Followers

Sunday, June 2, 2013

മേഘങ്ങളുടെ സൂചനകള്‍


എംകെ .ഹരികുമാർ

ഇന്നലെ കണ്ട
മേഘത്തെക്കുറിച്ച്‌
എഴുതിയ കവിത
ഇന്ന് അപ്രസക്തമായി.
ആ കവിതയില്‍ മേഘങ്ങള്‍
ഒരു നഗരമായി വരുന്നത്‌
എങ്ങനെയെന്നാണ്‌ എഴുതിയത്‌.
ഇന്നത്‌ തിരുത്തുകയാണ്‌.

ഞാന്‍ പറയാന്‍ ആശിച്ച
ഏതോ നിറങ്ങളെ
അവ എന്‍റ്റെ മുന്നില്‍ അവതരിപ്പിച്ചു
കഴിഞ്ഞിരുന്നു.
എന്റെ ആഗ്രഹങ്ങള്‍
മനസ്സിലാക്കിയ മേഘക്കൂട്ടം
വിരമിക്കുന്നതിനു മുമ്പ്‌
ആകാശത്തിന്റെ കോണില്‍
ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയെ
വേദനയോടെ
പ്രസവിച്ചിടുകതന്നെ ചെയ്തു.
ആ പ്രസവം എന്റെ 
നാഗരിക സ്വപ്നങ്ങളെ
പുനുരുജ്ജീവിപ്പിച്ചു.


ജീവിക്കാന്‍ തോന്നുക
എന്ന ഏറ്റവും മഹത്തായ
അഭിലാഷത്തിനായി എത്രയോ മനുഷ്യരുടെ
മുഖങ്ങളിലേക്ക്‌
ഞാന്‍ നോക്കിയിട്ടുണ്ട്‌!.
ഒരിക്കലും കാണാതിരുന്ന
ആ അഭിലാഷത്തെ
ഞാന്‍ അറിയാതെ
പൂര്‍ത്തീകരിച്ചത്‌
ഇന്നലെത്തെ മേഘങ്ങളായിരുന്നു.
ഇന്നലെ ആകാശാന്തര
സ്‌ഥലികളില്‍ മേഘങ്ങള്‍
അനുഭവിച്ച വേദന ഞാന്‍
എഴുതാതെ പോയി.
എന്തിന്‌ എഴുതണം?
എന്തെഴുതിയാലും അതൊന്നും
ആ വേദനയുടെ അംശം
പോലുമാകില്ല.
മേഘങ്ങള്‍ നിശ്ശബ്‌ദമായി
പറഞ്ഞത്‌ ഞാന്‍ ഇപ്പോള്‍
പറയുന്നില്ല.
കാരണം അവ തന്ന വേദനകൾ 
വേദനകള്‍ ഇപ്പോഴും എന്നിലുണ്ട്‌.