Followers

Sunday, June 2, 2013

സമയം നിര്‍ണ്ണയിക്കുന്ന കാലടികള്‍

വി.പി.അഹമ്മദ്

ച്ചയൂണ്  കഴിഞ്ഞ്  സന്ദര്‍ശകമുറിയില്‍ സോഫയില്‍ ഇരുന്നു ഞാന്‍ ഒരു പുസ്തകം വായിച്ചു തുടങ്ങി. തറയില്‍ കാര്‍പെറ്റില്‍ ഇരുന്നു അസിം ഖയാല്‍ (മൂന്നു വയസ്സുകാരന്‍ പേരക്കുട്ടി) ഐപാഡില്‍ ഏതോ ഗയിം കളിച്ചു കൊണ്ടിരിക്കുകയാണ്. ഉച്ചയുറക്കം ശീലവും ഇഷ്ടവുമല്ലെങ്കിലും വായിക്കാന്‍ ഇരുന്നാല്‍ കുറച്ചു കഴിയുമ്പോള്‍  ഉറക്കം കണ്‍ പോളകളില്‍ തൂങ്ങി നില്‍ക്കും. പ്രത്യേകിച്ച് , വായിക്കുന്നത് കഥാസാഹിത്യം അല്ലാത്ത വല്ലതുമാണെങ്കില്‍. ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ ഉറങ്ങാന്‍ കിടന്നാല്‍ ഇത്തരം എന്തെങ്കിലും വായിക്കുന്നത് പരീക്ഷിക്കട്ടെ.  കണ്ണുകള്‍ അടഞ്ഞോ എന്നറിയില്ല ഐപാഡില്‍ നിന്ന്  "അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍" എന്ന ഈണത്തിലുള്ള നീട്ടിയ ശബ്ദം കേട്ടു; അസര്‍ നമസ്കാരത്തിനുള്ള സമയമായി എന്നറിയിക്കുകയാണ് ഐപാഡ്. അപ്പോഴേക്കും പുറത്ത് പള്ളികളില്‍ നിന്നും ബാങ്ക് വിളി തുടങ്ങി.



ബാങ്ക് വിളി വ്യക്തമായി കേള്‍ക്കാവുന്ന ഏഴോ എട്ടോ പള്ളികളുണ്ട് വീട്ടിനു ചുറ്റുമായി. ഇനി ഒരു പതിനഞ്ച് മിനിറ്റ്  സമയമെങ്കിലും ബാങ്ക് വിളി തുടര്‍ന്ന് കേള്‍ക്കാം. വ്യത്യസ്ഥ ശബ്ദത്തിലും ഈണത്തിലുമായി ഒന്നിന് പിറകെ മറ്റൊന്നായും കൂടിക്കലര്‍ന്നും അന്തരീക്ഷത്തില്‍ പൊടിപടലം പോലെ പടരുന്നു ബാങ്കുവിളികള്‍. പള്ളികള്‍ നടത്തുന്ന സംഘടനകള്‍ക്കനുസരിച്ചും പള്ളികളിലെ ക്ലോക്കുകള്‍ക്കനുസരിച്ചും സമയത്തില്‍ വരുന്ന വ്യതിയാനമാണ്  മൂന്നു മിനുട്ട് പോലും നീണ്ടു നില്‍ക്കാത്ത ബാങ്ക് വിളിക്ക് ഇത്രയും സമയ ദൈര്‍ഘ്യം ഉണ്ടാവുന്നതും ഒരു ബാങ്ക് പരമ്പര തന്നെയാവുന്നതും. ഈ പരമ്പരയുണ്ടാക്കുന്ന  അസ്വസ്ഥത ഒഴിവാക്കുവാനും നമസ്കാരത്തിന്റെ സമയം ക്ളിപ്തവും ഏകീകൃതവും ആക്കുവാനും വേണ്ടിയാണു യു. എ. ഇ. പോലുള്ള ഗള്‍ഫ് നാടുകളില്‍ കേന്ദ്രീകൃത ബാങ്ക് വിളി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. തുടക്കത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് അസ്വാരസ്യങ്ങള്‍ പുറത്തു വന്നെങ്കിലും പദ്ധതി ഒരു വിജയമാണ്. ഒരു പ്രവിശ്യയിലെ ഏതെങ്കിലും പള്ളി തെരഞ്ഞെടുത്ത് അവിടെ നിന്നും വിളിക്കുന്ന ബാങ്ക് റേഡിയോ വഴി പ്രത്യേക ബാന്‍ഡില്‍ പ്രക്ഷേപണം നടത്തുകയും മറ്റുള്ള പള്ളികളില്‍ നിന്ന് തത്സമയം തന്നെ മൈക്കില്‍ ഈ പ്രക്ഷേപണം പുറത്ത് വിടുകയുമാണ് ഈ പദ്ധതി വഴി ചെയ്യുന്നത്. ക്ലിപ്ത സമയത്ത് തന്നെ ഒരു പരിസരത്തെ എല്ലാ പള്ളികളില്‍ നിന്നും ഒരേ ശബ്ദത്തില്‍  പുറത്ത് വരുന്ന ബാങ്ക് വിളി സ്പഷ്ടവും കാതുകള്‍ക്ക് സുഖകരവും ആണ്. ഇങ്ങനെയാവുമ്പോള്‍ ബാങ്കുവിളി കുറ്റമറ്റതാക്കുവാന്‍ വേണ്ടി  കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ അധികൃതര്‍ക്ക് കഴിയുന്നു..

ഇന്ന് സമയം സൂക്ഷ്മമായി അറിയുവാനും അറിയിക്കുവാനും ധാരാളം ഉപകരണങ്ങളും മാര്‍ഗ്ഗങ്ങളും നിലവിലുണ്ട്. വാച്ചുകള്‍ കൂടാതെ അനേകം എലെക്ട്രോനിക്  സാമഗ്രികളിലും സമയം കാണിക്കുവാനുള്ള പ്രത്യേകം സജ്ജീകരണങ്ങള്‍ കാണാം. വാച്ചുകളും ക്ലോക്കുകളുമൊക്കെ അപ്രചാരവും ആഡംബരവും ആയിരുന്ന എന്റെ കുട്ടിക്കാലത്ത് സമയം നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. എങ്കിലും ഇന്നത്തേതിലും നന്നായി സമയനിഷ്ഠ പാലിക്കാന്‍ കഴിഞ്ഞിരുന്നുവെന്നത് എടുത്തു പറയാതെ വയ്യ. സമയം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത കാരണത്താല്‍ സ്കൂളില്‍ എത്താന്‍  പോലും വൈകിയതായി ഓര്‍മ്മയില്ല.

അന്ന് വീട്ടിനടുത്ത് ഒരു പള്ളിയുണ്ടായിരുന്നുവെങ്കിലും ബാങ്ക് വിളി ശാന്തമായ രാത്രികളില്‍ മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. മൈക്ക്  പള്ളികളില്‍ ഉപയോഗത്തില്‍ വന്നിരുന്നില്ല.  അതിനാല്‍ ഉമ്മയും മറ്റും അസര്‍ നമസ്കാര സമയം നിര്‍ണ്ണയിച്ചിരുന്നത്  കാലടി ഉപയോഗിച്ച് സ്വന്തം നിഴല്‍ അളന്നായിരുന്നു. നാട്ടിന്‍ പുറത്ത് പരക്കെ പ്രയോഗത്തിലിരുന്ന ഒരു രീതിയാണിത്.  അടി അളക്കുക എന്നാണ്  ഈ അസര്‍ നമസ്കാര സമയനിര്‍ണ്ണയത്തിനു പറഞ്ഞിരുന്നത്. 

പുരുഷന്മാര്‍ പൊതുവേ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഇല്ലാതിരുന്നതിനാല്‍ സ്ത്രീകളാണ്  ഇങ്ങനെ അസര്‍ സമയം കണ്ടിരുന്നത്. സൂര്യപ്രകാശം ഉള്ള മുറ്റത്തോ നിരപ്പുള്ള മറ്റിടങ്ങളിലോ സൂര്യന് എതിര്‍മുഖമായി നിന്ന്  സ്വന്തം നിഴലിന്റെ തലയഗ്രം അടയാളപ്പെടുത്തി, കാലടി കൊണ്ട്  നിഴല്‍ അളക്കുകയാണ് ചെയ്യുന്നത്. ഒരു നിശ്ചിത എണ്ണം കാലടികള്‍ തികഞ്ഞാല്‍ അസര്‍ ആയി എന്ന്  ഗണിക്കാം. ഈ നിശ്ചിത എണ്ണം മലയാള മാസത്തിനനുസരിച്ചു വ്യത്യസ്ഥമാണ്. ഇത് ഓര്‍മ്മിക്കാനായി ചില ഗാനശകലങ്ങള്‍ പോലും കേട്ടിട്ടുണ്ട്. ളുഹര്‍ (ഉച്ച) നമസ്കാരം പൊതുവേ വൈകിക്കുന്ന സ്ത്രീകള്‍ അസര്‍ കൂടെ കഴിഞ്ഞാണ്  നമസ്കാര കുപ്പായം അഴിക്കുന്നത്. ചിലപ്പോള്‍ ആ വേഷത്തില്‍ തന്നെ മെതിയടിയില്‍ (ഹവായ്  വരുന്നതിനു മുമ്പ്) മുറ്റത്തിറങ്ങി നിഴല്‍ അളക്കുന്നത് കണ്ടിട്ടുണ്ട്,

          *                    *                     *                       *

തറവാട്ടിലെ 'കൊത്തും കൊയിലുകാരനാ'യ  ചെക്കോട്ടി എന്തോ സ്വന്തം കാര്യസാദ്ധ്യത്തിനായി വന്നപ്പോള്‍ ഉമ്മറത്തെ പടാപുറത്ത് അസര്‍ നമസ്കാരത്തിനു വേണ്ടി കാത്തിരിക്കുകയാണ് നമസ്കാര വേഷത്തില്‍ വലിയുമ്മ. മുഖം കാണിച്ച ചെക്കോട്ടിയോടു മുറ്റത്തിറങ്ങാന്‍ മടിച്ച വലിയുമ്മ : " ചെക്കൊട്ടീ, അടിയളന്നു നോക്ക് "
ചെക്കോട്ടി മുറ്റത്ത് വെയിലുള്ളിടത്ത് പോയി അളക്കാന്‍ തുടങ്ങി. കുറെ കഴിഞ്ഞ് തിരിച്ചു വന്നു പറഞ്ഞു: "ഉമ്മേറ്റിയാരെ, ഒരു പിടിയൂല്ല, നേരം കക്കുയീലാ"
അടിയളക്കുന്നത് ചെക്കോട്ടി പലപ്പോഴും കണ്ടിരുന്നുവെങ്കിലും അടയാളം വെക്കുന്ന ഗുട്ടന്‍സ്  അറിയാതിരുന്നതിനാല്‍ നിഴലിന്റെ കൂടെ നടന്നു ചെക്കോട്ടി ചെന്നെത്തിയത് അടുത്ത പറമ്പിലെ ചെങ്കല്ല് വെട്ടിയ വലിയ കുഴിയുടെ വക്കിലായിരുന്നു.

സൂചിക: 
കൊത്തും കൊയിലുകാരന്‍ = പതിവായി തേങ്ങയിടുകയും പറമ്പിലെ മറ്റെല്ലാ ജോലികള്‍ക്കും നേത്രുത്വം വഹിക്കുകയും ചെയ്യുന്ന സ്ഥിരം ജോലിക്കാരന്‍.
പടാപുറം = പണ്ടൊക്കെ മുസ്ലിം വീടുകളുടെ വരാന്തയില്‍ സ്ഥിരമായി കാണാറുള്ള വലിയ വിസ്താരമുള്ള കട്ടില്‍.
ഉമ്മേറ്റിയാര്‍ = ഹിന്ദുക്കള്‍  മുതിര്‍ന്ന  ഉമ്മമാരെ ബഹുമാനപൂര്‍വ്വം വിളിച്ചിരുന്ന പേര്.