o v vijayan
''കൂമൻകാവിൽ ബസ്സു ചെന്നുനിന്നപ്പോൾ ആ സ്ഥലം
രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല....വരുംവരായ
കളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും
ദീനതയും കണ്ടു കണ്ട് ഹൃദിസ്ഥമായിത്തീർന്നതാണ്.''
യാത്രകളും വഴിയമ്പലങ്ങളും നമുക്കുവേണ്ടി കാലേ നിശ്ചയിക്കപ്പെടുന്നു. അനാദിയായ ഭൃഗുസംഹിത. കുട്ടിക്കാലത്തിന്റെ വഴിയമ്പലത്തിൽ നിന്ന് വീണ്ടും യാത്രയുടെ തുടക്കം കുറിച്ചത് ഒരു പൊൻമോതിരമായിരുന്നു. അച്ഛനും അമ്മയും എന്റെ കൈ പിടിച്ച് ആ പാതയിൽ നിറുത്തി മൗനസ്നേഹത്തിലൂടെ എന്നോടു പറഞ്ഞു, ഉണ്ണീ, ഇത് നിന്റെ പാതയാണ്. നിന്റെ മാത്രം. കുട്ടിയുടെ ഉൾക്കണ്ണുകൊണ്ട് ഞാൻ പാതയുടെ അനന്തദൂരങ്ങളത്രയും അളന്നു. പാതയ്ക്കിരുവശവും ആശിർവദിയ്ക്കാൻ പടന്നുനിന്ന വഴിമരങ്ങൾ. ബലിഷ്ഠകായന്മാരായ മുത്തച്ഛന്മാർ. സല്ലാപംപോലെ കാറ്റു പതിഞ്ഞു വീശിയ അരയാലുകൾ. നീലഞെരമ്പോടിയ പരന്ന തണലുകൾ. ആകസ്മികതയുടെ പുള്ളിവെയിലുകൾ. ഞാൻ ഇന്നും നടക്കുന്നു.
വഴിയമ്പലത്തിലേയ്ക്ക് ഒരിയ്ക്കൽകൂടി തിരിഞ്ഞുനോക്കട്ടെ. തിരിഞ്ഞുനോക്കുമ്പോൾ ഒരിത്തിരി വട്ടത്തിൽ ആ മുഖം തെളിയുന്നു. പൊൻമോതിരംകൊണ്ട് എന്റെ നാവിൽ ഹരിശ്രീ എഴുതിയ വൃദ്ധഗുരുവിന്റെ കരുണാമയമായ മുഖം. അച്ഛനും അമ്മയ്ക്കും അയാളുടെ പേര് ഓർമ്മയിരുന്നിരിയ്ക്കണം, എന്നാൽ അച്ഛനും അമ്മയും അവരുടെ പാതകളിലൂടെ സഞ്ചരിച്ച് അറുതി കണ്ടെത്തി. അതുകൊണ്ട് ആ ഗുരു ആരെന്നറിയാൻ എനിയ്ക്കിന്ന് നിർവ്വാഹമില്ല. അങ്ങനെ തന്നെയാവട്ടെ. ഗുരുവിന്റെ മുഖം തെളിഞ്ഞ ആ ഇത്തിരിവട്ടം ഒരു വാടിയ താമരയിലപോലെ, ഓർമ്മയും മറവിയും ഭേദമില്ലാതെ ദൂരത്തിന്റെ മൃഗതൃഷ്ണയിൽ ലയിക്കുന്നു. ഓന്നോർത്തുനോക്കിയാൽ ആ മൃഗതൃഷ്ണതന്നെയാണ് ഗുരു, ഗുരുസാഗരം. അതിന്റെ വേലിയേറ്റത്തിന് നമ്മുടെ പിഞ്ചുനാവുകളിൽ വിട്ടേച്ചുപോകാനുള്ള സൗമ്യനിക്ഷേപം ഏതാനും അക്ഷരങ്ങൾ മാത്രം, ഹരിശ്രീ. എഴുത്തിന്റെ സ്ഥൂലപർവ്വം സമാപിപ്പിച്ച്, അവസാനത്തെ വഴിയമ്പലത്തിലേയ്ക്കു കടന്ന് ഇവിടെ നിന്ന് വിട പറയുമ്പോൾ നമുക്കും എഴുതാനുള്ളത് അത്ര തന്നെ, ഹരിശ്രീ.
ഈ നാവിലെഴുത്തിനുശേഷം എന്റെ പഠനം അപ്പോഴപ്പോഴായാണ് നടന്നത്. എന്തൊക്കെയോ ബാലാരിഷ്ടുകൾ കാരണം ദുർബ്ബലനായിരുന്ന എന്നെ പാഠപുസ്തങ്ങൾകൊണ്ട് കൂടുതൽ ഭാരപ്പെടുത്തേണ്ടന്ന് അച്ഛൻ നിശ്ചയിച്ചു. ആ രഥ്യയുടെ നിശ്ചയം; എന്റെ ജീവിതത്തിൽ ഈ മധ്യവയസ്സുവരെ ഒരു പാഠപുസ്തകവുമായും പൊരുത്തപ്പെടാൻ എനിയ്ക്കു കഴിഞ്ഞിട്ടില്ല. അയലിൻ മറ്റൊരു കഥയായിരുന്നു. അച്ഛന്റെ സഹപ്രവർത്തകനായ കൃഷ്ണപ്പണിയ്ക്കരമ്മാവൻ തന്റെ മകനെ നിത്യവും സന്ധ്യയ്ക്ക് ചൂരലുകൊണ്ട് തല്ലുമായിരുന്നു. പഠിയ്ക്കാഞ്ഞതിനല്ല, പഠിയ്ക്കാൻവേണ്ടി. തല്ലിപ്പഠിപ്പിയ്ക്കുക എന്ന സങ്കല്പത്തിൽ തല്ല് പാരായണംപോലെയോ ഗുരുദക്ഷിണപോലെയോ സാത്വികമായ ഒരു ചടങ്ങുമാത്രം. ആ കുട്ടി പഠിപ്പിന്റെ പടവുകൾ കയറിയതായി എനിയ്ക്കറിവില്ല. എന്നാൽ, നിത്യവും ആവർത്തിച്ച ആ പ്രഹരയജ്ഞത്തിലൂടെ പ്രാകൃതമായ ഒരു ഗുരുപരമ്പരയുടെ തുടർച്ചയെ സമർത്ഥിച്ചതിൽ ആ അച്ഛന്റെ മനസ്സ് കുളിർത്തിരിയ്ക്കണം.
വീണ്ടും സ്നേഹത്തോടെ ഓർക്കുന്നു, പഠിയ്ക്കാനായി എന്റെ അച്ഛനോ അമ്മയോ എന്നെ തല്ലിയിട്ടില്ല. ഇടവിട്ടു നടന്ന അദ്ധ്യയനം ചിലപ്പോൾ ചിലപ്പോൾ ട്യൂഷൻ മാസ്റ്റർമാർ നടത്തിത്തന്നു. കുന്നിൻപുറത്തുള്ള ഞങ്ങളുടെ വീടുവരെ വന്നു പഠിപ്പിച്ചുപോകുന്നത് ഈ അധ്യാപകന്മാർക്കു ലാഭകരമല്ലാത്തതിനാലാവണം അവരിൽ പലരും മുടങ്ങിയത്. പാഠമാല ചൊല്ലാനോ ഗണിതം വശമാക്കാനോ ഞാൻ അമിതസന്നദ്ധത കാണിച്ചതായി എനിയ്ക്കോർമ്മയില്ല. എനിയ്ക്കോർക്കാനുള്ളത് കുട്ടിക്കാലത്തിന്റെ മധുരമായ ആലസ്യങ്ങൾ മാത്രം. ഈ ആലസ്യങ്ങളിൽ അകലത്തുള്ള കുന്നിൻചെരുവിലേയ്ക്കും മഞ്ഞപ്പുൽത്തകിടികളിലേയ്ക്കും നോക്കി പകൽക്കിനാവു കണ്ട എന്നെച്ചൊല്ലി അച്ഛനോ അമ്മയോ ആവലാതിപ്പെട്ടില്ല.
വിദ്യയിലുള്ള എന്റെ ആലസ്യം ഭക്ഷണത്തിലേയ്ക്കും ഞാൻ വ്യാപരിപ്പിയ്ക്കാൻ ശ്രമിച്ചപ്പോഴാണ് കോലാഹലമായത്. ഉണ്ണാത്തതിന്, ചവയ്ക്കാത്തതിന്, ഒക്കെ എനിയ്ക്ക് തല്ലു കൊള്ളേണ്ടിവന്നിട്ടുണ്ട്. ശരീരദാർഢ്യമില്ലാതെ ഞാൻ വളർന്നെങ്കിലോ എന്നായിരുന്നു അമ്മയുടെ ഭയം. ശരീരദാർഢ്യമില്ലാതെ തന്നെ ഞാൻ വളർന്നു. അച്ഛൻ മലബാർ സ്പെഷ്യൽ പൊലീസ് എന്ന സായുധപ്പോലീസ് സേനയിലെ ഒരുദ്യോഗസ്ഥനായിരുന്നു. ഈ സേനയുടെ ക്യാമ്പുകളിലാണ് ഞാൻ വളർന്നത്. സ്നേഹസമ്പന്നരായ പൊലീസുസഹോദരങ്ങളുടെ നടുക്ക്. വർഷങ്ങൾക്കു ശേഷം അടിയന്തരാവസ്ഥക്കാലത്ത് പൊലീസിനെക്കുറിച്ചുള്ള മാസ്മരഭീതി പുലർത്തവേ ഞാൻ എന്റെ വിധി വൈചിത്ര്യത്തിൽ കൗതുകം കൊള്ളാനിടയായി.
ഇരുന്നൂറോളം സായുധഭടന്മാരുടെയും അവരുടെ മേലധികാരികളുടെയും കൂട്ടുകുടുംബങ്ങളായിരുന്നു ഈ എം.എസ്.പി ക്യാമ്പുകൾ. ഏറെക്കുറെ സ്വയംപര്യാപ്തമായ പൊലീസുഗ്രാമങ്ങൾ. ഇവയിൽ മിക്കവയും സ്ഥിതിചെയ്തിരുന്നത് കുന്നിൻ പുറങ്ങളിലായിരുന്നു. പീഠഭൂമിയുടെ സ്വഭാവമുള്ള വലിയ ഏറനാടൻ കുന്നുകൾ. കമ്പിവേലി ചുറ്റിയ കുന്നിൻപുറത്തിനു വെളിയിൽ കിടന്ന പ്രദേശം ഗ്രാമ്യമെന്നതിനെക്കാൾ വന്യമായിരുന്നു. മുപ്പതുകളുടെ കഥയാണിത്. ഗ്രാമ്യതയുടെയും വന്യതയുടെയും പാരസ്പര്യം അറ്റുപൊയ്ക്കഴിഞ്ഞിട്ടില്ലാതിരുന്ന കാലം. അരിയക്കോട്ടിലെ ക്യാമ്പിന്റെ കെട്ടിടപ്പണിയ്ക്കിടയിൽ ആ കുന്നിന്റെ ചുറ്റുവട്ടങ്ങളിൽ നാലു പുലികളെ വെടിവെച്ചു കൊന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്.
ഇതാണ് എന്റെ കുട്ടിക്കാലത്തിന്റെ സ്ഥലപുരാണം, അത്തരം പ്രദേശങ്ങളിൽ സ്കൂളുകളുടെ ദൗർല്ലഭ്യം സങ്കല്പിക്കാവുന്നതേയുള്ളു. അച്ഛൻ അരിയക്കോട്ടയ്ക്ക് രണ്ടാംതവണ സ്ഥലം മാറുമ്പോൾ എനിയ്ക്ക് ആറോ ഏഴോ വയസ്സാണ്. കുന്നിൻ ചുവട്ടിലെ ഗ്രാമത്തിലുള്ള മാപ്പിള സ്കൂളാണ് ഏറ്റവും അടുത്ത പാഠശാല. അവിടെ എന്റെ പേരു ചേർത്തെങ്കിലും സ്ഥിരമായി ഹാജരുകൊടുത്ത ഓർമ്മ എനിയ്ക്കില്ല. കുന്നിൻപുറത്തുനിന്ന് താഴേയ്ക്കുള്ള ദൂരം സുമാർ ഒരു നാഴികയായിരുന്നിരിയ്ക്കണം. എന്നാൽ കുട്ടിക്കാലത്തിന്റെ അനുപാതങ്ങളിൽ അത് ഒരു മഹായാത്രയായിത്തോന്നി. അത്രയും ദൂരം നടന്നു ചെല്ലാനുള്ള ശരീരശേഷി എനിയ്ക്കില്ലെന്നു നിശ്ചയിച്ച് അച്ഛനും അമ്മയും പലപ്പോഴും എന്നെ വീട്ടിലിരുത്തി.
കുന്നിൻപുറത്തിന്റെ പ്രകൃതി നിറവുറ്റതായിരുന്നു. അതിനെ നിരസിയ്ക്കാതെയാണ് പൊലീസുക്യാമ്പിന്റെ ചെറിയ ചെറിയ കെട്ടിടങ്ങൾ ഒളിഞ്ഞും പതിഞ്ഞും നിന്നത്. മരങ്ങൾ, പച്ചത്തഴപ്പുകൾ, പക്ഷികൾ, പാപ്പാത്തികൾ, മരങ്ങളിൽനിന്ന് മരങ്ങളിലേയ്ക്ക് വലകെട്ടിയ എട്ടുകാലികൾ, പുല്ലിൽ നിറയെ പുല്ലിന്റെ പൂക്കൾ, സൂക്ഷ്മങ്ങളായ സൂര്യകുസുമങ്ങൾ, നീലനിറത്തിലുള്ള കൃഷ്ണകാന്തികൾ. ചെടികളില്ലാത്തേടത്ത് വെടുപ്പുള്ള ചെങ്കൽപ്പാറകളും പുൽമേടുകളുടെ കൊച്ചുവിസ്തൃതികളും മഴ പെയ്തുകഴിഞ്ഞാൽ പുൽക്കുണ്ടുകൾ തെളിനീരുകെട്ടി ചെറിയ കുളങ്ങളായിത്തീരും. വറ്റാതെയും ചേറുപിടിയ്ക്കാതെയും അവ മാസങ്ങളോളം നിന്നെന്നുവരും. അവയിൽ കുടിയേറി നീന്തിക്കളിച്ച പച്ചത്തവളകൾ വെള്ളത്തിന്റെ ചിൽത്തട്ടിന് തൊട്ടുതാഴെ പാറിക്കിടക്കുമ്പോൾ അവയുടെ തൊലിപ്പുറത്ത് പറ്റിനിന്ന വായുവിന്റെ കുമിളകൾ മാണിക്യങ്ങളെപ്പോലെ തിളങ്ങി. കുന്നിൻപുറത്തെച്ചുറ്റി താഴ്വരകളും വീണ്ടും കുന്നുകളുമാണ്. വീടിന്റെ വരാന്തയിലിരുന്നുകൊണ്ടു നോക്കിയാൽ ചെക്കുന്നുമലയുടെ സാത്വികമുഖമാണ് നേരെ കാണുക. ആ മുഖവും നോക്കി ഞാൻ എന്റെ ആലസ്യത്തിൽ മുഴുകി.
വിരസമായ പാഠപുസ്തങ്ങളെ ഞാൻ ഉപേക്ഷിച്ചു. പറിഞ്ഞുപോയ അവയുടെ ചട്ടകളെ പശവെച്ചൊട്ടിയ്ക്കാൻ ഞാൻ മിനക്കെട്ടില്ല. അവയുടെ താളുകളിൽ അച്ചടിച്ച നിർജ്ജീവങ്ങളായ വിവരങ്ങളിൽനിന്ന് ഞാൻ അഭയം തേടുകയായിരുന്നു. അങ്ങനെ ഒഴിഞ്ഞുമാറലും സ്വാതന്ത്ര്യവുമായിരുന്നു എന്റെ വിദ്യാഭ്യാസത്തിന്റെ തുടക്കം. ഓർമ്മയുടെ ഇത്തിരിവെട്ടത്തിൽ കാലത്തിന്റെ താമരയിലയിൽ മറവിയെപ്പുണർന്ന എന്റെ ഗുരുവിന്റെ കൃപ.
എന്നാൽ മറ്റൊരുപാരായണമുറിയിൽ അച്ഛൻ എന്നെ സഹായിച്ചു. പൊലീസുകാരനും ശുദ്ധമതിയുമായിരുന്ന അച്ഛൻ എന്റെ സംവേദനശേഷിയെ ഏതെങ്കിലും പ്രത്യേക താരയിലൂടെ തിരിച്ചുവിടാൻ നടത്തിയ ശ്രമമല്ലായിരുന്നു അത്; ആ യാദൃച്ഛകതയിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ ഒന്നേ പറയാനാവൂ, ഗുരുകാരുണ്യം. അക്കാലത്ത് ബ്ളാക്കി ആൻഡ് സൺസ് കുട്ടികൾക്കായി കഥാമാലകൾ പ്രകാശനം ചെയ്തിരുന്നു. യക്ഷിക്കഥകളും യവന-റോമ മിഥോളജികളിലെ കഥകളും. ധാരാളിത്തത്തോടെ ഈ പുസ്തകങ്ങൾ അച്ഛൻ എനിക്കു വാങ്ങിത്തന്നു. എന്നെ ചൂഴ്ന്ന പ്രകൃതിക്കുമേൽ മായാബിംബങ്ങളുടെ ഒരു മഹാമണ്ഡലമായി ഈ കഥകൾ തമ്പടിച്ചു. പ്രകൃതിയും കഥകളുടെ ഭ്രാന്തിയും മാത്രമായി എന്റെ സാക്ഷരത്വം.
എന്റെ കലാജീവിതത്തിൽ ഗാഢമായ മുദ്രപതിപ്പിച്ച ഒരു സംഭവം വിവരിക്കട്ടെ. നാരായണൻനായരെന്നു പേരുള്ള ഒരു തൊഴിൽരഹിതൻ ജോലിയ്ക്കുവേണ്ടി അച്ഛനെ സമീപിച്ചു. നാരായണൻനായർ ഇന്റർമീഡിയറ്റ് പാസ്സായിട്ടുണ്ട്. അന്നത്തെ ഇന്റർമീഡിയറ്റുകാരനെ അഭ്യസ്തവിദ്യനെന്നു പറയാം. അയാൾക്ക് ഒരു ജോലി സമ്പാദിച്ചു കൊടുക്കാൻ അച്ഛന് കഴിവില്ലായിരുന്നു. എന്നാൽ, അച്ഛനും നാരായണൻനായരും ഒരു ധാരണയിലെത്തി. പ്രശ്നപരിഹാരം, നാരായണൻനായരുടെ പ്രശ്നത്തിനും എന്റെ പ്രശ്നത്തിനും, കുന്നിൻപുറത്തെ ആ ക്യാമ്പിന്റെ ചുമതല അച്ഛനായിരുന്നു. ക്യാമ്പിൽ ഒരാശുപത്രിയുണ്ട്. രോഗികളില്ലാത്ത ആശുപത്രി. കട്ടിലും കിടക്കയും വെള്ളവിരികളും വെടുപ്പായി ഒരുക്കിവെച്ച ഓഫീസേഴ്സ് വാർഡുകൾ. അവയിലൊന്നിൽ നാരായണൻനായർക്ക് താമസിയ്ക്കാം. വീട്ടിൽ ഊണു കഴിക്കാം, എന്നെ പഠിപ്പിക്കാം.
അസാധാരണമായ ഒരദ്ധ്യയനകഥ ഇവിടെത്തുടങ്ങുന്നു. ഏഴോ എട്ടോ വയസ്സായിരുന്നു അന്നെനിയ്ക്ക്. പള്ളിക്കൂടത്തിൽ തുടർച്ചയായി പോകാതിരുന്ന പ്രകൃതൻ. എന്നെ എന്തു പഠിപ്പിയ്ക്കണമെന്ന് അദ്ധ്യാപന പരിശീലനം നേടിയിട്ടില്ലാതിരുന്ന നാരായണൻനായർക്ക് പിടിയുണ്ടായിരുന്നില്ല. അങ്ങനെ, മറ്റു ഗതിയില്ലാതെ, താൻ കോളേജിൽ അവസാനം പഠിച്ച കാര്യങ്ങൾ എന്നെ പഠിപ്പിക്കുക എന്ന അസംബന്ധത്തിന് അദ്ദേഹം മുതിർന്നു. രണ്ടും കല്പിച്ച് നാരായണൻനായർ തന്റെ ഗ്രന്ഥം എനിയ്ക്കുവേണ്ടി തുറക്കുന്നത് ഞാനെന്റെ മനസ്സിൽ കാണുന്നു. ഈ കുട്ടിയുടെ പ്രായത്തിന് ഉതകിയതല്ല ഇത്, എന്നാൽ എന്റെ കൈവശം മറ്റൊന്നുമില്ല; സരസ്വതി, ഇത് ഇവനിൽ വിളയട്ടെ! ഗ്രന്ഥം തുറന്നപ്പോൾ റോബർട്ട് ബ്രൗണിംഗ്. ബ്രൗണിംഗ് ബ്രൗണിംഗിന്റെ ഗഹനങ്ങളായ കാവ്യങ്ങൾ നാരായണൻനായർ എനിയ്ക്ക് വായിച്ചുതരാൻ തുടങ്ങി. ഏഴോ എട്ടോ വയസ്സുചെന്ന ഞാൻ ഒരോപ്പുകടലസ്സുപോലെ ആ കാവ്യങ്ങൾ ഒപ്പിയെടുത്തു.
ഈ യാദൃശ്ചികത, സുന്ദരമായ ഈ അസംബന്ധം, സ്മരിയ്ക്കുമ്പോഴത്രയും കടപ്പാടുകളുടെ സ്നേഹത്തിൽ ഞാൻ പരവശനായിത്തീരുന്നു....ഞാൻ കോളേജദ്ധ്യാപകനായിരുന്ന കാലത്ത് നാരായണൻനായർ ഞങ്ങളെ സന്ദർശിച്ചു. സൈനിക സേവനമനുഷ്ഠിച്ച് ഒരുയർന്ന ഉദ്യോഗസ്ഥനായിക്കഴിഞ്ഞിരുന്നു അദ്ദേഹം. ആരുടെയും കാലുതൊട്ട് നെറുകയിൽ വെയ്ക്കാൻ പരുക്കനായ ആധുനികത നമ്മെ അനുവദിയ്ക്കുകയില്ലല്ലോ, അതിനാൽ ഞാനദ്ദേഹത്തിന്റെ മുമ്പിൽ മനസ്സാ പ്രണമിച്ചു.
“സേർ,” വികാരാവേശത്തോടെ ഞാൻ പറഞ്ഞു, “എനിയ്ക്ക് ഭാഷയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ അതിനു കാരണക്കാരൻ മാഷാണ്.”
സേർ എന്നും മാഷെന്നും ഉള്ള സംബോധന സൈനിക ഉദ്യോഗസ്ഥനായ നാരായണൻനായരെ അമ്പരപ്പിച്ചെന്നു തോന്നി. ബ്രൗണിംഗിന്റെ കാവ്യങ്ങൾ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു നേരിയ ഓർമ്മപോലുമല്ലായിരുന്നു; എനിയ്ക്കാകട്ടെ അവ മായികമായ ഒരു പാഥേയവും. എന്റെ രഥ്യയിലെ മറ്റൊരു വഴിയമ്പലം, മറ്റൊരു പൊൻമോതിരം, ഗുരുകാരുണ്യത്തിന്റെ ആവർത്തനം.
നമോവാകം.
`ഇതിഹാസത്തിന്റെ ഇതിഹാസം` എന്ന പുസ്തകത്തിൽ നിന്ന് (ഡി.സി. ബുക്സ്)