Followers

Saturday, December 5, 2009

ജന്മദിനം







venu v desam

അന്തിയിരുളിൽ മയങ്ങും പടിപ്പുര
കരിയിലകളിൽ കാറ്റു കരയുന്നു.
ചുറ്റിലും കൃഷ്ണനാഗങ്ങൾ പാർക്കുന്ന
പച്ചവറ്റിയ പാഴ്ത്തൊടിപ്പൊന്ത
അറ്റവേനലും കോരിക്കുടിച്ചിട്ടും
ഹൃത്തടം ബാക്കിയാക്കിയൊരീകുളം,
ചാഞ്ഞ മഞ്ഞയിൽ സ്വന്തം ശിഖരങ്ങൾ
പൂത്തു നിൽക്കൂമരളിയെന്തേകാകി!
പൂതലിച്ച വിജനഗുഹാക്ഷേത്രം
പൂജമുട്ടിയ പുരാവിഗ്രഹം സ്വപ്നഗ്രസ്തം.
വിണ്ടടർന്ന വിഷാദങ്ങളിലെന്റെ
ചുണ്ടു പൂഴ്ത്തിക്കിടന്നിടാനേ സുഖം.
പ്രാണനിലെൻ പുരാവർഷകോടികൾ
താണ്ടിയെത്തും ജരാതുരസന്ധ്യകൾ
മൂലവ്യാധികളിൽ മിടിച്ചേറുന്നു
കാലദുരന്തങ്ങൾ! ക്ലാന്തമെൻ ഭിത്തികൾ
ഇരുളിലേതോ സമുദ്രസത്വങ്ങളാം
പകയിരമ്പുന്ന പാഷണ്ഡപാപങ്ങൾ
ഉള്ളിലൂതപ്രകാശങ്ങളിൽ മുറി-
ച്ചൊച്ചവെയ്ക്കാതലയുന്നു പ്രാവുകൾ.
പട്ടുപോയതെരുവുകൾ: കണ്ണീരു
കെട്ടി നിൽക്കും ഹൃദയവനികകൾ
കത്തി നിൽക്കും കരാളവേഗങ്ങളിൽ
നൃത്തലോലരാകും ചുഴൽക്കാറ്റുകൾ
ഉഷ്ണയാമിനികൾ കരണ്ടുള്ളതാ-
മെത്രയോ വിരക്തങ്ങൾ നക്ഷത്രങ്ങൾ.
സ്മൃതികൾതോറും പുരാതനോദ്വേഗങ്ങൾ
പതിയിരിക്കുന്ന സൂക്ഷ്മസന്ദേഹങ്ങൾ.
ചിറകുവെന്ത കിനാവുകൾ, വേദന-
യെരിയും സങ്കരസങ്കീർണ്ണരാഗങ്ങൾ.
നേരം വിങ്ങുന്നു. കോടിയ മൗനങ്ങൾ
തേച്ച തേങ്ങും മുഖവുമായ്‌ പാതിയും
തേഞ്ഞ മന്ദസ്മിതവും വിറയാർന്ന
കാടിന്നപ്പുറം പൊന്തുന്നു ചന്ദ്രിക.
വൃദ്ധവൃക്ഷത്തിൽ നിന്നും തളിർപ്പുപോ-
ലന്തരാന്തരാ വീണ്ടും കവിതകൾ.