Followers

Saturday, August 7, 2010

അവൾ ഒരു ഓർമ്മ


mathew nellickunnu

പട്ട­ണ­ത്തിലെ തിര­ക്കു­പി­ടിച്ച ബസ്‌ സ്റ്റാൻഡ്‌. നിറച്ച യാത്ര­ക്കാ­രുള്ള ആ ബസ്സി­ലേക്ക്‌ അയാൾ നുഴഞ്ഞു കയ­റി. ഞെരു­ക്ക­ത്തി­നി­ട­യിലും അയാൾ സ്ത്രീക­ളുടെ സങ്കേ­ത­ങ്ങൾക്കു കാവൽക്കാ­ര­നാ­കു­വാൻ ശ്രമി­ച്ചു. കണ്ട­ക്ട­റുടെ രൂക്ഷ­മായ നോ­ട്ടവും ശകാ­ര­വാ­ക്കു­കളും വക­വ­യ്ക്കാതെ അയാൾ നിന്നി­ടത്തു തന്നെ നിന്നു.
സ്ത്രീക­ളുടെ സീറ്റി­ലി­രി­ക്കുന്ന പെൺകു­ട്ടിയെ പെട്ടെ­ന്ന­യാൾ ശ്രദ്ധി­ച്ചു. അവ­ളുടെ ഇടത്തെ കവി­ളിൽ അര­യിഞ്ചകല­ത്തിൽ രണ്ടു കാക്ക­പ്പു­ള്ളി­കൾ. വെളുത്ത മുഖത്തെ കറുത്ത പുള്ളി­ക­ളുടെ മാസ്മ­ര­ശക്തി അയാളെ അസ്വ­സ്ഥ­നാ­ക്കി.
അവൾ ആരാ­ണെന്നും അവ­ളുടെ പേരെ­ന്താ­ണെ­ന്നു­മ­റി­യാൻ അയാൾ ആഗ്ര­ഹി­ച്ചു. പക്ഷേ, ആഗ്രഹം സഫ­ല­മാ­യി­ല്ല. അല്പം കഴിഞ്ഞ്‌ അവൾ ആൾക്കൂ­ട്ടത്തെ മുറിച്ച്‌ ബസ്സിൽ നിന്നും ഇറ­ങ്ങി. ദീർഘ­യാ­ത്ര­യി­ലാ­യി­രുന്ന അയാൾക്ക്‌ അവളെ തിര­ക്കു­വാനോ കണ്ടെ­ത്തു­വാനോ ഒരി­ക്കലും കഴി­ഞ്ഞി­ല്ല.
യാത്ര­യ്ക്കി­ട­യിൽ അയാൾ ഒരു നഗ­ര­ത്തിൽ ഭാണ്ഡ­മി­റ­ക്കി. അവി­ടെ­യൊരു കമ്പ­നി­യിൽ കുറെ­ക്കാലം ജോലി ചെയ്തു.
എന്നും രാവിലെ ബസ്‌ കാത്തു­നിൽക്കു­മ്പോൾ നിര­ത്തി­ലൂടെ നടന്നു വരുന്ന പെൺകു­ട്ടിയെ ശ്രദ്ധി­ക്കാ­തി­രി­ക്കാൻ അയാൾക്കു കഴി­ഞ്ഞി­ല്ല. കാറ്റി­ലി­ള­കുന്ന മുടി. ഇരുണ്ട നിറം. അവ­ളുടെ ചന്ത­മേ­റിയ നട­ത്ത­യുടെ താളം അയാ­ളുടെ ഉള്ളി­ന്റെ­യു­ള്ളിൽ പ്രക­മ്പ­ന­ങ്ങൾ സൃഷ്ടി­ച്ചു.
ആൾത്തി­ര­ക്കിൽ വച്ച്‌ മാത്രം കാണുന്ന അവ­ളോട്‌ `നീ ആരാണ്‌ കുട്ടി?` എന്ന­­യാൾ ഒരി­ക്കലും ചോദി­ച്ചി­ല്ല. വിറ­യാർന്ന ചുണ്ടു­ക­ളിൽനിന്നു വാക്കു­കൾ ഉതി­രാത്ത അയാൾക്ക്‌ മൗനം മാത്ര­മാ­യി­രുന്നു കൂട്ട്‌.
കുറെ നാളു­കൾക്കു­ശേഷം ആ പെൺകുട്ടി ബസ്‌ സ്റ്റോപ്പിൽ വരാ­തെ­യാ­യി. `അവൾ എവി­ടെ­യാണ്‌?` അയാൾ തന്നോ­ടു­തന്നെ ചോദി­ച്ചു. അയാൾക്കു­ത്ത­ര­മി­ല്ലാ­യി­രു­ന്നു.
അയാൾ വീണ്ടും സഞ്ചാരം തുടർന്നു. ഒടു­വിൽ, ഗ്രാമ­ങ്ങ­ളേറെ പിന്നിട്ട്‌ അയാൾ ഒരു മര­ച്ചു­വ­ട്ടി­ലി­രി­പ്പു­റ­പ്പി­ച്ചു. വിശപ്പും ക്ഷീണവും അയാളെ വല്ലാതെ തളർത്തി­യി­രു­ന്നു.
നീണ്ടു­ചു­രുണ്ട മുടി­യിൽ പൂക്കൾ ചൂടിയ ഒരു യുവതി അപ്പോൾ അയാ­ളുടെ സവി­ധ­ത്തി­ലെ­ത്തി. `നിങ്ങൾക്കു വിശ­ക്കു­ന്നു­ണ്ടെ­ങ്കിൽ ആഹാരം നൽകാം`. അവ­ളുടെ വാക്കു­കൾ കരു­ണാർദ്ര­മാ­യി­രു­ന്നു.
അവൾ തന്റെ താമ­സ­സ്ഥ­ല­ത്തേക്ക്‌ അയാളെ കൂട്ടി­ക്കൊണ്ടു പോയി. ചെറു­താ­ണെ­ങ്കിലും വൃത്തിയും ഭംഗിയുമുള്ള വീട്‌.
സ്വന്ത­മായി യാതൊ­ന്നു­മി­ല്ലാത്ത വെറു­മൊരു സഞ്ചാരി മാത്ര­മാണ്‌ താനെന്ന്‌ അയാൾ അവളെ അറി­യി­ച്ചു.­അ­വൾക്ക്‌ അയാ­ളോട്‌ അനു­കമ്പ തോന്നി. അയാൾക്കു­വേണ്ടി അവ­ളൊ­രു­ക്കിയ കിടക്ക സന്തോ­ഷ­ത്തോടെ അയാൾ സ്വീക­രി­ച്ചു.
`ദേവ­ദാ­സിയെ ഭോഗി­ക്കാൻ ഇതാ ഒരു പിച്ച­ക്കാ­രൻ വന്നി­രി­ക്കുന്നു` പ്രമാ­ണി­മാർ പെരു­മ്പ­റ­യ­ടിച്ചു വിളി­ച്ചു­കൂ­വി. ജനം ഇള­കി. അവ­രുടെ ആക്ര­മ­ണത്തെ ചെറു­ക്കാൻ അയാൾക്കോ അവൾക്കോ കഴി­ഞ്ഞി­ല്ല. ചോര­യിൽ കിടന്നു പിട­ഞ്ഞ­പ്പോഴും `ഓടി രക്ഷ­പ്പെടൂ` എന്ന്‌ അവൾ അയാ­ളോ­ടു­പ­ദേ­ശി­ച്ചു.
`നിന്റെ അന്ത്യ­നി­മി­ഷ­ത്തിൽ ഞാൻ എവി­ടേ­ക്കു­മില്ല` അയാൾ അവ­ളുടെ ശിരസ്സ്‌ മടി­യിൽ വച്ചു.
അങ്ങ­നെ, ആദ്യ­മായി അയാൾ അവളെ സ്പർശി­ച്ച­പ്പോ­ഴേക്കും അവൾ ഈ ലോക­ത്തോടു യാത്ര പറ­ഞ്ഞി­രു­ന്നു.