joe mylan
ശംഖൂരിപ്പുഴയിലേക്കു കെട്ടിയിറക്കിയ പടവുകളിലിരുന്ന് ജാനകി തുണി നനയ്ക്കുന്നത് ശ്രദ്ധിച്ചു കൊണ്ടിരുന്നപ്പോഴും തമ്പുരാനേപ്പറ്റിയായിരുന്നു ചിന്തമുഴുവൻ. കഴിഞ്ഞ നാളിലെ സന്ദർശനത്തിൽ ഒരുകാര്യം വ്യക്തമായി മനസ്സിലാക്കാനായി. അദ്ദേഹത്തിന് തന്നോടെന്തോ പ്രത്യേക മമതയുണ്ട് എന്ന്. ആ കണ്ണുകൾ തന്നെ തേടിവന്ന നിമിഷങ്ങളേപ്പറ്റി ഓർത്തു. വാചാലമായ ആ നോട്ടങ്ങളുടെയും, അർത്ഥവത്തായ പുഞ്ചിരികളുടെയും അകംപൊരുൾ ആ മമത തന്നെയാകണം. ആറാമിന്ദ്രിയത്തിനും അനുഭവവേദ്യമായത് ആ മനസ്സിൽ നിന്നുതിരുന്ന സ്നേഹത്തിന്റെ അയസ്കാന്ത തരംഗങ്ങളുടെ സ്പർശമാണ്. ഈശ്വരാ അറിഞ്ഞുപേക്ഷിച്ച ആ മോഹത്തെ വീണ്ടും താലോലിക്കുകയാണല്ലോ മനസ്സ്! വീണ്ടും ആ ചുഴിയിൽത്തന്നെ വീണു ചുറ്റാനാണോ വിധി?.
അലക്കു കഴിഞ്ഞ് ജാനകി വസ്ത്രങ്ങളെല്ലാം ബക്കറ്റിൽ പിഴിഞ്ഞുവച്ചു. ജാക്കറ്റും ബ്രായുമഴിച്ച് ഉടുമുണ്ട് നെഞ്ചിൽക്കയറ്റിക്കെട്ടി. വെള്ളത്തിലേക്കിറങ്ങുന്നതിനു മുൻപ് ജാനകി ചോദിച്ചു.
?ശ്രീക്കൊച്ച് കുളിക്കുന്നുണ്ടോ? വാ.... ഒത്തിരി നാളായില്ലേ പുഴയിൽ കുളിച്ചിട്ട് ?. നിഷേധപൂർവ്വം തലയാട്ടിയപ്പോൾ ജാനകി വെള്ളത്തിലേക്കു ചാടി. പണ്ട് ജാനകിയോടൊപ്പം വന്നാണ് നീന്തൽ പഠിച്ചത്. ഹര്യേട്ടൻകൂടെ നിന്നു പഠിപ്പിച്ചതുകൊണ്ട് പേടിയേതുമില്ലായിരുന്നു. എന്തൊരു ത്രില്ലായിരുന്നു വൈകുന്നേരങ്ങളിൽ പുഴയിൽ വന്ന് നീന്തിത്തുടിക്കാൻ. അച്ഛനും അമ്മയും വന്നു നോക്കിനിൽക്കുമായിരുന്നു. പക്ഷേ ഈയിടെ ഭയങ്കര മടിയാണ്. അതുമാത്രമല്ല, വലുതായതിനുശേഷം അമ്മ വിലക്കിയിരുന്നു. സ്വന്തം കടവാണെങ്കിലും അത്ര പ്രൈവസിയൊന്നുമില്ല. അതിനുശേഷമാണ് കുളി നിർത്തിയത്. കൽപ്പടവിലിറങ്ങിയിരുന്ന് വെള്ളം കോരിയെടുത്തു. നല്ല തണുപ്പുണ്ട്. ശുദ്ധമാണ് ശംഖൂരിപ്പുഴയിലെ വെള്ളം. മലനിരകളിലെ ഇതിന്റെ പ്രഭവസ്ഥാനം മുതലിങ്ങോട്ട് ഫാക്ടറികളൊന്നുമില്ലാത്തതിനാൽ പുഴ മലിനമല്ല.
എന്തോ ആകെയൊരുത്സാഹം. ഒന്നു ചാടിക്കുളിക്കാൻ തോന്നിപ്പോയി. ചുറ്റും നോക്കി. കൺവെട്ടത്ത് ആരുമില്ല.
?വാ കൊച്ചേ ചാട്.? ചിരിച്ചുകൊണ്ട് ജാനകി വീണ്ടും ക്ഷണിച്ചു. തീരുമാനിച്ചതും എടുത്ത് ചാടി. മേലാകെ കുളിരു കോരുന്നു. പതച്ച് നീന്തിനടന്നു. പതിവില്ലാത്തതുകൊണ്ട് അധികം നേരം വെള്ളത്തിൽ കിടന്നാൽ പനി പിടിച്ചാലോ എന്നൊരു ഭീതി തോന്നാതിരുന്നില്ല. എന്നാൽ അമ്മയുടെ ശകാരം കിട്ടി യതു തന്നെ. കരയ്ക്കുകയറി പടവുകളിലിരുന്ന് സോപ്പു തേച്ചു. ജാനകി നീന്തിക്കയറി വന്ന് പുറംതേച്ചു തന്നു. അപ്പോഴാണ് ദൂരെ നിന്നും ആരോ കുതിരയോടിച്ച് വരുന്നത് കണ്ടത്. പുഴമണലിലൂടെയായതു കൊണ്ടാകാം അധികം വേഗതയില്ല. ശംഖൂരിയിൽ കുതിരകളില്ലല്ലോ. ആരാകാം?. തോർത്തെടുത്തിട്ട് നഗ്നമായ തോളും മാറും മറച്ചു. അടുത്തെത്തിയപ്പോഴേയ്ക്കുമാണ് ആളെ തിരിച്ചറിഞ്ഞത്..... തമ്പുരാൻ! ആളറിഞ്ഞപ്പോൾ കുതിരയെ അദ്ദേഹം വലിച്ചു നിർത്തി. അത് രണ്ടുകാലിലുയർന്നു താഴ്ന്നു. ജാനകി പടവിൽ നിന്നെഴുന്നേറ്റ് തൊഴുതു നിന്നു. താനറിയാതെ അനാവൃതമായ കണങ്കാലുകൾ തുണിവലിച്ചിട്ട് മൂടി. മാറിൽ കൈ പിണച്ച് എഴുന്നേറ്റു നിന്നു. ആ കണ്ണുകളുമായി ഇടഞ്ഞപ്പോൾ അതിലൊരു നിർവൃതി തുടിച്ചു നില്ക്കുന്നതു കണ്ടു.
?ഓഹോ... ഇത് നിങ്ങളുടെ കടവാണ് അല്ലേ....??ഒരു വിസ്മയത്തോടെയാണദ്ദേഹം ചോദിച്ചത്.
പുഞ്ചിരിയോടെ മൂളി. അടുത്തനിമിഷം കുതിരകുതിച്ചു പാഞ്ഞു. കുറച്ചു പോകുന്നതുവരെ താനും ജാനകിയും നോക്കി നിന്നു. ഒരു വട്ടംകൂടി അദ്ദേഹം തിരിഞ്ഞു നോക്കുമെന്നു കരുതി യെങ്കിലും ആ പ്രതീക്ഷ വിഫലമായി. ജാനകിയുടെ കുസൃതി നിറഞ്ഞ ശബ്ദം കേട്ടാണുണർന്നത്.
?എന്റെ ശ്രീക്കൊച്ചേ അത്തമ്പുരാന് കൊച്ചിനെ ബോധിച്ചുപോയി എന്നാ തോന്നുന്നേ? . അവർ ചിരിച്ചു.
?പോ ജാനകീ കളിയാക്കാതെ..? കള്ളപ്പരിഭവം നടിച്ചു.
?വേണ്ട വേണ്ട... ഒന്നും പറയണ്ട...... അന്ന് വിരുന്നിന് വന്നപ്പോ ഞാനടുക്കളേൽ നിന്നു കാണുന്നുണ്ടായിരുന്നു. ശ്രീക്കൊച്ച് വിളമ്പിക്കൊടുക്കുമ്പോൾ തമ്പുരാന്റെ ഒരു നോട്ടോം സന്തോഷോം എല്ലാം. ഒത്തിരി കണ്ടിട്ടുള്ളതാ കൊച്ചേ ജാനകി.....?
?ജാനകീ....വേണ്ട?.ശബ്ദത്തിലെ താക്കീതുകേട്ടതുകൊണ്ടാകാം ജാനകി നാക്കിന് കടിഞ്ഞാണിട്ടു. സോപ്പുതേച്ച് കഴിഞ്ഞ് താൻ വീണ്ടും വെള്ളത്തിലേക്കൂളിയിട്ടു. അവളും. മുങ്ങിയുണർന്ന് പടവിൽ കയറി തുവർത്തി തുണിമാറ്റി ഉടുപുടവ പിഴിയുമ്പോൾ ജാനകി വീണ്ടും വിഷയം എടുത്തിട്ടു. ആത്മാർത്ഥമായ ആ ശബ്ദത്തിൽ അല്പം ഗൗരവം പുരണ്ടിരുന്നു.
?കൊച്ചേ ഞാൻ പറഞ്ഞതു കാര്യമായിട്ടു തന്ന്യാ. നാട്ടുക്കുടയോനാണ് തമ്പുരാൻ. കോടീശ്വരൻ. ആ രൂപം കണ്ടാൽ ആരാ മോഹിക്കാത്തത്. ശ്രീക്കൊച്ചിനെ ആ തമ്പുരാനിഷ്ടാ. ജാനകി പറയുന്നത് കുറിച്ചു വച്ചോ.... എന്റെ കൊച്ചേ വിടല്ലേ... എന്റെയീ സുന്ദരിക്കൊച്ചിന് വേറെയാരാ ഇത്ര ചേർച്ച.... ഇതു നടക്കും..?ചുവന്നു തുടുത്തുപോയി ആ വാക്കുകൾ കേട്ടപ്പോൾ. പക്ഷേ കള്ളപ്പരിഭവം നടിച്ച് ജാനകിയെ വെള്ളത്തിൽ തള്ളിയിട്ടു. വെള്ളത്തിൽക്കിടന്നും അവർ ചിരിക്കുമ്പോൾ നെഞ്ചിലൊരായിരം ഉന്മാദ പൗർണ്ണമിയിൽ ഉദിക്കുകയായിരുന്നു തന്റെ മനസ്സ് ഇവർ കണ്ടളന്നോ? ജാനകിയുടെ നോട്ടം താങ്ങാനാവാതെ മുഖം ഒളിപ്പിക്കാൻ തിരിഞ്ഞു നിന്നു.
ശ്രീദേവി ! തുളസിത്തറയുടെ മുൻപിൽ ദീപതാലവുമായി വരവേറ്റ ദേവീരൂപം ! ഏതോ ജന്മത്തിൽ കണ്ടുമറന്ന കാമുകീ സങ്കൽപ്പം ഉടലാർന്നതാണോ? ഏതുവശ്യമന്ത്രമാണ് അയസ്കാന്തം പോലെ തന്നെ അവളിലേക്കാകർഷിച്ചടുപ്പിക്കുന്നത?്.
അശോകൻ പതിവു പെഗുമായി കടന്നുവന്നപ്പോൾ എഴുത്തുനിർത്തി ഡയറി അടച്ചു വച്ചു. മദ്യപാനത്തിനു മുൻപുള്ള മൗന പ്രാർത്ഥനയ്ക്കു ശേഷം പതിവുപോലെ അച്ഛൻ കെട്ടിത്തന്ന പൊന്നേലസ്സ് തലോടി. ഞെട്ടിപ്പോയി..... മനസ്സ് നിലവിട്ട് പകച്ചുപോയി! ചെറുപ്പത്തിലേ മുതൽ ശരീരത്തിന്റെ ഒരു ഭാഗം പോലെയായിരുന്ന ആ രക്ഷ നഷ്ട്ടപ്പെട്ടിരിക്കുന്നു!
കൊട്ടാരവും പരിസരങ്ങളും അരിച്ചുപെറുക്കി നോക്കി. ഇല്ല അതു നഷ്ടമായിരിക്കുന്നു. അച്ഛന്റെ മരണശേഷം എപ്പോഴും അതിൽ സ്പർശിക്കുമ്പോൾ ആ സ്നേഹം, ആ സ്പർശം അനുഭവിക്കാറുണ്ടായിരുന്നു. ആ സുരക്ഷിതത്വം നഷ്ട്ടപ്പെട്ടതിന്റെ വൈക്ളബ്യം വലുതായിരുന്നു. ലിക്കർ കഴിച്ചിട്ടും ആ നഷ്ടബോധം മനസ്സിലൊരു വിഷാദം പോലെ നിഴൽ വീഴ്ത്തി നിന്നിരുന്നു. വരുവാനിരിക്കുന്ന ഏതോ വിപത്തിന്റെ മുന്നോടിയെന്ന വണ്ണം ആറാമിന്ദ്രിയം മന്ത്രിച്ചു കൊണ്ടേയിരുന്നു.... അപകടം.....അപകടം...
നാഗപഞ്ചമി ! സർപ്പാരാധകരുടെ നാടാണല്ലോ ശംഖൂരി. എല്ലാ വർഷവും നടത്തുന്ന അനുഷ്ഠാനത്തിന് തയ്യാറെടുത്തൂ ശ്രീനിലയം. സർപ്പകോപത്തിൽ നിന്നും കുടുംബത്തെ കാക്കാനുള്ള ദൈവീകമായ അനുഷ്ഠാനമാണ് സർപ്പ ബലി. പുള്ളുവരെത്തി കളം വരച്ചു തുടങ്ങിയിട്ടുണ്ട്. ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഏറെ കൗതുകത്തോടെ പ്രതാപ് അവരോട് സംസാരിച്ച് സംശയം തീർക്കുന്നത് ശ്രദ്ധിച്ചു. എല്ലാവർഷവും തന്നെ കാണുന്നതായതുകൊണ്ട് തനിക്കു വലിയ പ്രത്യേകതയൊന്നും തോന്നുന്നില്ല എന്നു മാത്രമല്ല ബോറടിച്ചു എന്നതാണ് സത്യം. കളത്തിൽകമ്മളാകാൻ തന്നെ അച്ഛൻ നിർബന്ധിച്ചതാണ്. ഒരുവിധത്തിലൊഴിഞ്ഞു മാറി. പൂജാകർമ്മങ്ങളനുഷ്ഠിക്കുന്ന ഗൃഹാംഗത്തിന് രണ്ടു ദിവസത്തെ വൃതശുദ്ധി മതിയെങ്കിലും ഒരാഴ്ചയാണിവിടെ പതിവ്. അച്ഛൻ വ്രതമേറ്റകാരണം ഒരാഴ്ചയായി മത്സ്യമാംസാദികൾ വർജ്ജിച്ചിരിക്കുകയാണ് വീട്ടിൽ.
മണ്ഡലം കെട്ടി പുറ്റുമണ്ണുകൊണ്ടുണ്ടാക്കിയ തറയിൽ കളം വരച്ചു തീർത്തിരിക്കുന്നു. ഉണക്കലരിപ്പൊടി, ഉമിക്കരി, മഞ്ഞൾപ്പൊടി, പച്ചിലപ്പൊടി മുതലായവയാണ് ഉപയോഗിക്കുന്നത്. നാഗരൂപങ്ങൾ അതിമനോഹരമായിത്തന്നെ ഫണം വിരുത്തി നിലത്ത് രചിക്കപ്പെട്ടിരുന്നു. ഒന്നുകൂടി ശ്രദ്ധാപൂർവ്വം നോക്കി നിന്നപ്പോൾ ഭയം തോന്നി. ശംഖൂരിച്ചെകുത്താന്റെ ചിത്രമാണോ ഇതെന്ന് ഒരു മതിവിഭ്രമം തന്നെതോന്നിപ്പോയി.
വീട്ടിലെ എല്ലാവരും കളത്തിനുചുറ്റുമിരിക്കുന്നുണ്ട്. അച്ഛനെക്കൊണ്ട് പുള്ളുവൻ പൂജാകർമ്മങ്ങൾ അനുഷ്ഠിപ്പിക്കുകയാണ്. രണ്ട് പുള്ളുവരും പുള്ളുവത്തികളും അവരുടെ മക്കളാകാം രണ്ടു പെൺകുട്ടികളും പൂക്കുലകളുമായി ഒരുങ്ങിയിരിപ്പുണ്ട്. പൂജാകർമ്മങ്ങൾ അവസാനിപ്പിച്ച് തെക്കുവശത്തെ നാഗപ്രതിഷ്ഠയുടെ അരികിൽച്ചെന്ന് പ്രാർത്ഥിച്ച് അച്ഛനും പുള്ളുവരും മടങ്ങി. പുള്ളുവപ്പെൺകൊടികളെ താലമെടുപ്പിച്ച് ഉലക്കമേൽ കളത്തിലിരുത്തി. തറ്റുടുത്ത് ഉത്തരീയവും ധരിച്ചിട്ടുണ്ടെങ്കിലും വിയർപ്പിൽക്കുളിച്ചു നനഞ്ഞൊട്ടിയ ആ കൗമാരപ്രായം കഴിയാറായ പെൺകുട്ടികളുടെ ഉടൽവടിവ് കണ്ടാസ്വദിക്കേണ്ടതുതന്നെ.
പുള്ളുവപ്പാട്ട് തുടങ്ങി. ബാധാവേശം പോലെ പെൺകുട്ടികൾ തലയാട്ടിത്തുടങ്ങി. കയ്യിലിരിക്കുന്ന കമുകിൻ പൂക്കുല താളത്തിനൊത്ത് അവരുടെ കയ്യിലിരുന്നുറഞ്ഞു. താളവട്ടങ്ങളുടെ വൃദ്ധിക്ഷയങ്ങൾക്കൊപ്പം നൃത്ത നിബദ്ധമായി കളത്തിൽച്ചലിക്കുന്ന പെൺകൊടികളുടെ അംഗലാവണ്യം ഭക്തിയുടെ നിറവിലും ഒരു നിഗൂഢലഹരിയോടെ കണ്ടാസ്വദിച്ചു. പ്രതാപിനെ ഇടംകണ്ണിട്ടു നോക്കി. ആ പരബ്രഹ്മത്തിന് അതിലൊന്നുമല്ല ശ്രദ്ധ എന്നു മനസ്സിലായി. അനുഷ്ഠാനങ്ങളിലെ കൗതുകം മാത്രം.
താളങ്ങളുടെ തീവ്രതയിൽ നാഗകന്യകമാരേപ്പോലെ പെൺകുട്ടികൾ കളത്തിലിഴഞ്ഞ് കയ്യിലിരിക്കുന്ന പൂക്കുലകൊണ്ട് കളം മാച്ചു തുടങ്ങി. വിവിധ വർണ്ണങ്ങളാൽ വിരചിച്ച സർപ്പക്കോലങ്ങളുടെ വർണ്ണധൂളികൾ പരസ്പരം പടർന്ന് മാഞ്ഞു തുടങ്ങി. ഭക്തിയുടെ നിറവിൽ തൊഴുകൈയോടെ അർദ്ധനിമീലിത നേത്രരായി നില്ക്കുന്നുണ്ട് അമ്മയും ശ്രീദേവിയും.
മേഘമാലകളിൽ കുറേ നേരമായി മുറുമുറുപ്പ് കേട്ടു തുടങ്ങിയിട്ട്. കാറ്റ് തീവ്രവേഗമാർജ്ജിച്ചിരിക്കുന്നു. മഴച്ചാറൽ കളംമായ്ക്കാനെത്തിയ ഒരു പുള്ളുവപ്പെൺകൊടിയേപ്പോലെ കളത്തിൽ വീണു. ഭംഗിയായി പര്യവസാനിക്കേണ്ട അനുഷ്ഠാനത്തിന് വിഘ്നം വരുത്താൻ ദുർദേവതകൾ ഭാവിച്ചിരുന്നോ ? മഴകോരിച്ചൊരിഞ്ഞു തുടങ്ങി. മേഘമാലകളിൽ മിന്നൽപ്പിണരുകൾ പുളഞ്ഞുകളിച്ചു. കൊടുംകാറ്റിൽ വൃക്ഷശിഖരങ്ങളുലഞ്ഞാടി. അനുഷ്ഠാനങ്ങൾ തീർത്തെഴുന്നേൽക്കാൻ തുടങ്ങുന്നതിനു മുൻപ് നെഞ്ചം നടുക്കിയ ഘോരമായ ഇടിവെട്ടിന്റെ തീഷ്ണപ്രഭ കണ്ണുകളെ അന്ധമാക്കിയപ്പോൾ സർപ്പക്കളത്തിലിഴയുന്ന പെൺകൊടികളുടെ ആർത്തനാദം ഉയർന്നു കേട്ടു.
സന്ധ്യാംബരത്തിൽ നിന്ന് സൂര്യൻ മറഞ്ഞപ്പോൾ മുതൽ അസ്വസ്ഥമായിത്തുടങ്ങി മനസ്സ്. അറിയാത്ത പേക്കിനാവുകളുടെ ദർശനങ്ങൾ ചന്ദ്രശാലയിലെ നിശ്ശബ്ദതയിൽ ഭീതിയുടെ സ്പർശമായി മനസ്സിലുണരുന്നു. കേൾക്കാത്ത പിതൃശബ്ദങ്ങൾ ഭീതിയോടെ ഓതുന്നതെന്താണ്? വീണയുടെ മധുരമായ നാദം കേട്ട് മനംതുടിച്ചു. എവിടെ...... എവിടെ നിന്നാണ് ഇതുവരെ കേൾക്കാത്ത മാധുര്യത്തോടെ വേണുഗാനമുയരുന്നത്? ക്ഷണിക്കാനൊരുങ്ങിയപോലെ പ്രകൃതി കൈ വിരുത്തി നില്ക്കുന്നു. കാണാത്ത കാഴ്ചകൾ കാണാൻ ക്ഷണിക്കുന്നപോലെ!
രാവിനിന്ന് അമാവാസിയുടെ കാർഷ്ണ്യമാണ്. മേഘങ്ങൾ തപ്പുകൊട്ടുന്നുണ്ട്. അകലങ്ങളിൽ ഇരമ്പുന്ന കാറ്റ് ശംഖൂരിക്കൊട്ടാരത്തിലെത്തിയപ്പോൾ വിനമ്രമാകുന്നു. കാറ്റിന്റെ ചിറകേറിവന്ന സർപ്പം പാട്ടിന്റെ ശീലുകളും, നന്തുണിയുടെ ലഹരി പടർത്തുന്ന നാദവും വ്യവഛേദിക്കാനാവാത്ത അശാന്തിയുടെ വിഭ്രാമകലഹരിയായി അന്തരീക്ഷത്തിലും മനസ്സിലും പടരുന്നു. അവ്യക്തമായ ഏതോ വ്യഥയുടെ ബീജങ്ങൾ മനസ്സിന്റെ അന്തരാളങ്ങളിൽ മുളപൊട്ടി വളരുന്നു. ജന്മസന്ധികളിലെവിടെയൊ വച്ചനുഭവിച്ചറിഞ്ഞ ഏതോ നൊമ്പരങ്ങൾ ഒഴുകിവരുന്ന സർപ്പം പാട്ടിലലിഞ്ഞിരുന്നു. ആലസ്യം കൊണ്ട മനസ്സിൽ എന്തൊക്കെയോ ദർശനങ്ങൾ സമ്മിശ്രമായി, വ്യക്താവ്യക്തതകളുടെ സുതാര്യമായ ഉടുചേലയുടുത്ത് ഉയിർക്കൊണ്ടു. ഭൂതഭാവികളുടെ വെളിപാടുകൾ ദർശനങ്ങളായി മിഴികൾക്കു മുന്നിൽപ്പിറക്കുമ്പോൾ അനങ്ങാനാവാതെ ചാരിക്കിടന്നു പോയി. അവിശുദ്ധമായ നിശബ്ദതയുടെ മൗനം അന്തരീക്ഷത്തിൽപ്പടർന്നു. സിരകളിലെ ആലസ്യം ഒരവ്യക്താനുഭൂതിയായി, അപ്രതിരോദ്ധ്യമായ ഒരുൾവിളിപോലെ എന്തിലേക്കൊ ആകർഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. എവിടെ നിന്നാണ് കുതിരക്കുളമ്പടിയൊച്ചയുയരുന്നത്? എവിയെ നിന്നാണ് ആയിരം ചുരികകളുടെ ക്വണിതങ്ങളുയരുന്നത്?. വിഭ്രാന്തമായ കാഴ്ചകൾ തൊട്ടറിയാവുന്ന ഒരനുഭൂതിപോലെ വീണ്ടും ഉയർന്നു തുടങ്ങി. കബന്ധങ്ങളുറഞ്ഞാടുന്ന രാജാങ്കണത്തിൽ ചുരികകളുടെ രണരവങ്ങൾ ഉയർന്നു കേൾക്കുന്നു! കൊട്ടാരം നടുക്കുന്ന ഒരട്ടഹാസം ആരവങ്ങളുടെ മേൽ ഉയർന്നു കേട്ടു. മുൻകൂട്ടി പലതുമറിയിച്ച പിതൃശബ്ദങ്ങൾ ആ ആരവത്തിനിടയിൽ പിന്നോട്ടു തള്ളപ്പെട്ടു. കടകം മറിഞ്ഞുയരുന്ന ചെമ്പടുടുത്ത രൂപം!. ആയിരങ്ങളെ അരിഞ്ഞുതള്ളുന്ന ചുരികച്ചൊരുക്ക്!. പടവാളുയർത്തിയ ചുഴലിക്കാറ്റിൽ കരിയില പറക്കുന്നതുപോലെ പടയണികളുടെ പലായനം. ചെന്നിണത്താൽച്ചുവന്നുതുടുത്ത സൂര്യമുഖത്തിലെ ഘോരഗർജ്ജനം. സ്വപ്നങ്ങളെയും ദർശനങ്ങളെയും സത്യങ്ങളെയും ഇഴപിരിച്ച് നിർവ്വചനങ്ങൾ നൽകാൻ മാത്രം മനസ്സ് വളർന്നിരുന്നില്ലല്ലോ. സ്വപ്നങ്ങളുടെയും വിഭ്രാമകതകളുടെയും മുന്നിൽ പകച്ചു നിൽക്കുകയായിരുന്നല്ലോ.
ഒരു തേങ്ങൾ അകത്തളങ്ങളിലെവിടെയോ നിന്ന് പ്രതിദ്ധ്വനിച്ചു. ചിലമ്പുകളുടെ താളങ്ങളോടെ, അഴിഞ്ഞുലഞ്ഞ കബരീഭരത്തോടെ കടന്നുവരുന്നതാരാണ്?അഭിലാഷങ്ങളുടെയും പ്രേമഭംഗങ്ങളുടെയും വികാരങ്ങൾ മിന്നിമറയുന്ന ദീപ്തമായ പൊൻതളിക പോലൊരു സ്ത്രീ മുഖം. അതിലൊലിക്കുന്ന കണ്ണീർപ്പാടുകൾ......! ആ നെഞ്ചിൽ നിന്നുതിരുന്ന ചോരപ്പൂവുകൾ.......
സിരാപടലങ്ങൾ അജ്ഞേയമായ നോവിൽ ത്രസിച്ചു. ശംഖൂരി സ്വരൂപത്തിന്റെ നിഗൂഡതകളുടെ ഉൾരഹസ്യങ്ങൾ ജന്മരഹസ്യമായി ആത്മാവിൽ പ്രതിബിംബിച്ചു. ദർശനങ്ങളുടെ പശ്ചാത്തലം ക്രമേണ വിഭിന്നമായി.
കോട്ടയ്ക്കുള്ളിലെ ആടിയുലയുന്ന സർപ്പക്കാവ്! നൂറ്റാണ്ടുകൾ പഴക്കമുള്ള വന്മരങ്ങൾ കൊടുങ്കാറ്റിലുലഞ്ഞ് ഏതോ മന്ത്രാക്ഷരങ്ങൾ ജപിക്കുന്നു. ആവാഹനത്തിന്റെ ബീജാക്ഷരങ്ങൾ! ശംഖൂരിയെക്കാത്ത നാഗദൈവങ്ങൾ ചുരുൾ നിവർന്നാടി. യജ്ഞകുണ്ഡത്തിൽ അഗ്നിനാമ്പുകൾ തിറയാടി. തീയാട്ടം കണ്ട് കാടും കാവും ചേർന്നാടി. നൂറ്റാണ്ടുകളുടെ നിഗൂഢതകളുറഞ്ഞാടുന്ന ഉത്സവലഹരി. അന്തരാളങ്ങളെ മഥിക്കുന്ന സമ്മോഹന ലഹരി. അതിലഴിഞ്ഞാടുന്ന മണിനാഗങ്ങൾ ! കാവൽ കിടക്കുന്ന കരിനാഗങ്ങൾ!കോട്ടയുടെ നിഗൂഢതകളിലേക്കാവാഹിക്കുന്ന ശബ്ദവാഹികൾ. കർണ്ണത്തിന്റെ അരികിൽ നിന്നും ക്ഷണിക്കുന്ന അരൂപിയായ കർണ്ണേശിയുടെ മാന്ത്രികസ്വനം... വരൂ..... വരൂ.... നേരമായി.
ഉൾക്കാവിലെ കൽവിളക്കുകളിൽ ദീപം തെളിയിക്കുന്ന നാഗകന്യകൾ! കാറ്റിനെ പുശ്ചിക്കുന്ന സുവർണ്ണ ദീപങ്ങൾ..! ഹോമകുണ്ഡത്തിനു മുൻപിൽ പത്മാസനമിട്ടിരിക്കുന്ന രൂപമില്ലാരൂപം! കോട്ടയ്ക്കുമുകളിലുയർന്ന് ഫണം വിരുത്തിയാടുന്ന ശംഖശിരാവിന്റെ വിശ്വരൂപം ! ആവാഹനത്തിന്റെ മന്ത്രാക്ഷരങ്ങൾ വീണ്ടുമുണർന്നു. വരൂ...... വരൂ.......... ഇടിമുഴക്കത്തിന്റെ ഘോരശബ്ദങ്ങൾ ചക്രവാളങ്ങളിൽ പ്രതിദ്ധ്വനിച്ചു.
കൊട്ടാരം വിട്ട് പുറത്തുവന്നതെപ്പോഴാണ്..... ലായത്തിൽ തളച്ചിരുന്ന കുതിരപ്പുറത്തേറിയതെപ്പോഴാണ്? വനവീഥികളിലെത്തി കോട്ടയിലേക്ക് പ്രയാണമാരംഭിച്ചതെപ്പോഴാണ്.? ആവാഹന മന്ത്രത്തിന്റെ ആരോഹണാവരോഹണങ്ങളിൽ മന്ത്രബദ്ധനേപ്പോലെ, താനേ തുറന്ന കോട്ടവാതിൽ കടന്നതെപ്പോഴാണ്? ഗന്ധർവ്വ സംഗീതത്തിന്റെ മാസ്മരികതയിൽ ശംഖൂരിക്കാവിന്റെ തുറന്ന വാതിലിലൂടെ അഭൗമമായ പ്രഭാപൂരത്തിലേക്ക് നടന്നണഞ്ഞു. കാവിന്റെ കമാന വാതിലടഞ്ഞു. കരിമേഘങ്ങളുറഞ്ഞാടുന്ന നിശാംബരത്തിൽ ഉയർന്നലറുന്ന സർപ്പഫണത്തിൽ നിന്നും തീജ്വാലകൾ വമിച്ചു. ഘോരമായ ഒരിടിവെട്ടിൽ സമസ്ത പ്രപഞ്ചവും നിശ്ചലമായി.
?അകാലത്ത് വൃഷ്ടി.. കളത്തിലാടുന്ന പുള്ളുവപ്പെൺകൊടികൾ മിന്നലേറ്റു ബോധം കെടുക.... ഒന്നും അങ്ങട്ട് ദഹിക്കുന്നില്ലല്ലോ മേന്നേ..?
അഹിതം നടത്തിട്ട് മൂന്നുനാൾ കഴിഞ്ഞു. കാത്തിരിക്കുകയായിരുന്നു അഗ്നിഹോത്രികൾ വന്നെത്താൻ. വൈകിയാണെങ്കിലും ഇന്നലെ എത്തിച്ചേർന്നു എന്നറിഞ്ഞ് രാവിലെ ഓടിയെത്തിയതാണ്. അദ്ദേഹത്തിന്റെ നെറ്റിയിൽ ചിന്താരേഖകൾ തെളിഞ്ഞുനിന്നിരുന്നു. സാധാരണ എല്ലാക്കാര്യവും ഒരു പുഞ്ചിരിയോടെ അപഗ്രഥിച്ച് നിസ്സാരമാക്കിപ്പറയാറുള്ള തിരുമേനിയുടെ ഭാവമാറ്റം മനസ്സിലൊരു ഭീതിയായിപ്പടരുന്നു. വീണ്ടും ധ്യാനത്തിലമർന്ന അഗ്നിഹോത്രികൾ കൺതുറന്നത് ഏറെക്കഴിഞ്ഞാണ്. നിശ്ശബ്ദനായി കാത്തുനിന്നു.
?മകളുടെ നാള് ചിത്തിരയല്ലേ മേന്നേ....??.
?അതെ.... അങ്ങുതന്നല്ലേ ജാതകം കുറിച്ചുതന്നത് ?
?ഉം... കണക്കുകൂട്ടലുകൾ ശരിയാണ്. ശ്രീദേവിക്ക് അസാധാരണമായ സർപ്പഭയം കാണുന്നു. അതിന്റെയൊരു ആരോഹണ വേളയിലാണ് അഹിതം നടന്നത്. നടന്നതു നടന്നു. അതിനേപ്പറ്റി ഭയപ്പെടേണ്ട?.
?ഞാനെന്തു ചെയ്യട്ടെ തിരുമേനീ??
?എല്ലാത്തിനും വഴിയുണ്ടാകും. അടുത്തനാൾ വരൂ... ഒരു ഗരുഡയന്ത്രവും, മൃതസജ്ഞീവനീ യന്ത്രവും ഞാൻ തയ്യാറാക്കിത്തരാം. അത് വേണ്ടത്ര നേർച്ച കാഴ്ചകളോടെ ശ്രീക്കുട്ടിയെ ചാർത്തിക്ക്വ... എല്ലാം ശുഭമായ് വരും...ഉം...?
അദ്ദേഹത്തെ വന്ദിച്ച് തെല്ലൊരാശങ്കയോടെ പിന്തിരിഞ്ഞു. തിരുമേനി പിൻവിളി വിളിച്ചു.
?മോഹനാ..... വിഷമിയ്ക്കേണ്ട...... ഞാനില്ലേ??
ആ മുഖത്ത് വിടർന്ന പുഞ്ചിരി മനസ്സിനെ ആശ്വസിപ്പിച്ചു.
ലോണിലിരുന്ന് പ്രതാപുമായി ചെസ്സുകളിക്കുകയായിരുന്നു. സമർത്ഥമായ ഒരു നീക്കത്തിലൂടെ പ്രതാപ് തന്നെ അടിയറവ് പറയിച്ചപ്പോഴാണ് അച്ഛന്റെ കാറ് വന്നു നിന്നത്. പതിവിനു വിപരീതമായി അച്ഛൻ തങ്ങളുടെ അടുത്തേക്കാണ് വന്നത്. മുഖം ഗൗരവഭരിതമായിരുന്നു. ടേബിളിന്റെ പുറത്തേയ്ക്ക് അച്ഛൻ ഒന്നുരണ്ട് ഇംഗ്ളീഷ് മാഗസിനുകൾ എടുത്തിട്ടു. ദ വീക്ക്; ഇൻഡ്യാ ടുഡേ. മുഖമുയർത്തി അച്ഛനെ നോക്കി.
?എന്താ ഇതിന്റെയർത്ഥം? ? വിടർന്ന പേജിലൂടെ ഒന്നേ നോക്കിയുള്ളൂ. പ്രതാപിന്റെ ചിത്രം വാണ്ടഡ് എന്ന ടൈറ്റിലോടെ അതിലെല്ലാം നിറഞ്ഞു നിന്നിരുന്നു. മുഖം കുനിച്ചു.
?വക്കീലിനോട് കള്ളം പറയരുത?. അച്ഛന്റെ സ്റ്റേറ്റ്മെന്റ് കാര്യമാത്ര പ്രസക്തമായിരുന്നു.
?അച്ഛാ അത്..? വിശദീകരിക്കാൻ വാക്കുകൾക്ക് പരതുമ്പോൾ പ്രതാപ് എഴുന്നേറ്റു. ആ മുഖം ഗൗരവഭരിതമായിരുന്നു. രണ്ടുചാൽ നടന്നിട്ട് അയാൾ അച്ഛനെ അഭിമുഖീകരിച്ചു.
?ശരിയാണ്. ഇന്ത്യയിലെ എല്ലാ ഇൻവസ്റ്റിഗേഷൻ ഫോഴ്സും തേടിക്കൊണ്ടിരിക്കുന്ന, തലയ്ക്കു വില പറയപ്പെട്ട പ്രതിയാണ് ഞാൻ.... ആൾവാറിന്റെ കിരീടാവകാശിയായ ഞാൻ...? പ്രതാപിന്റെ ശബ്ദത്തിൽ കൈയ്പു നിറഞ്ഞിരുന്നു. അയാൾ തുടർന്നു.
?ഒരു കേന്ദ്രമന്ത്രിയുടെ മകനെയും അവന്റെ നാലു കൂട്ടാളികളെയും നിഷ്ഠൂരമായി കൊലചെയ്തതിന് നോൺ ബെയിലബിൾ വാറന്റ് ഇഷ്യൂ ചെയ്യപ്പെട്ട കുറ്റവാളി. ?ആകാംക്ഷ മൂടിക്കെട്ടിയ അച്ഛന്റെ മുഖത്തു നോക്കി സത്യംപറയുന്നവന്റെ ഉൾക്കരുത്തോടെ പ്രതാപ് തുടർന്നു.
?എന്തിനായിരുന്നൂ എന്നുകൂടി കേൾക്കണം. ശ്രീക്കുട്ടീടെ അത്രേം ഇല്ലായിരുന്നു എന്റെ കൊച്ചു പെങ്ങൾ പൂനം. അച്ഛനും അമ്മയും മരിച്ചു പോയ എന്റെ പാവം കുട്ടി. അവളെ പിച്ചിച്ചീന്തിക്കൊന്ന ബാസ്റ്റാർഡ്സിനെ എന്തുചെയ്യണമായിരുന്നു??
കനംതൂങ്ങിനിന്ന ചോദ്യത്തിന് അച്ഛന് ഉത്തരമില്ലായിരുന്നു. ആ മുഖത്ത് സഹതാപം നിറഞ്ഞിരിക്കുന്നതു കണ്ടു. സാന്ത്വനഭാവത്തിൽ അടുത്തുനിന്ന പ്രതാപിന്റെ തോളിൽ അച്ഛൻ കരം അർപ്പിച്ചു.
?ബ്ളാക്ക് ക്യാറ്റ്സിനും, എ.കെ 47നും നടുവിൽ സുരക്ഷിതനാണെന്ന് അവൻ കരുതി. പാർട്ടിയിലെ അതിശക്തനായ കേന്ദ്രക്യാബിനറ്റ് മന്ത്രിയായ അവന്റെ അച്ഛന്റെ സ്വാധീന വലയത്തിൽ,പോലീസും ജുഡീഷ്യറിപോലും ന്യായം നിഷേധിച്ചപ്പോൾ, ഏതൊരു ക്ഷത്രിയനെയും പോലെ ഞാൻ തീരുമാനിച്ചു അവന്റെ വിധി. ഒരു രാജ്യത്തിന്റെ ന്യായം കുറിച്ച വംശമാണെന്റേത് ?.
ആകാംക്ഷാ ഭരിതമായിരിക്കുന്ന അച്ഛന്റെ മുഖത്ത് സഹതാപത്തിന്റെ വ്യത്യാസം നിറയുന്നതറിഞ്ഞ് ആശ്വസിച്ചു. പ്രതാപിന്റെ കണ്ണുകൾ ജ്വലിച്ചു. സ്വതേ വീരരസം നടമാടുന്ന ആ മുഖത്ത് ക്ഷത്രിയ തേജസ്സിന്റെ ശോണവർണ്ണം പടർന്നു.
?ഞാൻ വിധിച്ച വിധി ഞാൻ തന്നെ നടപ്പാക്കി. നിർദ്ദാക്ഷിണ്യം അവരെ ഞാൻ വേട്ടയാടിക്കൊന്നു. തെരുവു നായ്ക്കളേപ്പോലെ...?
പ്രതാപിന്റെ നെഞ്ച് ഉയർന്നു താഴ്ന്നു. പ്രതിരോധിക്കാനാവാത്ത ഒരു ശക്തിയുടെ സാന്നിദ്ധ്യം ആ അംഗചലനങ്ങളിൽക്കണ്ടു.
?എനിക്ക് ലഭിക്കേണ്ടിയിരുന്ന സ്വത്തുക്കളും അവകാശങ്ങളും കൈയടക്കിയിരുന്ന എന്റെ ബന്ധുക്കൾ അതൊരവസരമായിക്കരുതി എന്നെ ഒറ്റുകൊടുത്തു. അത്രയും നാൾ ഞാൻ സഹായിച്ചവർപോലും തൊടുന്യായം പറഞ്ഞ് എന്നെ കയ്യൊഴിഞ്ഞു. ഓട്ടമായിരുന്നു പിന്നെ.. ഈ ഹരി... പണ്ടെന്നോ ആർക്കുവേണ്ടിയും ഞാൻ ചെയ്തുകൊടുക്കുമായിരുന്ന ഒരു സഹായത്തിന്റെ നന്ദിയായി എന്നെ ഇവിടെ വരെ എത്തിച്ചു. സുരക്ഷിതനായി?.
എല്ലാം പറഞ്ഞു തീർന്ന പ്രതാപിന്റെ മുഖം പെയ്തൊഴിഞ്ഞമാനം പോലെ ശുഭ്രമായി. നിസ്സംഗതയോടെ മാർക്കൈകെട്ടി നിന്ന അയാളെ തോളത്ത് തട്ടി അച്ഛൻ സാന്ത്വനിപ്പിച്ചു.
?പ്രിൻസ്, എത്രകാലം വേണമെങ്കിലും അങ്ങേയ്ക്കിവിടെ കഴിയാം. പക്ഷേ കേസിൽ നിന്ന് അനി ഊരുക അസാദ്ധ്യം തന്നെ. എന്താ ഇനി പ്ളാൻ.??
?ജെ.എൻ.യു വിലെ എന്റെ ഒരു ക്ളാസ് മേറ്റായ ശ്രീലങ്കൻ ഉണ്ടായിരുന്നു. തമിഴ്ശെൽവൻ. അയാൾ എൽ.ടി.ടി.ഇ യിൽ ചേർന്ന വിവരമറിഞ്ഞിരുന്നു. അവനെ ബന്ധപ്പെടാനായി. ശ്രീലങ്കയിലെത്തി അവിടെ നിന്ന് ക്യാനഡയ്ക്കു കടക്കാനായിരുന്നു പ്ളാൻ. പക്ഷേ എല്ലാം തകിടം മറിഞ്ഞു.ശ്രീലങ്കൻ സൈന്യം പുലികളെയും പുലിത്തലവൻ പ്രഭാകരനെയും വധിച്ചു.ആ മിഷനിൽ തമിഴ് ശെൽവനും കൊല്ലപ്പെട്ടു?.
പ്രതാപിൽ നിന്നും ദീർഘ നിശ്വാസമുതിർന്നു. അച്ഛൻ എന്തൊക്കെയോ ചിന്തകളോടെ ഒന്നു രണ്ടുവട്ടം ഉലാത്തി. പെട്ടെന്ന് അച്ഛന്റെ മുഖത്ത് സന്തോഷം നിറഞ്ഞു.
?ശ്രീലങ്കവരെ അങ്ങയെ എത്തിക്കാൻ എനിക്കാകും. മതിയോ?? പ്രതാപിന്റെ മുഖവും വിടർന്നു.
?മതി. അവിടെ നിന്നുള്ള കാര്യം എനിക്കു വിട്ടേക്കൂ... പക്ഷേ എങ്ങിനെ??.
?ഞാൻ രക്ഷിച്ചെടുത്ത ഒരിന്റർനാഷണൽ ക്രിമിനലുണ്ട്. മതിയഴകൻ. ജാഫ്നയിലേക്ക് വെടിക്കോപ്പുകൾ പാക്കിസ്ഥാനിൽ നിന്നും കടത്തിക്കൊടുക്കലും പകരം അവിടെ നിന്ന് നാർക്കോട്ടിക്സ് തിരിച്ചും.... അവൻ ചെയ്യാത്ത അഭ്യാസങ്ങളില്ല. ഇന്ത്യൻ തീരത്തു വന്നാൽ എന്നെ ബന്ധപ്പെടാതെ പോകില്ല?.
?ഇങ്ങിനെ ഒരാവശ്യം പറഞ്ഞാൽ......?
?ഞാൻ പറഞ്ഞാൽ ഒരു ലങ്കൻ വാർഷിപ്പ് വരെ അവൻ ഹൈജാക്ക് ചെയ്തുകൊണ്ടുവരും. അവൻ എത്തിച്ചേരട്ടെ. അല്ലെങ്കിൽ അവനെ ബന്ധപ്പെടാൻ വഴികളുണ്ട്. ടെൻഷനെല്ലാം എനിക്ക് വിട്ടേരെ.. അതുവരെ ഹാപ്പിയായി കഴിയ് ?. പ്രതാപ്ജിയുടെ മുഖത്ത് റീ ആഷ്വർ ചെയ്യുന്നതുമാതിരി ഒന്നു നോക്കിയിട്ട് അച്ഛൻ തുടർന്നു. ?സിറ്റി ഏരിയായിലൊന്നും അധികം കറങ്ങണ്ട. ഓക്കെ??
?ഓക്കെ...? പ്രതാപ് റിലാക്സുചെയ്ത മുഖത്തോടെ പുഞ്ചിരിച്ചു. തന്റെ മനസ്സും ഒത്തിരിനാൾ കൂടി ഫ്രീയായി. പ്രതാപിനെ എങ്ങിനെ സഹായിക്കണമെന്നൊരു രൂപവുമില്ലാതെ വിഷമിക്കുകയായിരുന്നു. അച്ഛനു നന്ദി.
ശംഖൂരിപ്പുഴയിറമ്പിൽ രണ്ടു മൂന്നു പ്രാവശ്യം വന്നിരുന്നു. തമ്പുരാൻ വന്നേയ്ക്കുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വിഫലമായി. ജാനകി തുണി നനച്ച് കുളിയും കഴിഞ്ഞ് പോയിരുന്നു. ഇനി ഇരുന്നിട്ട് കാര്യമില്ല എന്നുതോന്നി പോകാൻ എഴുന്നേറ്റപ്പോഴാണ് ഒന്നു കുളിയ്ക്കാൻ മോഹം തോന്നിയത്. ചുറ്റും ആരുമില്ല. മുങ്ങിയെഴുന്നേറ്റ് സോപ്പ് തേക്കാൻ പടവിലിരുന്നപ്പോഴാണ് നാലഞ്ചു ചെക്കന്മാർ ബഹളം വെച്ച് മണൽപ്പരപ്പിൽ വന്നിറങ്ങിയത്. തന്നെക്കണ്ടപ്പോൾ അവരുടെ ചിരിയും ബഹളവും വർദ്ധിച്ചു. കോലത്തിരിയുടെ മകൻ മനോജ് എല്ലാത്തിനും മുൻപിലുണ്ട്്. പലപ്പോഴും വളിച്ച കമന്റുകളുമായി തന്റെ പിറകേ നടന്നിട്ടുണ്ട് അവൻ.
വെള്ളത്തിലേക്കൂളിയിട്ടു. എഴുന്നേൽക്കാൻ വയ്യ. ഈ ഒറ്റച്ചേലയുടെ സുതാര്യതയിൽ ശരീരത്തിന്റെ നിമ്നോന്നതികൾ വ്യക്തമാകും. അവരുടെ കമന്റുകൾ കൂടി വരുന്നു. എഴുന്നേറ്റ് പോകാൻ വഴിയില്ലല്ലോ. ഈശ്വരാ.....
ഉത്തരമെന്നവണ്ണം കുളമ്പടികൾ മുഴങ്ങി. തമ്പുരാൻ! അദ്ദേഹം അടുത്തുവന്നിട്ടും അവരുടെ കമന്റുകൾക്കും തിമിർപ്പിനും കുറവേതുമില്ല. ഒറ്റനോട്ടത്തിൽ തന്റെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം കുതിരയെ നിർത്തി. ശാന്തമായ ആ ശബ്ദം കേട്ടു.
?മതി........... നിർത്തിക്കേ...?
?എന്തോ...?? കോറസ്സു പോലെ അവരുടെ ശബ്ദം മുഴങ്ങി. മനോജിന്റെ ശബ്ദമാണ് മുന്നിട്ടു നിന്നിരുന്നത്.
?സ്ഥലം കാലിയാക്കിക്കോ...?
?ഈയാള് ഏതുവ്വാ......... ഒരു കഴുതപ്പുറത്ത്..? ഒരുത്തന്റെ കമന്റിൽ എല്ലാവരും പൊട്ടിച്ചിരിച്ചു. തമ്പുരാൻ കുതിരപ്പുറത്തു നിന്നിറങ്ങി. അദ്ദേഹത്തെ അഭിമുഖീകരിക്കാനെന്നവണ്ണം അവരഞ്ചും മണൽത്തിട്ടയിൽ നിരന്നു. അടുത്ത ഒരു മിനിറ്റ് നേരത്തേയ്ക്ക് എന്താണ് നടന്നതെന്ന് ശരിക്കും മനസിലായില്ല. അങ്കം കഴിഞ്ഞപ്പോൾ ഏന്തിവലിഞ്ഞും ഓടിയും രക്ഷപ്പെടുന്ന ചെക്കന്മാരെയാണ് കണ്ടത്. മനോജ് പോകുന്നതിനിടയിൽ തിരിഞ്ഞുനിന്നു. ?തന്നെ ഞാനെടുത്തോളാം...? ഒരൊറ്റ അടി കൂടി അവന്റെ കരണത്തു പൊട്ടി. പിന്നെ അവൻ നിന്നില്ല. തമ്പുരാൻ കരുണാർദ്രമായി തന്നെ നോക്കി.
?ശ്രീക്കുട്ടീ.... തനിയെ ഇനി ഇവിടെ കുളിക്കാൻ വരരുത് കേട്ടോ. വേഗം പൊയ്ക്കോളൂ?.
വെള്ളത്തിൽ നിന്നും കരയ്ക്കുകയറി. തമ്പുരാന്റെ ദൃഷ്ടിയിൽ ഇച്ചേലിൽ നില്ക്കാൻ ഒരു വൈക്ളബ്യവും തോന്നിയില്ലല്ലോ എന്ന് മനസ്സ് പറഞ്ഞു. കരയ്ക്കു കയറി വസ്ത്രങ്ങൾ ദേഹത്തുപുതച്ചു. കരുണാർദ്രമായ ആ നോട്ടത്തിന് പകരം ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് താൻ തിരികെ നടന്നു. കുതിരക്കുളമ്പടിയൊച്ചകൾ കേട്ടപ്പോൾ തിരിഞ്ഞു നോക്കി. ശംഖൂരിപ്പുഴയോരത്തു കൂടി അകന്നു പോകുന്ന തമ്പുരാനെ ദൃഷ്ടിയിൽ നിന്നും മറയുന്നതുവരെ സഹർഷം നോക്കി നിന്നു.