Followers

Saturday, December 5, 2009

പത്താംക്ലാസിലെ പരീക്ഷകൾ ഇല്ലാതാകുമ്പോൾ








k g unnikrishnan


പത്താംക്ലാസിൽ അടുത്തവർഷം മുതൽ പരീക്ഷകൾ നിർത്തലാക്കാനും ഐച്ഛികമാക്കാനുമുള്ള സി.ബി.എസ്‌.ഇയുടെ തീരുമാനം സാക്ഷരകേരളത്തിനു മാത്രമല്ല, വിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന ആർക്കും ഒരു ഞെട്ടലോടെ മാത്രമേ വായിക്കാനാകു.
അനേകദശകങ്ങളായി യുവതയുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി അംഗീകരിച്ചിരിക്കുന്നത്‌ പത്താംക്ലാസ്സ്‌ ആണ്‌. സംസ്ഥാനത്തെ പി.എസ്സ്‌.സി തന്നെ മിക്കവാറും ഉദ്യോഗങ്ങൾക്കെല്ലാം യോഗ്യതയായി പറയുന്നത്‌ പത്താം ക്ലാസ്സ്‌ പഠനമാണ്‌. പത്തിലെ വിജയമോ പരാജയമോ പലയിടത്തും യോഗ്യതയായി കാണാം. തോറ്റാലും 10 വരെ പഠിച്ചിരിക്കണമെന്നു നിഷ്കർഷിക്കുന്ന പല ഉപരിപഠന സാധ്യതകളും ഇന്നുനിലവിലുണ്ട്‌.
പണ്ടൊക്കെ കുട്ടികളുടെ, ഭൂരിപക്ഷം പേരുടെയും ലക്ഷ്യം -സാധാരണക്കാരുടെയാണുകേട്ടോ-പത്തും പിന്നെ ടൈപ്പും ഷോർട്ടുഹാൻഡുമാണ്‌. ഇവിടെയൊക്കെ ഇന്റർവ്യൂവിലും മറ്റും തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം പത്തിൽ ലഭിച്ച മാർക്കു തന്നെയാണ്‌. 'പത്തിൽ തോറ്റു പഠിത്തോം നിർത്തി' കിട്ടുന്ന പണിക്കുപോയവരും ഉണ്ട്‌.
ഈയവസരത്തിൽ 10 ലെ പരീക്ഷ ഒഴിവാക്കുന്നത്‌ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കാനാണ്‌ സാധ്യത. കേരളസർക്കാരിന്റെ കീഴിലുള്ള പത്തിലെ കാര്യങ്ങൾ കുളംതോണ്ടിയിരിക്കുന്ന അവസ്ഥയിൽ പ്രത്യേകിച്ചും. ഇവിടെയാണെങ്കിൽ വിജയശതമാനം 99.9 ലെത്തിക്കാൻ മന്ത്രിയും കൂട്ടരും ഏതറ്റം വരെയും പോകാൻതയ്യാറായിരിക്കുകയാണ്‌. 'പട്ടി' എന്ന ഉത്തരത്തിനു പകരം 'പശു' എന്നെഴുതിയാൽ 'പ' ഉള്ളതുകൊണ്ട്‌ പകുതി മാർക്കു കൊടുക്കുന്ന ദയനീയമായ സ്ഥിതിയാണിവിടെ. പുറമെ 'ഇന്റേണൽ അസെസ്സ്‌മന്റ്‌' എന്ന ഓമനപ്പേരിലെ മാർക്കുകൂടിയാവുമ്പോൾ തങ്ങൾക്കഭിമതരായ 'ഒരു പ്രതി പോലും ശിക്ഷിക്കപ്പെടരുത്‌' എന്ന പോലെത്തന്നെ. ഒരു വിദ്യാർത്ഥിപോലും പരാജയപ്പെടരുത്‌ എന്ന നിർബ്ബന്ധബുദ്ധി നടപ്പിലാകുമ്പോൾ തകരുന്ന വിദ്യാഭ്യാസ നിലവാരത്തിലേക്ക്‌ ഒരു ശക്തമായ ആണി കൂടിയായി സി.ബി.എസ്‌.ഇയുടെ ഈ തീരുമാനം.
ഇതിന്‌ സി.ബി.എസ്‌.ഇ പറയുന്ന ന്യായം വിദ്യാർത്ഥികൾക്കുള്ള അമിതസമ്മർദ്ദം ഒഴിവാക്കുക എന്നതാണ്‌ ലക്ഷ്യമെന്നാണ്‌. അമിതമായ ജോലി സമ്മർദ്ദമുള്ളവരോട്‌ ജോലി ചെയ്യേണ്ട എന്ന്‌ ആരെങ്കിലും പറയുമോ? ഈ തീരുമാനം സി.ബി.എസ്‌.ഇയുടെ ജോലിസമ്മർദ്ദം ഒഴിവാക്കാനാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.
ചിലപഠനങ്ങളുടെയും റിപ്പോർട്ടുകളുടെയും വിദ്യാഭ്യാസ വിചക്ഷണരുടെ ശുപാർശകളുടെയും ഒക്കെ പിൻബലവും കേന്ദ്രസർക്കാരിന്റെ മാനവവിഭവശേഷിമന്ത്രാലയത്തിന്റെ പച്ചക്കൊടിയും ഇക്കാര്യത്തിലുണ്ടെന്നതും സത്യമാണ്‌.
നടക്കാൻവയ്യത്താവനും ചിലപ്പോൾ നായ പുറകെവന്നാൽ ഓടും. ആ സമ്മർദ്ദം എപ്പോഴും വിദ്യാർത്ഥികളിൽ സൃഷ്ടിക്കണമെന്നല്ല ഇവിടെ വിവക്ഷ. പരീക്ഷ ഇല്ലാത്ത അവസ്ഥയിൽ കുട്ടികൾ എങ്ങിനെ പഠിക്കും? അദ്ധ്യാപകർ എങ്ങിനെ പഠിപ്പിക്കും? യുവജനോത്സവവേദികളിലും റിയാലിറ്റിഷോകളിലും മറ്റുമുള്ളപോലെ അനാരോഗ്യകരമായ മത്സരങ്ങൾ ഇവിടെയുമുണ്ടെന്നു സമ്മതിക്കുന്നു. വിജയശതമാനം 100 ആക്കാൻ പഠനശേഷി കുറഞ്ഞവരെ പരീക്ഷയെഴുതിക്കാത്ത സ്കൂളുകളുണ്ട്‌. അതുപോലെ ഉത്തരക്കടലാസ്‌ നോക്കുന്നവരെ അന്വേഷിച്ചുപോകുന്നവരുമുണ്ട്‌. അതൊക്കെ എന്നും ഉണ്ടാവുകയും ചെയ്യും. എന്നാൽ പരീക്ഷയില്ലാതാകുന്ന അവസ്ഥയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അവരുടെ മേധാവികൾ, അധ്യാപകർ തുടങ്ങിയവർ കുട്ടികളെ നന്നായി പഠിപ്പിക്കാനും പരിശീലിപ്പിക്കാനും തയ്യാറാകുമോ? പരീക്ഷയില്ലെങ്കിൽ മാർക്കില്ലെങ്കിൽ, സ്കൂളിലെ 100 ശതമാനം വിജയത്തിനോ മികച്ച വിജയത്തിനോ വേണ്ടി ആരെങ്കിലും ശ്രമിക്കുമോ? വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അധ്യാപകരുടെ എണ്ണം വളരെയധികം ഈ അന്തരീക്ഷത്തിൽ കുറയാൻ സാധ്യതയുണ്ട്‌. അത്‌ തൊഴിലില്ലായ്മയുടെ വ്യാപ്തി വർദ്ധിപ്പിക്കും എന്നതിനു തർക്കമില്ല. മാത്രമല്ല പത്തിൽ പരീക്ഷയില്ലാതെ 12 ൽ പരീക്ഷ എഴുതുമ്പോൾ വിദ്യാർത്ഥികൾക്ക്‌ സമ്മർദ്ദമേറാനാണു സാധ്യത. അതുവരെ പഠിക്കാത്തതെല്ലാം ഒരുമിച്ചു വിഴുങ്ങേണ്ടതായ അവസ്ഥ തീർച്ചയായും കുട്ടികളെ അമിതസമ്മർദ്ദത്തിലാഴ്ത്തും.
ഇതിനെക്കാളെല്ലാം അപകടകരമായ ഒന്നാണ്‌ രാജ്യത്തെ വിദ്യാഭ്യാസനിലവാരം മൊത്തത്തിൽ ഇടിയും എന്നത്‌. അങ്ങിനെ സംഭവിക്കുമ്പോൾ ഉന്നതപഠനരംഗത്തെ നിലവാരവും തകരാറിലാകും. ഒരു സമ്മർദ്ദവും ത്യാഗവും കഠിദ്ധ്വാനവും ഇല്ലാതെ ആർക്കും ഉന്നതങ്ങളിലെത്താൻ സാധ്യമല്ലെന്നസത്യം എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്‌. സമ്മർദ്ദം താങ്ങാനാകാതെ ചിലർ പുറത്തുപോവാറുണ്ട്‌. പ്രതിഭകളുണ്ടാകുന്നത്‌ അവരുടെ കഴിവകൾ തേച്ചുമിനുക്കുമ്പോഴാണ്‌. അതിന്‌ 10-​‍ാംക്ലാസ്സിലെ ഉന്നതമായ നിലവാരം ആവശ്യവുമാണ്‌. പി.എസ്സ്‌.സിയും, യു.പി.എസ്സി.യുമെല്ലാം ഇത്തരുണത്തിൽ ജോലിക്കുള്ള യോഗ്യതകളിൽ മാറ്റം വരുത്തി വിജ്ഞാപനമിറക്കേണ്ടിയും വരും. ഇന്റേണൽ അസ്സസ്സ്‌മന്റ്‌ എത്ര കുറ്റമറ്റതാക്കാൻ ശ്രമിച്ചാലും അവിടെ അഴിമതിയും പലരീതിയിലുള്ള പക്ഷപാതങ്ങളും വ്യക്തി-കുടുംബ-അധ്യാപക-വിദ്യാർത്ഥി-വൈരാഗ്യങ്ങളും പ്രതിഫലിക്കാനും സാധ്യതയുണ്ട്‌. അങ്ങിനെ വന്നാൽ അനർഹർ കയറിപ്പോകും എന്നതു മാത്രമല്ല, തീരെ അർഹതയില്ലാത്തവർ പുറത്താകാനും അതുവഴിവയ്ക്കും.
പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാനസികമായ കരുത്തള്ളവർക്കു മാത്രമേ ജീവിതവിജയം നേടാനാകൂ. അതില്ലാത്തവർ ഒരു ഘട്ടത്തിലല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ പരാജയപ്പെടും. അച്ഛനമ്മമാരോ സ്കൂളധികൃതരോ അമിത സമ്മർദ്ദമടിച്ചേൽപ്പിക്കുന്ന ചുരുക്കം അനുഭവങ്ങളുടെ പേരിൽ ഭൂരിപക്ഷം പേരും ശിക്ഷിക്കപ്പെടരുത്‌. സമ്മർദ്ദത്തെ അതിജീവിക്കാനാവാതെ പരാജയപ്പെടുന്നവർ എല്ലാ രംഗങ്ങളിലുമുണ്ട്‌. ക്രിക്കറ്റിലാണെങ്കിൽ പ്രതിഭയുണ്ടായിട്ടും രാജ്യത്തിനകത്തെ മത്സരങ്ങളിൽ അസാമാന്യപാടവം കാണിച്ചശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ പരാജയപ്പെട്ട്‌ പുറത്തുപോകുന്നവർ എത്രയെങ്കിലുമുണ്ട്‌. വിനോദ്കാംബ്ലി ഏറ്റവും നല്ല ഉദാഹരണം. അങ്ങനെയുള്ളവരെ ബോധവൽകരിക്കാനുള്ള സംവിധാനവും ഇന്ന്‌ മുമ്പെത്താക്കാളും നിലവിലുണ്ട്‌.
അതിനാൽ, രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തെ മൊത്തത്തിൽ അപകടത്തിലാക്കുന്ന ഇത്തരം തീരുമാനം വിശദമായ ഒരു ചർച്ചക്ക്‌ വിഷയമാകേണ്ടതുണ്ടെന്നാണ്‌ തോന്നുന്നത്‌. കുറഞ്ഞപക്ഷം ഇവിടെ ചൂണ്ടിക്കാണിച്ചതുപോലുള്ള ഭയാശങ്കകൾ അസ്ഥാനത്താണെന്നു ബോദ്ധ്യപ്പെടുത്താനെങ്കിലും അധികൃതർ തയ്യാറാവേണ്ടിയിരിക്കുന്നു. ഇന്നത്തെ വിദ്യാർത്ഥികളാണ്‌ നാടിനെകൊണ്ടു നടക്കേണ്ടത്‌ എന്നതിനാൽ ഈ വിഷയത്തിൽ പ്രാധാന്യമേറുന്നു.