Followers

Saturday, December 5, 2009

ഒരു വിളിപ്പാടകലെ


ganesh panniyath



എന്റെ മകൻ പ്രണവിനിപ്പോൾ എന്റെ മനസ്സ്‌ വായിക്കാനറിയാം. അല്ലെങ്കിലും ഈയിടെയായി അവനാകെ മാറിയിട്ടുണ്ട്‌. പ്രായത്തേക്കാൾ പക്വത പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു അവൻ. പത്രവുമായി അവൻ മുറിയിലേക്ക്‌ വരുമ്പോൾ തന്നെ വിളിച്ചുപറയും- അച്ഛാ ഇന്ന്‌ മൊത്തം നാൽപ്പത്തിയേഴ്‌. ചിത്രങ്ങൾ കുറവ്‌.വെറും പതിനാറെണ്ണം മാത്രം. അവൻ പത്രം എനിക്കുനേരെ ഉയർത്തിക്കാണിക്കുന്നു. ചരമകോളങ്ങളുടെ പതിമൂന്നാം പേജ്‌. മുഖം തിരിച്ചറിയാൻ കഴിയുന്ന പതിനാറ്‌ ശവങ്ങൾ ഒറ്റനോട്ടത്തിൽ ഞാൻ കാണുന്നു. മുഖമില്ലാത്തവ മുപ്പത്തിയൊന്ന്‌. ആകെ നാൽപ്പത്തിയേഴ്‌. പത്രം എനിക്കു തന്ന്‌ തിരിച്ചുപോകുമ്പോൾ ഒരനുഷ്ഠാനം പോലെ അവൻ ചോദിക്കുന്നു. എല്ലാവരും ഒരു ദിവസം മരിക്കും അല്ലേ അച്ഛാ...?
അതൊരു തരം ഓർമ്മപ്പെടുത്തലല്ല. മറിച്ച്‌ സാന്ത്വനത്തിന്റെ വാക്കുകളാണ്‌. ജീവിതത്തിലിനി ബാക്കിയാവുന്ന കാത്തിരിപ്പ്‌ ഈ അനിവാര്യതക്ക്‌ വേണ്ടി മാത്രമാവുമ്പോൾ അവൻ സമാധാനിപ്പിക്കുന്നത്‌ ഇതാണ്‌. ഒന്നും ഓർക്കരുത്‌ അച്ഛാ.ഇന്നല്ലെങ്കിൽ നാളെ നാം ഓരോരുത്തരും പിരിഞ്ഞുപോകേണ്ടതല്ലേ?
വാതിൽ ചാരുമ്പോൾ അവൻ ഒന്നുകൂടി നോക്കും. രണ്ടു പാളികൾക്കിടയിലൂടെ മറയുന്ന അവന്റെ മുഖത്തപ്പോൾ ആകുലതകൾ കാണാം. അടുത്ത നിമിഷത്തിൽ സംഭവിക്കാൻ പോകുന്നൊരു മരണത്തെ അവൻ മനനം ചെയ്യുന്നത്‌ നിലവിളികൾ നിറഞ്ഞ അവന്റെ കണ്ണുകളിൽ വായിക്കാം. അടഞ്ഞ വാതിലിനപ്പുറം അവന്റെ പാദപതനങ്ങൾ അവസാനിക്കുമ്പോൾ ഞാൻ പതിമൂന്നാം പേജിന്റെ മുകളിൽ നിന്ന്‌ എന്റെ സ്വാസ്ഥ്യം തുടങ്ങുന്നു.ആദ്യത്തെ ചിത്രം ,അതിന്റെ അടിയിലെ ചരമകുറിപ്പ്‌,പിന്നെ രണ്ടാമത്തെ ചിത്രം അങ്ങനെയങ്ങനെ........മരണങ്ങളിലൂടെയുള്ള സഞ്ചാരമവസാനിക്കുമ്പോൾ പിന്നേയും ആദ്യത്തേതിൽ നിന്നു തുടക്കം. ആവർത്തനങ്ങളുടെ ധാരാളിത്തങ്ങളിൽ ഞാനെന്റെ വേദന മറക്കുകയാണെന്നും ശാന്തിയുടെ സമൃദ്ധിയിലൂടെയാണ്‌ സഞ്ചാരമെന്നും വെറുതെ നിനയ്ക്കും.
പത്രങ്ങളിലെ വാർത്ത ഞാനെന്നോ മറന്നുപോയിരിക്കുന്നു. രാഷ്ട്രീയം ,ഭീകരവാദം, ഭൂകമ്പം, ചരിത്രം, കൃഷി ,വ്യവസായം...ഇല്ല. ഞാനതൊന്നും ശ്രദ്ധിക്കുന്നതേയില്ല. അല്ലെങ്കിൽ അതെന്നെ ബാധിക്കുന്നതേയില്ല. വ്യക്തിയുടെ തീക്ഷ്‌ണമായ പ്രതിസന്ധികൾക്കു മുന്നിൽ സമൂഹം ഒന്നുമല്ലാതെയാവുന്നുവെന്ന തോന്നൽ ശരിയാകുന്നതുപോലെ. അവനു മുന്നിൽ യുദ്ധവും, പ്രകൃതിക്ഷോഭങ്ങളും ഘോഷയാത്രകളുമില്ല. അവന്‌ , അവന്റെ ചെറുവിരലിന്റെ മുറിപ്പാടുതന്നെയാണ്‌ ഏറ്റവും പ്രാധാന്യവും, സത്യവുമായിട്ടുള്ളത്‌. മരണത്തിന്റെ ദയാരാഹിത്യത്തിലേക്ക്‌ മിഴിയോടിച്ചിരിക്കുന്ന ഒരാൾക്ക്‌ എന്ത്‌ സാമൂഹിക പ്രതിബദ്ധതകളാണ്‌ ഉണ്ടാവുകയെന്ന്‌ ഒരൽഭുതത്തോടെ ഞാൻ ഓർത്തുപോകുന്നു.
രോഗവും മരണവും അകന്നുമാറിയ തീക്ഷ്‌ണയൗവനമിതാ പ്രതിരോധത്തിന്റെ ശക്തിയായി ഒരായിരം ഘോഷയാത്രകളായി നീങ്ങുന്നു. കാട്ടിലൂടെ ,മലമടക്കുകളിലൂടെ ഊർജ്ജത്തിന്റെ പ്രസരണം ചുറ്റും വ്യാപിക്കുകയാണ്‌. അത്‌ സമൂഹത്തോട്‌ തോന്നിയ പ്രണയത്തിന്റെ കാലം. ജ്വലിക്കുന്ന ഏതൊരു യൗവനവും ആഗ്രഹിച്ചുപോകുന്ന വിപ്ലവപ്രസ്ഥാനത്തിന്റെ കണ്ണിയാവുമ്പോൾ മുന്നിൽ സമൂഹം മാത്രമേയുള്ളു. വ്യക്തി നിലനിൽക്കുന്നില്ല. അന്ന്‌ മരണത്തിന്റെ സാദ്ധ്യതകളേയുള്ളു. തീർച്ചപ്പെട്ട മരണമില്ലായിരുന്നു. ..എന്നാൽ ഇപ്പോൾ ഉറക്കം മറന്നുപോകുന്ന എനിക്കു ഉണർവ്വിന്റെ ഓരോ മാത്രകളിലും നിറഞ്ഞെത്തുന്ന ശൂന്യതയുടെ മഹാമൗനമറിയുവാനാകുന്നു. അതെന്നെ വല്ലാതെ ഭയപ്പെടുത്തുമ്പോൾ ഒന്നും എനിക്കു സാന്ത്വനമാകുന്നില്ല. എന്റെ സ്നേഹം, വിശ്വാസം, ഭക്തി....മരണബോധത്തിനു മുന്നിൽ ഒന്നും എനിക്കു സമാധാനമാവുന്നില്ലല്ലോ.
ഒരു തരം അനിവാര്യതപോലെ ഞാനപ്പോള്‍ പതിമൂന്നാം പേജിന്റെ ഭാഗമാവുന്നു. ആരോ പത്രമാപ്പീസിലെത്തിച്ച എന്റെ നല്ല ഫോട്ടോകളിലൊന്ന്‌ ഞാനപ്പോള്‍കാണുന്നു. മുഖത്തും കണ്ണുകളിലും ചെറുപ്പത്തിന്റെ പ്രസരിപ്പും ആർജ്ജവവും.നരയോടാത്ത സമൃദ്ധമായ മുടിയുടെ ഭംഗി. കട്ടികൂടിയ മീശക്കു താഴെ നേർത്തൊരു പുഞ്ചിരിയുടെ തിളക്കം. ഫോട്ടോയുടെ അടിയിൽ ചെറിയൊരു ചരമക്കുറിപ്പ്‌. ഞാനത്‌ ശ്രദ്ധാപൂർവ്വം വായിക്കുന്നു. -ചെറിയേടത്ത്‌ അച്ചുതൻ(55)നിര്യാതനായി. സംസ്ക്കാരം ഇന്ന്‌ ഒരുമണിക്ക്‌. ഭാര്യ;ഉഷ, മക്കൾ, പ്രണവ്‌, നന്ദന.റിട്ടേർഡ്‌ വില്ലേജോഫീസർ നാരായണൻ നായരുടേയും, സരോജിനിയമ്മയുടേയും മകനാണ്‌.
എന്റെ ഫോട്ടോയിലേക്ക്‌ സസൂക്ഷ്മം നോക്കിയിരിക്കവെ ,ചരമപേജിലെ മറ്റു ചിത്രങ്ങളും കുറിപ്പുകളും അപ്രത്യക്ഷമാവുകയും അവിടെ എന്റെ ഫോട്ടോയും ചരമക്കുറിപ്പും മാത്രം അവശേഷിക്കുകയും ചെയ്യുന്നു. പിന്നെയത്‌ ഒരു കംമ്പ്യൂട്ടർ സ്ക്രീനിലെന്നപോലെ വികാസം കൊള്ളുകയും ചരമപ്പേജിലേത്‌ ഒറ്റച്ചിത്രമായി ഒരടിക്കുറിപ്പോടെ ഏകാന്തതയറിയുകയും ചെയ്യുന്നു.
കൈയ്യെത്താവുന്ന അകലത്തിൽ , തലഭാഗത്തെ മേശമേൽ ഗീതയുടെ രണ്ടു പരിഭാഷകളുണ്ട്‌. സ്വാമി ചിന്മയാനന്ദന്റെ ഇംഗ്ലീഷ്‌ പരിഭാഷയും വാസുദേവഭട്ടതിരിയുടെ മലയാളവും. പിന്നെ മൃഡാനന്ദ സ്വാമിയുടെ കഠോപനിഷത്തിന്റെ ഭാഷാന്തരീകരണവും. ബയോപ്സിയിലൂടെ രോഗനിർണ്ണയം നടത്തപ്പെട്ടപ്പോൾ നിലച്ചുപോകുന്നത്‌ ബാക്കിയാവുന്ന ആഹ്ലാദവും പ്രത്യാശയുമൊക്കെയാണെന്ന്‌ ബോധത്തിനോടൊപ്പം ഉയർന്ന നിലവിളികളോടെ ചില്ലലമാരയിൽ നിന്ന്‌ പുറത്തെടുത്തു വച്ച പുസ്തകങ്ങളാണവ.ആത്മീയാംശങ്ങളുടെ വരികളിൽ നിന്ന്‌ സമാധാനം കിട്ടുമെന്നുള്ള തോന്നൽ തന്നെ കാരണം. അതിലേക്ക്‌ മിഴിയോടിക്കുമ്പോൾ പ്രാർത്ഥനാമന്ത്രങ്ങളുടെ ചാരുതയറിയാനാകുന്നുണ്ട്‌. നചികേതസ്സു ചോദിച്ച മൂന്നാം വരമായ മരണത്തിനുശേഷം എന്ത്‌ എന്ന സമസ്യയ്ക്കു യമരാജൻ നൽകുന്ന വിവരണങ്ങളും അറിയുവാനാകുന്നുണ്ട്‌.
എല്ലാം ഒരുപാട്‌ ആവർത്തി വായിച്ചതാണ്‌. മനഃപാഠം‌പോലെ ഓരോ വല്ലിയും മനസ്സിലുണ്ട്‌. എന്നാൽ, വയ്യ, ഉതിർന്നുവീഴാത്ത ഒരു കണ്ണുനീർത്തുള്ളിപോലെ ഉഷ എനിക്കു മുന്നിലിരിക്കുമ്പോൾ പുസ്തകങ്ങളിലേക്ക്‌ നോക്കി അവൾ പറയും -ഓരോ വരിയും മനസ്സിൽ ഉരുവിടുക അച്ചു. ഒന്നും ഓർത്ത്‌ മനസ്സ്‌ പതറരുത്‌ ഒക്കെ വിധി............ഈശ്വരാ.
ഇല്ല. മന്ത്രങ്ങളൊന്നും ശരിയാവുന്നില്ല. ഒരു വരിപോലും ഉരുവിടാനാവുന്നില്ല. അത്രമാത്രം വേദനിക്കുന്നു. വേദനയുടെ ആശ്വാസത്തിനായി ഒന്നു നിലവിളിക്കാൻ കൂടി കഴിയുന്നില്ല. തൊണ്ടയിലൂറുന്ന നിലവിളികളിൽ പോലും രോഗാണുക്കളുടെ സമൃദ്ധിയാണ്‌.
ഈ മുറിയിലെ ചുമരലമാരയിൽ നിറയെ പുസ്തകങ്ങൾ .കവിതയും ഫിക്‌ഷനും ഫിലോസഫിയും ചരിത്രത്തിന്റെ പാഠപുസ്തകങ്ങളും. .........രോഗാതുരമായ കണ്ഠത്തിലെ ശബ്ദം ചിലമ്പിക്കാൻ തുടങ്ങിയതു മുതൽ ഓർത്തത്താണ്‌ ഇനിയൊരിക്കലും അവയെ സ്പർശിക്കാനാവില്ലെന്ന്‌. എന്തൊരു ആഹ്ലാദമായിരുന്നു അവ. സംവാദങ്ങളും, ചർച്ചകളും, ഈ പുസ്തകങ്ങളുടെ മനസ്സ്‌ തൊടാതെ പോയിട്ടില്ല. എന്നാൽ സ്വന്തം മരണം നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞ ഒരാൾക്ക്‌ പുസ്തകങ്ങൾ നൽകുന്ന പ്രത്യാശയെന്താണ്‌? ഒന്നുമില്ല. ഒന്നും: പുസ്തകങ്ങളെന്നല്ല ഒന്നും ഒരു സമാധാനമാവുന്നില്ല. മുമ്പ്‌ മക്കളായിരുന്നു ആഹ്ലാദം. എത്ര പ്രയാസങ്ങളുണ്ടായാലും എനിയ്ക്കു സ്വന്തമായി രണ്ടു കുട്ടികളുണ്ടല്ലോ എന്ന ബോധത്തിലേക്ക്‌ മനസ്സ്‌ മടങ്ങുമ്പോൾ ഒരൽഭുതം പോലെ ആഹ്ലാദമെത്തുന്നു. അവിശ്വസനീയമാവുന്നു അതിന്റെ നിർണ്ണയങ്ങൾ. മക്കളുണ്ടെന്ന ബോധം പ്രയാസങ്ങളെ എങ്ങനെയാണ്‌ ഇല്ലാതാക്കുന്നതെന്ന്‌ ഞാൻ ഓർത്തുനോക്കിയിട്ടുണ്ട്‌. എന്നാൽ അതങ്ങനെ സംഭവിക്കുന്നുവെന്നല്ല്ലാതെ എങ്ങനെയെന്ന്‌ അറിയുവാനായിട്ടില്ല. .ഒരു പക്ഷേ, എന്റെ അസ്തിത്വവുമായി ബന്ധിക്കപ്പെട്ട ഘടകം . അതാവാം അല്ലെങ്കിൽ വൈകി പിറന്ന കുട്ടികളോടുള്ള അടങ്ങാത്ത സ്നേഹം............
ഇപ്പോഴിതാ നിർണ്ണയിക്കപ്പെട്ട മരണത്തിന്റെ തീക്ഷ്‌ണമായ വേദനയും, നിരാലംബതയും.ഇവിടെ ഒന്നും ആശ്വാസമാവുന്നില്ല. മക്കളും ഭാര്യയും ആത്മീയസൂക്തങ്ങളും പ്രവചനങ്ങളും പുനർജ്ജനിയും ഒന്നും, കാരണം തീർച്ചയാക്ക്പ്പെട്ട മരണത്തിലേക്കുള്ള യാത്ര ഭീതിജനകമയ ഒരനുഭവമാണ്‌. വേദന തീവ്രമാവുമ്പോൾ കണ്ണുകൾ കൂടുതൽ ആഴങ്ങൾ തേടുകയും മുഖത്തെ പേശികൾ വലിഞ്ഞുമുറുകുകയും ചെയ്യും.അപ്പോൾ ഒരഭയത്തിനായി ഞാൻ പരതുന്നു. എന്റെ ശുഷ്ക്കിച്ച കൈ ഒരു തൂവൽ പോലെ യെടുത്ത്‌ ഉഷയപ്പോൾ നെഞ്ചോടു ചേർക്കുന്നു. പിന്നെ എനിക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ അവൾ ചോദിക്കും -വല്ലാതെ വേദനിക്കുന്നുവോ അച്ചു?
വേദനയുടെ കാഠ്യന്യത്തെക്കുറിച്ച്‌ അവൾക്ക്‌ അറിയായ്‌കയല്ല. വേദനിക്കുമ്പോഴും അത്രയൊന്നും വേദനയില്ലെന്നുള്ളൊരു അറിവിനുവേണ്ടി , വെറുതെ.....
യാന്ത്രികമായി അവൾ റിസീവറെടുക്കുന്നു. എന്റെ മുഖത്തേക്ക്‌ നോക്കിക്കൊണ്ടുതന്നെ അവൾ സംസാരിക്കാൻ തുടങ്ങുന്നു. ഡോക്‌ടർ അച്ചുവിന്‌ വല്ലാതെ വേദനിക്കുന്നുണ്ട്‌. വേഗം വന്നാൽ നന്നായിരുന്നു. വേഗം.
സീറ്റിൽ നിന്നെഴുന്നേറ്റ്‌ കാർ സ്റ്റാർട്ട്‌ ചെയ്‌ത്‌ ഇവിടെ യെത്തുന്നതിനാവശ്യമായ സമയമേ വേണ്ടു ഡോക്‌ടർ ഐസക്കിന്‌. ഗേറ്റ്‌ കടന്ന്‌ അയാളുടെ കാർ എത്തുന്നു. സുഖാന്വേഷണങ്ങളും ചോദ്യങ്ങളുമില്ല. കട്ടികൂടിയ ഗ്ലാസ്സുകൾക്കു പിന്നിലെ പളുങ്കുഗോട്ടി പോലുള്ള കണ്ണുകളിലെ സൂക്ഷ്മത എന്റെ ശരീരത്തിൽ ഒരരിപ്പായി ഇഴയുന്നു. പിന്നെ വളരെ ലാഘവത്തോടെ എന്റെ കൈത്തണ്ടയിലെ നിർജ്ജീവമായിക്കൊണ്ടിരിക്കുന്ന ഞരമ്പുകളിലോന്നിൽ അയാൾ സൂചി കയറ്റുന്നു. ശരീരമാസകലം പടരുന്ന ഡൈക്ലോഫെനക്‌ കലർന്ന മരുന്നിന്റെ ധവളിമ അപ്പോള്‍ഞാനറിയുന്നു. പിന്നെ ഒരു സൈക്യാട്രിസ്റ്റിനെപ്പോലെ ഡോക്‌ടർ ഐസക്‌ പറയുന്നതു കേൾക്കാം. -ഉറങ്ങുക അച്ചുതൻ,സുഖമായി ഉറങ്ങുക ,എല്ലാം ശരിയാവും.
ശരി തന്നെ അടയുന്ന കണ്ണുകൾക്കൊപ്പം അകന്നുപോകുന്ന വേദന .പിന്നെ സമാധിപോലത്തെ ശാന്തി. നിറഞ്ഞ ശാന്തിയിൽ നിറങ്ങളെത്തുന്നു. പിന്നെ അത്‌ മറ്റൊരു ലോകമാണ്‌. നിറങ്ങൾ മാത്രമറിയുന്ന ശൈശവകാലം.
നിറങ്ങളുടെ സമൃദ്ധിയവസാനിക്കുമ്പോൾ ബാക്കിയാവുന്ന വിളറിയ വെളുപ്പിലേക്ക്‌ ഞാൻ മിഴി തുറക്കുന്നു. ഏകാന്തതയുടെ കൂടാരം പോലെ മുറി. അതിൽ ഞാനും എന്റെ വാർദ്ധക്യവും രോഗവും. ഒന്നുറക്കെ കരയാൻ കഴിയാത്തവന്റെ നിസ്സഹായതയും ബാക്കിയാവുന്നു