Followers

Saturday, December 5, 2009

അങ്ങനെ ഞാൻ ചന്ദ്രനിൽ ഇറങ്ങി

suby t v

ജീവിതത്തിൽ ഞാനേറ്റവും പ്രാധാന്യമുള്ളതായി കാണുന്ന ഒരു ദിനമാണ്‌ ഇന്ന്‌. കാരണം ഇന്നാണ്‌ ഞാൻ ചന്ദ്രയാത്രക്ക്‌ തുടക്കമിടുന്നത്‌.
ഞാനിപ്പോള്‍നാസയിലെ വിശിഷ്ടമായ ഒരു മുറിയിലാണിരിക്കുന്നത്‌. കേരളീയനായ ഞാനും, ചൈനക്കാരനായ വാൻഹിമ്‌ ലാത്തോവറും അമേരിക്കക്കാരനായ ഫാന്റ്‌ വിൽസും ചെറിയ ലഗ്ഗേജുമായി വളരെ സുരക്ഷാപൂർവ്വം പേടകത്തിൽ കയറിയിരുന്നു.
ത്രീ.....ടൂ...വൺ....സീറോ.... പേടകം വൻശബ്ദവും പുകയും വർഷിച്ചുകൊണ്ട്‌ ഉയരുകയാണ്‌. ഭൂമിമണ്ഡലം വിട്ട്‌ ഞങ്ങളുടെ പേടകം ഉയരുകയാണെന്നുള്ള കണ്‍‌ട്രോള്‍ റൂമിലെ അറിയിപ്പ്‌ ഞങ്ങളെ ആവേശഭരിതരാക്കി. ഭൂഗുരുത്വാകർഷണമില്ലാത്ത മണ്ഡലത്തിലെത്തിയപ്പോൾ നാസയിൽ നിന്നു തന്ന ഗുളികരൂപത്തിലുള്ള മിഠായി ഫാന്റ്‌ വിൽസങ്കിൾ വാഹനത്തിൽ വാരിച്ചിതറിയതും അവയോരോന്നും പേടകത്തിനുള്ളിൽ ഓടി നടന്നുതുടങ്ങി. രണ്ട്‌ മാമന്മാരേയും അനുകരിച്ച്‌ ഞാനും മിഠായിയുടെ പിറകേ നടന്നു നടന്നു അവ ഓരോന്നായി വായിലാക്കി. ഫാൻറ്റ്‌ വിൽസങ്കിള്‍ യന്ത്രങ്ങൾ പരിശോധിക്കുന്നതിലും വാൻഹിമ്‌ ലാത്തോറങ്കിൾ വാഹനം നിയന്ത്രിക്കുന്നതിലും മുഴുകി. നിമിഷങ്ങൾക്കകം ഞങ്ങളുടെ വാഹനം ചന്ദ്രനിൽ ഇറങ്ങുകയാണ്‌.
നീണ്ടു കിടക്കുന്ന കറുത്ത പ്രതലം .മാൻഹിമ്‌ ലാത്തോവർ മാമൻ വാഹനം നിയന്ത്രിക്കവേ ഞാനും വിൽസങ്കിളും താഴേക്ക്‌ ചാടി........ഹായ്‌ ....പണ്ട്‌ ഞാൻ ചന്ദ്രനെ നോക്കി പാടാറുള്ള "അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്താണ്‌ " എന്ന പാട്ട്‌ ഒന്നു മൂളിയതും
'ഇഷ്ടമുള്ളത്ര ഓടിനടന്നോളു ട്ടോ" എന്ന ഫാന്റസങ്കിളിന്റെ ആംഗ്യം കാണിക്കലിനെ തുടർന്ന്‌ ഞാൻ അവിടെ ഓടിനടക്കാൻ തുടങ്ങി. കൂടെ അങ്കിളും. ഹെൽമെറ്റിനുള്ളിലൂടെ നമ്മുടെ ഭൂമിയെ കണ്ട ഞാൻ മനസ്സിൽ പറഞ്ഞു"എന്തു ചന്തം,നമ്മുടെ കൊച്ചുഭൂമിക്ക്‌" ഉൽക്കാപതനം മൂലമുള്ള ഗർത്തങ്ങൾ ചന്ദ്രന്റെ ഉപരിതലത്തിൽ ഞാൻ കണ്ടു. വാഹനത്തിന്റെ സ്റ്റോർ ബോക്സിൽ പത്തുപതിനഞ്ചു കല്ലുകൾ ഞങ്ങൾ രണ്ടുപേരും ഒത്തുചേർന്ന്‌ കയറ്റിയിട്ടു. ശേഷം ഇന്ത്യയുടേയും അമേരിക്കയുടേയും ചൈനയുടെയും പതാക നാട്ടി. കൺനിറയെ ചന്ദ്രമാമനെ നോക്കി ഞാൻ വിട പറഞ്ഞു വല്ല അന്യഗ്രഹജീവികളേയും കണ്ടിരുന്നെങ്കിൽ ഒന്നു റ്റാറ്റാ പറയാമായിരുന്നു.
വാഹനത്തിന്റെ ഡോർ അടഞ്ഞതും നാസയിലെ അംഗങ്ങളുടെ അഭിനന്ദനങ്ങൾ ഞാനും ഫാന്റ്‌ വിൽസങ്കിളും ഏറ്റുവാങ്ങി. ഞങ്ങൾ ഡ്രസ്സ്‌ അഴിച്ചെടുത്തു. അൽപ്പം വെള്ളം കുടിക്കാൻ ബോട്ടിലിലുള്ള വെള്ളം പുറത്തേക്ക്‌ ഒഴിച്ച ശേഷം ഗോളാകൃതിയിലായ വെള്ളത്തിന്റെ അടുത്ത്‌ പോയി വായിലാക്കി. പേസ്‌റ്റ്‌ രൂപത്തിലുള്ള ആഹാരം ഞങ്ങൾ മൂവരും ആസ്വദിച്ചു കഴിച്ചു. ഒരു കുളി പാസ്സാക്കാൻ തോന്നിയപ്പോൾ ഞാൻ വെള്ളത്തിന്റെ ടാങ്ക്‌ തുറന്നു ബോൾ രൂപത്തിലുള്ള വെള്ളം ഒരു സ്പോഞ്ചിൽ എടുത്തശേഷം അത്‌ ശരീരത്തിൽ അമർത്തിത്തുടച്ചു. ഇതാണ്‌ ഇവിടുത്തെ കുളി. അഥവാ സ്പോഞ്ച്‌ ബാത്ത്‌!
പ്രാണികൾക്ക്‌ ചന്ദ്രനിൽ പറന്നു നടക്കാൻ കഴിയുമോ എന്ന പ്രശ്‌നത്തെ തുടർന്ന്‌ ഞങ്ങൾ കൊണ്ടുവന്ന തേനീച്ച പെട്ടി തുറന്നു. അവയ്‌ക്ക്‌ അതിന്‌ കഴിയുന്നില്ല. രാത്രി ഞാൻ ഉറങ്ങാൻ കിടന്നു. ഇടയ്‌ക്ക്‌ എപ്പോഴോ എന്റെ ഉറക്കത്തിന്‌ തടസ്സമിട്ടപ്പോൾ പേടകത്തിലെ ക്ലോക്ക്‌ ഞാൻ നോക്കി, അഞ്ചു മണി. വീട്ടിലാവുമ്പോൾ മൂത്രമൊഴിച്ച്‌ കിടക്കുന്ന സമയം. അപ്പോളൊരു സംശയം ചന്ദ്രനിൽ പോകുന്നവര്‌ എവിട്യാ മൂത്രം ഒഴിക്ക്യാ? സ്വാഭാവികമായ സംശയം. ഞങ്ങളുടെ ഡ്രസ്സിന്റെ കീഴിൽ ഒരു ബാഗ്‌ ഘടിപ്പിച്ചിട്ടുണ്ട്‌. ഇതിലാണ്‌ ചന്ദ്രയാത്ര നടത്തുന്നവർ മുള്ളാറ്‌. ചിരിക്കേണ്ട ഈ ബാഗ്‌ ലോകത്തിലൊരു കുട്ടിക്കും സ്കൂളിൽ കൊണ്ടുപോകുവാൻ കൊടുത്തിട്ടില്ല. ഞങ്ങളുടെ പേടകം ഭൂമിമണ്ഡലത്തിലേക്ക്‌ പ്രവേശിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം. വിജയകരമായി പേടകത്തിന്‌ പുറത്തുള്ള മൂന്ന്‌ പാരച്ച്യൂട്ടുകൾ നിവർന്നു. കടലിൽ ഞങ്ങളെ കാത്തുകിടക്കുന്ന "നാസ" എന്ന കപ്പലിലെ മൂന്ന്‌ ഹെലികോപ്‌ടറുകളിൽ ഒന്ന്‌ പറന്നുവന്ന്‌ ഞങ്ങളെ മൂന്നുപേരേയും അതിനകത്തു കയറ്റി. ശേഷം രണ്ടാമത്തെ ഹെലികോപ്പ്‌ടർ വന്ന്‌ സ്റ്റോർ ബോക്സിലെ കല്ലുകൾ അതിനകത്തു കയറ്റി. മൂന്നാമത്തേത്‌ പറന്നു വന്ന്‌ പേടകവും പൊക്കിയെടുത്ത്‌ പറന്നു തുടങ്ങി. സമയം കൃത്യം 11. മണി. ഹെലികോപ്‌ടർ നാസകേന്ദ്രത്തിലെ പ്രത്യേക കവാടത്തിനു മുൻപിലിറങ്ങി.
ഉയർന്നു പൊങ്ങുന്ന ഹർഷാരവത്തിലൂടെ ഞങ്ങൾ മൂവരും കുറച്ചു ഗമയോടെ നടന്നു. ഒരു ചില്ലുപേടകത്തിനകത്തേക്കാണ്‌ നാസ അധികൃതർ ഞങ്ങളെ നയിച്ചതു്‌.ഇനി പന്ത്രണ്ടു ദിവസം ഇതിനകത്ത്‌ ആണ്‌. പ്രശസ്തരായ ഇരുപതോളം ഡോക്‌ടർമാരുടെ മേൽനോട്ടത്തിൽ. വേറെ ഏതോ ലോകത്തിൽ നിന്ന്‌ വന്നതല്ലേ, ഇത്‌ അത്യാവശ്യമാണ്‌. ചില്ലു വീടിനകത്തു എല്ലാ സൗകര്യങ്ങളുമുണ്ടു താനും. ചില്ലു വീടിനകത്തു നിന്നും ഉയർന്നുപൊങ്ങുന്ന ഹർഷാരവങ്ങളും ക്യാമറകളും പതാകകളും നോക്കി പന്ത്രണ്ടു ദിവസത്തെ ചികിത്സക്കായി ഞാൻ കാത്തിരുന്നു.