kaippuzha rajan
ഞാൻ അവളെ
നിങ്ങൾക്ക് തരുമ്പോൾ
വിടർന്ന പുഞ്ചിരിയുണ്ടായിരുന്നു
മുടിയും മുലയും പിന്നെ...
എല്ലാമുണ്ടായിരുന്നു
കൊതിതീരെ
ലാളിയ്ക്കുവാൻ കഴിയാതെയാണ്
അടർത്തി മാറ്റി തന്നത്
തണുത്ത മുറികളിൽ നിന്നും
മുറിവേറ്റവൾ
പലരുടെയും മുൻമ്പിൽ
പരിഹസിയ്ക്കപ്പെട്ടു
ഓരോ മുറിയിൽ വെച്ചും
വസ്ത്രങ്ങളും അവയവങ്ങളും
നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു
ഇന്നലെ ഞാനവളെ കണ്ടു
വിവസ്ത്രയായി, വിഷാദം വിതറി
എത്രയെത്ര ദിനരാത്രങ്ങളെ
ബലിദാനം നൽകിയാണ്
അവൾക്ക് ജന്മം നൽകി
വളർത്തിയത്
എങ്കിലും;
ഞാനവളെ നോക്കി ചിരിച്ചു
അടങ്ങാത്ത രോഷം കൊണ്ടാവാം
പരിചിത ഭാവം കാട്ടാതെ,
എല്ലാവർക്കും കീറിമുറിയ്ക്കാൻ
പാകത്തിന് !