Followers

Sunday, June 2, 2013

കാഫ്ക - എഴുത്തുകാരൻ എന്ന ബലിയാട്

പരിഭാഷ: വി രവികുമാർ


ചിന്തകൾ ചുറ്റികയടികൾ പോലെ വന്നിടിക്കുന്ന നെറ്റിയുമായി ഉറക്കമില്ലാതെ കിടക്കുമ്പോൾ കഴിഞ്ഞ ചില നാളുകളുടെ പ്രശാന്തതയിൽ മറവിയിൽപെട്ടുകിടന്നതൊന്ന് എനിക്കു വീണ്ടും ബോദ്ധ്യമായി; എത്ര ദുർബ്ബലമായ ഒരടിത്തറയിലാണ്‌, അല്ലെങ്കിൽ ഇല്ല്ലാത്തതെന്നു തന്നെ പറയാവുന്ന ഒരടിത്തറയിലാണു ഞാൻ ജീവിക്കുന്നതെന്ന്; എനിക്കടിയിലുള്ള അന്ധകാരത്തിൽ നിന്ന് ഒരു തമഃശക്തി തനിക്കു തോന്നുമ്പോൾ പുറത്തുവന്ന് എന്റെ വിക്കിവിക്കിയുള്ള പ്രതിഷേധങ്ങളെ തരിമ്പും കണക്കിലെടുക്കാതെ എന്റെ ജീവിതത്തെ തകർത്തുകളയുകയാണെന്ന്. എന്നെ താങ്ങിനിർത്താനായി എന്റെ എഴുത്തുണ്ട്; പക്ഷേ ഇങ്ങനെയൊരു ജീവിതത്തെയാണ്‌ അതു താങ്ങിനിർത്തുന്നതെന്നു പറഞ്ഞാൽ അതാവില്ലേ കൂടുതൽ ശരി? ഇതിലും ഭേദമാണ്‌ എഴുതാതിരിക്കുമ്പോഴുള്ള എന്റെ ജീവിതം എന്നുമല്ല ഞാൻ പറയുന്നത്. അത് ഇതിനെക്കാൾ മോശവും അസഹ്യവുമാണെന്നതാണു വസ്തുത; അതു ചെന്നൊടുങ്ങുന്നത് ഭ്രാന്തിലുമായിരിക്കും. പക്ഷേ ഞാൻ ഒരെഴുത്തുകാരനാണ്‌ എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലെ ഇതൊക്കെ ശരിയാവുന്നുള്ളു; ഞാൻ എഴുതാതിരിക്കുമ്പോഴും അതിനു സാധുതയുണ്ട്; എഴുതാത്ത എഴുത്തുകാരൻ ഭ്രാന്തിനെ ക്ഷണിച്ചുവരുത്തുന്ന ഒരു ജന്തുവുമാണ്‌. അതിരിക്കട്ടെ, എഴുത്തുകാരനായിട്ട് എന്തു ഗുണമാണുള്ളത്? മാധുര്യമുള്ളതും ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു പ്രതിഫലമാണ്‌ എഴുത്തെന്നോ? എങ്കിൽ എന്തിനുള്ള പ്രതിഫലം? രാത്രിയിൽ എനിക്കതു സ്പഷ്ടമായി, ഒരു ബാലപാഠത്തിലെന്നപോലെ എനിക്കു സ്പഷ്ടമായി, പിശാചിനെ സേവിക്കുന്നതിനുള്ള പ്രതിഫലമാണതെന്ന്. തമസ്സിന്റെ ശക്തികളിലേക്കുള്ള ഈ അവരോഹണം, സാധാരണ നിലയ്ക്ക് നിയന്ത്രണവിധേയമായിക്കിടക്കുന്ന ആത്മീയശക്തികളെ തുടലഴിച്ചുവിടൽ, തെളിഞ്ഞുകിട്ടാത്ത പരിരംഭണങ്ങൾ, അധോതലങ്ങളിൽ നടക്കാവുന്ന മറ്റെന്തും; സൂര്യവെളിച്ചത്തിലിരുന്നു കഥകളെഴുമ്പോൾ അങ്ങു താഴെ നടക്കുന്നതൊന്നും നാമറിയുന്നില്ല. മറ്റു രീതികളിലുള്ള എഴുത്തുമുണ്ടാവാം; ഈ രീതിയിലുള്ള എഴുത്തേ എനിക്കറിയൂ. രാത്രിയിൽ ഭീതി കാരണം ഉറങ്ങാതെ കിടക്കുമ്പോൾ എനിക്കിതേ അറിയൂ...ഒരെഴുത്തുകാരന്റെ ജീവിതം യഥാർത്ഥമായും അയാളുടെ എഴുത്തുമേശയെ ആശ്രയിച്ചിരിക്കുന്നു; ഭ്രാന്തു വരരുതെന്നുണ്ടെങ്കിൽ അയാൾ മേശ വിട്ടു പോകാനേ പാടില്ല; അയാളതിൽ കടിച്ചുതൂങ്ങിക്കിടക്കണം. എഴുത്തുകാരനെ, അങ്ങനെയൊരെഴുത്തുകാരനെ നിർവചിക്കാൻ, അയാളുടെ ധർമ്മമെന്തെന്നു വിശദീകരിക്കാൻ എന്നോടാവശ്യപ്പെട്ടാൽ ഞാൻ ഇങ്ങനെ പറയും: മനുഷ്യവർഗ്ഗത്തിന്‌ ഒരു ബലിയാടാണയാൾ; കുറ്റബോധമില്ലാതെ- കുറച്ചെങ്കിലും കുറ്റബോധമില്ലാതെ- പാപം ചെയ്യാൻ അവരെ സഹായിക്കുകയാണയാൾ.

(മാക്സ് ബ്രോഡിന്‌ 1922 ജൂലൈ 5നയച്ച കത്തിൽ നിന്ന്)