Followers

Saturday, December 5, 2009

മരണം അനിവാര്യമെങ്കിലും





vijayakumar kalarikkal



അയാൾ അബോധാവസ്ഥയിലായിരുന്നു കഴിഞ്ഞ കുറെ നാളുകളായിട്ട്‌, തൊണ്ണൂറ്‌ കഴിഞ്ഞൊരാൾ അങ്ങിനെ ആകുന്നതിൽ ആർക്കും അത്ര വിഷമമൊന്നും ഉണ്ടാകാനിടിയില്ല.
ആയകാലം കഠിനമായിട്ട്‌ അദ്ധ്വാനിച്ചിട്ടുണ്ട്‌; കൃഷികൾ ചെയ്യുന്നതിനും മറ്റും. അല്ലറചില്ലറ നാട്ടുനന്മകളും ചെയ്തിട്ടുണ്ട്‌. തൊട്ടയൽപക്കക്കാർക്കും ബന്ധുക്കൾക്കും ഒക്കെയായിട്ട്‌. മൊത്തത്തിൽ നോക്കിയാൽ വലിയ പ്രശ്നങ്ങളൊന്നുമില്ലാത്തൊരു സാധാരണ മനുഷ്യൻ.
ആറുമക്കളുണ്ടയാൾക്ക്‌ ഉന്നതരിൽ ഉന്നതർ-ധനം, പ്രശസ്തി, സ്ഥാനമാണങ്ങൾ എല്ലാമായിട്ട്‌......
സ്വരാജ്യത്തുതന്നെ പലയിടങ്ങളിൽ, വിദേശങ്ങളിൽ.....
ആരും അടുത്തില്ലെങ്കിലും മങ്കാവുടിയെന്ന മലയോരപട്ടണത്തിലെ വലിയ വീട്ടിൽ അയാൾ തനിച്ചൊന്നുമല്ല.
ചെറുപ്പക്കാരിയായ ഹോം നേഴ്സും മദ്ധ്യവയസ്ക്കയായ ആയയുമൊത്ത്‌,
വൃത്തിയുള്ള മുറിയിൽ,
കരിവീട്ടിയുടെ കട്ടിലിൽ,
പതുപതുത്ത മെത്തയിൽ,
ബോംബെഡൈയിംഗ്‌ വിരിയിൽ,
നിത്യേന ദേഹത്തു വിശുദ്ധി വരുത്തി,
കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങൾ ധരിച്ച്‌,
സുഗന്ധലേപനങ്ങൾ പൂശി,
പഴച്ചാറുകൾ നുണഞ്ഞ്‌,
സന്ദർശകരോടുകൂടി,
പത്തിലേറെ ഫോൺ വിളികളുമൊത്ത്‌......
പക്ഷേ, അന്ന്‌, പെട്ടെന്ന്‌ താളം തെറ്റിപ്പോയി, കർക്കിടക മാസത്തിലെ കറുത്തവാവിന്റെ തലേന്ന്‌ ശക്തിയായി മഴ പെയ്തു തണുപ്പ്‌ ആ വലിയ വീടിന്റെ അകത്തളങ്ങളിൽ പതുങ്ങിക്കയറവെ,
തൊണ്ടയിൽ കഫം കുറുകി,
കാസരോഗം അധികരിച്ച്‌,
ജീവൻ നിലനിർത്താൻ ആഞ്ഞു വലിച്ചു തുടങ്ങിയപ്പോൾ,
ശ്വാസം വലിയുടെ ശബ്ദം ഭീതിതമായപ്പോൾ അക്ഷരാർത്ഥത്തിൽ പറന്നെത്തുകയായിരുന്നു.
മക്കൾ,
മരുമക്കൾ,
ചെറുമക്കൾ,
ബന്ധുക്കൾ,
ചാർച്ചക്കാർ,
സുഹൃത്തുക്കൾ......
ശ്വാസത്തിന്റെ ശബ്ദം വീണ്ടും ഏറിയതല്ലാതെ, ദേഹത്തുനിന്നും അകന്നുപോകാതെ ദിനങ്ങൾ, രാത്രങ്ങൾ.....
പറന്നെത്തിയവർ ആലസ്യത്തിലേയ്ക്കും, അരോചകമായ പിറുപിറുക്കലുകളിലേയ്ക്കും നീങ്ങവേ
കണിയാരുടെ ഗണനങ്ങൾ;
പിതൃകോപമെന്ന്‌,
മാർഗ്ഗതടസ്സങ്ങളെന്ന്‌,
തീർക്കാനായി മോക്ഷക്രിയകൾ,
പാപ പരിഹാരകർമ്മങ്ങൾ.....
വീണ്ടും കാത്തിരിപ്പുതുടരവെ.....
ഡോക്ടർമാരുടെ ടെസ്റ്റുകൾ,
ദയാവധത്തെക്കുറിച്ചുള്ള ചർച്ചകൾ, നിയമ സാധുതയില്ലാത്തതിനെ കുറിച്ച്‌ സംസാരിച്ച്‌ പ്രതിഷേധം രേഖപ്പെടുത്തലുകൾ....
വഴിപാടുകൾ, നേർച്ചകൾ.....
കാത്തിരുന്നു മടുത്തവരുടെ മടക്കയാത്രകൾ, ഇനിയും എത്തിച്ചേരാതിരുന്നവരുടെ ട്രെയിൻ, ഫ്ലൈറ്റ്‌ ടിക്കറ്റ്‌ ക്യാൻസൽ ചെയ്യലുകൾ....
രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ വീണ്ടും ശാന്തമായി;
മന്ദമായ താളാത്മകമായ ശ്വാസഗതിയോടെ,
പഴച്ചാറ്‌ നുണഞ്ഞുകൊണ്ട്‌.
പറന്നെത്തിയവരൊക്കെ പറന്നൊഴിഞ്ഞു.
മേഘങ്ങൾ പെയ്തൊഴിഞ്ഞ്‌ കർക്കിടകത്തിലെ പത്തൊണക്കിനായി വാനം തെളിഞ്ഞു.
അങ്ങിനെയുള്ളൊരു ശാന്തമായ പ്രഭാതത്തിൽ,
താളാത്മകമായിരുന്ന അയാളിലെ ശ്വാസം ഭ്രമാത്മകമായ സംഗീതമായുയർന്ന്‌ ത്ധടുതിയിൽ നിലച്ചു.
ഞെട്ടിയുണർന്ന ഹോംനേഴ്സിന്റെ നയനങ്ങളിൽനിന്നും രണ്ട്‌ അശ്രുകണങ്ങൾ....
ദേഹത്തിന്റെ അവസാനചൂടും മെല്ലെ താഴുന്നത്‌ തൊട്ടറിഞ്ഞ ആയയുടെ ദീർഘമായൊരു നെടുവീർപ്പ്‌....