Followers

Saturday, December 5, 2009

ആർക്കും വേണ്ടാത്തവരുടെ സുവിശേഷം
krishna


ജനിക്കുമ്പോള്‍ തനിക്ക്‌ ഒരു വയസ്സു പ്രായമുണ്ടായിരുന്നെന്ന്‌ ചാക്കോ ഏലിയോടു പറഞ്ഞപ്പോഴാണ്‌ അയില അറിഞ്ഞത്‌. പുഴ അവനെ പ്രസവിച്ച പാടെ കരയിലേക്ക്‌ തള്ളിവിടുകയായിരുന്നു. ആദ്യം കണ്ടത്‌ ഒരു പൂച്ഛയും,പിന്നെ ചാക്കോയും. നീന്തലറിയാത്ത അയാൾ ഒരു വിധത്തിൽ അവനെ വലിച്ച്‌ കരക്കു കയറ്റി. അപ്പോഴേ അവൻ നടക്കാൻ തുടങ്ങി. അവന്റെ കയ്യിൽ അന്നേരം അഞ്ചു രൂപ നോട്ടൊണ്ടായിരുന്നു. അതു കൊടുത്ത്‌ അയാൾ പാലും കഞ്ചാവു ബീഡിയും വാങ്ങിച്ചു.
ആ പൂച്ചേടെ കണ്ണു തട്ടിപ്പറിച്ചെടുത്തിട്ട്‌ തന്റെ കണ്ണ്‌ അവൻ പൂച്ചക്കു കൊടുത്തെന്നും അയാൾ പറഞ്ഞു. "ഏതിരുട്ടത്തും അവനു കാണാം." കഞ്ചാവുബീഡിയുടെ പുകയിലൂടെ അയാൾ പറഞ്ഞു. അത്‌ അവന്‌ ഒരു പുതിയ അറിവായിരുന്നു.
ഏലി അവന്റെ നേരെ നോക്കുന്നത്‌ അവൻ കാണുന്നുണ്ടായിരുന്നു. കുപ്പിവിളക്കിന്റെ നേർത്ത പ്രകാശത്തിൽ അവളുടെ മുഖം ഒരു വലിയ നെയ്യലുവക്കഷ്ണം ആണെന്നവനു തോന്നി. ഒരു കത്തികൊണ്ട്‌ പതുക്കെ നോവിക്കാതെ മുറിച്ചു വായിലിട്ടാൽ എന്തു രസമായിരിക്കും!
ആ രസം നുണഞ്ഞുകിടന്ന്‌ അവൻ ഉറങ്ങിപ്പോയി. പിന്നെ അവനുണർന്നത്‌ രാവിലെ അയാൾ തട്ടിയെഴുന്നേൽപ്പിച്ചപ്പോഴാണ്‌. എനിക്കിന്നു പണിക്കു പോകാമ്മേലാ.വല്ലാത്ത ക്ഷീണം.ആരോടെന്നില്ലാതെ പറഞ്ഞിട്ട്‌ അയാൾ ഏലിയുടെ നേരെ നോക്കി. "നീ കൊറച്ചുകഴിഞ്ഞ്‌ പോയി ഞാനിരിക്കുന്നെടത്തിരുന്നോ.കാലേല കെട്ട്‌ ഇച്ചിരി വലുതായിട്ട്‌ കെട്ടിക്കോ,എന്നിട്ട്‌ അയാൾ അയിലയോടായി പറഞ്ഞു"എളുപ്പം ചെല്ലെടാ മൊതലാളി ഇപ്പം വന്നുകാണും.
അയില എഴുന്നേറ്റ്‌ ആറ്റുവക്കത്തെ കുടിലുകൾക്കിടയിലൂടെ തടിമില്ലിനു നേരേ നടന്നു. ചാക്കൊ തനിക്കുവേണ്ടി എത്രമാത്രം പാടുപെട്ടിട്ടുണ്ടെന്ന്‌ പിന്നൊരിക്കൽ ഏലി പറഞ്ഞാണ്‌ അവൻ അറിഞ്ഞത്‌. കുടിലിന്നുള്ളിലും പുറത്തും കോടമഞ്ഞു നിറഞ്ഞു നിന്ന ഒരു രാത്രിയിൽ അവനെ മുകളിൽ കിടത്തി തട്ടിപ്പരത്തി തന്റെ പുതപ്പാക്കുകയായിരുന്നു അവൾ. ചാക്കോയുടെ കൂർക്കം വലി കുടിലിന്നുള്ളിലാകെ നിറഞ്ഞു കവിഞ്ഞ്‌ അവന്റെ മേലേക്കൂടി ചൂടുള്ള ഒരരുവിപോലെ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു. കുടിലിന്റെ പ്ലാസ്റ്റിക്‌ മേൽക്കൂരമേൽ മഞ്ഞുതുള്ളികളും ഇലകളും വീണുകൊണ്ടിരുന്നു.
നിന്നേ ആൽത്തറ സായിപ്പു കണ്ടാൽ അടിച്ചോണ്ടു പോകുമെന്നങ്ങേർക്കു പേടിയായിരുന്നു.നിന്റെ ചെള്ളക്കു ഈ കരഞ്ഞ പാടുണ്ടാക്കിയെടുത്തതും, സായിപ്പിനേ പേടിയാ" വാത്സല്യത്തോടെ അവൾ അവനെ തലോടി. അപ്പം നിനക്കു നൊന്താരുന്നോ?
അവളുടെ വാക്കുകൾ അവന്റെ ചെവിയിലൂടെ ഊറിയിറങ്ങി ഉള്ളു നനച്ചപ്പോൾ അവൻ വിക്കിവിക്കി പറഞ്ഞു. "ഇല്ലാരുന്നു"
ആറ്റുമ്പുറത്തൂന്നു കൊണ്ടുവന്നപ്പം നെനക്കു വിക്കില്ലായിരുന്നെന്ന്‌ അങ്ങേരു പറഞ്ഞു. പിന്നൊരു ദെവസം ഉച്ചക്കു തൊടങ്ങി"

അതവനും ഓർത്തു. അന്നുച്ചയ്ക്കു മില്ലിലെ മൊതലാളി ബിരിയാണി വാങ്ങിച്ചു തന്നു. മില്ലിലെ മുറിയേൽ വെച്ച്‌ കെട്ടിപ്പിടിച്ചുകൂടെ കിടത്തിയോറക്കി. ആരാണ്ട്‌ മാന്തുവേം പിച്ചുവേം ഒക്കെ ചെയ്‌തെന്നു സൊപ്പനം കണ്ടു. പിന്നെ മഴ പെയ്‌തു.വയ്യീട്ടുണര്‍ത്തി ,ചായേം തന്നു വിട്ടു അങ്ങേര്‌. അതുകൊണ്ടാ താമസിച്ചെന്നു പറഞ്ഞപ്പം ചാക്കോചേട്ടൻ തല്ലി. അതു കഴിഞ്ഞപ്പഴാ വിക്കു തൊടങ്ങിയേ?

'പിന്നെ നീ കണ്ടോടാ സൊപ്പനം"?
പിന്നെ കണ്ടത്‌ ചേടത്തി വന്നെണക്കയാ.പക്ഷേങ്കില്‌ അപ്പഴ്‌ ഒറങ്ങുവല്ലാരുന്നു
എന്തോന്ന കണ്ടെ നീയ്‌ ?അവനെ ഇക്കിളിയാക്കിക്കൊണ്ട്‌ ഏലി ചോദിച്ചു.
"അലുവാ തേനലുവ .നല്ല മതുരം.ഇപ്പഴും വായിലുണ്ടെന്നു തോന്നുവാ. നല്ല മണം.റോസാപ്പൂവിന്‌ വെശർക്കുമ്പോഴത്തെ മണം.
ആ മണവും രുചിയും അവൻ നൊട്ടിനുണച്ചു. ഏലി അവന്റെ കവിൾ തന്റെ മുഖത്തോടു ചേർത്തുപിടിച്ചു.
"മില്ലിലെ പണി നിനക്കിഷ്ടവാനോ?'
അവനൊന്നും മിണ്ടിയില്ല.
നീയിന്നാളവിടുന്നു കാശു കട്ടെടുത്തെന്നങ്ങേരു പറഞ്ഞു. അങ്ങനോക്കെ ചെയ്താലവരു തല്ലത്തില്ലയോ നിന്നേ
അതു ഞാൻ കട്ടെടുത്തത്തല്ല. വഴീക്കെടന്നു കിട്ടിയതായിരുന്നു.
നീയെന്തിനാ വഴീക്കെടന്നേ? വേറെ ഒരേടവും കിട്ടിയില്ലയോ നെനക്കു കിടക്കാൻ? കുസൃതിയോടെ ഏലി ചോദിച്ചു.
മില്ലിലെ മൊതലാളിയെ എന്തുകൊണ്ടോ അപ്പോള്‍ അവന്‌ ഓർമ്മ വന്നു.
കാണുമ്പോഴൊക്കെ പിടിച്ചു നുള്ളിനോവിക്കും. വല്ലപ്പോഴും ഒരു രൂപാ ഇട്ടുകൊടുക്കും.
പോയി വല്ലോം വാങ്ങിച്ചു തിന്നോടാ
ഒരു ദിവസം പണി കഴിഞ്ഞു നടന്നപ്പോൾ അയാൾ വിളിച്ചു, ഇവിടെ വാടാ'
പേടിച്ച്‌ അടുത്തുചെന്നു. ചുവന്ന കണ്ണുകൊണ്ട്‌ അയാൾ അവനെയാകെയൊന്നുഴിഞ്ഞു. പിന്നെ അവനുടുത്തിരുന്ന തോർത്തു പിടിച്ചു വലിച്ചു
നല്ല ചെറുക്കൻ. പക്ഷേ കോഴിബിരിയാണീ പാറ്റാ ചത്തുകിടക്കുന്നപോലെ ചെള്ളക്കൊരു പാട്‌.തിന്നാനോക്കത്തില്ല. എന്നാലും തിന്നാൽ വെശപ്പു തീരത്തില്ലലോ
മൊതലാളിയുടെ വീട്ടിൽ പോവാനും അവനു പേടിയായിരുന്നു. ചക്കില അവനെ കാണുമ്പോഴേ പറയും "ഓ വന്നു അയിലക്കൂറാ" വേണ്ടതിനും വേണ്ടാത്തതിനും അവളവനെ തല്ലും. അവളെ പ്രീണിപ്പിക്കാൻ അവൻ ശ്രമിക്കാതിരുന്നില്ല. നാരങ്ങ മുഠായി വാങ്ങിക്കൊണ്ടുകൊടുത്തു. അത്‌ അവളെടുത്ത്‌ അവന്റെ മുഖത്തെറിഞ്ഞു.
"കൊണ്ടുപോടോ നിന്റെ കൂറമിഠായി. അവന്റെയൊരു പൂതി, നിന്റമ്മക്കു കൊണ്ടുകൊടുക്ക്‌.
അവളാരാണെന്ന്‌ അവൾക്കറിയില്ലായിരുന്നു. മൊതലാളിയുടേ മോളോ, പെണ്ണുമ്പിള്ളയോ അതോ ജോലിക്കാരിയോ!
അന്നും ജോലി തീർത്തുപോകാറായപ്പോൾ ചക്കില അടുത്തെത്തി. അവളുടെ മുഖത്ത്‌ ഒരു പുഞ്ചിരി കണ്ടപ്പോൾ എല്ലാ ധൈര്യവും സംഭരിച്ച്‌ അവൻ ചോദിച്ചു.
മൊതലാളീടെ മോളാണോ?

അവളുടെ മുഖത്തു കോപം ഇരച്ചുകയറി.
ഡാ പട്ടീ പറഞ്ഞ്‌ പറഞ്ഞ്‌ അവൾ അവനെ വായിൽ വന്ന തെറിയെല്ലാം വിളിച്ചു.
തന്റെ തെറ്റെന്താണെന്ന്‌ അവന്‌ മനസ്സിലായില്ല. ആ ഉയർന്നു താഴുന്ന മാറിടം നോക്കി കൊണ്ട്‌ അവൻ ആലോചിച്ചു.
പെണ്ണുമ്പിള്ളയായിരിക്കും
അതു ചോദിക്കുന്നതിനുമുമ്പ്‌ അവൾ അവനെ എറിഞ്ഞു. അത്‌ കണങ്കാലിന്റെ അസ്ഥിയിൽ തന്നെ ആഞ്ഞുപതിച്ചപ്പോൾ ഏറുകൊണ്ട നായയെ പോലെ കാലും തൂക്കിപ്പിടിച്ച്‌ അവൻ ഓടി.
രാത്രി മുഴുവൻ നല്ല വേദനയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ-
ആ കാലും തൂക്കി നടക്കാനുമാവില്ല. "
അവൻ വീണ്ടും കിടന്നു. ചാക്കോയും ഏലിയും പോയിക്കഴിഞ്ഞിരുന്നു.
മുറ്റത്തു കെട്ടു കഴിഞ്ഞ അടുപ്പിന്റെ പുകച്ചുരുളിലേറി പുഴ അവനെ തേടിയെത്തി. അത്‌ അവനു ചുറ്റും ഒഴുകി. ഒരു സിനിമാനടിയുടെ ഛായയായിരുന്നു അതിന്‌ . പുഴയുടെ കൈയ്യിലിരുന്ന പിഞ്ചുകുഞ്ഞ്‌ അവനോടു പുഞ്ചിരിച്ചു. പള്ളിമുറ്റത്ത്‌ ആരോ നീട്ടി വിളിക്കുന്നത്‌ അവൻ കേട്ടു. ഈർപ്പം കലർന്ന ഇളംകാറ്റ്‌ അവനെ തഴുകി.
തന്റെ തലയിൽ തട്ടിയ ചാക്കോയുടെ കയ്യിൽ അവൻ തൊട്ടു.
നീയെന്താടാ കൊക്കുന്നേ?
അവൻ കാലുയർത്തിക്കാട്ടി
നിന്നെയാരാടാ തല്ലിയേ?
മൊതലാളീടെ വീട്ടിലെ ചക്കീല.
എന്തിനാടാ?
മൊതലാളീടെ മോളാണോന്ന്‌ ചോദിച്ചേന്‌
ചാക്കോ അലറിച്ചിരിച്ചു
വെറുതെയാണോടാ അവളു തല്ലിയത്‌?
അവനെ തോണ്ടിക്കൊണ്ട്‌ അയാൾ ചോദിച്ചു. അവൻ പുരികമുയർത്തി അയാളെ നോക്കി.
അവളു നിന്റെ മോലാളീന്റെ വിത്താന്ന്‌ ആർക്കാടാ അറിഞ്ഞൂടാത്തത്‌?പിന്നെന്താടാ നായിന്റെ മോനെ നിനക്കു മാത്തറമൊരു സംശയം? കണക്കായിപ്പോയി.
അയാൾ മുമ്പിൽ കണ്ട ഇല പറിച്ചുപിഴിഞ്ഞ്‌ അവന്റെ മുറിവിലൊഴിച്ചു. പിന്നെ ചോറു കൊണ്ടുക്കൊടുത്തു.
ഏലി ചോറും കൊണ്ട്‌ അവന്റെ അടുത്തു വന്നിരുന്നു.
"നീയെന്തിനാടാ കരേന്നേ?
കാലു നൊന്തിട്ടാ
"മണ്ടൻ, ആണുങ്ങളു കരയുവാടോ അയിലേ? നീയാണെങ്കിൽ നല്ല ഉശിരനോരാൺകുട്ടി
അവൾ അവന്റെ ചുമലിൽ തട്ടി. അവളുടെ ശരീരത്തിൽ മുഖമണച്ച്‌ അവൻ ഏങ്ങലടിച്ചു കരഞ്ഞു.
നീ വല്ലോം കഴിച്ചോ?
അവളുടെ കൈ പിടിച്ച്‌ അവൻ സ്വന്തം വയറ്റത്തു വെച്ചു.
ഈടെത്തട്ടിയേച്ച കിടക്കുന്നേ ?ഇല്ല്യോ? അവൾ വാത്സല്യത്തോടെ അവന്റെ മുടിയിൽ തടവി.
അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു.
എന്തേടാ വേണ്ട്യ്യേ?
മൂത്രിക്കണം
അവനെ താങ്ങിപ്പിടിച്ച്‌ അവൾ നടത്തി. തിരിച്ചുകൊണ്ടു വന്നു കിടത്തി.
ഞാമ്പോവാ.ഇപ്പഴേ പോയിരുന്നാലേ വല്ലോം തടേത്തൊള്ളു. അവന്റെ മുഖത്തെ പാടിൽ തടവിയിട്ട്‌ അവൾ തുടർന്നു.കെടന്നോ ഞാൻ നേരത്തേ വരാം
മൂന്നാം ദിവസം ഏന്തിവലിഞ്ഞു മില്ലിലെത്തിയ അവനോടു മൊതലാളി ചോദിച്ചു.
എന്താടാ രണ്ടു ദിവുസം വരാഞ്ഞേ?
അവൻ കാലിലെ പഴുത്തു വീങ്ങിയ മുറിവു കാണിച്ചു. അടുത്തു നിന്ന പണിക്കാരനോട്‌ അയാൾ പറയുന്നത്‌ അവൻ കേട്ടു.
ചെറുക്കന്റെ കാലു പഴുത്തുചീഞ്ഞിരിക്കുന്നു. നല്ല വേദനയായിരിക്കും.
പിറ്റേന്ന്‌ ഉച്ചയാകാറായപ്പോൾ മൊതലാളി അവനെ വിളിച്ചു.
അവന്റെ ശരീരം മുഴുവൻ അറക്കപ്പൊടികൊണ്ട്‌ മൂടിയിരുന്നു. വിയർപ്പും അറക്കപ്പൊടിയും കൂടിക്കുഴഞ്ഞു കലർന്ന്‌ അവന്റെ തലമുടി കറുപ്പു വീണ ഒരു പിച്ചളത്തട്ടം പോലെ മുഖത്തിനു മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നു. കാലിലെ മുറിവിൽ നിന്നും വിയർപ്പും അറക്കപ്പൊടിയും പഴുപ്പും കലർന്ന വെള്ളം ഒലിച്ചിറങ്ങി ഒരു നേർത്ത പാടപോലെ കണംകാലിലാകെ പറ്റിപ്പിടിച്ചുകിടന്നു.
"പോയി മേലും മോന്തേം ഒന്നു കഴുകിയേച്ചു വാടാ പിശാശെ. മുതലാളിയുടെ സ്വരത്തിന്‌ പതിവില്ലാത്ത ഒരു ഇഴച്ചിലുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ പകുതി അടഞ്ഞിരുന്നു. ചാക്കോ രാത്രി താമസിച്ചുവരുമ്പോഴുള്ള ചൂടുള്ള മണം മുതലാളിക്ക്‌ ചുറ്റും പതഞ്ഞൊഴുകി. എന്നിട്ടീ മീൻ വീട്ടീ കൊണ്ടുകൊടുത്തേച്ചു വാ.
ചക്കിലയുടെ മുമ്പിൽ പോകാനുള്ള ഭയപ്പാടോടെ അവൾ ഏന്തി ഏന്തി നടന്നു.
എന്താടേ മൊടന്തുന്നേ? ചക്കില ചോദിച്ചു.
അവനോന്നും മിണ്ടിയില്ല. കാലിന്റെ വേദന കൂടുന്നു.
മീനിലേക്ക്‌ നോക്കിയിട്ടു അവൾ പറഞ്ഞു"പഴുത്ത അയിലക്കൂറ"
എന്നിട്ട്‌ അവന്റെ ചെവിയിൽ വിരൽ കൊണ്ടു ഞോടി. അതുപോട്ടെ ആരാ നിന്റെ കാലു തല്ലിയൊടിച്ചേ?
മറുപടി പറയാൻ മറന്ന്‌ അവൻ താഴേക്കു നോക്കിനിന്നു. അതേങ്ങനാ? കയ്യിലിരിപ്പ്‌ അതല്ലിയോ? കുരുത്തം കെട്ടവൻ.
കുത്തിവലിക്കുന്ന വേദന അവന്റെ മുഖത്ത്‌ വിചിത്രമായ ചിതരങ്ങൾ വരച്ചു,
അവൾ അവന്റെ മുഖത്തേക്കും കാലിലേക്കും മാറി മാറി നോക്കി. എന്നിട്ട്‌ കനിവു നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
നെനക്കു നല്ലോണം നോവുന്നോ?
അവന്റെ കണ്ണു നിറഞ്ഞു
നെനക്കു വെശക്കുന്നോ?
ഇല്ലെന്നവൻ തലയാട്ടി, ചക്കില എഴുന്നേറ്റ്‌ അവന്റെ മുഖം പിടിച്ചുയർത്തി.
വേദന സഹിക്കാനാവാതെ നിറഞ്ഞ കണ്ണുകളോടെ അവൻ തറയിലിരുന്നു. മുറിവിൽ നിന്നും കൊഴുത്ത മഞ്ഞ ദ്രാവകം ഊറിയിറങ്ങി.
അവൾ അവന്റെ തലയിൽ തൊട്ടു. അവൻ ഭയത്തോടെ എഴുന്നേല്‍ക്കാനാഞ്ഞു.
ആ നനഞ്ഞ മുഖത്തെ ഭയവും ദയനീയതയും അവളോടെല്ലം പറഞ്ഞു.
ഞാനന്നു കല്ലെടുത്തെറിഞ്ഞപ്പോൾ പറ്റിയതാണോടാ?
സഹതാപത്തിന്റെ നനവു് അവളുടെ സ്വരം ആർദ്രമാക്കി. അവളെ നന്ദിയോടെ നോക്കിയിട്ട്‌ അവൻ എഴുന്നേറ്റു നടന്നു.
ചക്കില അവനെ നോക്കിനിന്നു.
മീനും കൊത്തിയെടുത്തു പറന്നകന്ന കാക്കയോട്‌ അവൾ പറഞ്ഞു. ങാ പൊക്കോ ,നെനക്കു് വെശന്നിട്ടല്ലിയോ?
വൈകുന്നേരത്തോടേ അയില ആകെത്തളർന്നു.വെള്ളം മടമടാ കുടിച്ചിട്ടും ഒടുങ്ങാത്ത ദാഹം. കണ്ണുകൾ അടയുന്നു. ഉടുത്തിരുന്ന തോർത്തിന്റെ തുമ്പ്‌ വ്രണത്തിൽ ഒട്ടിപ്പിടിച്ചു
എലി എത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. മയങ്ങിക്കിടന്ന അവനെ ഒന്നു നോക്കിയിട്ട്‌ അവൾ വേളിയിൽ വന്നു കഞ്ഞി വെക്കാൻ തുടങ്ങി. തീജ്വാലകളുടെ വെട്ടത്തിൽ വിയർപ്പുകണങ്ങൾ തിളങ്ങി.
ചാക്കോക്കുള്ള കഞ്ഞി മാറ്റിവെച്ചിട്ട്‌ അവൾ അവനെ വിളിച്ചു. മറുപടിയായി തിളച്ച കാറ്റ്‌ അവന്റെ മൂക്കിലൂടെ ചൂളം വിളിച്ചൊഴുകി.
ഏലി അവന്റെ കൈ പിടിച്ചുയർത്തി
എന്തൊരു ചൂട്‌.നല്ല പനിയൊണ്ടല്ലോ കൊച്ചിന്‌.
അർദ്ധരാത്രിയോടെ ചാക്കൊ വന്നെത്തി. വാറ്റുചാരായത്തിന്റേയും കഞ്ചാവുബീഡിയുടേയും സമ്മിശ്രഗന്ധം കുടിലിൽ നിറഞ്ഞു.
അയിലയുടെ കാലിൽ തട്ടി അയാൾ അവന്റെ മേലേക്കു വീണു.
"വഴീലാണോടാ കെടക്കുന്നേ? തപ്പിത്തടഞ്ഞെഴുന്നേറ്റ അയാൾ അവന്റെ പള്ളക്കു തൊഴിച്ചു.
അവനു പനിയാ കെടന്നോട്ടെ
ഏലി പറഞ്ഞു
അങ്ങനവനിപ്പം കെടക്കണ്ട. എണീരെടാ. എടാ എണീക്കാൻ. അയാൾ വീണ്ടും അവനെ തൊഴിച്ചു. എന്നിട്ട്‌ ഒരു പൂച്ചക്കുട്ടിയെയെന്നപ്പോലെ ചെവിക്കു പിടിച്ച്‌ അവനെ ഉയർത്തി‍യുണർത്തി.
കൂലി കിട്ടിയതെന്തിയേടാ പട്ടീ.ഇങ്ങെട്ട്‌ അവന്റെ മൂക്ക്‌ പിടിച്ചുവലിച്ചുകൊണ്ട്‌ അയാൾ അലറി.
ചാരായത്തിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക്‌ അടിച്ചു കയറി. നാലു ചുറ്റും പകച്ചുനോക്കിയിട്ട്‌ അവൻ കണ്ണുകളടച്ചു. അവനു കൂലി കിട്ടിയില്ലായിരിക്കും. ഞാൻ വന്നപ്പഴേ അവൻ ഒറക്കമാ. പനിയാ അവന്‌.ഏലി പറഞ്ഞു.
അയാളവനെ താഴേക്ക്‌ ത‍ീയിട്ടി. ഒരുത്തനും പിച്ചക്കാരന്‌ കാശു തരാ വയ്യാ. ,ജോലിക്കു പോയവന്‌ കൂലി വാങ്ങിക്കാനും വയ്യ. നായ്‌ക്കള്‌. അയാൾ വീണ്ടും അവനെ തൊഴിച്ചു.
ദൈവതോഷം കാണിക്കാതെ. അവൻ ചത്തുപോം. ഏലി പറഞ്ഞു.
ചത്തു തൊലയട്ടെ ഫൂ.....അയാൾ കാറിത്തുപ്പി. എന്റെ മറിയ ചത്തപ്പം എവിടാരുന്നു നിന്റെയൊക്കെ തൈവം? എന്റെ ജോസൂട്ടിയെ കാറിടിച്ചു കൊന്നപ്പം ഒരു തൈവോം വന്നില്ലല്ല്‌. കിതച്ചുകൊണ്ടയാൾ
കഞ്ഞ്യെടുത്തു മോന്തിയിട്ട്‌ ഒരു ബീഡി കത്തിച്ചു.
ഏലി അയിലയെ പിടിച്ച്‌ നേരെ കിടത്തി. അവന്റെ നെറ്റിയിലും കഴുത്തിലും തൊട്ടുനോക്കിയിട്ട്‌ ഉടുത്തിരുന്ന ഉടുമുണ്ട്‌ ഉരിഞ്ഞ്‌ അവനെ പുതപ്പിച്ചു, എന്നിട്ട്‌ സ്വന്തം മൂലയിലേക്കു നീങ്ങി. അയിലയുടെ തലച്ചോറിൽ സൂര്യന്മാർ കത്തിജ്വലിച്ചു. കൊടുങ്കാറ്റുകൾ ഉറഞ്ഞുതുള്ളി. ഏതെല്ലാമോ നൂൽപ്പാലങ്ങളിലൂടെ ആരൊക്കെയോ അവനെ മേലോട്ടും കീഴോട്ടും വലിച്ചു.
അഗാധതയിലെങ്ങോ റോസാപ്പൂവിന്റെ മണമുള്ള നെയ്യലുവയുമായി അമ്മ കാത്തിരിക്കുന്നെന്ന്‌ ജോസൂട്ടി അവനോടു പറഞ്ഞു. തേഞ്ഞുപോയ രണ്ടു മൗത്തശ്ശിപല്ലുകൾ അവനെ നോക്കി പുഞ്ചിരിച്ചു. ആരോ മുമ്പിൽ നടന്ന്‌ അവന്‌ വഴി കാണിച്ചു.
പുഴയുടെ കൈകൾ വാത്സല്യത്തോടെ അവനെ വലിച്ചടുപ്പിച്ചു, പഴുപ്പും, അഴുക്കും ദുർഗ്ഗന്ധവും നിറഞ്ഞ അവന്റെ കീറത്തോർത്തഴിച്ച്‌ മുൾക്കാട്ടിലെറിഞ്ഞു. എന്നിട്ട്‌ അവനെ ആശ്ലേഷിച്ചു,
രാവിലെ മുൾക്കാട്ടിൽ നിന്നും ചാക്കോ ആ തോർത്തു വലിച്ചെടുത്തു. ചത്തവർക്കെന്തിനാ തോർത്ത്‌. ! ഇല്ല്യോ മറിയേ? പുഴയോടയാൾ ചോദിച്ചു. എന്നിട്ട്‌ അതു ചുമലിട്ടിട്ട്‌ പുഴയെ നോക്കി പൊട്ടിക്കരഞ്ഞു.