Followers

Saturday, December 5, 2009

ഒഴിവ്‌






k p m navaz



അങ്ങനെയാണ്‌ അവർ ആ സാഹസത്തിനു തയ്യാറായത്‌. ദാരിദ്ര്യവും, തൊഴിലില്ലായ്‌മയും, വിലക്കയറ്റവും കൊടികുത്തി വാഴുവാൻ തുടങ്ങിയപ്പോൾ ജനങ്ങൾ സംഘടിച്ചു. അഭ്യസ്തവിദ്യരായ യുവാക്കൾ സർക്കാർ ഉദ്യോഗസ്ഥരെ നോക്കി പല്ലിറുമ്മുകയും അസൂയ പൂണ്ട്‌ കലിതുള്ളുകയും ചെയ്‌തു.
ഏതു വറുതിയിലും അണ പൈ കുറയാതെ പ്രതിമാസം മാസപ്പടി എണ്ണിവാങ്ങുന്നവർ. കൂടാതെ ഭരണചക്രത്തിന്റെ നട്ടും ബോൾട്ടും എന്ന പേരിൽ വിലക്കയറ്റത്തിന്റെ തോത്‌ അളന്നു തൂക്കി. അതിനു ക്ഷാമ ബത്തയും മറ്റും വേറേയും. എന്തിന്‌ റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും ശമ്പളവും പെൻഷനുമായി അടിച്ചെടുക്കുന്ന കൂട്ടർ. നാടാകെ കത്തിയെരിഞ്ഞാലും ഭൂമി കീഴ്‌മേലെ മറിഞ്ഞാലും പോറലേൽക്കാതെ ഒരു വർഗ്ഗം. !
യുവരക്തം തിളച്ചു. ഇതിനൊരു അറുതി വരുത്തണം. ചുരുങ്ങിയത്‌ ആ ആനുകൂല്യം കൈപ്പറ്റുന്നവരിൽ ചിലരെങ്കിലും തങ്ങളിൽ നിന്നുള്ളവരായിരിക്കണം. അങ്ങനെ സാമൂഹ്യ നീതി ഉറപ്പു വരുത്തണം.
അതിനെന്തു വഴി?
അവർ സെക്രട്ടറിയേറ്റിലേയും സർക്കാർ ആപ്പീസുകളുടേയും മുമ്പിലെ വെള്ളക്കോളർ പട്ടാളത്തെ നോക്കി തല പുകഞ്ഞാലോചിച്ചു.
"ഒരു വഴിയുണ്ട്‌" അവരിൽ ഒരു ബുജിക്ക്‌ വെളിപാടുണ്ടായി. സെക്രട്ടറിയേറ്റിൽ ബോംബു വെക്കുക. ! ഒരു പൊട്ടലിൽ കുറേയെണ്ണം കായണം.
അത്യുഗ്രശേഷിയുള്ളതു തന്നെ വെക്കണം.
"ഒരു പത്ത്‌ ആയിരെണ്ണമെങ്കിലും ചാകണം. മറ്റു ചിലർ ആവേശപൂർവ്വം പിന്തുണ പ്രഖ്യാപിച്ചു. അവരുടെ ഒഴിവുകളിൽ ഞങ്ങളിൽ കുറേ ആളുകൾ കയറിപ്പറ്റും. അങ്ങനെ സാമൂഹ്യനീതി ഉറപ്പാക്കും. ....
ആലോചിച്ചപ്പോൾ സൂപ്പർ ഐഡിയ.അങ്ങനെ നിർദ്ദേശം ഐകകണ്ഠ്യേന പാസായി. ഒടുവിൽ ഒരു ശുഭമുഹൂർത്തത്തിൽ അവർ അക്കാര്യം ഭംഗിയായി നിർവ്വഹിക്കുകയും ചെയ്‌തു.
ഡും.....
ഓപ്പറേഷൻ സക്‌സസ്‌. ഉദ്ദേശിച്ചപോലെ കുറേയെണ്ണം ചത്തൊടുങ്ങി. തൂപ്പുകാരൻ മുതൽ കാര്യക്കാരൻ വരെയുള്ള അനേകം പേരുടെ കസേരകൾ ഒറ്റയടിക്ക്‌ കാലി.
യുവവിപ്ലവകാരികളുടെ കണ്ണിൽ പൂത്തിരി കത്തി. തങ്ങളെ ഉൾപ്പെടുത്തി ഒഴിവുകൾ നികത്തപ്പെടുന്ന ശുഭമുഹൂർത്തത്തിനായി അവർ കാതോർത്തു.
ഒരു ദിവസം ഒഴിഞ്ഞു കിടന്ന കസാലകളിലൊക്കെ
പുതിയ ആളുകൾ കുടിയേറിയ വാർത്ത കേട്ട്‌ യുവജന സേന ആഘോഷപൂർവ്വം ആപ്പീസുകളിൽ ഇരച്ചുകേറി. തങ്ങളിൽ ചിലരുടെയെങ്കിലും മുഖം ആ കസാലകളിൽ കുടികൊള്ളുന്നുണ്ടോ എന്ന്‌ അവർ പരതി.
അവർ ആ കാഴ്‌ച കണ്ടു ഞെട്ടി.
ഒഴിവു വന്ന കസാലകളിൽ ഇരിക്കുന്നവരൊക്കെ മരിച്ചവരുടെ ആശ്രിതരായിരുന്നു.