങ്കിലും, വേണ്ടിവന്നാൽ മറ്റ്‌ സഹായികളെ കൂട്ടുമെങ്കിലും സ്വന്തം കയ്യാൽ....
ഇരയുടെ സൗകര്യാർത്ഥം.
അതിരാവിലെ സിറ്റൗട്ടിൽ ഇരുന്ന്‌ കട്ടൻചായകുടിച്ച്‌ പേപ്പർ വായിക്കുമ്പോൾ,
പ്രഭാതഭക്ഷണം കഴിക്കുമ്പോൾ,
അത്താഴത്തിന്‌ ഊണുമേശയിലിരിയ്ക്കുമ്പോൾ,
ഇണയോടൊത്തു ശയിയ്ക്കുമ്പോൾ.....
പ്രതിഫലം പറ്റിക്കൊണ്ട്‌,
കക്ഷിരാഷ്ട്രീയങ്ങൾക്ക്‌ അതീതമായി,
ജാതിമതവർണ്ണ വ്യത്യാസങ്ങളില്ലാതെ,
അയിത്താചാരങ്ങൾ മാനിയ്ക്കാതെ ജോലി ചെയ്തുവന്നിരുന്നു.
അതുകൊണ്ട്‌ തന്നെ അയാൾക്ക്‌ മങ്കാവുടിയിൽ മാത്രമല്ല മലയാളത്തുകരയാകെ പേരെടുക്കാൻ കഴിഞ്ഞു.
പക്ഷേ, ഈയിടെ അയാൾ കുറച്ച്‌ ഉൾവലിഞ്ഞിരിയ്ക്കുന്നു.
കഴിവുകൾ ചോർന്നിട്ടോ, മനസ്സ്‌ മടുത്തിട്ടോ അല്ല,
അത്യാവശ്യം പണം കൈവശമുണ്ട്‌, പണം പലിശയ്ക്ക്‌ വേണ്ടവരുമുണ്ട്‌, അപ്പോൾ പുതിയൊരു ഇമേജ്‌ കിട്ടിയിരിക്കുന്നു. സ്ഥാനമാണങ്ങൾ തെളിഞ്ഞുവരുന്നു.
അങ്ങിനെയിരിക്കെ കഴിഞ്ഞ രാത്രിയിൽ,
രണ്ടാം ഭാര്യയോടൊത്ത്‌ ശയിക്കുമ്പോൾ, ഓടിളക്കി കയർ വഴി ഇറങ്ങി അവൻ വന്നു....
അയാളുടെ പിറകിൽ നിന്നും കഴുത്തിൽ കയർ മുറുക്കി, ശ്വാസം മുട്ടിച്ച്‌ അവസാനപ്രാണനും വിടുന്നേരം.....
ശക്തമായ പിടച്ചിലിൽ എങ്ങിനെയോ അയാൾക്ക്‌ അവന്റെ മുഖം കാണാൻ കഴിഞ്ഞു.
അരുമശിഷ്യർ!
അവന്റെ ഇടതുകയ്യാൽ കയർ മുറുക്കി, വലതുകയ്യാൽ എളിയിൽ കരുതിയിരുന്ന പുത്തൻ കത്തിയെടുത്ത്‌.....