Followers

Saturday, December 5, 2009

ക്രിക്കറ്റ്‌

b shihab



കളിക്കളം ഭൂമിയുടെ ആകൃതിയിലാണ്‌
പള്ളിക്കൂടത്തില്‍ കണ്ട ഭൂമിയുടെ രൂപം മുട്ടയുടേതാണ്‌
"ഓവല്‍" എന്ന പേരില്‍ തന്നെ ബിലാത്തിയില്‍
കളിക്കളമുണ്ട്‌
ഇവിടെ അഞ്ചിലും പിഞ്ചിലും
ആറിലും, നൂറിലും
ഒരിന്നിം‌ഗ്‌സ്‌ തരാം
ഓരോ പന്തിലും അനിശ്‌ച്ചിതത്വത്തിന്റെ ഗര്‍ത്തം
വാ പിളര്‍ന്നിരിക്കുന്നു
സില്ലി പോയിന്റില്പോലും
കഴുകന്‍ കണ്ണുമായൊരുത്തന്‍ കാത്തു നില്‍ക്കും
നിഴലുപോലൊരുത്തനെപ്പോഴും പുറകിലുണ്ട്‌
ശരിതെറ്റുകള്‍ രേഖപ്പെടുത്താന്‍ രണ്ടു മാലാഖമാര്‍
നിങ്ങളുടെ ഇരുഭാഗത്തും നിലയുറപ്പിച്ചിട്ടുണ്ട്‌
ഒരു ചാറ്റല്‍ മഴ വന്നാല്‍ മതി
എല്ലാം തടസ്സപ്പെടാന്‍
ഏത്‌ വമ്പന്റെ ഓഫ്‌ ബെയിലും
നിരുപദ്രവമെന്ന്‌ തോന്നിക്കുന്ന ഒരു സ്ലോബാള്‍
തെറിപ്പിച്ചെന്നിരിക്കും
സഹക്കളിക്കാരും ജനക്കൂട്ടവുമപ്പോള്‍
സ്തബ്ധരാവുകതന്‍നെ ചെയ്യും
ചാനലുകള്‍ വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കും
അവസാനം പത്രത്തില്‍ പടം വെച്ച വാര്‍ത്ത വരും
ഇന്ന്‌ അപരാജിതനായ്‌ നില്‍ക്കുന്നവന്‍ നിശ്‌ച്ചയമായും
നാളെ കളിക്കളം വിടേണ്ടിവരും
എല്ലാത്തിനും മുകളില്‍ ;അന്ത്യവിധി
മുകളിലിരിക്കുന്ന മൂന്നാമമ്പയറുടേതാണ്‌