Followers

Saturday, December 5, 2009

മരണത്തിന്റെ ഊഴം


delna niveditha
കമ്പനിയിലവസാന സ്നാനമെന്നറിയാതെ
കരനോക്കി കിതച്ചുകേറി
കുഞ്ഞായ നാളിൽ കഴുത്തിലന്നാടിയ
കുഞ്ഞുമണിയൊച്ച മുഴങ്ങി കാതിൽ
ഇന്നലെ ചങ്ങാതി പിടയുന്ന നേരത്ത്‌
മിണ്ടാതെ നിന്നവൻ മിഴി നിറഞ്ഞോ?
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌
ടാറിട്ട റോഡിലെ പൊള്ളുന്ന വെയിലിലും
ചാട്ടവാറടിയുടെ ചൂടു മാത്രം
പൊള്ളുന്ന വെയിലിൽ നടന്നു കിതച്ചുപോയ്‌
'തുള്ളിവെള്ളം നാവിൽ മോഹമായി
അടികൊണ്ട്‌ പുളയുമ്പോൾ മടിയല്ല തന്റെ
തടിയുടെ ക്ഷീണമൊന്നാരറിയാൻ
നുരവന്ന്‌ വായിൽ പതയായിതീരുന്നു
നടുറോട്ടിലറിയാതെ വീണുപോയി
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌
ബന്ധിച്ച കാലിൽ അടിച്ചൊരു ലാടന്റെ
നൊമ്പരം കൊണ്ടു ഞാനെത്ര ദൂരം
അഴകു നോക്കീലവർ കഴിവു നോക്കീലെന്റെ
ആകെ തടിയുടെ തൂക്കമാണ്‌
കൂടു മാറിയാത്ര, നാടു മാറിപ്പോയി
ക്രൂരമാം എത്ര മുഖങ്ങൾ കണ്ടു
കണ്ണന്റെ കാലിയായ്‌ കാനനത്തിൽ മേഞ്ഞ
ഞങ്ങളുടെ ദുരിതമൊന്നാരറിവു
തോളത്തു ബന്ധിച്ച നുകവുമായ്‌ പാടത്ത്‌
തോരാത്ത മഴയത്തും ഉഴുത നേരം
ചേറിൽ കലപ്പ വെച്ചു മുന്നേറുന്ന
നേരത്ത്‌ തവള കരഞ്ഞതോർമ്മ
മൂക്കിൽ കൊരുത്തു വലിച്ച കയറിനെ
നാക്കിനാൽ നക്കി തുടച്ചിരുന്നു
പച്ചപ്പുൽ നാമ്പ്‌ കടിച്ചു വലിച്ചന്ന്‌
കൊച്ചുപുഴയോരത്തു മേഞ്ഞ നേരം
കൊത്തിപ്പെറുക്കുമൊരു കാക്കയെന്മേനിയിൽ
ഒത്തിരി സ്നേഹമായ്‌ തന്നെ തോന്നി
ഇല്ലവർക്കീ മണ്ണിൽ ബന്ധനമൊന്നിന്‌
പുണ്യകർമ്മം ബലിച്ചോറു തിന്നാം
മിണ്ടാത്ത പ്രാണിയായ്‌ മണ്ടുന്നതെപ്പോഴും
മിണ്ടുന്ന നിങ്ങളുടെ വാക്കിനൊപ്പം
കെട്ടിവലിച്ചു കയറ്റിയൊരു വണ്ടിയിൽ
കുത്തിനിറച്ചൊന്നനങ്ങുവാൻ വയ്യാതെ
കാലനാക്കാൻ കഴിയാത്തൊരു യാത്രയിൽ
കാതിൽ മുഴങ്ങും ഇരമ്പൽ മാത്രം
രാത്രിയും പകലുമൊന്നറിയാതെ പോകുന്ന
യാത്രയുടെ അവസാനമെവിടെയാണ്‌
സഞ്ചിയിൽ തൂങ്ങിയുറങ്ങുന്ന പുന്നാടൻ
കണ്ടില്ല ഞങ്ങളുടെ ദുരിതമൊന്നും
ഈയലിനായുസ്സ്‌ ഇത്തിരിയാണേലും
ഈ മണ്ണിൽ ദുരിതങ്ങളൊന്നുമില്ല
അയവിറക്കി പഴയ ഓർമ്മകൾ ഒന്നായി
അവസാനയാത്രയുടെ നാളുകളിൽ
ഒരു കയറിൽ ബന്ധിച്ച ചങ്ങാതിമാരോട്‌
ഒരു നിമിഷമന്നവൻ യാത്ര ചൊല്ലി
അറവുകാരൻ വരാൻ വൈകുന്നതെന്തെന്ന്‌
അറിയാതെ തിരയുന്നവന്റെ കണ്ണ്‌