r manu
(പതിനെട്ടക്ഷൗഹിണികൾ ചേർന്ന, ഭേദിക്കാനാ
കാത്ത പത്മവ്യൂഹങ്ങളിലേക്ക് അഭിമന്യുമാർ മാത്രമേ
കടന്നു ചെല്ലുന്നുള്ളൂ. വെറുതെ ചിരിച്ചും കളിച്ചും മരണ
ത്തിനായ് മാത്രം പിറക്കുന്നുവെന്നറിഞ്ഞ്)
പടയൊരുക്കത്തിന്റെയക്ഷൗഹിണി മധ്യ
ത്തിലഭിമന്യു വീണ്ടും തനിയെയാകുന്നു
പുത്രനെയോർക്കാൻ മറക്കുമിന്ദ്രധനുസ്സ് സാക്ഷി
പ്രാർത്ഥനപോലും കേൾക്കാത്ത പത്മവ്യൂഹം
കുരുക്ഷേത്രഭൂമിയിൽ കുതറുവാനാകാതെ
ശകുനിമാർ തീർക്കുന്ന തിരയിൽ
മാതുലൻ പാതി പഠിപ്പിച്ച സൂത്രം
പാഴ്ക്കുറിശ്ശീലച്ചിന്തുകളായ്.
ജയദ്രഥശരങ്ങളെക്കാത്തുനിൽക്കും വിധി
മുഹൂർത്തത്തിലീ തേർചക്രം സാക്ഷി
ചുറ്റുമുരാളി വേഷമാടിത്തഴുകിയെത്തും
മൃത്യുവിൻ ഹിമസ്പർശനം സാക്ഷി,
കടിഞ്ഞൂൽ പിറന്നവൻ കൈവിട്ടുപോകും
സുഭദ്രതൻ നിദ്രാവിഹീന രാവുകൾ,
പിറക്കാൻ പോകും തനയനെയോർത്തു
വിറകൊള്ളുമുത്തര തേങ്ങലായ് നിറയുന്നു
മകനേ, നിൻമുഖം കാത്തുനിൽക്കാതെ
മാറ്റിവയ്ക്കാനൊന്നുമില്ലാത്തച്ഛൻ
ജീവിതത്തിന്റെ തീരാക്കടം കൊണ്ടു തീർത്തൊരീ
ചെതുമ്പിച്ച ഞാണൊലി മാത്രം പകരുന്നു
വെറുതെ ചിരിച്ചും കളിച്ചുമച്ഛനെപ്പോലെ
മരണത്തിനായ് പിറക്കും നിനക്കായ്.