fakrudheen kotungnalluur
പുലർച്ച.
നിർത്താതെയുള്ള ടെലിഫോൺ ബെൽ ഉറക്കം മുറിച്ചു.
നീരസമൊതുക്കി ഫോണെടുത്ത് വന്ദനം പറഞ്ഞു.
അങ്ങേത്തലക്കൽ ഡോക്ടർ സാം.
“രവി, ദീപുവിന് സ്വല്പം....”ഡോക്ടറുടെ വാക്കുകളിൽ പരിഭ്രമം.
“ഡോക്ടർ!....`
”എന്താണ് പറ്റിയതെന്നറിയില്ല. പിന്നെ....ആ...ഇന്നലെ ഒരു വിസിറ്ററുണ്ടായിരുന്നു. ഒരു ശ്യാമള. മിസ്സിസ്സ് ശ്യാമള രവീന്ദ്രൻ. അവർ വന്നുപോയതിനുശേഷമാണ്....“
ഡോക്ടർ സാം പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മിസ്സിസ്സ് ശ്യാമള രവീന്ദ്രൻ എന്നതിലെ ഔചിത്യമില്ലായ്മയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഉടനെ ചെയ്യാമെന്ന് യാന്ത്രികമായി പറഞ്ഞ് ഫോൺ വച്ചു.
മനസ്സിലുണ്ട്, ഡോക്ടറോടു പറയാമായിരുന്നു:
`ഡോക്ടർ, ശ്യാമള എന്നാൽ എന്റെ ഭാര്യയാണ്, ഔദ്യോഗികമായി ബന്ധം വേർപെടുത്താത്ത മറുപാതി. രവീന്ദ്രൻ എന്നാൽ നിങ്ങൾ രവിയെന്നു വിളിക്കുന്ന ഈ ഞാൻ തന്നെയാണ്.
`ഞാനൊഴികെ മറ്റാരെയും ദീപുവിനെ സന്ദർശിക്കാൻ അനുവദിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നതല്ലേ?`
ഡോക്ടർ ചിലപ്പോൾ മറുപടി പറയുമായിരിക്കും, `ആ സ്ത്രീ ഇങ്ങനെ...ഞാൻ ദീപുവിന്റെ അമ്മയാണ്. എനിക്കവനെ കണ്ടേതീരു...എന്നൊക്കെ....`
`നോാാ, ദീപുവിന് അമ്മയില്ല. അച്ഛനേയുള്ളു അവന്. രവി, രവിയാണ് അവന്റെച്ഛൻ`
രംഗങ്ങൾ മനസ്സിലിട്ട് മുറുക്കി വലിക്കുക പഴയ സ്വഭാവങ്ങളുടെ കൂട്ടത്തിൽപെട്ടതാണ്. എതിരാളിയുമായി യുദ്ധം തന്നെ നടത്തും. നേരിൽ തികഞ്ഞ നിർവ്വികാരതയും ഡോക്ടറെ കാണുമ്പോഴും സംഭവിക്കുക മറിച്ചായിരിക്കില്ല.
ഇത് വരണ്ട മരുഭൂമികൾ പകർന്നുതന്നതാണ്. പ്രസവത്തിനും എത്രയോ മുമ്പ് മനസ്സൊരു മണൽക്കാടാവാൻ തുടങ്ങിയിരുന്നു. പ്രവാസം അതിന്റെ വളർച്ച സഹാറയെക്കാൾ വർദ്ധിപ്പിച്ചു. അതുമായി മടങ്ങിപ്പോന്നു. വലിയ സമ്പാദ്യം.
പാതിരാവോളം കൂട്ടിനുണ്ടായിരുന്ന ബ്ളുലേബലിന്റെ അടിയിൽ കുറച്ചു കാഷ്യു നട്സും ലെമൺ പിക്കിളുമെല്ലാം ടീപ്പോയിൽ ചിതറിക്കിടക്കുന്നു.
ഇതുകൂടി വായിലേക്കൊഴിച്ച് ഷവറിനടിയിൽപ്പോയി നിൽക്കാം...ഇല്ല, അതിനുമുമ്പ് സുനിലിനോട് ഇന്ന് വരണ്ടെന്ന് വിളിച്ചുപറയാം....നമ്പർ?.....ആ....തനിയെ ഡ്രൈവുചെയ്തു പോകാം. മിസ്സിസ്സ് ശ്യാമള രവീന്ദ്രനെ വിളിച്ചുപറയണോ?
“നീ ദീപുവിനെ കാണാൻ പോയിരുന്നല്ലേ? ദാ ഞാനിപ്പോൾ ഇറങ്ങുകയാ വരുന്നോ നീ? രണ്ടുപേരെയും ഒരുമിച്ചു കാണുമ്പോൾ എന്തായിരിക്കും അവന്റെ പ്രതികരണമെന്നറിയാമല്ലോ.`
അവൾ ചിരിയ്ക്കുമായിരിക്കും. ചിരിച്ചുകൊണ്ടു പറയുമായിരിക്കും. ”നിങ്ങളുടെ മകനെ കാണാൻ എന്നെ എന്തിനു വിളിക്കുന്നു?... എന്റെ മകനെ ഞാൻ പോയിക്കണ്ടോളാം.
“അതെ ശ്യാമ, നീയിന്നലെ പോയി കണ്ടതുകൊണ്ട് അവനിപ്പോൾ അസുഖം കൂടിയിരിക്കുന്നു...ആട്ടെ, അവൻ ആരുടെ പ്രതിരൂപമാണ്, എന്റെയോ നിന്റെയോ? നമ്മിൽ ക്രൂരത കൂടുതൽ ആർക്ക്?-
`ചെറുപ്പത്തിൽ ഞാൻ നന്നായി ചിത്രം വരയ്ക്കുമായിരുന്നു. പക്ഷേ, പൂവരയ്ക്കാനറിയാമായിരുന്നില്ല. കിളികളെ വരയ്ക്കാനറിയാമായിരുന്നില്ല. അതേസമയം, വന്യമൃഗങ്ങളെ, രക്തമിറ്റുന്ന കോമ്പല്ലുകളെ, പേടിച്ചുവിറച്ചു നിൽക്കുന്ന മുയൽക്കുഞ്ഞിനെ ഒക്കെ വരച്ചു-
”സ്റ്റഡിറൂമിൽനിന്ന്, ഞാൻ രഹസ്യമായി സൂക്ഷിച്ചിരുന്ന ചിത്രങ്ങളത്രയും എടുത്തു കത്തിച്ചു കളഞ്ഞു മൈ ഗ്രേറ്റ് ഫാദർ, റിട്ട.ക്യാപ്റ്റൻ മാധവമേനോൻ. ദിവസത്തിൽ ഒന്നോ രണ്ടോ വട്ടം മാധവമേനോന് എന്നെയോ അമ്മയെയോ ബെൽറ്റുകൊണ്ടടിക്കണമായിരുന്നു. തമാശക്കഥപോലെ തോന്നുന്നുണ്ടോ? ഓ...ഇതെല്ലാം `മധുവിധു`നാളിൽ ഞാൻ നിന്നോടു പറഞ്ഞതാണല്ലോ. അപ്പോൾ എന്താണ് നീ പറഞ്ഞത്?....`പട്ടാളക്കാരായ അച്ഛന്റെ പീഡനങ്ങൾ ഞാനൊരുപാടു സിനിമകളിൽ കണ്ടിട്ടുണ്ട്. മകന്റെ മുന്നിൽവച്ച് അമ്മയെ തൊഴിച്ചുകൊന്ന അച്ഛനെ കുറെ കഥകളിൽ വായിച്ചിട്ടുണ്ട്. പിന്നീട് പ്രതികാരദാഹിയായി മാറുന്ന മകന്റെയും.` എന്നായിരുന്നില്ലേ?-
`പക്ഷേ, ശ്യാമ, ഇത് സിനിമയോ കഥയോ അല്ല.`
`അല്ലായിരിക്കാം. നമുക്കിടയിൽ ഇതൊന്നും വേണ്ടാ, നമ്മുടെ ജീവിതം മതി. സിറ്റിയിൽ ഒരുപാടു പണം വേണ്ട ജീവിക്കാൻ. പഴയതൊക്കെ ആലോചിച്ച് മനസ്സ് പുണ്ണാക്കാതെ, നിരാശയിൽ വീഴാതെ, നമുക്കു മുന്നോട്ടു പോകാം. എന്തായാലും ഈ സ്വത്തൊക്കെ രവിക്കുള്ളതല്ലെ. അവനോടിനിയും വിരോധം വെച്ചുകൊണ്ടിരുന്നാൽ ആ നഷ്ടവും രവിക്കുതന്നെ. നോക്ക്, നമുക്ക് അച്ഛനെ വിളിക്കാം. ഇവിടെ താമസിക്കാം.
സമ്മതിച്ചുകൊടുത്തു അമ്മയുടെ ദൈന്യമുഖം ഓർത്തുകൊണ്ടുതന്നെ. നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തേങ്ങിപ്പോയി. `തൂങ്ങിക്കിടക്കുന്ന അമ്മ` ഒരു സിനിമാരംഗമല്ല.
ചില ജീവിതാനുഭവങ്ങൾ അങ്ങനെയാണ്. കഥയെക്കാൾ അവിശ്വസനീയമായിരിക്കെ.
പക്ഷേ, ശ്യാമ, ഞാൻ പട്ടാളക്കാരനല്ലല്ലോ, ദീപുവിനെ ഞാൻ...? പിന്നെങ്ങനെ അവൻ.
`കൂടിയ അക്രമവാസന, കടുത്ത വൈരാഗ്യമനോഭാവം, തീവ്രമായ നൈരാശ്യചിന്ത. കടുത്ത മാനസികാഘാതമാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. പക്ഷേ, എത്ര ശ്രമിച്ചിട്ടും അതിന്റെ കാരണം മനസ്സിലാക്കുവാൻ കഴിയുന്നില്ല`-ഡോക്ടർമാരുടെ കേസ്ഷീറ്റാണ്.
ഡോക്ടർമാരുടെ സ്റ്റഡിമെറ്റീരിയലാകുന്നു എന്റെ മകൻ!
`എന്നു മുതലാണ് മകൻ മയക്കുമരുന്ന് ഉപയോഗിച്ചുതുടങ്ങിയതെന്നു പറയാമോ?` അവന്റെ കൈമേലുള്ള എണ്ണമറ്റ സൂചിപ്പാടുകൾ നോക്കിക്കൊണ്ട് ഡോക്ടർ ചോദിക്കുന്നു.
`അറിയില്ല ഡോക്ടർ, നാടു നഷ്ടപ്പെട്ട പ്രവാസിക്ക് ഒന്നും അറിയാൻ കഴിയില്ല. ശരിയായ അർത്ഥത്തിൽ ഭാര്യയെക്കുറിച്ചോ മക്കളെക്കുറിച്ചോ പോലും.`
`മകനെന്തായിരുന്നു കുറവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ മിസ്റ്റർ രവി മനസ്സിലിരുന്ന് ഡോക്ടർ തുടർന്നു ചോദിക്കുകയാണ്.
അതെ, എന്താണ് കുറഞ്ഞുപോയത്?...പ്രത്യക്ഷത്തിൽ ഒന്നുമില്ല...പക്ഷേ, എന്തെല്ലാമോ....എന്തൊക്കെയോ?
നാട്ടിൽനിന്നു വരുന്ന ഫോൺകോളുകളിൽ, കത്തുകളിൽ ഒക്കെ ദീപുവിനെക്കുറിച്ച്.....! ക്രിക്കറ്റു ബാറ്റുകൊണ്ട് സഹപാഠിയുടെ തലയ്ക്കടിച്ചു, കൂടെപഠിക്കുന്ന പെൺകുട്ടിയെ കയറിപ്പിടിച്ചു, ഏറ്റവുമൊടുക്കം കൊലപാതകത്തോളമെത്താവുന്ന ഒരു കേസിൽ പ്രതിയുമായി.
എവിടെയാണ് കുറഞ്ഞുപോയത്?
ഒരിയ്ക്കൽപ്പോലും അവന്റെ ഒരെഴുത്തോ ഫോൺകോളോ ഉണ്ടായില്ല. എങ്കിലും, `മകൻ` ഒരു വികാരമായി മനസ്സിലുണ്ടായിരുന്നു. അപ്പുപ്പൻ റിട്ടയേർഡ് ക്യാപ്റ്റൻ മാധവമേനോനും അമ്മ ശ്യാമളയും ഒരുപോലെ ശ്രദ്ധിച്ചിട്ടും അവനെ നേരെയാക്കാൻ കഴിയുന്നില്ലെന്നായിരുന്നു പരാതി.
ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഒരിയ്ക്കൽ ഒരു കരുത്തനെയുള്ള കൈയക്ഷരത്തിൽ മാധവമേനോന്റെ ഒരെഴുത്തു വന്നു. `നീയിപ്പോൾ മനസ്സിലാക്കുന്നുണ്ടാവും, മക്കൾ അനുസരണക്കേടു കാണിച്ചാൽ അച്ഛന്മാർക്ക് എത്ര വേദനിക്കുമെന്ന്. ഇപ്പോൾ നിന്റെ കാലമാണ്. പണ്ട് അച്ഛൻ ചെയ്തതൊക്കെ തെറ്റാണെന്നു നിനക്കിപ്പൊ തോന്നുന്നുണ്ടോ?`
ഒരു തരം രക്ഷപ്പെടലാണെന്ന് അറിയാഞ്ഞല്ല.
എന്നിട്ടും ദീപുവിനെ വേണ്ട വിധത്തിൽ ശ്രദ്ധിക്കാനും ഉപദേശിച്ചു തിരുത്താനും മറുപടി എളുതുകയാണു ചെയ്തത്. ഏറെക്കാലത്തിനുശേഷം എഴുത്തയച്ചതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ഇപ്പോൾ ആ അച്ഛൻ മാധവമേനോൻ പൂജാമുറിയിൽ കുലശക്കുടത്തിൽ വിശ്രമിക്കുന്നു. ഉമ്മറത്ത് ചാരുകസേരയിൽ അരോഗദൃഢഗാത്രനായി ദീർഘഗംഭീര നോട്ടത്തോടെ ഇരിക്കാൻ ഇനിയുണ്ടാവില്ല...അറിയിച്ചിരുന്നു...ലീവു കിട്ടുമായിരുന്നു....പക്ഷേ.....
നാട് വെറുത്തു തുടങ്ങിയതിനു കാരണം ആരാകാം? നാട്ടിൽ വരുമ്പോഴൊക്കെ ഏറെക്കാലത്തിനുശേഷം എത്തുന്നതിന്റെ തിടുക്കമോ വെമ്പലോ ഉണ്ടായിരുന്നില്ല. കിടപ്പറയിൽ തീപിടിപ്പിക്കാൻ ബദ്ധപ്പെടുന്ന ശ്യാമയിൽനിന്ന് മനപൂർവ്വമല്ലായിരിക്കാം പലപ്പോഴും അകന്നുമാറിയത്. അല്ലാതെതന്നെ അവളുടെ സീൽക്കാരങ്ങളോട് പഴയപോലുള്ള വികാര പ്രകടനം നടത്താനും തോന്നാതെയായി. അവളുടെ ആലിംഗനങ്ങൾ മാധവമേനോന്റെ ബൽറ്റിന്റെ ചുറ്റിപ്പിണയലാണ് ഓർമ്മിപ്പിച്ചത്. തുടകളും കണങ്കാലുകളും അടിവയറ്റിൽ ചവിട്ടേറ്റ് രക്തമൊലിപ്പിക്കുന്ന അമ്മയെ ഓർമ്മിപ്പിച്ചു.
പരാജയപ്പെട്ട് ശ്യാമ തിരഞ്ഞു കിടന്നുറങ്ങുമ്പോൾ സഹതാപമോ പുച്ഛമോ തോന്നിയത്?
അകൽച്ചയുടെ അസ്ഥിവാരമിട്ടുകഴിഞ്ഞിരുന്നു.
ഒരിയ്ക്കൽ, അതായത് ദീപുവിനെ മെന്റൽ സാനട്ടോറിയത്തിൽ അഡ്മിറ്റു ചെയ്തതിനുശേഷം രണ്ടു വരിയിൽ ഒരെഴുത്തു വന്നു: “ഞാൻ പോകുന്നു. എന്റെ വീട്ടിലേക്ക്- ശ്യാമ”
എല്ലാം നഷ്ടപ്പെടുകയായിരുന്നു. എന്നിട്ടും തിരികെ വന്നു, എന്തിന്, ആർക്കും വേണ്ടാത്ത ഭൂപടം.
ഒരേയൊരു കടമ നിർവ്വഹിക്കാൻ വേണ്ടി മാത്രം, മാധവമേനോന്റെ കലശക്കുടം എവിടെയെങ്കിലുമൊഴുക്കണം, എന്നിട്ട് ആ തെളിനീരൊഴുക്കിൽ സ്വസ്ഥമായൊന്നു മുങ്ങിപ്പൊങ്ങണം.
പക്ഷേ....ദീപു....അവനെ കണ്ടപ്പോൾ അതുവരെയില്ലാത്ത ആശ്വാസത്തിന്റെ നേർത്ത ഒരു കണിക ഉള്ളിൽ മിന്നിത്തിളങ്ങി. പിന്നാലെ, പണ്ട് ബെൽറ്റോങ്ങി നിൽക്കുന്ന മാധവമേനോന്റെ മുമ്പിൽ ഭയത്തിന്റെ അവതാരമായി നിൽക്കുന്ന `രവി`യുടെ രൂപവും.
ദീപുവിനെ വേണമെന്നു തോന്നി. വീണ്ടെടുക്കണമെന്നു തോന്നി. അവനുവേണ്ടിയെങ്കിലും ജീവിക്കണമെന്നു തോന്നി. ചിലതെല്ലാം ഉണ്ടെന്നു തോന്നി.
ആരോടൊക്കെയോ കണക്കുതീർക്കലായിരിക്കാം.
നിഴലിനോടുള്ള മത്സരമാകാം
സാനിട്ടോറിയത്തിലെ കറുത്തദിവസങ്ങൾ....ദീപുവിനു വെറുതെ കൂട്ടിരിക്കാമെന്നു പറഞ്ഞതായിരുന്നു പലപ്പോഴും.
`വേണ്ട രവി... ആ കുട്ടിയുടെ മനസ്സിലെന്താണെന്ന് ശരിക്കറിയണമെങ്കിൽ കുറച്ചു നാളത്തേക്കെങ്കിലും അവനെ തനിയെ കഴിയാൻ വിടുകയാണ് വേണ്ടത് മെഡിറ്റേഷനും വൈകുന്നേരത്തെ നടത്തവുമൊക്കെയാവുമ്പോൾ മാറ്റങ്ങൾ ഉണ്ടാകാതിരിക്കില്ല. പിന്നെ ഞാനുണ്ടല്ലേ ഇവിടെ. എല്ലാം ശരിയാകും.`
`ഡോക്ടർക്കറിയില്ല, നാടുമായി ഇപ്പോഴന്നെ ബന്ധിപ്പിക്കുന്നത് ദീപുമാത്രമാണ്.` ഉള്ളിൽ പറഞ്ഞതല്ലാതെ, ഡോക്ടറെ കേൾപ്പിച്ചില്ല.
നാട്ടിൽ വന്നതിനുശേഷം ശ്യാമയെ കാണണമെന്നു തോന്നിയിട്ടേയില്ല, ഫോണിലൂടെ അത്യാവശ്യം ഒന്നോ രണ്ടോ വാക്കുകൾ പരസ്പരം കൈമാറിയതല്ലാതെ. അപ്പോഴൊന്നും ചോദിച്ചതുമില്ല. `എന്റെ മകനെന്തേ ഇങ്ങനെയായി?`.......
സ്റ്റീരിയോയിലൂടെ ജഗ്ജിത് പാടുന്നു. ദൂരങ്ങളെക്കുറിച്ചാണ്. കാറിനു വേഗം പോരെന്നുതോന്നി. ചിലപ്പോഴൊക്കെ സുനിലിനെ സ്റ്റിയറിങ്ങിൽനിന്നു നീക്കിയിരുത്താറുണ്ട്.
`സാറിന്നു കഴിച്ചത് അധികമാണ്` സ്പീഡു കൂടുമ്പോൾ അയാളോർമ്മിപ്പിച്ചു. ഇപ്പോൾ നിയന്ത്രിക്കാനാരുമില്ല. കൂടുതൽ വേഗത്തിൽ പോകണമെന്നു തോന്നുമ്പോഴേക്കും ലക്ഷ്യസ്ഥാനത്തെത്തിയിരിക്കും.
കാർ സാനട്ടോറിയത്തിന്റെ പടികടന്നിരിക്കുന്നു. നേരെ പാർക്കിങ്ങിലേക്കു തിരിച്ചുനിർത്തി.
പടി കയറുമ്പോൾ ഡോക്ടർ സാം കാത്തു നിൽപ്പുണ്ട്.
`രവീ, ഇപ്പൊ പരിഭ്രമിക്കാനൊന്നുമില്ല. നൗ ഹി ലുക്സ് ആൾ റൈറ്റ്, പെട്ടെന്നെന്തോ അപ്പോൾ, ആ...ഇന്നലെ ഇവിടെ വന്നത് ദീപുവിനെ അഡ്മിറ്റാക്കാൻ കൊണ്ടുവന്ന ആ സ്ത്രീ തന്നെയാണ്. ഒരു ശ്യാമള രവീന്ദ്രൻ, ഞാൻ പറഞ്ഞില്ലേ-`
ഭാഗ്യം, ശ്യാമ പരിചയപ്പെടുത്തിയില്ല.
`രവി... ആരാണത്? കെയർടേക്കർ എന്നാണ് ഹോസ്പിറ്റലിൽ അഡ്രസ്സ്.` അതെ എന്ന അർത്ഥത്തിൽ ഒന്നു ചിരിച്ചു കാണിച്ചു.
`ങ്ആ, രവി ഇപ്പോ വന്നതെന്തായാലും നന്നായി. ദീപുവിന് രവിയുമായി എന്തോ സംസാരിക്കാനുണ്ടെന്ന് അല്പം മുമ്പു പറഞ്ഞു. അവൻ ബ്രേക്ഫാസ്റ്റ് കഴിച്ചിട്ടുണ്ട്. മില്ക്ക് വിത്ത് ബ്രെഡ്. അപ്പൊ, നമുക്ക് അവന്റെ അടുത്തേക്കുപോകാം അല്ലെ.“
പ്രെയർഹാൾ കടന്ന് അപ്സ്റ്റയർ കയറിയാൽ റൂംനമ്പർ നൂറ്റിയേഴ്, ദീപുവിന്റെ മുറി.
ഡോക്ടർ സാം മുറിയ്ക്ക് മുമ്പിൽവരെ അനുഗമിച്ചു. ”നൗ യു ഗോ എലോൺ ആന്റ് സീ വാട്ട് ഹി വാണ്ട്സ് ടു ടൽ യു. മടങ്ങുമ്പോൾ ഞാൻ മുറിയിലുണ്ടാകും.“
ചാരിയ വാതിൽ പതുക്കെ തുറന്ന് മുറിയുടെ തണുപ്പിലേക്കു കയറി.
ക്രാസിയിൽ തലയിണ ഉയർത്തിവച്ച് അതിൽ ചാരിക്കിടന്ന് ചുമരിലെ ശൂന്യതയിലേക്കു കണ്ണയയ്ക്കുകയാണ് ദീപു. മുടി പറ്റെ മുറിച്ചിരിക്കുന്നു. കണ്ണുകളിൽ വിഷാദദൂരങ്ങൾ അപാരമായ വന്യശാന്തി....
`ദീപു`.....പതുക്കെ വിളിച്ചു.
ദീപു മെല്ലെ മുഖം തിരിച്ചു
പ്രെയർഹാളിൽ പ്രാർത്ഥനാഗാനം തുടങ്ങിയിരിക്കുന്നു. മുറിയിൽ ഘടിപ്പിച്ചിരിക്കുന്ന സ്പീക്കറിലൂടെ തബലയുടെ തുടക്കംപതുക്കെ ഒഴുകിവരുന്നു.
”എന്താ കുട്ടീ നിനക്ക്....? സുഖം തോന്നുന്നുണ്ടോ? നമുക്ക് എത്രയും പെട്ടെന്ന് പോകാറാവും.“
”ഞാൻ വരില്ല“ എടുത്തടിച്ചപോലെ മറുപടി.
ഞെട്ടിപ്പോയി. എങ്കിലും ഒരുവിധം ശാന്തത വരുത്തി ചോദ്യഭാവത്തിൽ നോക്കി പറഞ്ഞു. മോനൊന്നുകൊണ്ടും നിരാശപ്പെടെണ്ട. നമുക്കൊരു യാത്ര പോകാം. കൂട്ടത്തിൽ ഋഷികേശിലോ ഹരിദ്വാറിലോ പോയി മുത്തച്ഛന്റെ ചിതാഭസ്മവും ഒഴുക്കാം. ഒരു ചേഞ്ച് ആവശ്യമാണ്.”
“മുത്തച്ഛനോ....” നിന്ദയുടെ സകലഭാവങ്ങളും പ്രദർശിപ്പിച്ച് അവൻ ചോദിച്ചു. പെട്ടെന്ന് മുഖം കൂടുതൽ ക്രുദ്ധമായി.
“മുത്തച്ഛനല്ല, അച്ഛനാണ്, അച്ഛൻ; ഞാൻ ദീപക് രവീന്ദ്രനാഥല്ല, ദീപക്മാധവമേനോനാണ്!
”നിങ്ങൾ ശ്യാമയെന്നു വിളിക്കുന്ന എന്റമ്മ നിങ്ങളുടച്ഛനുമായി...ദൈവമെ! ഞാനയാളുടെ മകനാണ്.“
”ദീപു!!!.....“
”അലറണ്ട.....മാധവമേനോനെ ഞാൻ കൊന്നതാണ്.
“എന്നും രാത്രി അമ്മയുടെ പുതപ്പിനടിയിൽ അയാൾ....ഉറക്കത്തിൽ ഞാൻ കൊന്നു-
”കഴുത്ത് ഞെരിച്ച് ഞെരിച്ച്.....ദീപു....ദീപു കൊന്നു.“
മുറിയിലെ സ്പീക്കറിലൂടെ തബല കൂടുതൽ സാന്ദ്രതയാർന്നു, മുറിവുകൾക്കു പൂശുമരുന്നായി പ്രാർത്ഥനാഗാനം ഒഴുകിവന്നു.
“പൊയ്ക്കോളു....എന്റെ അസുഖമെല്ലാം ഇപ്പൊ മാറി....ഇനിയെനിക്ക് കാണണ്ട. ഇതറിയിക്കാനാണ് ഞാൻ വിളിപ്പിച്ചത്.”
വീഴാതിരിക്കാൻ കസേരയിൽ കൈയമർത്തി.
മരുഭൂമിയിൽ കാണാതായ ഒരൊട്ടകത്തെ തേടിനടന്ന ഉടമയുടെ കഥ ഓർമ്മ വന്നു.
ദൂരെ ഒട്ടകത്തെ കാണുന്നു. അടുത്തെത്തുമ്പോഴേക്കും മണൽക്കാറ്റടിച്ച് എല്ലാ കാഴ്ചയും മൂടിപ്പോകുന്നു.
വീണ്ടും ദൂരെ....
മരുഭൂമികൾ ഒന്നാകെ മുറിയിലേക്കു കടന്ന് വളരാൻ തുടങ്ങിയിരിക്കുന്നു.