പ്രിയ സായുജ്
മനസ്സിന്‍റെ
ഉമ്മറ വാതിലിനപ്പുറം
മഴ മൌനമായ്
നിറയവേ
മകരി*പോലിരമ്പുമെന്നുള്ളിലെ
ചിന്തകള്‍
മഞ്ജീരമണിഞ്ഞെത്തി
നടനം തുടങ്ങിനാര്‍
മഞ്ജുളം, റാന്തല്‍ വിളക്കിന്‍
വെളിച്ചത്തില്‍
മത്തകാശിനി**മാരീ,നീ പെയ്യുമ്പോള്‍
മമ ഹൃത്തടം
പോലും പ്രണയാര്‍ദ്രമാകുന്നു
മന്മഥന്‍റെ
മിഴിമുന കൊണ്ടപോല്‍
മുദിതഭൂമിയില്‍
പുല്‍നാമ്പുണരവേ
മൃദുലമായി നീ
തഴുകി തലോടുന്നു
മിത്രനേകിയ
ശക്തിതന്‍ പുണ്യത്താല്‍
മുഗ്ദ്ധമാക്കുന്നു
എന്നുമീ മണ്ണിനെ
മാനവര്‍തന്‍
ദുഃഖം മറന്നൊന്നു
മെയ്നിറയ്ക്കട്ടെ
നിന്‍റെ സുകൃതത്തില്‍
മനസ്വിനി നിന്‍റെ
ലാസ്യമതില്ലെങ്കില്‍
മൃത്തു***
പോലും മൃത്യൂ വരിച്ചീടും
മടിയാതെയെന്നുമെന്‍
മിഴിയില്‍ നിറയുക
മനസ്സിലെ
ചിന്തയെ കാവ്യമായ് മാറ്റുക
മണ്ണിതില്‍
ജീവന്‍റെ പുതുനാമ്പുണര്‍ത്തുവാന്‍
മാനനീയം നിന്‍റെ
സ്നേഹമതേകുക. .*സമുദ്രം ** സൗന്ദര്യവും വശീകരണ ശക്തിയുമുള്ള ഉത്തമസ്ത്രീ ***ഭൂമി, മണ്ണ്