യാമി

ജിഷാ രാജൻ
ഞാൻ ഇന്നു ഉറങ്ങിയില്ല. ഇരുട്ടിനു കൂട്ടിരുന്നു.
രാത്രിക്കു കുളിരുരുപകരാൻ ഫാൻ കാവലുണ്ട്. സമയം കൊല്ലുവാൻ മടിയിൽ വെച്ചു
സിനിമ കാണുന്ന കുന്തവും ഉണ്ട്. ചിന്തിക്കാൻ ഒന്നിനും സമയവും ഇല്ല. നേരം
പുലരുവോളം കാത്തിരുന്നതിനു കാരണവും ഇല്ല. ചിന്തകൾ സ്വതന്ത്രമാക്കിയ
ആത്മാവിന്റെ അധിനിവേശം ഒട്ടും അലോസരപ്പെടുത്താത്ത ദിനരാത്രങ്ങളിൽ ഒന്ന്.
ഇമകൾ വീർത്തു തൂങ്ങി നിൽക്കുന്നു. അതു സ്വപ്നങ്ങളുടെ
അടിഞ്ഞുകൂടലായിരിക്കണം.
പുകചുരുളുകൾ മുകളിലേക്കു ഉയരുമ്പോൾ കരിഞ്ഞു താഴേ വീഴുന്ന ചാരം
സ്വപ്നങ്ങളായിരുന്നു. ചിറകുകൾ മുളച്ച മനസ്സിന്റെ അവശിഷ്ടം. നടന്നു തളർന്ന്
സരസ്വതിയുടെ കാൽ ചുവട്ടിൽ അഭയം തേടി. പക്ഷെ അവൾക്കു ഭൃത്യർ ഒരുരുപാട്.
ഇനിയും ഒരാൾക്ക് ഇടമില്ല. നെഞ്ചിലെ പ്രാണൻ പാതി അവിടെ തകർന്നടിഞ്ഞു. ആ
വെപ്രളപ്പാച്ചിലിൽ കരിയും പുകയും ചാരവും ദൃഷ്ടി മറച്ചു. അവയെല്ലാം
സ്വപ്നങ്ങൾ ആയിരുന്നുവേന്ന് പിന്നീടറിഞ്ഞു.
ഇനിയൊരു തിണ്ണ നിരങ്ങുവാനുണ്ടെങ്കിൽ അതു ലക്ഷ്മിയുടെ മാത്രം. അവൾ
പിന്നെ മുന്നേ കണ്ടവളെപ്പൊലേ അല്ല. തീരെ കണ്ണിൽചോരയില്ല. എങ്കിലും വണ്ടി
ചക്രം കറക്കാതിരിക്കുവാൻ വയ്യ. ശേഷിച്ച പാതി ജീവനും അവൾ കാണിക്കയർപ്പിച്ചു.
ഇനിയൊന്നും ബാക്കിയില്ല. ഏന്തി വലിഞ്ഞു ഇഴയുമ്പോൾ കാലടിപ്പിച്ചു
പിന്നാക്കം വലിക്കാൻ, വായ പിളർന്ന് കൊടുത്താൽ കൊരവള്ളി പൊട്ടിച്ചു രക്തം
കുടിക്കാൻ പെറ്റ സന്താനങ്ങളും, കൂട്ടിനു, പാതി ജീവിതം വെച്ചു നീട്ടിയ
പരിത്യാഗിയും. ആകെമൊത്തം കൂട്ടിയാൽ ത്യാഗം മാത്രമാൺണു കാണുകിൽ
പറയാനോക്കില്ല "ഞാൻ ജീവിച്ചു" എന്ന്.
ഇനി ഞാൻ ഉറങ്ങട്ടെ.രാത്രിയുടെ ഏഴാം യാമവും പിന്നിടുമ്പോൾ ഈ യാമി
ഉറങ്ങട്ടെ. മിഴിമുനയിലെ നൈർമല്യവും കൈമുതലാക്കി നാളേക്കു വേണ്ടി ഞാൻ
ഉറങ്ങട്ടെ.