Followers

Saturday, August 7, 2010

ഒഴുക്കിലടിയാത്ത ഓർമ്മച്ചിത്രങ്ങൾ


p k gopi

ചെളിപ്പാടത്തിന്റെ
കതിർക്കുലകളെ
നെഞ്ചോടു ചേർക്കാത്ത
ഏത്‌ അടിയാളനാണ്‌,
അഭയം തേടിയ
അന്തർജ്ജനത്തിന്‌
അത്താഴച്ചോറ്‌ വിളമ്പാനാവുക ?!

പിഞ്ചോമനകളുടെ
ആത്മാവ്‌ തഴുകാത്ത
ഏത്‌ മാമ്പഴത്തിനാണ്‌
ചുടലമണ്ണിന്റെ മടിത്തടത്തിൽ
മാതൃവേദന ചുരത്താനാവുക?

പേറ്റുനോവിന്റെ
പൊക്കിൾത്തംബുരുവിൽ
വിരൽതൊടുന്ന
ഏത്‌ പൊട്ടപ്പൂതത്തിനാണ്‌
ആറ്റുനോറ്റ പൊന്നുണ്ണിക്കു പകരം
അമ്മക്കണ്ണുകൾ ചൂഴ്ന്നെടുക്കാനാവുക?!
കടൽപ്പെണ്ണിന്റെ
കന്നിപ്രണയമറിയുന്ന
ഏത്‌ കൊമ്പൻസ്രാവിനാണ്‌
പളനിയുടെ തിരക്കരുത്തിനെ
മരണച്ചുഴിയിലേക്ക്‌
വലിച്ചുകൊണ്ടുപോകാനാവുക ?!
ആദിമമായ
പുല്ലാങ്കുഴലിൽ
കോകിലങ്ങളെ വളർത്താത്ത
ഏത്‌ ദേശാടനക്കവിക്കാണ്‌
നിത്യകന്യകയുടെ കാല്പാടുകൾ തേടി
വഴിയമ്പലങ്ങളിൽ അന്തിയുറങ്ങാനാവുക?!

എരിവെയിലിനും
പെരുമഴയ്ക്കുമിടയിലെ
ജന്മാന്തരങ്ങളുടെ കാല്പടത്തിൽ
അരുമപ്പല്ലമർത്തുന്ന
അനാദിയുടെ പാമ്പുകളെ
സ്വപ്നം കാണാതെ
ഏത്‌ ഇതിഹാസത്തിലാണ്‌
നവാദ്വൈതത്തിന്റെ
ചിത്രകൂടങ്ങൾ നിർമ്മിക്കാനാവുക ?!

തട്ടകങ്ങളിൽ
കാലുറപ്പിക്കാത്ത
ഏത്‌ ജഠരാഗ്നിക്കാണ്‌
മിണ്ടാപ്രാണികളുടെ
വിശപ്പിന്റെ തോറ്റംപാട്ടുകൾ
ലോകത്തെ കേൾപ്പിക്കാനാവുക?

നരിവാളൻകുന്നിന്റെ
നിറുകയോളം
അപമാനപ്രളയമെത്തുമെന്നറിയാത്ത
ഏത്‌ അപ്പുണ്ണിക്കാണ്‌
തറവാടിന്റെ തായ്‌വേരുകളിൽ
ഉദയമഞ്ഞിന്റെ
വിരഹതാളം പകരാനാവുക ?!

കൈക്കുടന്നയിലെ
ജലത്തിൽ
കടലിരമ്പം കേൾക്കാത്ത
ഏത്‌ സ്പന്ദമാപിനിക്കാണ്‌
പുഴ മുതൽ പുഴ വരെ
കരൾ പിളരും കാലത്ത്‌
വിശ്രമ­മി­ല്ലാതെ മുമ്പേ സഞ്ചരിക്കാനാവുക?!

അനർഘനിമിഷങ്ങളുടെ
അപാരഖജനാവിലെ
പ്രേമലേഖനങ്ങൾ കടിച്ചു തിന്ന്‌
ഗഡാഗഡിയൻ മതിലുകൾ ഭേദിച്ച്‌
നീലവെളിച്ചത്തിലേക്ക്‌
കയറിപ്പോകാത്ത
ഏത്‌, സ്റ്റെലൻസുൽത്താനാണ്‌
`അനന്തമായ പ്രാർത്ഥനയത്രെ
ജീവിതമെന്ന്‌ പറയാനാവുക?!

ഓടയിൽ വീണ
താമരമൊട്ടുകൾ
സൂര്യനിലേക്ക്‌ വിടർന്നുപോകുമെന്നറിയാതെ
ഏത്‌ റിക്ഷാചക്രങ്ങൾക്കാണ്‌
തേഞ്ഞുതേഞ്ഞ്‌
ചുമച്ചും കിതച്ചും
അനന്തശൂന്യതയിലേക്ക്‌ കടന്നു പോകാനാവുക?!

കൈതപ്പൊന്തകളിൽ
വൈശ്രവണസർപ്പങ്ങൾ
ഇണചേരുന്നതറിയാത്ത
ഏത്‌ മയ്യഴിയോളങ്ങൾക്കാണ്‌
പ്രണയജന്മങ്ങളുടെ ചന്ദ്രികത്തുമ്പികളെ
വെള്ളിയാംകല്ലിലേക്ക്‌
പറത്തിക്കൊണ്ടു പോകാനാവുക?!

പട്ടിണിയുടെ
പതിതവാഴകളിൽ നിന്ന്‌
സ്വപ്നക്കുലകൾ വെട്ടിയെടുത്തവരെ
പച്ചമണ്ണുതൊട്ടു ശപിക്കാത്ത
ഏത്‌ ഗന്ധർവ്വനാണ്‌
പ്രതികാരത്തലമുറയ്ക്ക്‌
അസ്ഥിമാടങ്ങളിലെ സ്പന്ദനങ്ങൾ പകരാനാവുക?

ചോരവീണ
കറുകപ്പുല്ലുകളെ
ധീരമായി വാരിപ്പുണരാതെ
ഏത്‌ സർഗ്ഗസംഗീതത്തിനാണ്‌
നോവറിയാത്ത തത്ത്വശാസ്ത്രങ്ങളെ
സ്നേഹിക്കയില്ലെന്ന്‌ പാടാനാവുക?

ഒഴുക്കിലടിയാത്ത
ഓർമ്മച്ചിത്രങ്ങളില്ലെങ്കിൽ
യുദ്ധകാണ്ഡങ്ങളുടെ
വിശ്വരൂപ­ത്തിനു മുമ്പിൽ
ഭയന്നു പത­റാതെ
പെരുവിരലും ചൂണ്ടുവിരലും
ചേർത്തു പിടിക്കില്ലായിരുന്നു,
മനസ്സാക്ഷിയുടെ തീപടരും തൂലിക !