സണ്ണി തായങ്കരി
വർഷം ഇരുപത്തിയഞ്ച് തികഞ്ഞു ഭാര്യയായി അവൾ എന്റെ കൂടെകൂടിയിട്ട്.
തെറ്റിദ്ധരിക്കണ്ടാ, അവൾ ചാടിപ്പോന്നതൊന്നുമല്ല. വീട്ടുകാർ
പരമ്പരാഗതരീതിയിൽ വിവാഹം നടത്തി തന്നതാണ്.
സാധാരണ സ്ത്രീകളിൽനിന്ന് തികച്ചും വ്യത്യസ്തയാണവൾ. കാലത്തിനൊത്ത്
കോലം കെട്ടാനറിയില്ല. അതിരുകടന്ന ആഗ്രഹങ്ങളോ ആർഭാടമോ ഇല്ല. ഭാര്യയാണെന്നു
കരുതി എന്തെങ്കിലും അവകാശപ്രഖ്യാപനമോ അധികാരം സ്ഥാപിക്കലോ ഇതുവരെ
അവളിൽനിന്ന് ഉണ്ടായിട്ടില്ല.
ആഴ്ചയിലൊരിക്കലെങ്കിലും ബ്യൂട്ടിപാർലർ സന്ദർശനം നടത്താത്ത മഹതികളെ
ഇക്കാലത്ത് മഷിയിട്ടാൽ കാണുമോ? തൊണ്ണൂറ് കഴിഞ്ഞവർക്കുപോലും അതൊരു
തീർഥയാത്രയാണ്. പ്രായമേറിയാലും സൗന്ദര്യത്തിന് ഉടച്ചിൽ
തട്ടിയിട്ടില്ലെന്ന് സ്വയം ബോധ്യപ്പെടുത്തി ആത്മവിശ്വാസം
വീണ്ടെടുക്കാനുതകുന്ന ഉത്തേജക മരുന്നാണത്! എന്നാൽ ഇപ്പറഞ്ഞതിലൊന്നും
യാതൊരു താത്പര്യവും കാണിക്കാത്ത ഒരു പാവം നാട്ടിൻപുറത്തുകാരിയാണ് എന്റെ
ഭാര്യയെന്ന് പറയുമ്പോൾ പുത്തൻ സാമ്പത്തിക ശാസ്ത്രത്തിന്റെ ഇരകളായ
നിങ്ങളിൽ പലരും അസൂയപ്പെട്ടുപോകുമെന്നത് നിശ്ചയം. ഫേഷ്യൽ ചെയ്യാതെ,
പ്ലക്ക് ചെയ്യാതെ, മുടിമുറിക്കാതെ, ഡൈ ചെയ്യാതെ പ്രായത്തെ
തോൽപ്പിക്കുന്ന സൗന്ദര്യം അവൾക്കുണ്ട് എന്നതാണ് വസ്തുത.നേരെ
മറിച്ചായിരുന്നെങ്കിൽപ്പോലും അവൾ അതിനൊന്നും മുതിരുമായിരുന്നില്ല എന്നും
എനിക്ക് ഉറപ്പുണ്ട്. എന്റെ ഭാര്യയായതുകൊണ്ട് പറയുകയല്ല, നേരിൽ കണ്ടാൽ
യുവത്വത്തിലേക്ക് കടന്ന രണ്ട് യുവാക്കളുടെ അമ്മയാണ് അവളെന്ന്
വിശ്വസിക്കാൻ കഴിയില്ല.
ഭർത്താവിനെയും മക്കളെയും സേവിക്കുക എന്നതുമാത്രമാണ് അവളുടെ
ജീവിതലക്ഷ്യം. തന്റെ ജന്മംഅതിനുവേണ്ടി മാത്രമാണെന്ന് പ്രവർത്തികളിലൂടെ
അവൾ ബോധ്യപ്പെടുത്തും. ഒരിക്കലും കർമത്തിൽ നിന്ന് വിമുക്തയായി അവളെ
കണ്ടിട്ടില്ല. ശുചിത്വത്തിന്റെ കാര്യത്തിലോ, അവൾക്ക് സമാനതകളില്ല.
ഭവനവും പരിസരവും എത്ര പരിപാലിച്ചാലും തൃപ്തി വരില്ല. ഭർത്താവും മക്കളും
ഒരു ദിവസം ധരിക്കുന്ന വസ്ത്രം സ്വന്തം കൈകൾകൊണ്ട് കഴുകി ഇസ്തിരിയിടാതെ
പിന്നൊരുനാൾ ധരിക്കാൻ അവൾ അനുവദിക്കില്ല. ഇങ്ങനെ ഒരു ഭാര്യയെക്കിട്ടാൻ
ജന്മാന്തരങ്ങൾ തപസ്സിരിക്കണമെന്നാണ് ഏറ്റവും അടുത്ത സുഹൃത്തുക്കൾ
പറയാറ്.
ഇക്കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ വിവാഹജീവിതത്തിനിടയിൽ വളരെ വിരളമായിട്ടേ
ഞങ്ങൾ ഒരുമിച്ച് പുറത്തേക്ക് സഞ്ചരിച്ചുട്ടുള്ളുവേന്നു പറഞ്ഞാൽ അതിൽ
അൽപം അതിശയോക്തിയില്ലേയെന്ന് ചിലരെങ്കിലും ചിന്തിക്കും. മധുവിധുപോലും
സ്വഭവനത്തിലെ കുടുസ്സുമുറിയിലായിരുന്നുവേന്ന്
കേൾക്കുമ്പോൾ
അവൾക്കുമാത്രമല്ല, എനിക്കും കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് നിങ്ങൾ
ചിന്തിച്ചേക്കാം. ഭാര്യയ്ക്ക് ആഗ്രഹമില്ലെങ്കിൽ ഭർത്താവിന് അത്
ആയിക്കൂടെയെന്നും സംശയിക്കാം. മുമ്പ് പറഞ്ഞ സാമ്പത്തിക
ശാസ്ത്രനിർമിതിക്ക് ബീജാവാപം ചെയ്യപ്പെടാത്ത കാലഘട്ടമായിരുന്നെങ്കിലും
ഭാര്യയുടെ ഇംഗിതത്തോട് ചേർന്ന് പോകാനാണ് ലേശം പിശുക്ക് സ്വഭാവമുള്ള
എനിക്ക് സ്വാഭാവികമായും തോന്നിയത്.
ഏത് കൊടിയ വേദനയും പരാതിയില്ലാതെ എല്ലാം ഒരു നിയോഗംപോലെ നിറഞ്ഞ
മനസ്സോടെയും പുഞ്ചിരിക്കുന്ന മുഖത്തോടെയും സഹിക്കുന്ന ഒരപൂർവ ജാനസ്സിന്
ഉടമയാണ് എന്റെ ഭാര്യ!
എന്തിനാണ് സ്വന്തം ഭാര്യയുടെ ഗുണഗണങ്ങൾ ഇങ്ങനെ ഓരോന്നായി
വലിച്ചുനീട്ടി പറയുന്നതെ ന്നാവും നിങ്ങൾ ഇപ്പോൾ വിചാരിക്കുക.
കാരണമുണ്ട്. കാൽ നൂറ്റാണ്ട് കാലം എന്റെ കാഴ്ചകളിൽ നിറച്ച ഭാര്യയുടെ
മിഴുവുറ്റ ചിത്രത്തിന് ഈയിടെയായി ലേശം മങ്ങലേറ്റിരിക്കുന്നു! അതായത്
കഴിഞ്ഞ കുറെ ദിവസങ്ങളായി എന്റെ ഭാര്യയിൽ അത്ഭുതാവഹമായ മാറ്റങ്ങൾ
പ്രകടമായിരിക്കുന്നുവേന്ന്!!
എന്താണ് സംഭവിച്ചതെന്നറിയില്ല. സാധാരണ മിക്ക ഭർത്താക്കന്മാർക്കും
ഭാര്യമാരിൽനിന്ന് നേരിടേണ്ടിവരുന്ന പരാതികളൊന്നും മുമ്പ് അവളിൽനിന്ന്
ഉണ്ടായിട്ടില്ല. സൗന്ദര്യപ്പിണക്കമോ സംശയമെന്ന തീരാരോഗമോ അവളെ
ബാധിച്ചിരുന്നില്ല. അതിനാണ് ഇപ്പോൾ ഉലച്ചിൽ തട്ടിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച, കൃത്യമായിപ്പറഞ്ഞാൽ വിവാഹത്തിന്റെ രജതജൂബിലി
ആഘോഷിച്ചതിന്റെ
പിറ്റേന്ന് ഓഫീസിൽനിന്ന് വൈകിയെത്തിയ സന്ധ്യയിലാണ് മാറ്റത്തിന്റെ
അടയാളങ്ങൾ അവളിൽ കണ്ടുതുടങ്ങിയത്. ഭർത്താവിന്റെ വരവും പ്രതീക്ഷിച്ച്
കടുപ്പത്തിലൊരു ചായ തയ്യാറാക്കി വഴിക്കണ്ണുമായി നിറപുഞ്ചിരിയോടെ
നിൽക്കുകയാണ് പതിവ്. അത്ഭുതംതോന്നി. എന്നാൽ അടുത്ത നിമിഷം ഒരു ആശങ്ക
എന്നെ പിടിച്ചുലച്ചു. അവൾക്കെന്തെങ്കിലും അസുഖം...? വിവാഹശേഷം സ്വന്തം
വീടിന്റെ കാളിംഗ് ബെല്ലിന്റെ സ്വിച്ചിൽ വിരലമർത്തേണ്ടിവന്ന ചുരുക്കം ചില
അവസരങ്ങളിൽ ഒന്നായിരുന്നു അതെന്ന് പറയുമ്പോൾ പലരുടെയും നെറ്റി
ചുളിയുമെന്ന് എനിക്ക് ഉറപ്പുണ്ട്..
ജോലിക്കാരി ഭാനുവാണ് കതക് തുറന്നത്.
"ദേവു എവിടെ? സുഖമില്ലേ?" ഉദ്വേഗത്തോടെയാണ് ചോദിച്ചതു.
"ഇല്ല സാർ, കുഴപ്പമൊന്നുമില്ല".
മറുപടി അൽപം ആശ്വാസം നൽകി. ബഡ്‌ർറൂമിലേക്ക് നോക്കി. ആൾ അവിടെയില്ല.
വിളിച്ചുനോക്കിയെ ങ്കിലും പ്രതികരണമുണ്ടായില്ല. അടുക്കളയിലേക്ക്
തിടുക്കത്തിൽ ചെന്നു. കാലവർഷസന്ധ്യയുടെ കാളിമ മുഴുവൻ തന്നിലേക്ക്
ആവാഹിച്ച്, നിഷ്ക്രിയയായി പുറത്തേക്ക് മിഴികൾ പായിച്ച് അവൾ
ഇരിക്കുന്നു! വിശ്വസിക്കാൻ കഴിഞ്ഞില്ല.
"എന്താ ദേവു, സുഖമില്ലേ?"
മറുപടി ഉണ്ടായില്ലെന്ന് മാത്രമല്ല, മുഖം തിരിച്ച് നോക്കുകകൂടി
ഉണ്ടായില്ല. അത് ആദ്യത്തെ അനുഭവമായതിനാൽ ഹൃദയത്തിലെവിടെയോ ഒരു മുള്ള്
കൊണ്ടതുപോലെ!
പതിവിന് വിപരീതമായി ഭാനുവാണ് ചായകൊണ്ടുവന്നത്. ഞൊടിയിടകൊണ്ട്
ജീവിതത്തിന്റെ കാൽ നൂറ്റാണ്ട് നഷ്ടമായെന്ന് എന്നെ ആരോ ഓർമിപ്പിച്ചു!
അത് ഉള്ളിൽ അസ്വസ്ഥതയായി വളർന്നു. നഷ്ടങ്ങളുടെ ജീവിക്കുന്ന അടയാളമായ
നിറകപ്പിലേക്ക് ഞാൻ തുറിച്ചു നോക്കി. അപ്പോൾ ആ ചായക്കപ്പ് എന്നെ
കൊഞ്ഞനം കുത്തി.
"നിന്റെ കൊച്ചമ്മയ്ക്ക് എന്തുപറ്റി?"
"അറിയില്ല സാറേ..."
" വിശേഷിച്ച് ആരെങ്കിലും ഇവിടെ വന്നിരുന്നോ?"
"ഇല്ല സാർ." തിരിഞ്ഞ് നടക്കുമ്പോൾ പെട്ടെന്ന് ഓർമവന്നതുപോലെ അവൾ
തിരിഞ്ഞുനിന്നു.
"പിന്നെ... സാർ..."
"എന്താ...?"
"അശ്വതിച്ചേച്ചി വന്നിരുന്നു."
നിസാരകാര്യത്തിന് വർഷങ്ങളായി മുഖാമുഖം കണ്ടാൽപോലും
മിണ്ടാതിരുന്നവരാണ്. നല്ലകാര്യം. മനുഷ്യർ പിണങ്ങി കഴിയേണ്ടവരല്ലല്ലോ.
പ്രത്യേകിച്ചും അയൽവാസികൾ. ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷേ, ആ ഇണക്കവും ഈ
പിണക്കവും തമ്മിൽ...?
വസ്ത്രംമാറി, കുളിച്ച് എത്തുമ്പോഴും ദേവു അതേ ഇരിപ്പിൽനിന്ന്
അനങ്ങിയിരുന്നില്ല.
അത്താഴം കഴിച്ചെന്നുവരുത്തി. ഭാഗ്യം! എന്നെ അത്താഴപ്പട്ടിണി കിടത്താൻ
അവൾ തയ്യാറായില്ലല്ലോ. മറ്റൊരു അമ്പറപ്പുകൂടി എനിക്ക് സമ്മാനിച്ച്,
പതിവിന് വിപരീതമായി ജോലികളെല്ലാം ഭാനുവിനെ ഏൽപ്പിച്ച് അവൾ വളരെ നേരത്തെ
കിടപ്പുമുറിയിലെത്തി.
മനുഷ്യന്റെ അസ്തിത്വദു:ഖത്തിന്റെ ആഖ്യായികാകാരനായ ഫ്രാൻസ് കാഫ്കയുടെ
മെറ്റമോർഫസിസിലെ നായകൻ ഗ്രേഗർ സാംസ തന്റെ വിചിത്ര സ്വപ്നത്തിന്റെ അവസാനം
ഒരു കൂറ്റൻ പാറ്റയായി രൂപാന്തരപ്പെടുന്ന ഭീതിദമായ അവസ്ഥയിൽ ആമഗ്ദനായി
ഇരിക്കുകയായിരുന്നു ഞാനപ്പോൾ. അവൾ നിശബ്ദം കിടക്കയുടെ ഒരരുകുചേർന്ന്
കിടക്കാനുള്ള ശ്രമം ആരംഭിച്ചു. ആ മുഖത്ത് കാർമേഘങ്ങൾ കനത്തുതന്നെ
കിടക്കുകയാണ്.
ഗ്രേഗർ സാംസയെപ്പോലെ ഒരു രൂപാന്തരം എന്നിലും സംഭവിക്കുന്നതായി ഞാൻ
സങ്കൽപ്പിച്ചു. ഒരു പാറ്റയായോ പല്ലിയായോ ഞാൻ മാറിയാലോ? ഭിത്തിയിലൂടെ
തലങ്ങും വിലങ്ങും ഓടാം. മുറിയുടെ മേൽത്തട്ടിൽ ഞാണ് കിടക്കാം. കൺമുമ്പിൽ
പ്രത്യക്ഷപ്പെടുന്ന പ്രാണികളെ പിടിച്ച് ഭക്ഷിക്കാം.
ഭിത്തിയിലെ ട്യൂബ് ലൈറ്റിന് മുകളിലിരുന്ന് ചിലച്ച ഒരു പല്ലിയിൽ
എന്റെ കണ്ണുകൾ ഉടക്കി. പാറ്റയെക്കാൾ ആകർഷകമായി എനിക്ക് അപ്പോൾ
തോന്നിയത് പല്ലിയെയാണ്. എന്നെ നോക്കി അത് എന്തോ മുരണ്ടുവോ? അതിന്റെ
നീണ്ട ചുണ്ടിൽ ഒരു നേർത്ത മന്ദഹാസം വിരിഞ്ഞുവോ? നിമിഷങ്ങൾക്കകം
പല്ലിയുമായി എനിക്ക് ഒരു ആത്മബന്ധം ഉടലെടുത്തതുപോലെ! കരച്ചിലിന്റെ ഒരു
നേർത്ത സ്വരം എന്റെ കാതുകളെ വിഴുങ്ങി. അത് പല്ലിയിൽനിന്നുതന്നെയോ എന്ന്
എനിക്ക് നിശ്ചയിക്കാനായില്ല. എന്നാൽ നിമിഷങ്ങൾക്കകം ഞാൻ
യാഥാർഥ്യബോധത്തിലേക്ക് തിരികെയെത്തി.
ദേവുവിന്റെ അടക്കിപ്പിടിച്ച കരച്ചിലാണത്!
"നിനക്കെന്താ ദേവു പറ്റിയത്?" ചോദ്യം ഭാര്യയോടാണെങ്കിലും എന്നെ
സാകൂതം നോക്കിയിരിക്കുന്ന പല്ലിയിൽ അപ്പോഴും എന്റെ കണ്ണുകൾ
ഉടക്കിയിരുന്നു.
"നിനക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് എന്നോട് പറയ്. നമുക്ക്
പരിഹാരമുണ്ടാക്കാം." പല്ലിയിൽനിന്ന് കണ്ണുകളെടുക്കാതെ ഞാനറിയിച്ചു.
"ഞാൻ നിങ്ങളുടെ ആരാ...?" എടുത്തടിച്ചതുപോലെയുള്ള ആ ചോദ്യം എന്നെ
വിസ്മയത്തിന്റെ കയത്തിലേക്ക് തള്ളിയിട്ടു. ശബ്ദത്തിലെ രൂക്ഷതമൂലമാവാം
എന്നെ സാകൂതം വീക്ഷിച്ചിരുന്ന പല്ലി പേടിച്ചരണ്ട് ട്യൂബ് ലൈറ്റ്
ഫ്രെയിമിനിടയിലേക്ക് ഓടിയൊളിച്ചു.
മറുപടി കിട്ടാത്തതിനാലാവാം കുറേക്കൂടി ഉച്ചത്തിൽ അവൾ ചോദ്യം ആവർത്തിച്ചു.
അപ്പോൾ ചിരിയാണ് വന്നത്.
"ഇപ്പോളിങ്ങനെ ഒരു സംശയം തോന്നാൻ...?"
അതിനുള്ള മറുപടിയല്ല തുടർന്നുണ്ടായത്.
"വീടുകാക്കുന്ന, അച്ഛന്റെയും മക്കളുടെയും കാര്യങ്ങൾ സമയാസമയം നോക്കി
നടത്തുന്ന, മനസ്സും വിചാരങ്ങളുമില്ലാത്ത ഒരു സ്ത്രീ അല്ലേ? ചുരുക്കത്തിൽ
ശമ്പളമില്ലാത്ത വേലക്കാരി."
വിസ്മയത്തിന്റെ കയങ്ങൾ അവസാനിക്കുന്നില്ല. അതിന്റെ നിഗോൂഢതയും
വിപുലതയും അതിരുകളില്ലാതെ വളരുകയാണ്. വിടർന്ന മിഴികളോടെ അവളെ നോക്കി
ഇരുന്നുപോയി. എത്രകാലം ഒരേ കൂരയ്ക്കുകീഴിൽ, ഒരേ കിടക്കയിൽ സുഖദു:ഖാങ്ങൾ
പങ്കിട്ട് കഴിഞ്ഞാലും ആർക്കും ആരേയും മനസ്സിലാക്കുവാൻ കഴിയില്ലെന്ന്
സഹപ്രവർത്തകൻ വിശ്വനാഥൻ രണ്ട് പേഗ് അകത്തായിക്കഴിയുമ്പോൾ സ്ഥിരമായി
പറയാറുള്ളത് ഓർത്തു.
"എനിക്കും നിങ്ങളെപ്പോലെ ഈ നാലുചുവരുകൾ കടക്കണം. വിശാലമായ പുറംലോകം കാണണം."
കണ്ണുകൾ അവളുടെ മുഖത്തുതന്നെ ഉടക്കി നിൽക്കുകയായിരുന്നു. അവൾ
വാക്കുകൾക്ക് കൃത്രിമത്വത്തിന്റെ കുപ്പായമണിയിച്ചിരിക്കുന്നു!
"എന്താ നിങ്ങളൊന്നും പറയാത്തെ...?"
"വേണമെന്നും വേണ്ടെന്നും നിശ്ചയിച്ചതു നീതന്നെയല്ലേ?"
"എന്നാൽ ഇപ്പോൾ വേണമെന്ന് ഞാൻ തീരുമാനിക്കുന്നു."
"ആയിക്കോട്ടെ. നിനക്ക് ഈ നാലു ചുവരുകൾക്ക് പുറത്ത് കടക്കണമെന്ന്
എപ്പോൾ തോന്നിയാലും എന്നോട് പറഞ്ഞാൽമതി, ഞാൻ കൊണ്ടുപോകാം." ഏകപക്ഷീയമായ
വെടിനിർത്തൽ പ്രഖ്യാപിച്ചു, ഞാൻ.
അതോടെ പല്ലിയെ മറന്നു. ഭാര്യയുടെ നിറം മാറ്റവും.
പിറ്റേന്ന് ഞായറാഴ്ചയാണ്. വൈകുന്നേരം അത്യാവശ്യമായി പങ്കെടുക്കേണ്ട
ഒരു മീറ്റിംഗിന് പോകാൻ തയ്യാറാകുമ്പോൾ ഭാര്യയുടെ മൊബെയിലിലേക്ക് ഒരു
വിളിവന്നു. വൈകാതെ കനപ്പിച്ച മുഖവുമായി അവൾ ധൃതിയിൽ കടന്നുവന്നു.
"എനിക്കിപ്പോൾ കടപ്പുറത്ത് പോകണം."
ഒരു പാവാടക്കാരിയുടെ ശാഠ്യമാണ് എനിക്ക് ഓർമ വന്നത്.
"ദേവു, അത്... ഇപ്പോൾ... എനിക്ക്..."
"നിങ്ങളല്ലേ പറഞ്ഞത് എപ്പോൾ എവിടെ പോകണമെങ്കിലും പറഞ്ഞാൽ മതിയെന്ന്..."
അതിനെ ഖണ്ഡിക്കാനാവാതെ ഞാൻ കുഴങ്ങി.
"ആദ്യമായി ഞാനൊരു കാര്യം ആവശ്യപ്പെട്ടപ്പോൾ..." ഒരു പൊട്ടിത്തെറിക്ക്
മുമ്പുള്ള തീപ്പൊരിയാണതെന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല.
"ശരി. തയ്യാറായിക്കൊള്ളു." മറ്റൊന്നും എനിക്ക് പറയാൻ കഴിഞ്ഞില്ല.
നിമിഷങ്ങൾക്കകം സാരി വാരിവലിച്ചുറ്റി അവൾ തിടുക്കത്തിൽ പുറത്തെത്തി.
എത്ര പെട്ടെന്നാണ് മനുഷ്യർക്ക് മാറ്റങ്ങൾ സംഭവിക്കുന്നതെന്ന
ചിന്തയായിരുന്നു തിരക്കേറിയ നഗരമദ്ധ്യത്തിലൂടെ വണ്ടിയോടിക്കുമ്പോഴും
എന്നെ മഥിച്ചിരുന്നത്.
കടപ്പുറം ജനനിബിഢമായിരിക്കുന്നു. ഞായറാഴ്ചയായതിനാൽ ദൂരെ
സ്ഥലങ്ങളിൽനിന്നുപോലും ജനം ഒഴുകിയെത്തിക്കൊണ്ടിരുന്നു.
വണ്ടിയുടെ വീലുകൾ നിശ്ചലമാകുംമുമ്പ് അവൾ ചാടിയിറങ്ങിക്കഴിഞ്ഞു.
തകർന്ന് അടുത്തൂൺ പറ്റാറായ കടൽപ്പാലത്തിന്റെ തൂങ്ങിയാടുന്ന
അവശിഷ്ടങ്ങൾക്കടുത്തേക്ക് അവൾ അതിവേഗം നടന്നു. ഒപ്പമെത്താൻ എനിക്ക്
നന്നേ ക്ലേശിക്കേണ്ടിവന്നു.
തിരമാലകൾ അതിക്രമിച്ചുകയറി നക്കിത്തുടച്ച, കടൽപ്പാലം
ആരംഭിക്കുന്നിടത്തെ മണ്ണ് പരവതാനി വിരിച്ചപോലെ! ലക്ഷ്യത്തിലെത്തിയപോലെ
അവിടെ അവൾ നിശ്ചലയായി. പിന്നെ കണ്ണുകൾ നാലുപാടും ആരെയോ തിരയുകയായി!
കപ്പലണ്ടി വിൽപ്പനക്കാരൻ പയ്യനിൽനിന്ന് വാങ്ങിയ പൊതികളിലൊന്ന്
നീട്ടിയെങ്കിലും അവളത് കണ്ടതായി നടിച്ചില്ല.
"ദേവൂ, നീ ആരെയാണ് തിരയുന്നത്? കൂട്ടുകാരികൾ ആരെങ്കിലും വരുമെന്ന്
പറഞ്ഞിരുന്നോ?"
അതിന് മറുപടി പറയാതെ അവൾ തറപ്പിച്ചൊന്ന് നോക്കുക മാത്രം ചെയ്തു.
കൈയിൽ പിടിച്ച് ബലമായി വലിച്ചപ്പോഴാണ് ചൊരിമണലിൽ ഇരുന്നത്.
കാറ്റിനേയും കടലിനേയും ഭേദിച്ച് ഒരു ചെറുകപ്പൽ തിരകളിൽ
ചാഞ്ചാടുന്നത് കാണാം. തിരമാലകളെ ഗർഭഗൃഹത്തിലൊതുക്കി പോക്കുവെയിലിന്റെ
ശോണിമയെ ആലിംഗനം ചെയ്യാനുള്ള നിതാന്ത ശ്രമത്തിലാണ് കടൽ.
പെട്ടെന്ന് മുന്നിലൂടെ ഏതാനും കുട്ടികൾ ആരവമുയർത്തി ഓടിപ്പോയി. അവരിൽ
ഒരു കുട്ടിയുടെ മുഖത്തേക്ക് അവൾ ഉത്ക്കണ്ഠയോടെ നോക്കുന്നതും പൊടുന്നനെ ആ
കണ്ണുകളിൽനിന്ന് തീ ചിതറുന്നതും കണ്ടു.ഒരുവേള ഭയം എന്റെ പെരുവിരൽ മുതൽ
അരിച്ചുകയറി. എന്റെ ഭാര്യയുടെ മനോനിലയെങ്ങാനും...
അവളെ പ്രകോപിപ്പിച്ചതു ആരെന്നായി എന്റെ അന്വേഷണം. കണ്ണുകൾ ആ
കുട്ടിയുടെ മുഖത്ത് പതിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് ഞാനാണ്.
ഭാര്യയുടെ കണ്ണുകളിൽനിന്ന് ചിതറുന്ന തീയുടെ ചൂട് എന്നിലേക്ക് പടർന്നു
കയറി. അത് എന്നെ ഭസ്മമാക്കുമോയെന്ന് ഞാൻ ഭയന്നു.
ആ കുട്ടിക്ക് എന്റെ മകന്റെ മുഖച്ഛായ...!
ഭാര്യ പൊട്ടിത്തെറിയുടെ വക്കിലെത്തുമ്പോൾ, ഒരു യുവാവ് ഓടിയെത്തി
കുട്ടിയുടെ കൈയിൽ പിടിച്ച് വാത്സല്യത്തോടെ ശകാരിച്ചു.
മറ്റൊരു അത്ഭുതം...!
എന്റെ പ്രതിച്ഛായ കാണുംപോലെ ഞാൻ അയാളെ തുറിച്ചുനോക്കി.
ട്യൂബ് ലൈറ്റിനുള്ളിൽ മറഞ്ഞ പല്ലി പൊടുന്നനെ എന്റെ മുമ്പിൽ
പ്രത്യക്ഷപ്പെട്ടു. നിമിഷാർധത്തിൽ അത് വളരുകയായി. അതിനിപ്പോൾ എന്നെ
വിഴുങ്ങാനുള്ള വലിപ്പം! നോക്കിനിൽക്കെ, അതിന്റെ മുഖച്ഛായ മാറുന്നതും
എന്റെ മുഖം അതിന്റെ തലയോട് ചേരുന്നതും ഞാനറിഞ്ഞു. അപ്പോൾ എനിക്ക് എന്റെ
മുഖം നഷ്ടപ്പെട്ടു. അത് പല്ലിക്ക് സ്വന്തമായി!
പല്ലിയുടെ നീണ്ടുകൂർത്ത മുഖം എനിക്ക് സ്വന്തമായോയെന്ന വിഭ്രാന്തിയിൽ
ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി. അവിടെ കുറ്റബോധം കരിവാളിച്ചുകിടന്നു.
അകലെ കണ്ട ചെറുകപ്പൽ അപ്പോൾ കൂറ്റൻ തിരമാലകളിൽ ആടിയുലഞ്ഞ്
അപ്രത്യക്ഷമായിരുന്നു.