രാം മോഹൻ പാലിയത്ത്
കൽപ്പറ്റ നാരായണൻ |
മലയാളി അങ്ങനെ, മലയാളി ഇങ്ങനെ എന്നിങ്ങനെയുള്ള കുറ്റംപറച്ചിലുകള്‍ വായിച്ചു വായിച്ച് മനുഷ്യന്‍ ബോറടിച്ച് മരിച്ചു. പണ്ടെങ്ങാണ്ട് സക്കറിയയാണെന്നു തോന്നുന്നു ഇത്
തുടങ്ങിവെച്ചത്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കേരളം
മാത്രം കോൺഗ്രസിനെ വീണ്ടും തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു
സക്കറിയയുടെ ആക്രമണം. മലയാളി അവന്റെ മായാവ്യൂഹം ചമച്ചു എന്നാണ് സക്കറിയ എഴുതിയത്. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കാന്‍ മലയാളിക്ക് അതിന്റേതായ കാരണങ്ങളുണ്ടായിരുന്നു എന്നത് വേറെ കാര്യം.
എന്നാലും ഒരു തുടക്കമെന്ന നിലയില്‍ അത് ഓക്കെയായിരുന്നു. പിന്നെ സക്കറിയ തന്നെ അത് ആവര്‍ത്തിക്കാന്‍ തുടങ്ങി. എന്തിനു പറയുന്നു, കാമ്പുള്ള കവിയും ചിന്തകനും നോവലിസ്റ്റുമാണെന്ന് തെളിവുതന്നിട്ടുള്ള കല്‍പ്പറ്റ നാരായണന്‍ വരെ ഇപ്പോള്‍ മലയാളിയുടെ പിറകെയാണ്. ആത്മവിമര്‍ശനം നല്ലതു തന്നെ. അത് അതിരുവിടുന്നതും സഹിക്കാം, അറ്റ് ലീസ്റ്റ് മലയാളി എന്ന വാക്കിനു പകരം കേരളീയന്‍ എന്നെങ്കിലും എഴുതിയിരുന്നെങ്കില്‍.
ഞാൻ മലയാളി അല്ല എന്ന മട്ടിലാൺ ഇവരിൽ പലരുടേയും എഴുത്ത്. ഇത് വിഷയദാരിദ്ര്യത്തിന്റെ പ്രശ്‌നമാണ്. ജീനിയസ്സിന്റെ സ്‌റ്റോക്ക് തീരുന്നതിന്റെ ലക്ഷണമാണ്.
പറഞ്ഞു പറഞ്ഞ്, മലയാളിക്ക് യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച തീവ്രതയില്ലൊന്നെക്കെയാൺ ചിലര്‍ പറഞ്ഞു തുടങ്ങിയിരിക്കുത്. യുദ്ധം അനുഭവിക്കേണ്ടി വരുന്നത് എന്തോ ഗുണമാണെന്ന മട്ടിലാൺ ഇതു വായിച്ചാല്‍ തോന്നുക. അനുഭവതീവ്രതയ്ക്കു വേണ്ടി ഇച്ചിരെ യുദ്ധം. അയ്യോ സാറമ്മാരേ, അതിത്തിരി കടുത്തുപോയി.
ഗൊദാർദ് |
അനുഭവതീവ്രത കുറവായതുകൊണ്ടാണത്രെ ഇവിടെ വല്യേക്കാട്ടൻ സിനിമയൊന്നും ഉണ്ടാവാത്തത് (വല്യേട്ടനെപ്പോലത്തെ സിനിമകള്‍ ഉണ്ടാവുന്നത്). രണ്ടാം ലോക മഹായുദ്ധം, ഹോളോകാസ്റ്റ് ഇതെല്ലാം കഴിഞ്ഞിട്ടും ഇപ്പോഴും അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് എത്രയെത്ര ക്ലാസിക് സിനിമകളും പുസ്തകങ്ങളുമാണ് പിറവിയെടുക്കുന്നതെന്നാൺ. എന്നാൽ ഇവര്‍ക്കുള്ള മറുപടി ഇവരുടെ വല്യപ്പച്ചനായ ഗൊദാര്‍ദ് തന്നെ പറഞ്ഞിട്ടുണ്ട്. 'ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെയുള്ളിടത്ത് ഉത്തമകലാസൃഷ്ടി ഉണ്ടാകും. എന്നാൽ ഉത്തമകലാസൃഷ്ടി ഉണ്ടാകാന്‍ വേണ്ടി ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നത് ശരിയല്ല' എന്നാണ് ഗൊദാര്‍ദ് പറഞ്ഞത്.
ഗൾഫ് ജീവിതം |
അതെന്തായാലും മലയാളി നല്ലോണം ദുരിതങ്ങള്‍ അനുഭവിച്ചവനാണ്, പ്രത്യേകിച്ച് പ്രവാസത്തിന്റെ. ആസാമലയിലും ശ്രീലങ്കയിലും മലേഷ്യയിലുമെല്ലാം തോട്ടങ്ങളും റോഡുകളും ഉണ്ടാക്കിയത് പിന്നാരാ? ഗള്‍ഫിലോ? ഗള്‍ഫ് മലയാളികളിലെ ഭൂരിപക്ഷം പേരും ചെറുകിട ജോലിക്കാരല്ലെ? കുടുംബം കൂടെയില്ലാത്തവര്‍? കൺസ്ട്രക്ഷന്‍ തൊഴിലാളികള്‍, ഗ്രോസറി, കഫ്തീരിയ ജോലിക്കാര്‍, വാച്ച്മാന്മാര്‍, മുടിവെട്ടുകാര്‍, ഡ്രൈവര്‍മാര്‍, ചെറിയ കടകളിലെ സെയ്ല്‍സ്മാന്മാര്‍... കുടുംബജീവിതം നഷ്ടപ്പെടുത്തി ഈ ലക്ഷക്കണക്കില്‍ വരുന്ന മലയാളികള്‍ അനുഷ്ഠിക്കുന്ന ത്യാഗത്തിന് ഒരു വിലയുമില്ലേ? അവരുടെ ഭാര്യമാരുടെ നെടുവീര്‍പ്പുകള്‍ക്ക്? യത്തീമുകളെപ്പോലെ വളരുന്ന അവരുടെ കുട്ടികളുടെ നിരാശ്രയത്വത്തിന്? അതെന്താ, ബോംബും ചോരയുമില്ലാത്തതുകൊണ്ടാണോ കണ്ണില്‍പ്പെടാതിരിക്കുന്നത്? വിമാനത്തില്‍ വന്ന് ബോംബിടുന്നത് മാത്രമേ ദുരന്തമാകൂ? വിമാനത്തില്‍ കേറ്റി നാടുകടത്തുന്നതും ദുരന്തമല്ലേ?
ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ലോകത്തെ ഏറ്റവും മികച്ച നേട്ട ങ്ങളാണ് കേരളത്തിന്റേത്. ഇത് മാനത്തുനിന്ന് പൊട്ടി വീണതാണോ? ക്രൈസ്തവ മിഷനറിമാര്‍, ശ്രീനാരായണഗുരു, ഇടതുപക്ഷം, ഗള്‍ഫ് - വിചിത്രമായ ഈ കോമ്പിനേഷനാണ് കേരളാ മോഡലിനെ യാഥാര്‍ത്ഥ്യമാക്കിയത്. ഇക്കാലത്ത് അതിനെ ഗള്‍ഫ് കേരളാ മോഡല്‍ എന്നു വിളിച്ചാലും തെറ്റില്ല. കാരണം, കേരളാ മോഡലിനെ ഇന്നു നിലനിര്‍ത്തുതില്‍ ഏറ്റവും വലിയ പങ്ക് ഗള്‍ഫിന്റേതാണ്. അറബിക്കടലിന് അപ്പുറവും ഇപ്പുറവുമായി മുറിഞ്ഞുപോയ ഒരു സമൂഹമാണ് ഇന്ന് മലയാളി. ഇവരിലെ അറബിപ്പാതിയുടെ കാര്യം മഹാകഷ്ടം.
മലയാളിക്ക് നേരെയുള്ള മറ്റൊരു പ്രധാന വിമര്‍ശനം അവന്‍ ആളൊരു കപട സദാചാരവാദിയാണ് എന്നത്രെ. അതായത് പബ്ലിക്കായി സദാചാരം പ്രസംഗിക്കുന്നു, ചാന്‍സു കിട്ടിയാല്‍ ചക്കരക്കുടത്തില്‍ കയ്യിടുന്നു. അവസരങ്ങളുടെ അഭാവമാണ് സദാചാരം എന്നു വരെ തിയറി ഉണ്ടായിരിക്കുന്നു. സദാചാരപ്പോലീസ് എന്നൊരു പ്രയോഗവും സുപരിചിതമായിരിക്കുന്നു. ഓര്‍ത്തുനോക്കിയാല്‍ ഈ കപടസദാചാരം മലയാളി കൊടുക്കുന്ന ചെറിയൊരു വിലയല്ലേ? ഇതിനു പകരം കേരളം എന്ന നീണ്ടുകിടക്കുന്ന മഹാനഗരത്തില്‍ പലയിടങ്ങളിലായി വേശ്യാലയങ്ങള്‍ ഉണ്ടായിരുന്നെങ്കിലോ? എങ്കില്‍ ഈ ഒളിഞ്ഞുനോട്ടവും ബലാല്‍സംഗവും ബാലപീഡനവും പെൺവാണിഭവും ഇന്നത്തെ അളവുകളില്‍ സംഭവിക്കുകയില്ലെന്നാണ് ചിലര്‍ പറഞ്ഞുവരുന്നത്.
കാമാത്തിപുര, മുംബൈ |
കാമാത്തിപുരയും ജിബി റോഡും സോനാഗചിയുമുള്ള മുംബൈ, ദില്ലി, കല്‍ക്കത്ത എന്നി വിടങ്ങളിലെ സ്ഥിതി എങ്ങനെ?
ക്രിയാത്മക വിമര്‍ശനം പോലും ഇവിടെ പ്രസക്തമല്ല. ഇവിടെ പ്രസക്തമായത് എന്തു ചെയ്താല്‍ കാര്യങ്ങള്‍ മെച്ചപ്പെടും എന്ന് പറയലാണ്. ചെയ്തു കാണിക്കലാണ്. സ്വയം മാതൃകയാവലാണ്. അതിനാര്‍ക്കും ധൈര്യമില്ല. അതിനു പകരം താനൊരാള്‍ മാത്രം മലയാളിയല്ല എന്ന മട്ടില്‍ മലയാളികളെ വിമര്‍ശിക്കാനിറങ്ങിയിരിക്കുന്നു കുറെ അണ്ണന്മാര്‍.
രണ്ടു മൂന്ന് ഡൂക്കിലി പാര്‍ട്ടികളുടേതൊഴിച്ചാല്‍ മക്കള്‍ രാഷ്ട്രീയത്തിനു പോലും ക്ലച്ചു പിടിക്കാത്ത സ്ഥലമാണ്. എന്തിന്, സിനിമയില്‍പ്പോലും കഴിവില്ലാത്ത സന്തതികളെ പച്ച തൊടീച്ചിട്ടില്ല. സിനിമാക്കാര്‍ക്കു വന്ന് നിരങ്ങാന്‍ പാകത്തിന് രാഷ്ട്രീയത്തെ നിലത്തുവിരിച്ചിട്ടുമില്ല.
കൂലിപ്പണിക്ക് ആളെ കിട്ടുന്നില്ല, കൂലി കൂടുതൽ... എന്നിങ്ങനെയും കേരളത്തെപ്പറ്റി വിമർശനമുണ്ട്. അതു പറയുന്നവനൊക്കെ കൃഷിയും ബിസിനസും നടത്താൻ പാകത്തിൻ നക്കാപ്പിച്ച കൊടുത്താൽ കൂലിയ്ക്ക് ആളെക്കിട്ടുന്നത് അത്ര ഗമയല്ലെങ്കിൽ കേരളം അതങ്ങു സഹിച്ചു. ദേ ഇപ്പൊ കൃസ്തീയതയും കമ്മ്യൂണിസവും ജനാധിപത്യവുമൊക്കെ ചേർന്ന് പരുവപ്പെടുത്തിയ കേരളത്തിന്റെ മാതൃകാമണ്ണിൽ ദിവസക്കൂലി ആയിരം രൂപയാകാൻ പോവുന്നു. താഴ്ന്ന ജോലികൾക്ക് ആളെക്കിട്ടാതെ വരിക, ദിവസക്കൂലി ആയിരം രൂപയാവുക... ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ഒരു പുരോഗതിയുണ്ടോ? താഴ്ന്ന ജോലിയോ, എല്ലാ ജോലിക്കും അതിന്റെ മാന്യതയില്ലേ എന്നാണ് ചോദിക്കാൻ വരുന്നതെങ്കിൽ, നിങ്ങളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചുവിട് സർ എന്നേ പറയാനുള്ളു. തോട്ടിപ്പണി, ചെരുപ്പുകുത്ത് തുടങ്ങിയ ജോലികൾ യന്ത്രമുപയോഗിച്ച് ചെയ്യുക. അല്ലെങ്കിൽ അതു ചെയ്യുന്നവർക്ക് മാനേജർമാരേക്കാൾ ഉയർന്ന ശമ്പളം കൊടുക്കുക. മുതലാളിത്തത്തിന്റെ പുറത്തുകയറി സോഷ്യലിസം വരുന്ന വരവ് - അതാൺ സാറുമ്മാരേ കേരളത്തിൽ നടക്കാൻ പോകുന്നത്. ഇതെല്ലാം കണ്ട് ചങ്കു തകരുന്നവർ ഓസ്ട്രേലിയ, ഇന്തോനേഷ്യ, നേപ്പാൾ, ബീഹാർ, ആന്ധ്ര തുടങ്ങിയ മറ്റേതെങ്കിലും റിപ്പബ്ലിക്കിലോട്ട് മൈഗ്രേറ്റ് ചെയ്താട്ടെ.
ഇങ്ങനെ കുറേ കാരണങ്ങള്‍ കൊണ്ട് മലയാളികളോട് മുടിഞ്ഞ ആരാധനയാണ് ഇതെഴുതുന്ന ആള്‍ക്കുള്ളത്. അതുകൊണ്ടായിരിക്കണം മലയാളികളെ ചുമ്മാ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്ന ബോറന്‍ രചനകള്‍ വായിക്കുമ്പോള്‍ എനിക്ക് കോട്ടുവാവരും. പ്രകോപിപ്പിക്കാം, ബോറടിപ്പിക്കല്ലേ, പ്ലീസ്.