Followers

Saturday, December 5, 2009

5 കഥകൾ


deepusasi thathappilly

1-ആശ്വാസം

നിലാവിന്റെ നേർത്ത സംഗീതത്തിൽ നിഴലുകൾ കഥ പറയുമ്പോൾ ഒരു നിശാശലഭമായി പറക്കുകയായിരുന്നു അവൾ.
യാത്രയുടെ ഏതോ മുഹൂർത്തത്തിൽ ആലസ്യത്തോടെ കണ്ണു തുറന്നപ്പോൾ കിടക്കയിൽ തന്റെ ശരീരം കാണാഞ്ഞ്‌ അവൾ പരിഭ്രമിച്ചു.
"പേടിക്കേണ്ട നിന്റെ സുന്ദരശരീരം ദാ ഈ ഡി.വി.ഡിയിൽ ഭദ്രമായുണ്ട്‌. "കാമുകൻ പറഞ്ഞു.
കാമുകനോടൊപ്പം സർവ്വതും മറന്ന്‌ സ്നേഹം പങ്കു വെക്കുന്ന തന്റെ നഗ്ന ശരീരം ഡി.വി.ഡി.പ്ലെയറിൽ കണ്ടപ്പോഴാണ്‌ , അവൾക്ക്‌ ആശ്വാസമായത്‌.

2-മൗനം

കുറച്ചു നാളുകൾക്കു ശേഷമാണ്‌ അവർ നഗരത്തിരക്കിൽ കണ്ടുമുട്ടിയത്‌. കോഫീഹൗസിലിരുന്ന്‌ കാപ്പിയും ബെർഗ്ഗറും കഴിക്കുമ്പോഴും ,ഏ സി തീയേറ്ററിലിരുന്ന്‌ സിനിമ കാണുമ്പോഴും ഹോട്ടൽമുറിയിൽ വികാരങ്ങൾ പങ്കുവെച്ചുകിടക്കുമ്പോഴും അവർക്കിടയിൽ മൗനത്തിന്റെ കനത്ത മതിൽക്കെട്ടുണ്ടായിരുന്നു.
ഒടുവിൽ
യാത്ര പറയാൻ നേരം അയാൾ അവളോട്‌ ചോദിച്ചു
"നമ്മുടെ ഡിവോഴ്‌സിന്റെ അടുത്ത കൗൺസിലിങ്‌ എന്നാണ്‌?


3-ചിരി

മഞ്ഞുതുള്ളികളുടെ സുഗന്ധം ആർക്കോ എപ്പോഴോ എവിടെയൊക്കെയോ നഷ്ടമായ സ്വപ്‌നങ്ങളുടെ ജീർണ്ണഗന്ധമാണെന്ന തിരിച്ചറിവിലാണ്‌ അയാൾ ആദ്യമായി ചിരിച്ചതു്‌. പക്ഷേ ആ ചിരി അവസാനിച്ചില്ല. മാനസികാരോഗ്യാശുപത്രിയിൽ പല പ്രാവശ്യം ഷോക്ക്‌ ട്രീറ്റുമന്റിനു വിധേയമായിക്കൊണ്ടിരുന്നപ്പോഴും അയാൾ ചിരിച്ചുകൊണ്ടേയിരുന്നു


4-പുകച്ചുവയുള്ള സ്വപ്‌നങ്ങൾ


നിനച്ചിരിക്കാതെ പെയ്‌ത ഒരു പാതിരാമഴയിൽ എൻറെ സ്വപ്‌നങ്ങളത്രയും നനഞ്ഞു കുതിർന്നു. വെയിൽപ്പൂ വിരിയുന്നതും കാത്തിരുന്നു. നനഞ്ഞൊട്ടിയ സ്വപ്‌നങ്ങളെ വേർതിരിക്കാൻ പക്ഷേ, കനിഞ്ഞില്ല ഒരു വെയിൽനാളവും. ഒടുവിൽ നനഞ്ഞ സ്വപ്‌നങ്ങളെ ,പാതകത്തിനു മേൽ ഉണക്കിയെടുത്തു. പക്ഷേ, ഇപ്പോൾ സ്വപ്‌നങ്ങൾക്കെല്ലാം ഒരു പുകച്ചുവ. ഒരു പക്ഷിക്കും ചേക്കേറാൻ ഒരു ശിഖരം പോലും നൽകാതെ വലിയൊരു മരം മാത്രമായ്‌ എന്റെ സ്വപ്‌നങ്ങൾ വളർന്നുകൊണ്ടേയിരുന്നു. അമ്പരപ്പിന്റെ ഒരാകാശവിതാനം മാത്രം എനിക്ക്‌ സമ്മാനിച്ചുകൊണ്ട്‌.


5-പറയാൻ മറന്നത്‌

ഇന്നലത്തെ മഴയ്‌ക്കും ഇന്നത്തെ പകലിനും ഒരുമിക്കാനാവില്ലെന്നറിഞ്ഞ്‌ , നിലാവൊലിക്കുന്ന വഴിക്കീറുകളിലൂടെ വിറങ്ങലിച്ച നിശ്ശബ്‌ദതയിൽ ദൂരങ്ങൾ താണ്ടുമ്പോൾ ഞാൻ ഓർത്തു രാക്കിളികളും ചിലച്ചുകൊണ്ടിരുന്നത്‌ ,പറയാൻ മറന്ന പ്രണയത്തെക്കുറിച്ച്‌ മാത്രമായിരിക്കുമോ?