v p rameshan
കാറിന്റെ തുറന്നു പിടിച്ച ഡോറിനടുത്തെത്തിയപ്പോൾ വി.സി. ചോദിച്ചു.
`ബാലകൃഷ്ണൻ ഇന്നുതന്നെ മടങ്ങുകയല്ലേ?`
`ഇല്ല സർ. ഞാൻ നാളെ രാവിലെത്തെ ട്രെയിനിന് വരും. നാളെ ട്രാൻസിറ്റാണല്ലോ? മറ്റന്നാൾ റിപ്പോർട്ട് ചെയ്യാം.`
“ശരി പേപ്പേഴ്സ് എല്ലാം എടുത്തോളണം. ഞാൻ സി.പി. സത്രത്തിൽ കയറി സൂട്ട്കേസ് എടുത്ത് ഭക്ഷണവും കഴിഞ്ഞേ മടങ്ങു.” വി.സി. കാറിലേക്കു കയറി. കാർ നീങ്ങിത്തുടങ്ങി.സെക്രട്ടറിയേറ്റിന്റെ ഗേറ്റു കടന്ന് പുറത്ത് കടന്നു. തമ്പാനൂരെത്തി നേരെ ഭാസ്ക്കരഭവനിലേക്ക് നടന്നു. മുറിയിൽ ചെന്നപാടെ കിടക്കാനാണ് തോന്നിയത്. കട്ടിലിൽ കിടന്നുതന്നെ ബെല്ലമർത്തി. കുറച്ചു കഴിഞ്ഞപ്പോൾ ആൾ വന്നു. ഊണു കൊണ്ടുവരാൻ പറഞ്ഞു. പതുക്കെ മയങ്ങിയപ്പോൾ വെയിറ്റർ ഊണു കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചു. ഊണു കഴിച്ചപ്പോൾ ഉറക്കം പോയി. ഏതായാലും ഓണക്കാലമല്ലേ. ആദ്യം മ്യൂസിയം ഒന്നു ചുറ്റണം. പിന്നെ ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണാശ്രമത്തിലൊന്നു പോകണം. അവിടെ ഭജന ഒരനുഭവമാണ്. അതിലൊന്നു ലയിക്കണം.
മ്യൂസിയത്തിൽ കയറി വന്നപ്പോഴേയ്ക്കും സമയം അഞ്ചായിരിക്കുന്നു. നേരെ ശാസ്തമംഗലത്തേയ്ക്ക് നടക്കുമ്പോൾ ജംഗ്ഷനിൽ സിഗ്നൽ കാത്ത് വണ്ടികൾ. പെട്ടെന്നാണ് ഒരു ബൈക്കിന്റെ പിറകിൽ സ്വപുരുഷന്റെ തോളിൽ കൈവച്ച് ഒരു പെൺകുട്ടി തന്നെ നോക്കി ചിരിക്കുന്നു. ആദ്യം മനസ്സിലായില്ല. ഒന്നുകൂടി അടുത്തപ്പോൾ മനസ്സിലൊരത്ഭുതവും അമ്പരപ്പും. അതേ. ബാലകൃഷ്ണന്റെ പ്രഭാവതി തന്നെ! അടുത്തേയ്ക്ക് ചെല്ലുമ്പോൾ പച്ച സിഗ്നലായി. വണ്ടികൾ നീങ്ങിത്തുടങ്ങി. പ്രഭാവതി അപ്പോഴും ചിരിക്കുന്നു. പ്രഭയോടെ.
ഒരു ഗ്രീഷ്മജ്വാലയിൽ കത്തുവാനോ ഒരു പെരുമഴയിൽ ഒലിച്ചു പോവാനോ തയ്യാറല്ലാത്ത ഓർമ്മകൾ ഉണരുകയാണ്.
നഗരത്തിലെ കോളേജിൽ അടിച്ചു പൊളിച്ചതിന്റെ ശിക്ഷയായി കിഴക്ക് മലമുകളിലെ കോൺട്രാക്ടറുടെ കോളേജിൽ ബിരുദപഠനം തുടങ്ങിയ കാലം ബാലകൃഷ്ണൻ ഓർത്തു. അന്ന് പ്രഭാവതി പ്രീഡിഗ്രി രണ്ടാം വർഷമായിരുന്നു. പിറ്റേവർഷം ബാലകൃഷ്ണന്റെ വിഷയമായ മാത്തമാറ്റിക്സിന് തന്നെ പ്രഭാവതി ചേർന്നു. കിഴക്കേ കോട്ടയിൽ നിന്നും ട്രാൻസ്പോർട്ട് ബസ്സിൽ ഒരുമിച്ചായിരുന്നു യാത്ര. കാണുന്ന നാൾ മുതൽ രണ്ടുപേരും പരസ്പരം ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. പിന്നെ പിന്നെ അതൊരുപുഞ്ചിരിയിലേയ്ക്ക് വളർന്നു.
ദിവസവും വൈകിട്ട് കോളേജ് ബസ്സ് കിഴക്കേ കോട്ടയിൽ നിർത്തുമ്പോൾ ബാലകൃഷ്ണനും പ്രഭാവതിയും ഒന്നിച്ചു നടക്കും. സംസാരിക്കുന്നത് സംശയനിവർത്തിയ്ക്കാണ്. കോമ്പ്ളക്സ് വേരിയബിൾസ്, അനാലിസിസ്, ടോപ്പോളജി, അനലിറ്റിക്കൽ ജോമട്രി എന്നിങ്ങനെ വിഷയങ്ങൾ നീളും. അഞ്ചുവിളക്ക് കവലയിൽ എത്തുമ്പോൾ പ്രഭാവതി പടിഞ്ഞാറോട്ടും ബാലകൃഷ്ണൻ വടക്കോട്ടും തിരിയും.
പ്രഭാവതി താമസിച്ചിരുന്നത് സ്റ്റാച്യു ജംഗ്ഷനടുത്തുള്ള കുതിരാലയത്തിന്റെ വടക്കുവശത്തുള്ള ഓടിട്ട എ.ആർ.പോലീസ് ക്വാർട്ടേഴ്സിലാണ്. അവളുടെ അച്ഛൻ ഹിൽപാലസ്സിലെ ആംഡ്-റിസർവ്വ് പോലീസാണ്.
ബിരുദപഠനം കഴിഞ്ഞപ്പോൾ ദിവസവും രാവിലെ ഏഴിന് ബാലകൃഷ്ണൻ സ്റ്റാച്യു ജംഗ്ഷനടുത്തുള്ള കരുണ ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോവുമായിരുന്നു. നിറയെ കാട്ടുതാളുകൾ പിടിച്ച എ.ആർ.ക്വാർട്ടേഴ്സിന്റെ വടക്കേയറ്റത്തെ മുഷിഞ്ഞ തേപ്പ് പൊടിഞ്ഞുപോയ വീട്ടിലേയ്ക്ക് കണ്ണുപായിക്കുമ്പോൾ പ്രഭാവതി ബാലകൃഷ്ണനെ പ്രതീക്ഷിച്ചു നിൽക്കുന്നുണ്ടാവും. പ്രഭാവതിയുടെ നില്പ് അവളുടെ അമ്മ കണ്ടുപിടിച്ചു. അതിന്റെ കാരണവും മനസ്സിലാക്കി. ഒരിക്കൽ പ്രഭാവതിക്കു പകരം അമ്മ ഒരു ചിരിയുമായി നിൽക്കുന്നു.ബാലകൃഷ്ണന് ആ ചിരിയുടെ അർത്ഥം മനസ്സിലായി. സ്വാഗതം എന്നായിരുന്നു അതിന്റെ പൊരുൾ.
വൈകുന്നേരങ്ങളിൽ പരീക്ഷിത്തു തമ്പുരാന്റെ പ്രതിമയ്ക്കു ചുറ്റും ദീർഘചതുരാകൃതിയിൽ കെട്ടിയിട്ടുള്ള ബലമുള്ള കമ്പിവേലിയിൽ പിടിച്ച് തൊഴിൽരഹിതർ നിൽക്കും. കൂടെ ബാലകൃഷ്ണൻ ഉണ്ടാവും. സുന്ദരൻ വരുംവരെ.
“ഈ കമ്പിവേലിയിൽ പിടിച്ചു നിൽക്കുന്നവനൊന്നും ഗുണം പിടിയ്ക്കില്ല ബാലാ.“ ഒരിക്കൽ സുന്ദരൻ പറഞ്ഞു.
രണ്ടുപേരും രാജവീഥിയിലൂടെ നടക്കുമ്പോൾ വലിയമ്പലത്തിൽ പോയി മടങ്ങുന്ന പ്രഭാവതി കൈയിൽ പ്രസാദവുമായി വരുന്നത് കാണും.
ഇതിനിടെ ബാലകൃഷ്ണന് യൂണിവേഴ്സിറ്റിയിൽ നിയമനമായി. കൊച്ചി മഹാരാജാവിന്റെ ആസ്ഥാനമായ കനകകുന്നിലാണ് യൂണിവേഴ്സിറ്റി. പ്രഭാവതിയോട് പറഞ്ഞപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ഒരാഴ്ച കഴിഞ്ഞ് വൈകുന്നേരം സ്റ്റാച്യു ജംഗ്ഷനിലെ കലുങ്കിൽ സുന്ദരനെ കാത്തിരിക്കുമ്പോൾ അടുത്ത് പ്രഭാവതി വന്നു നിൽക്കുന്നു. കയ്യിലിരുന്ന ഇലയിലെ പ്രസാദം നീട്ടി. വലിയമ്പലത്തിലേതാണ്. പ്രസാദം കൈകൊണ്ടെടുത്ത് തരുമ്പോൾ ബാലകൃഷ്ണൻ അത് വായിലിട്ട് നുണഞ്ഞു. ചൂണ്ടുവിരലിൽ ചന്ദനമെടുത്തു നീട്ടുമ്പോൾ ബാലകൃഷ്ണൻ പറഞ്ഞു.
”വേണ്ട. ഇതു തേച്ചു നടന്നാൽ അമ്പലത്തിൽ അങ്ങിനെ പോവാത്ത എനിക്ക് ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരും. സുന്ദരൻ പ്രത്യേകിച്ചു ചോദിക്കും.“
നേരം ഇരുട്ടി വരുന്നു. ആളുകൾ നിരത്തു നിറയെ ഉണ്ട്.
”ആ കരിങ്ങാട്ട മരത്തിന്റെ ചുവടിലേയ്ക്കൊന്നു വരുമോ ബാലു“ പ്രഭ പറയുമ്പോൾ ബാലു അനുസരിക്കുകയായിരുന്നു. രണ്ടുപേരും പ്രഭയും ബാലുവുമായി വിളിച്ചു തുടങ്ങുമ്പോൾ സ്വാതന്ത്ര്യമേറിയിരുന്നു. കരിങ്ങാട്ടമരചുവട്ടിലെ ഇരുട്ടിൽ അവൾ അവന്റെ നെറ്റിയിൽ ചന്ദനം തൊട്ടു.
”ഞാൻ ബാലുവിന്റെ പേരിൽ കഴിച്ച പുഷ്പാഞ്ജലിയാണ്“.
”അതിന് എന്റെ നാളറിയില്ലല്ലോ“ ബാലു പറയുമ്പോൾ പ്രഭ പറഞ്ഞു.
”എനിക്കറിയാം. വായിക്കാൻ തന്ന പുസ്തകത്തിൽ ബാലുവിന്റെ തലക്കുറിയുണ്ടായിരുന്നു.“
പ്രഭ ബാലകൃഷ്ണന്റെ മനസ്സിലും ബാലു പ്രഭാവതിയുടെ മനസ്സിലും നിറഞ്ഞു നിൽക്കുന്ന സന്ധ്യകളിൽ തിരുവനന്തപുരത്തുകാരിയായ പെണ്ണിന് ഒത്തിരി മോഹങ്ങൾ മുളപൊട്ടുകയായിരുന്നു.
കലുങ്കിലിരിയ്ക്കുന്നത് ചീത്തയാളുകളാണെന്നു പറഞ്ഞ് പ്രഭ ബാലകൃഷ്ണന്റെ വൈകുന്നേരങ്ങളിലെ ഇരിപ്പ് കുതിരാലയത്തിനു പിറകിലെ ചരൽകുന്നുകളിലാക്കി. അതിനു മുൻപിലൂടെ പോവുന്ന റോഡിലൂടെയായിരുന്നു പ്രഭയുടെ ക്വാർട്ടേഴ്സിലേയ്ക്ക് പോവേണ്ടിയിരുന്നത്.
ഒരു ഡിസംബറിന്റെ തണുപ്പു വീഴാൻ തുടങ്ങുന്ന സന്ധ്യയിൽ സുന്ദരനുമായി ചരൽ കൂനയിലിരിക്കുമ്പോൾ പതിവ് ക്ഷേത്രദർശനം കഴിഞ്ഞ് പ്രഭ വരുന്നു. നോക്കുന്നില്ല. സുന്ദരനുണ്ടായതുകൊണ്ടാണ്. കുറച്ചു ദൂരം നടന്ന് പ്രഭ തിരിഞ്ഞു നിന്നു. എല്ലാമറിയാമായിരുന്ന സുന്ദരൻ പറഞ്ഞു. “ചെല്ലെടാ, എന്തോ പറയാനുണ്ട്.” കണ്ണുകാണിച്ച പ്രഭയ്ക്കരികിലേയ്ക്ക്, നിലാവ് നിഴൽ വീഴ്ത്തിയ കരിങ്ങാട്ട മരചുവടിലേയ്ക്ക് ചെല്ലുമ്പോൾ പ്രഭയുടെ മുഖം മങ്ങിയിരുന്നു.
“ബാലു നമ്മൾ രണ്ടുപേരും ഇത്രയും കാലം ഒന്നും പരസ്പരം പറഞ്ഞില്ല. എന്നാൽ നമ്മുടെ ഉള്ളിൽ നടക്കുന്നത് നമ്മൾ രണ്ടുപേരും അറിഞ്ഞു. എനിയ്ക്കും ഒന്നും ആരോടും പറയാൻ കഴിഞ്ഞില്ല. എല്ലാം പെട്ടെന്നായിരുന്നു. എന്റെ വിവാഹമാണ്. എന്റെ അമ്മാവന്റെ മകനാണ്. അതുകൊണ്ട് ചടങ്ങുകളൊന്നുമുണ്ടായില്ല. അമ്മയ്ക്കെല്ലാമറിയാം. അച്ഛനോട് പറയാൻ ഭയമാണ്. റിസർവിൽ എസ്.ഐ ആയ മരുമകൻ തന്നെ മകളെ ഭാര്യയാക്കണമെന്ന് അച്ഛന്റെ നിശ്ചയമാണ്. ഇറങ്ങി വന്നാൽ ബാലുവിന് വിഷമമാവുമെന്നെനിക്കറിയാം. ഞാനെന്തു ചെയ്യണം ബാലു”.
അവൾ കരഞ്ഞു തുടങ്ങിയിരുന്നു. ബാലു വല്ലാതെ നിൽകുകയാണ്. എന്തു ചെയ്യണമെന്നറിയില്ല. പ്രഭ സാരി തലപ്പിനു മുഖം തുടച്ച് മറുപടിയ്ക്കു നിൽക്കാതെ നീങ്ങുമ്പോൾ മനസ്സു തേങ്ങുന്നത് ബാലുവിന് കേൾക്കാമായിരുന്നു.
വൈകുന്നേരങ്ങളിലെ സ്റ്റാച്യുവിലെത്തുവാനുള്ള ഉത്സാഹം ബാലുവിനുണ്ടായില്ല. ഓഫീസിൽ ചടഞ്ഞിരുന്നു പണിയെടുക്കുമ്പോൾ തപാലിൽ ഒരു കത്തുവന്നു. അത് പ്രഭയുടേതായിരുന്നു. അടുത്തയാഴ്ച അവൾ പോവുകയാണ്. ഇനി വരില്ല.
പിന്നെ വർഷങ്ങൾക്കുശേഷം ഇന്ന് ബാലകൃഷ്ണൻ അവന്റെ മാത്രമായിരുന്ന പ്രഭയെ കാണുന്നത്. മനസ്സാലെ മുഷിഞ്ഞിരിക്കുന്നു. പ്രസന്നത പോയി. ഏതായാലും വൈകുംമുമ്പ് പുത്തിരിക്കണ്ടത്ത് പോകണം. ഓണം ഫെയറുണ്ട്. കുറച്ച് പർച്ചേയ്സ് നടത്തിക്കളയാം. ബാലകൃഷ്ണൻ പുത്തിരിക്കണ്ടത്തു നിന്നിറങ്ങുമ്പോൾ പുറത്ത് ഒരു ബൈക്കിനു കാവലായി നിൽക്കുന്നു പ്രഭ. വിടർന്ന ചിരിയുമായി.
ഒന്നറച്ച ബാലകൃഷ്ണനെ അവൾ കൈവീശി വിളിച്ചു. അടുത്തു ചെല്ലുമ്പോൾ അവൾ പറഞ്ഞു. “ഞാൻ പഴവങ്ങാടിയിൽ തേങ്ങയെറിഞ്ഞു പ്രാർത്ഥിച്ചു. എന്റെ ബാലുവിനെ ഒന്നുകൂടി കാണാൻ ഇടവരുത്തണേ ഭഗവാനേന്ന്.“
അവളാദ്യം തിരക്കിയത് ബാലകൃഷ്ണന്റെ കുടുംബത്തെക്കുറിച്ചാണ്. അങ്ങിനെയൊന്ന് ഇല്ലെന്നു പറയുമ്പോൾ അവൾ അത്ഭുതപ്പെട്ടു.
”വയസ്സ് മുപ്പത്തി മൂന്നായില്ലേ ബാലു. സമയം പോവുകയാണ്.“ അതിന് ബാലകൃഷ്ണൻ മറുപടി പറഞ്ഞില്ല. പോവാൻ തിരക്കുകൂട്ടിയപ്പോൾ അവൾ പറഞ്ഞു. ”പോവല്ലേ. പുള്ളിക്കാരൻ വന്നിട്ടു പോകാം. ഞാനെല്ലാം പറഞ്ഞിട്ടുണ്ട്.“
സമയം കടന്നുപോകുന്നു. എന്റെ മുഖത്തെ അക്ഷമ കണ്ടവൾ ചോദിച്ചു.
”വലിയമ്പലത്തിൽ പോവാറുണ്ടോ.“
”ഉം. പോവാറുണ്ട്. ഭഗവാന്റെ മുൻപിൽ കൈകൂപ്പി നിൽക്കുമ്പോൾ എന്റെ പ്രഭയുമുണ്ടെന്ന് സങ്കല്പിക്കും. പ്രഭ പറഞ്ഞതൊക്കെ ഞാനും പറയുന്നു ദൈവസന്നിധിയിൽ.“ അവൾ നെടുവീർപ്പിടുന്നുണ്ടായിരുന്നു.
വീണ്ടും ഒന്നും മിണ്ടാതെ പരസ്പരം കണ്ണുകളിൽ നോക്കി നിന്നപ്പോൾ പഴയകാലങ്ങൾ മനസ്സിൽ നടന്നു പോവുന്നു. പരിചയഭാവത്തിൽ തന്നെ രാധാകൃഷ്ണൻ നായർ കൈനീട്ടുമ്പോൾ യാന്ത്രികമായി ബാലകൃഷ്ണനും ആ കരം ഗ്രഹിച്ചു. പിരിയാൻ നേരം രാധാകൃഷ്ണൻ നായർ പറഞ്ഞു.
“ബാലകൃഷ്ണൻ, എന്റെ ഭാര്യ മഞ്ഞുതുള്ളിപോലെ വിശുദ്ധയാണ്. `ഫിഡലിറ്റി`യുടെ കാര്യത്തിൽ അവൾ സീതയേയും, ശീലവതിയേയും, സാവിത്രിയേയും തോൽപ്പിക്കും. പക്ഷേ ഇവളുടെ ചങ്കിനകത്ത് ഒരു പ്രണയപ്പാൽകടലുണ്ട്. അതിന്റെ ഇരമ്പൽ രാത്രിയിലെ യാമങ്ങളിൽ ഇവളുടെ ദീർഘനിശ്വാസങ്ങളിൽ ഞാൻ കേൾക്കാറുണ്ട്. തലതല്ലി കരയുന്ന ആ തിരകളുടെ വിളി തനിയ്ക്കുള്ളതാണ്. ബാലകൃഷ്ണൻ, തനിയ്ക്കീ തങ്കത്തെ എങ്ങിനെയാണ് കൈമോശം വന്നത്? ഈ ജന്മം ഇവൾ എന്റേതാണ്. അടുത്ത ജന്മം താൻ `റിസർവ്വ്` ചെയ്തോളൂ.
`ആശിപ്പതൊന്നു, വരുവതൊന്നു, നരജീവിതമെത്ര നിസ്സാരം` എന്ന് ബാലകൃഷ്ണൻ പറയുമ്പോൾ രാധാകൃഷ്ണൻ നായർ പറഞ്ഞു. ”അതൊക്കെ തോൽക്കുന്നവരുടെ വേദാന്തങ്ങളാണ്“. രാധാകൃഷ്ണൻ നായർ അങ്ങിനെ പറയുമ്പോൾ വിശ്വസിക്കാനാവാതെ പ്രഭയും ബാലുവും പരസ്പരം നോക്കി. അവളുടെ മുഖം നനയുന്നുണ്ടായിരുന്നു. സാരിതലപ്പുകൊണ്ട് മുഖം തുടച്ചവൾ പിൻസീറ്റിലേക്ക് കയറുമ്പോൾ രാധാകൃഷ്ണൻ നായർ ഒന്നുകൂടി കരം ഗ്രഹിച്ചു പറഞ്ഞു. `ഒരിക്കൽ വീട്ടിൽ വരണം. ഞാനെഴുതാം.`
ബൈക്ക് സ്റ്റാർട്ടാക്കി അവർ നീങ്ങുമ്പോൾ പ്രഭ തിരിഞ്ഞു നോക്കി. മുഖത്ത് ചിരിയുണ്ടായിരുന്നു. മഴ കഴിഞ്ഞ് ഈറനായ നിലാവുപോലെ. പ്രഭയെന്ന പ്രഭാവതിയുടെ പ്രഭയാർന്ന മുഖം മനസ്സിൽ നിറയുമ്പോൾ ബാലകൃഷ്ണന് രാധാകൃഷ്ണൻ നായരെക്കുറിച്ചുള്ള മതിപ്പ് ഇരട്ടിയ്ക്കുകയായിരുന്നു.