Followers

Saturday, December 5, 2009

ജരൽക്കാരു*

venu v desam

അഹോ!
ജരൽക്കാരു-
ജ്വരാക്രാന്തമൗനം കുടിച്ചും
വികൾപം ഭുജിച്ചും
നിലാവിന്റെ നീലച്ചറം സന്ത്യജിച്ചും
വരണ്ടുള്ള വഹ്നികൾ
നീറ്റിത്തെളിച്ചും തിണർക്കുന്നു നീ.
അലമുറമീയരയാൽച്ചുവട്ടിൽ നീ ധ്യാന
സ്ഥിതനായ്‌ ത്രസിക്കുന്നു - കരിയും ചവർപ്പും
പ്രതികാര പൈദാഹവും, വെന്തചൂരും
അടിവേരുകൾക്കുള്ളിലിടറിയുണരുന്നു.
പാദാദികേശം പുണരുന്ന പുറ്റിൽ
പാർക്കുന്ന സർപ്പം പടരുന്നു നിന്നിൽ.
മുടിയഴിച്ചലറിക്കിതക്കുന്നു പിതൃനദികൾ
മുകളിൽ മുനകൂർത്ത മദ്ധ്യാഹ്നനേത്രം.
അഹോ!
അസംഗാത്മൻ....
വിഫലതകളാളും വിലാപങ്ങൾ നെയ്തും
വ്രണമഗ്ന ജന്മാന്തരങ്ങൾ നുണഞ്ഞും
ഹൃദയശ്മശാനം കടഞ്ഞും പുകഞ്ഞും
വിയർക്കുന്നു നീ.
അതിരുഷിതമാത്മനേത്രം വിണ്ടുപൊട്ടുന്നു
ആസ്ഥയാ ഛിദ്രങ്ങളാർക്കുന്നനേകധാ.
ഇരുൾമുരളുമോർമ്മക്കയത്തിൽക്കിതപ്പു
സുഖരഹിതമെരിയുമൊരു വൻ നക്രഭൂതം.
കലിയുറയുമാർത്തികൾ നീർത്തിപ്പിടിക്കും
കഠിനതരഖരങ്ങൾ നീട്ടുന്നു കാലം.
കാടകം വിസ്മൃതസ്നിഗ്ദ്ധതകൾ മീട്ടുന്നു.
കാളും ഹൃദയം ജരാവ്യാധിപാത്രം.
* തപസ്സുകൊണ്ട്‌ ശരീരമുണക്കിയ ഒരു മുനി