Followers

Sunday, June 2, 2013

കറുത്ത തൂവാല

വിജിൻ മഞ്ചേരി


അരുത് ...
അത് എന്റെ മാത്രമാണ്
അന്ത്യ ശ്വാസത്തിലും
വിളറിയ മുഖത്തിന്‌ കുറുകേ
നാണത്താൽ മറച്ചതാണത് .

ചലനവും,പ്രതികരണങ്ങളും -
അകത്തളങ്ങളിൽ ചിതലരിച്ചു തീർന്നു.
സ്നേഹ ഭാരത്താൽ വിണ്ടുകീറിയ -
തലയോട്ടികളിലൂടെ അരിച്ചിറങ്ങുന്ന
കറുത്ത രക്തത്തിൽ പിടഞ്ഞു വീണ
ഞാനും ,എണ്ണപ്പെട്ട നന്മകളും

ഇനി എങ്ങോട്ട് ?

എനിക്കായ് കാത്തിരുന്ന
പത്തുമാസത്തെ നിർവൃതിയും
മുറിച്ചുമാറ്റിയ പൊക്കിൾക്കൊടിയും
അനാഥത്വത്തിൻ ഈറ്റില്ലങ്ങളിൽ
വലിച്ചെറിഞ്ഞു
മാതൃത്വത്തിൻ ശവയാത്രയിൽ
പിച്ച വെച്ച് പഠിച്ചവൻ

കൂടപ്പിറപ്പിന്റെ അടിവസ്ത്രങ്ങൾക്കിടയിൽ
രതിയുടെ തീകനലുകളർപ്പിച്ചു
ചോരവീണ പുതപ്പുമായ്
കല്ലറ തേടിയലഞ്ഞ ആൽക്കമിസ്റ്റ്

ശിരസ്സിൽ ചാർത്താൻ
പൊൻ തൂവലുകളുടെ
ഘോഷയാത്ര വരുന്നു
അതിനു മുമ്പ് ചവറ്റു കൂനയിൽ
എന്റെ സ്ഥാനം പിടികണം

ഇത് മാത്രം ഞാൻ എടുക്കുന്നു
ചത്തു ചീയും വരെ എങ്കിലും
നാണം മറയ്ക്കാൻ
ഈ കറുത്ത തൂവാല
അരുത് ...
അതെടുക്കരുത്
എന്റെ മാത്രമാണ് .....