a q mahdi
രാവിലെതന്നെ ലാസ്വേഗാസിൽ നിന്നും ഞങ്ങൾ ലോസ്ഏഞ്ചൽസിലേയ്ക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ വൈകുന്നേരമായി. 400 കി.മീറ്റർ ദൂരമാണ് ഒറ്റയടിക്ക് താണ്ടിയത്. ബസ്സിന്റെ ഏറ്റവും മുൻസീറ്റിൽ, ഡ്രൈവർക്ക് തൊട്ടുപിന്നിലായിരുന്നു അന്ന് എന്റെ ഇരിപ്പിടം. ലാസ്വേഗാസ്- ലോസ്ഏഞ്ചൽസ് റോഡ് ഒരു എക്സ്പ്രസ്സ് ഹൈവേയാണ്; ഒരെട്ടുവരിപ്പാത. ഗ്രാമങ്ങളും ചെറുപട്ടണങ്ങളും പിന്നിട്ടുള്ള ഈ യാത്രയിൽ എന്നെ അമ്പരപ്പിച്ചത്, ഈ ഹൈവേയിലൂടെ ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങളുടെ അസാധാരണ ബാഹുല്യമാണ്. ഇരുവശത്തേയ്ക്കുമുള്ള അനന്തമായ വാഹനപ്രവാഹം എന്റെ എല്ലാ സങ്കൽപ്പങ്ങളെയും തെറ്റിച്ചുകളഞ്ഞു. ഇടതടവില്ലാതെ, വരിയൊപ്പിച്ച്, അതിവേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന കാറുകളും, കാർഗോ ട്രക്കുകളും, കോച്ചുകളും അപൂർവ്വം മോട്ടോർ സൈക്കിളുകളും. ചുരുങ്ങിയത് ഈ പ്രവാഹത്തിന്റെ തുടർച്ച, 6 മണിക്കൂർ യാത്രചെയ്ത് ലോസ് ഏഞ്ചൽസിൽ ഞങ്ങളെത്തും വരെ നീണ്ടു എന്നു പറഞ്ഞാൽ അവയുടെ എണ്ണം എത്രയുണ്ടാവുമെന്ന് ഊഹിക്കാമല്ലോ.
ഇത്ര വലിയ തോതിലല്ലെങ്കിലും വാഹനപ്രളയം വ്യക്തമായ നിലയിൽ കഴിഞ്ഞ രണ്ടാഴ്ചക്കാലം ഞങ്ങൾ കടന്നുപോന്ന മിക്ക എല്ലാ ഹൈവേകളിലും കണ്ടു. എങ്കിലും എങ്ങും എവിടെയും റോഡിൽ ഒരു അപകടത്തിന്റെ ദൃശ്യവും ഞങ്ങൾക്ക് കാണാനായില്ല. സാധാരണ കൊല്ലത്തുനിന്ന് പാലക്കാട് വരെ സഞ്ചരിക്കുന്നതിനിടെ ഓരോ പ്രാവശ്യവും എനിക്ക് നാലോ അഞ്ചോ റോഡപകടങ്ങളെങ്കിലും കാണാനിടവന്നിട്ടുണ്ട്. അമേരിക്കയിൽ വാഹനങ്ങളുടെ ശരാശരി വേഗത, ഹൈവേയിൽ ചുരുങ്ങിയത് 120 മുതൽ 150 വരെ കീ.മീറ്ററാണെന്നോർക്കണം. വാഹനങ്ങളുടെയും റോഡുകളുടെയും ഗുണനിലവാരം, ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ഡ്രൈവർമാർ, ഒക്കെയും ശ്രദ്ധയോടെ വീക്ഷിക്കുന്ന ഹൈവേയിലെവിടെയും ഉറപ്പിച്ചിട്ടുളള ക്യാമറക്കണ്ണുകൾ, ഇവ റോഡപകടസാധ്യതകൾ ഇവിടെ ഗണ്യമായി കുറയ്ക്കുന്നു.
വളരെ അപൂർവ്വമായേ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്മാരെ റോഡിൽ കാണുകയുള്ളു. ഒക്കെയും നിയന്ത്രിക്കുന്നത് യന്ത്രസംവിധാനങ്ങളും കമ്പ്യൂട്ടറുമാണ്. ട്രാഫിക് സിഗ്നൽ തെറ്റിച്ച് വാഹനം ഓടിക്കാൻ ശ്രമിച്ചാൽ അപകടം ഉറപ്പ്, അത്രകണ്ട് തിരക്കും വേഗതയുമാണ്. ഇനി ഒരുപക്ഷേ തിരക്കില്ലാത്ത ഒരു സിഗ്നൽ പോയിന്റിൽ, പോലീസുകാരെ കാണുന്നില്ലല്ലോ ഓടിച്ചുപൊയ്ക്കളയാം എന്ന നമ്മുടെ നാട്ടിലെ രീതി ഇവിടെയും അനുവർത്തിച്ചുവെന്നു കരുതുക, നിങ്ങൾക്ക് രക്ഷപ്പെടാനാവില്ല, ഇതൊക്കെ അതിസൂക്ഷ്മം വീക്ഷിക്കുന്ന നിരവധി ക്യാമറകൾ ഓരോ ഭാഗത്തും ഉറപ്പിച്ചിട്ടുണ്ട്. ആ ക്യാമറക്കണ്ണുകൾ വാഹനത്തിന്റെ നമ്പരടക്കമുള്ള ചിത്രം ഒപ്പിയെടുത്ത്, നിമിഷങ്ങൾക്കകം കൺട്രോൾ റൂമിലെത്തിച്ചിരിക്കും. `ഹാ രക്ഷപ്പെട്ടു ആരും കണ്ടില്ല....` എന്നുപറയാൻ വരട്ടെ, ഇവിടെ നിയമലംഘനം നടത്തി പോകുന്ന നിങ്ങളെ ഉടൻതന്നെ മൊബൈൽ പൊലീസ് പിന്തുടർന്നെത്തി പിടിച്ചിട്ടുണ്ടാവും. അതു സംഭവിച്ചില്ലെന്നു കരുതുക, വാഹനത്തെയും വാഹനം ഓടിച്ചിരുന്നവരെയും ഫൈൻ ചെയ്യാൻ വേറെയും സംവിധാനമുണ്ട്; ടാക്സ് അടയ്ക്കാൻ പോകുമ്പോൾ ടാക്സിനോടൊപ്പം ഈ നിയമലംഘനത്തിനു ഒരു വൻതുക കൂടി പിഴയായി അടയ്ക്കേണ്ടിവരും. നിയമലംഘനം ആവർത്തിച്ചാൽ ഡ്രൈവിങ്ങ് ലൈസൻസ്
പോയതുതന്നെ.
ചെറുതും വലുതുമായ നിയമലംഘനങ്ങൾ ഇവിടെ ഇൻഡ്യയിൽ, നമ്മുടെ ജനാധിപത്യ സമ്പ്രദായത്തിലെ അനിർവാര്യമായ ഒരവകാശം പോലെ രാജ്യത്തിന്റെ അച്ചടക്കത്തെതന്നെ ഗുരുതരമായി ബാധിക്കുന്ന ഒരർബുദമായി മാറിയിരിക്കുന്നു. നമ്മുടെ രാജ്യത്തൊഴികെ മറ്റൊരിടത്തും നിയമങ്ങൾ പാലിക്കാൻ കൂട്ടാക്കാത്ത, ചട്ടങ്ങൾ അനുസരിക്കാൻ തയ്യാറാവാത്ത ഒരു സമൂഹത്തെ കാണാനാവില്ല, പ്രത്യേകിച്ച് അമേരിക്കയിൽ.
നമ്മുടെ ട്രാഫിക് സിസ്റ്റത്തെപ്പറ്റി പറയുമ്പോൾ, ഗതാഗത നിയമങ്ങളെപ്പറ്റിയുള്ള അജ്ഞതമൂലം നിത്യവും ധാരാളം റോഡപകടങ്ങൾ ഉണ്ടാകുന്നുവെന്നതിനെപ്പറ്റി ചിന്തിക്കാതെവയ്യ. കുട്ടിക്കാലം മുതൽക്കേ ട്രാഫിക് നിയമങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടത്, ആധുനിക കാലത്ത്, വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തിലെ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. പാഠ്യപദ്ധതിയിൽ ഇതുകൂടി ഉൾപ്പെടുത്തുവാൻ വൈകിക്കൂടാ എന്നാണെന്റെ അഭിപ്രായം. ഇൻഡ്യപോലെ, ഡ്രൈവിങ്ങ് ലൈസൻസ് ഇത്രലാഘവത്തോടെ നൽകപ്പെടുന്ന മറ്റൊരു രാജ്യവും, ലോകത്തിന്നില്ല എന്നു പറയപ്പെടുന്നു. സമീപകാലത്ത് ഈ വിഷയത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നതും വിസ്മരിക്കുന്നില്ല.
പരസ്യങ്ങളും കണ്ണീർ സീരിയലുകളും വാരിനിറച്ച നമ്മുടെ റ്റി.വി പ്രോഗ്രാമുകൾക്കിടയിൽ, ഒരൽപ്പസമയം ട്രാഫിക് നിയമങ്ങളുടെ ബോധവത്ക്കരണത്തിനു വിനിയോഗിക്കണമെന്ന്, ഈ മാധ്യമങ്ങൾക്ക് ലൈസൻസ് കൊടുക്കുമ്പോൾതന്നെ വ്യവസ്ഥ ചെയ്യേണ്ടതാണ്. റോഡപകടങ്ങളിലൂടെ, രാജ്യത്ത്, ഓരോ മിനിറ്റിലും എത്രയെത്ര വിലപ്പെട്ട ജീവനുകളാണ്, പൊതുനിരത്തുകളിൽ പൊലിഞ്ഞുവീഴുന്നത്.
വളരെ വലിയൊരു നഗരമാണ് ലോസ്ഏഞ്ചൽസ്. അന്നത്തെ ശിഷ്ടസമയം നഗരസന്ദർശനത്തിനു മാറ്റിവച്ചു. പിറ്റേന്നാണ് ഹോളിവുഡ്ഡ് സന്ദർശനം.
യാത്രാക്ഷീണം നന്നേയുണ്ടായിരുന്നതിനാൽ അന്നു രാത്രിയിൽ ബോധമറ്റുറങ്ങി.
ഇന്നു ബുധനാഴ്ചയാണ്, അമേരിക്കയിലെത്തിയിട്ട് പതിനാലാം ദിവസം.
രാവിലെതന്നെ ഞങ്ങൾ ഹോളിവുഡ്ഡിലേയ്ക്ക് തിരിച്ചു. ഹോളിവുഡ്ഡ് എന്നാൽ യൂണിവേഴ്സൽ സ്റ്റുഡിയോ എന്നാണർത്ഥം. കാലിഫോർണിയ സ്റ്റേറ്റിലാണ് ലോസ്ഏഞ്ചൽസ്. ലോസ്ഏഞ്ചൽസിലെ ഒരു ജില്ലയാണ് ഹോളിവുഡ്ഡ്. നഗരത്തിൽ നിന്ന് കുറേ ദൂരെയാണ് ലോകത്തെ ഏറ്റവും വലിയ ഫിലിംസ്റ്റുഡിയോ ആയ യൂണിവേഴ്സൽ സ്റ്റുഡിയോസ്. യു.എസ്സ് ചലച്ചിത്ര വ്യവസായത്തിന്റെ പര്യായമാണിത്.1915 -ൽ തന്നെ ഹോളിവുഡ്ഡ് ചലച്ചിത്ര വ്യവസായകേന്ദ്രമായിത്തീർന്നു.
ഹോളിവുഡ്ഡിലേയ്ക്ക് ബസ്സിൽ പോകും വഴി, ഒരിടത്തുവച്ച് ടൂർമാനേജർ റോഡിന്റെ ഒരു വശത്തെ ചില പോഷ് വില്ലകൾ ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു, “ലോകത്തെ ഏറ്റവും വിലയേറിയ വാസസ്ഥലമാണിത്. ഹോളിവുഡ്ഡിലെ സൂപ്പർതാരങ്ങൾ മുഴുവൻ ഈ ഏരിയയിലാണ് താമസിക്കുന്നത്. ഇവിടെ ഭൂമിയുടെ വില സെന്റിനോ സ്ക്വയർ ഫീറ്റിനോ അല്ല, ചതുരശ്ര ഇഞ്ചിനാണ്.”
മനോഹരമായ രണ്ടുനില വില്ലകൾ നിരനിരയായി ഞങ്ങൾ കണ്ടു; മുറ്റവും പൂന്തോട്ടവും, ജലധാരയന്ത്രങ്ങളുമൊക്കെയുള്ള. അത്ര കൂറ്റൻ കെട്ടിടങ്ങളുമല്ല. അവിടേയ്ക്കുള്ള റോഡുകൾക്കുപോലുമുണ്ട് ചില പ്രത്യേകതകൾ. വീഥിയുടെ വശങ്ങളിൽ മുഴുവൻ പൂന്തോട്ടങ്ങളാണ്. വിവിധ വർണ്ണങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന ചെടികൾ, കാറ്റിൽ തലയാട്ടിനിൽക്കുന്നു. ഇവയൊക്കെ പരിപാലിക്കാൻ പ്രത്യേക യൂണിഫോം ധരിച്ച പരിചാരകരും.
ആ സൂപ്പർസ്റ്റാർ കോളനിക്കകത്തെ റോഡിലൂടെ അന്യവാഹനങ്ങൾക്ക് പ്രവേശനമില്ല, അല്ലെങ്കിൽ ബസ്സ് അതിലേ ഒന്നു ചുറ്റിവരാമായിരുന്നെന്ന് പൈലറ്റ്.
ഹൈവേയ്ക്കരികിൽ വലതുവശത്ത് ആദ്യം കണ്ട വീടു തന്നെ വളരെ വലിയൊരു ഹോളിവുഡ്ഡ് താരത്തിന്റെതാണെന്ന് ഗൈഡ് പറഞ്ഞു. ഹോളിവുഡ്ഡ് ചിത്രങ്ങളെപ്പറ്റി വലിയ ഗ്രാഹ്യമില്ലാത്ത എനിക്ക് ഗൈഡ് പറഞ്ഞ ആ സൂപ്പർ നടന്റെ പേര് ഓർമ്മയിൽ വരുന്നില്ല.
വീടിനുമുമ്പിൽ ഒരു കാർ കിടപ്പുണ്ട്, കറുത്ത നിറമുള്ള കാർ.
“ നിങ്ങൾക്കറിയാമോ അതെന്തുകാറാണെന്ന്, ഏതു കമ്പനിയുടേതെന്ന്............?” ടൂർ മാനേജർ തന്നെ മറുപടിയും പറഞ്ഞു.
“ അത് റോൾസ് റോയ്സ് കാറാണ്. അവരുടെ ഏറ്റവും മുന്തിയ മോഡലുകളിലൊന്ന്. കാറിന്റെ വില സുമാർ ഒരു മില്യൻ ഡോളർ, അതായത് 10 ലക്ഷം ഡോളർ..........”
ഞാനുടൻ എന്റെ മനസ്സിനുള്ളിലെ കാൽക്കുലേറ്റർ പ്രവർത്തിപ്പിച്ചു കണക്കുകൂട്ടി നോക്കി. 10 ലക്ഷം ഡോളർ എന്നാൽ നാലര കോടി ഇൻഡ്യൻ രൂപയാണ്; എത്ര ഭീമമായ വില.
നാട്ടിലെമാതിരി സമ്പന്നർ എട്ടുംപത്തും കാറുകൾ വാങ്ങി, വീടിനുമുമ്പിലിട്ട് പ്രതാപം കാണിക്കുകയില്ല, അമേരിക്കയിൽ. ഇവിടെ അവയിടാൻ സ്ഥലവുമില്ല, ഓടിക്കാൻ ഡ്രൈവറെ കിട്ടുകയുമില്ല. പരമാവധി ഒന്ന് അല്ലെങ്കിൽ രണ്ടു കാർ, അത്രതന്നെ. ഡ്രൈവറെ ശമ്പളത്തിനു വയ്ക്കുക അതിസമ്പന്നർക്കുപോലും കഴിയുന്ന ഒന്നല്ല. മാത്രമല്ല, ഉള്ള ഒരു കാറിന്റെ വില തന്നെ നാട്ടിലെ 25 പോഷ് കാറുകളുടെ വിലയ്ക്ക് തുല്യവും.
ഞങ്ങൾ സ്റ്റുഡിയോയ്ക്കടുത്തെത്തിയപ്പോൾ രാവിലെ 10 മണി കഴിഞ്ഞിരുന്നു.
സ്റ്റുഡിയോ സന്ദർശിക്കാനെത്തിയവരുടെ കാറുകളും കോച്ചുകളും വിശാലമായ പാർക്കിങ്ങ് ഏരിയയിൽ നിരന്നു കിടക്കുന്നു. അവയുടെ എണ്ണം കണ്ടപ്പോൾ , ഇതിൽ വന്നവരെ മുഴുവൻ ഉൾക്കൊള്ളാൻ ഈ സ്റ്റുഡിയോയ്ക്കു കഴിയുമോ എന്നു സംശയം തോന്നിയെങ്കിലും, ഗേറ്റുകടന്ന് പ്രവേശിച്ചു കഴിഞ്ഞപ്പോഴാണ് അത്ഭുതം ഇരട്ടിച്ചത്. കിലോമീറ്ററുകളോളം പരന്നുവിശാലമായി കിടക്കുന്നു സ്റ്റുഡിയോ കോംപ്ളക്സ്.
ഹോളിവുഡ്ഡ് ഹൊറർ ചിത്രങ്ങൾ തിയേറ്ററിലിരുന്ന് കാണുമ്പോൾ, എങ്ങിനെയീ രംഗങ്ങൾ ചിത്രീകരിക്കപ്പെട്ടു എന്ന് വിസ്മയപൂർവ്വം നം ചിന്തിച്ചുപോവാറില്ലേ.
ഭൂകമ്പം- ഭൂമിയാകെ കുലുങ്ങി വിറച്ച് നഗരങ്ങളും കെട്ടിടങ്ങളും തകർന്ന് വീഴുന്നു, മലകൾ ചുവടോടെ പിഴുതെറിയപ്പെടുന്നു, ഉരുൾപൊട്ടലിലൂടെ ഒരു പട്ടണം തന്നെ അപ്രത്യക്ഷമാകുന്നു, ആകാശത്തു വച്ച് തീപിടിച്ച് ഒരു വിമാനം പൊട്ടിത്തകർന്ന് നിലംപതിക്കുന്നു, തീവണ്ടികൾ കൂട്ടിമുട്ടി ആയിരങ്ങൾ പിടഞ്ഞു മരിക്കുന്നു, തുടങ്ങി, വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്ന ഗ്രാമങ്ങളും, ആൾപ്പിടിയൻ സ്രാവിന്റെ വായിൽ കിടന്നു പിടയുന്ന മനുഷ്യനും, തകർന്നു മുങ്ങിപ്പോകുന്ന ടൈറ്റാനിക് കപ്പലും, ആകാശംമുട്ടെ വലിപ്പമുള്ള ദിനോസറുകളുമൊക്കെ, ചലച്ചിത്രങ്ങളിലൂടെ നമ്മെ അത്ഭുതത്തിന്റെയും വിസ്മയത്തിന്റെയും ലോകത്തെത്തിക്കുമ്പോൾ ഇതൊക്കെ എങ്ങനെ ചിത്രീകരിക്കുന്നുവെന്ന് നാം ചിന്തിക്കാറുണ്ടോ? മനുഷ്യസാധ്യമായ കാര്യമാണോ ഇത്തരം ചിത്രീകരണങ്ങൾ എന്നു തോന്നാറില്ലേ?
അതെ, ഞങ്ങൾ നേരിൽ കണ്ടു, ഈ അത്ഭുതരംഗങ്ങൾ, ഇവ എങ്ങിനെ ചലച്ചിത്രങ്ങളിൽ രൂപം കൊള്ളുന്നുവെന്ന്.
ഒക്കെയും, പരന്നുകിടക്കുന്ന അതിവിശാലമായ ഈ സ്റ്റുഡിയോവളപ്പിലെ നിരവധി ഫ്ളോറുകളിലും, കൂറ്റൻ ഹാളുകളിലുമാണ് രൂപപ്പെടുന്നത്. കണ്ടാലും കണ്ടാലും മതിവരാത്ത എത്രയോ അത്ഭുത രംഗങ്ങളുടെ പുനരാവിഷ്കരണം നമുക്കിവിടെ കൺമുമ്പിൽ കാണാം.
തുടക്കം തന്നെ, വശങ്ങൾ തുറന്ന മൂന്നു ബോഗികളുള്ള ഒരു റോഡ് ട്രെയിനിൽ ഈ രംഗങ്ങളുടെ ചിത്രീകരണങ്ങൾ മുഴുവൻ രണ്ടുമണിക്കൂർ സമയം കൊണ്ട് കാണിച്ചുതരലാണ്. അത്തരം നിരവധി വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്നു. ഓരോ രംഗത്തെപ്പറ്റിയും വിശദീകരിക്കാൻ ഒപ്പം ഒരു ഗൈഡുമുണ്ടാവും. ഞങ്ങൾ കണ്ടവയിൽ ചില രംഗങ്ങളെപ്പറ്റി മാത്രമേ പറയാൻ സമയമുള്ളൂ.
ഞങ്ങളെയും കൊണ്ട് റോഡ് ട്രെയിൻ മെല്ലെ നീങ്ങി, മൂടിക്കെട്ടിയ വലിയൊരു ഹാളിൽ പ്രവേശിക്കുന്നു. കയറിക്കഴിഞ്ഞപ്പോൾ ഹാളിന്റെ രണ്ടുവശത്തെയും പ്രവേശനകവാടങ്ങൾ അടയ്ക്കപ്പെട്ടു. ഹാളിലിപ്പോൾ കൂരിരുട്ടാണ്; വെളിച്ചത്തിന്റെ ഒരു തരിപോലുമില്ല. എവിടെനിന്നോ സാവധാനം ചില ദീപങ്ങൾ പ്രകാശിച്ചുതുടങ്ങുന്നു. ഹാളിൽ ഞങ്ങളുടെ വാഹനത്തിന്റെ ഇടതുവശത്താണ് കാഴ്ച; ഞാനും ഭാര്യയും ഇരുന്നതും ആ ഭാഗത്ത് തന്നെ. കൈ പുറത്തേയ്ക്കിടരുതെന്ന നിർദ്ദേശമുണ്ട്, സൈഡ് ഓപ്പൺ ബോഗിയാണ്.
ഇലക്ട്രിക് ദീപങ്ങളുടെ മെല്ലെമെല്ലെ പടർന്നുവന്ന വെളിച്ചത്തോടൊപ്പം ഇടതുവശത്ത്
ഒരു റോഡും, തൊട്ടരികിൽ ഒരു റെയിൽപ്പാതയും ദൃശ്യമായി.
ഇവിടെ എന്തു കാഴ്ചയാണാവോ ഒരുക്കിയിരിക്കുന്നത്, എന്താണ് സംഭവിക്കാൻ പോകുന്നത്? ആകാംക്ഷയോടെ എല്ലാവരും, വരാൻപോകുന്ന ഏതോ രംഗം കാത്ത് വീർപ്പുമടക്കി ഇരുന്നു.
നിമിഷങ്ങൾക്കകം വശത്തെ റോഡിലൂടെ പിൻഭാഗത്ത് നിന്നും ഒരു കൂറ്റൻ ഗ്യാസ്ടാങ്കർ വന്നു. എൽ.പി ഗ്യാസാണതിൽ നിറച്ചിരിക്കുന്നത്. പെട്ടെന്നാണ് അതു പൊട്ടിത്തെറിച്ചു തകർന്നത്. അതിഭീകര ശബ്ദത്തോടെ ചുവന്ന ചായം പൂശി, തലയോട്ടിയുടെ അപകടചിഹ്നം വരച്ചിട്ടുള്ള ആ ടാങ്കർ ഞങ്ങൾ ഇരുന്ന വാഹനത്തിനടുത്തേയ്ക്ക് മറിയുന്നു. ഞങ്ങൾ നിലവിളിച്ചുകൊണ്ട് വശത്തേക്ക് മാറി, ഭാഗ്യം, ബോഗിയെ തൊട്ടുതൊട്ടില്ല എന്നമട്ടിലതു നിന്നു. പക്ഷേ, ടാങ്കറിനകത്തുനിന്നും പുറത്തേയ്ക്ക് ലീക്ക് ചെയ്ത ഗ്യാസ് ദ്രാവകം കത്തിത്തുടങ്ങുന്നു. തീയുടെ ചൂടും ഹാളിൽ നിറഞ്ഞ പുകയുടെ അസ്വാസ്ഥ്യവും മൂലം ശ്വാസം നിലച്ചമട്ടിൽ ഞങ്ങളിരിക്കുമ്പോൾ, പെട്ടെന്നതാ എതിർവശത്തുനിന്നും റെയിൽപ്പാതയിലൂടെ ഇതൊന്നുമറിയാതെ ഒരു തീവണ്ടി പാഞ്ഞുവരുന്നു. തീവണ്ടി അറിയുന്നില്ല തൊട്ടടുത്ത റോഡിൽ നിന്നും റെയിലിലേയ്ക്ക് മറിഞ്ഞുകിടക്കുന്ന ടാങ്കറിനെപ്പറ്റി. എല്ലാം ഒരുനിമിഷം കൊണ്ടാണ് സംഭവിച്ചത്, അതിവേഗത്തിൽ പാഞ്ഞുവന്ന തീവണ്ടി ശക്തിയായി ടാങ്കറിലിടിച്ച് അതും തകർന്ന് എതിർദിശയിലേയ്ക്ക് മറിയുന്നു. ട്രെയിനിന്റെ എഞ്ചിനും തീപിടിക്കുന്നു. ആകെയൊരു അഗ്നിപ്രളയം. ചുറ്റും തീയും ചൂടും ശ്വാസം മുട്ടിക്കുന്ന പുകയും.
മൂന്നു ബോഗികളിലെ യാത്രക്കാരും ഒരേ സമയം നിലവിളിച്ചുപോകുന്നു. ഇത്രയേയുള്ളൂ, ഷോ കഴിഞ്ഞിരിക്കുന്നു. ഒന്നും സംഭവിച്ചില്ല, മുൻവാതിൽ പെട്ടെന്ന് തുറക്കപ്പെട്ട് ഞങ്ങൾ സഞ്ചരിച്ച റോഡ്് ട്രെയിനും, ഒപ്പം, തിങ്ങിനിന്ന പുകപടലവും പുറത്തേയ്ക്ക്. പുറത്തുനിൽക്കുന്ന കുറെ സായ്പ്പന്മാർ, അവരാണ് ഈ രംഗം ഓപ്പറേറ്റ് ചെയ്തവർ, കൈവീശിക്കാണിക്കുമ്പോൾ അകാരണമായുണ്ടായ ഭയപ്പാടിന്റെ ജാള്യത നിഴലിക്കുന്ന മുഖഭാവവുമായി സ്വയമറിയാതെ നാമും കൈയ്യുയർത്തിക്കാട്ടുന്നു.
അടുത്തത്, ഒരു വിമാനദുരന്തം നടന്നതിന്റെ രംഗചിത്രീകരണമാണ്. ഒരു പടുകൂറ്റൻ ബോയി ങ്ങ് വിമാനം തകർന്നു വീണ് നിലത്ത് ചിതറിക്കിടക്കുന്നു. അതിന്റെ ഭീമൻ വാലറ്റം ഒടിഞ്ഞ് ഒരു ഭാഗത്ത് ചരിഞ്ഞുകിടപ്പുണ്ട്. രണ്ടുചിറകുകളും ചിതറിപ്പോയിരിക്കുന്നു. വിമാനത്തിന്റെ പൊട്ടിത്തകർന്ന അവശിഷ്ടങ്ങൾ പാറിവീണത് ചില വീടുകൾക്ക് മുകളിലാണ്. തകർന്ന വീടുകളും, വീട്ടുവളപ്പിൽ കിടന്ന ചതഞ്ഞരഞ്ഞ കാറുകളും കാണാം. ഫ്ളൈറ്റിൽ നിന്നും തെറിച്ചുപോയ യാത്രാസീറ്റുകൾ ആ പ്രദേശമാകെ വീണുകിടപ്പുണ്ട്. അപ്പോഴും കത്തിക്കരിഞ്ഞ വിമാനഭാഗങ്ങളിൽ പലതും പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
ഒരു യഥാർത്ഥ വിമാനം തന്നെ തകർത്താണ് ഈ ദുരന്തഭൂമിയിലെ രംഗചിത്രീകരണത്തിന് ഉപയോഗിച്ചതെന്നതാണു യാഥാർത്ഥ്യം.
പിന്നീട്, വലിയൊരു തടാകക്കരയിൽ നമ്മുടെ റോഡ് ട്രെയിനെത്തിച്ചേരുന്നു. തടാകത്തിലൂടെ ഒരു കൂറ്റൻ മത്സ്യം, ഒരു ആൾപ്പിടിയൻ സ്രാവ്, നീന്തിവന്ന് ഇടയ്ക്കിടെ ജലപ്പരപ്പിനു മുകളിലേയ്ക്ക് പൊന്തിവന്ന്, വാ പിളർന്ന് വെള്ളം ശക്തിയായി പുറത്തേക്ക് ചീറ്റുന്നു. കണ്ടിട്ട്, ഒരു ഒറിജിനൽ സ്രാവായേ തോന്നുയുള്ളൂ; എന്നാൽ അതൊരു റിമോട്ട് നിയന്ത്രിത പ്ളാസ്റ്റിക് യന്ത്രമത്സ്യമായിരുന്നു.
സ്റ്റുഡിയോ വളപ്പിലൊരിടത്ത് ചെറിയൊരു കൃത്രിമക്കടൽ. ഒരു വോളിബോൾ കോർട്ടിന്റെ വലിപ്പമേയുള്ളൂ ഒട്ടാകെ ആ ആഴിക്ക്; ഒരു മഹാസമുദ്രത്തിന്റെ നീലിമപോലുമുണ്ട് ഈ ചെറിയ കടലിന്.
ഒരു സമുദ്രത്തിന്റെ പശ്ചാത്തലത്തിൽ, പിന്നിലുള്ള ചക്രവാളസീമയുടെ സാങ്കല്പികതയിലൂടെ മേലേയ്ക്ക്, അനന്തമായ ഉയരത്തിലേയ്ക്ക് കയറിപ്പോകുവാൻ, `ജിംകാരി` എന്ന സുപ്രസിദ്ധ ഹോളിവുഡ്ഡ് നടൻ, തന്റെ `ബ്രൂസ്സ് ആൾമൈറ്റി` എന്ന ചിത്രത്തിലൂടെ ശ്രമം നടത്തുന്ന ഒരു രംഗം ആ ചലച്ചിത്രത്തിലുണ്ട്. ആ അജ്ഞാത ചുവരിലൂടെ മുകളിലേയ്ക്ക് കയറാനാവാതെ വന്നപ്പോൾ കഥാനായകൻ ശൂന്യതയിൽ ഒരു ഏണിചാരിയാണ് കയറിപ്പോവുന്നത്. ഉദ്വേഗജനകമായ ഈ അത്ഭുതരംഗം ചിത്രീകരിക്കുവാൻ വേണ്ടി മാത്രം ഒരു കുളത്തിനോളം പോന്ന ഈ കൊച്ചുകൃത്രിമസമുദ്രവും, ചക്രവാളത്തിന്റെ ശൂന്യതകാട്ടുവാൻ പിന്നിൽ ഒരുക്കിയ വലിയൊരു കർട്ടനും ഇപ്പോഴും യൂണിവേഴ്സൽ സ്റ്റുഡിയോ വളപ്പിൽ അതേപടി നിലനിർത്തിയിരിക്കുന്നു. ആ ചലച്ചിത്രം തിരശ്ശീലയിൽ കാണുന്ന ആർക്കും ഈ വിസ്മയരംഗം ഇത്രപോന്ന ചെറിയൊരു കൃത്രിമ ആഴിയുടെയും പിൻകർട്ടന്റെയും സഹായത്താലാണ് ചിത്രീകരിച്ചതെന്ന് വിശ്വസിക്കാനാവില്ല.
കാഴ്ചകളിൽ പുതുമ പകരുന്ന ഒന്നുകൂടി ഓർമ്മയിലുണ്ട്. ഞങ്ങളുടെ വാഹനം ഒരു നാൽക്കവലയിലെത്തി നിൽക്കുന്നു. അതൊരു ഗ്രാമപ്രദേശവുമാണ്. മരത്തിൽ തീർത്ത ചില കെട്ടിടങ്ങളും, ഓടുമേഞ്ഞ കുറെ വീടുകളും അവിടെ ചുറ്റും കാണാം. ഒരു ഗ്രാമക്കവല. വശത്തുകൂടി മറ്റൊരു വഴി വന്നുചേരുന്നു. കുറേ ഉയരത്തിൽ നിന്നാണ് വശത്തെ ആ ചെറിയ റോഡ് ഞങ്ങളുടെ വാഹനം നിൽക്കുന്ന മെയിൻ വീഥിയിൽ വന്നുചേരുന്നത്; ഏതോ മലയുടെ മുകളിൽ നിന്ന് ഒരു വഴി ഇറങ്ങിവന്നതുപോലെ.
തണുപ്പുള്ള അന്തരീക്ഷം. അൽപ്പം മുമ്പെപ്പഴോ മഴപെയ്ത് നനഞ്ഞിരിക്കുന്നു, പരിസരമാകെ. അതിശക്തമായ കാറ്റ്. കാറ്റിന്റെ ശക്തിയിൽ ഞങ്ങളുടെ റോഡ് ട്രെയിൻ പോലും കുലുങ്ങി വിറയ്ക്കുന്നതുപോലെ തോന്നി. ഒപ്പമൊരു പേമാരിയും. അത്തരമൊരു മഴ, നാട്ടിൽ കള്ളക്കർക്കിടകത്തിൽ പോലും കാണാനാവില്ല. അല്ലെങ്കിലും മഴയൊക്കെ എന്നേ നാട്ടിൽ നിന്നും പടികടന്നിരിക്കുന്നു. കൃത്രിമമഴ പെയ്യിക്കുകയാണെന്നറിഞ്ഞിട്ടും, ഞങ്ങളെ അത്ഭുതപ്പെടുത്തിയത്, എങ്ങിനെ എവിടെനിന്നും വന്നുവീഴുന്നു കനംതൂങ്ങിയ ഈ മഴത്തുള്ളികൾ എന്നതാണ്; യഥാർത്ഥ മഴപോലും തോറ്റുപോകും.
ഈ നാൽക്കവലയിൽ ഞങ്ങളെത്തുംവരെ തിളയ്ക്കുന്ന വെയിലായിരുന്നല്ലോ പുറത്ത്.
മഴ തുടരുകയാണ്. പെട്ടെന്നാണ് വശത്തെ വഴിയിൽ നിന്നും ഒരു മുഴക്കം. എന്താണത്? അതൊരു വെള്ളപ്പാച്ചിലായിരുന്നു, ഏതോ അണപൊട്ടിയൊഴുകി വരുംപോലെ, മലവെള്ളം അലറിക്കുതിച്ചു പാഞ്ഞുവരുന്നു. ഞങ്ങൾ കരുതി, ആ പ്രവാഹത്തിൽ ഞങ്ങളും ഒപ്പം ഞങ്ങൾ കയറിയിരുന്ന വാഹനവുമെല്ലാം ഒഴുകിയൊലിച്ചുപോവുമെന്ന്.
ആർത്തലച്ചുവന്ന വെള്ളം വശങ്ങളിലൂടെ ഒഴുകിയകന്നു. ഭാഗ്യം, പെട്ടെന്ന് മുകളിൽ നിന്നുള്ള ജലപ്രവാഹം നിൽക്കുകയും എല്ലാം പഴയപടിയാവുകയും ചെയ്തു. ഒക്കെക്കഴിഞ്ഞ്, നമ്മുടെ വാഹനം മുന്നോട്ട് നീങ്ങുമ്പോൾ യാത്രക്കാരൊക്കെ ദീർഘനിശ്വാസം വിട്ട്, മാനസ്സികസമനില വീണ്ടെടുക്കുന്നു; ഭയാനകമായ ആ രംഗത്തിനു തിരശ്ശീല വീഴുകയും ചെയ്തു.
ഇത്, ഒരു ഫിലിമിൽ പകർത്തിയാൽ വളരെ യഥാർത്ഥമായ ജലപ്രളയമായി, ഒരു ഉരുൾപൊട്ടലായിതന്നെ സ്ക്രീനിൽ അനുഭവപ്പെടും.
ഒരു പൂർണ്ണദിവസം മുഴുവൻ, അത്ഭുതം പകരുന്ന ഇത്തരം കാഴ്ചകൾ കണ്ടുകഴിഞ്ഞ
പ്പോൾ സമയം വൈകിട്ട് അഞ്ചുമണിയായി. 6 മണിക്കാണ് തിരികെ ഹോട്ടലിലേയ്ക്ക് മടങ്ങേണ്ടത്. ഓരോ ഐസ്ക്രീമും വാങ്ങി നുണഞ്ഞ്, ബാക്കിയുള്ള ഒരു മണിക്കൂർ സമയം സുറ്റുഡി
യോയ്ക്കകത്തെ പാർക്കിൽ കഴിച്ചുകൂട്ടാൻ ഞങ്ങൾ തീരുമാനിച്ചു.
മനോഹരമായ പാർക്ക്. നല്ല തിരക്കുമുണ്ട്. നിറയെ വെള്ളപ്പെയിന്റടിച്ച ചാരുബഞ്ചുകൾ നിരത്തിയിട്ടിട്ടുണ്ട്. ഇടയ്ക്കിടെ ജലധാരയന്ത്രങ്ങളുടെ നൃത്തമേള. ആ വാട്ടർ ഫൗണ്ടനുകൾക്ക് മുമ്പിൽ കൊച്ചുകുട്ടികൾ വട്ടംചുറ്റിനിന്ന് ആർത്തുല്ലസിക്കുന്നു. അതുകണ്ട് മാതാപിതാക്കൾ തെല്ലുദൂരെ മാറിയിരുന്ന് തങ്ങളുടെ കുരുന്നുകളുടെ കുസൃതിത്തരങ്ങൾ ആസ്വദിക്കുന്നു.
ഞാൻ ചുറ്റുപാടും ശ്രദ്ധിച്ചു. മനോഹരമായി ഒരുക്കിയ പച്ചപ്പുൽത്തകിടിയാണ് ചുറ്റും. വശങ്ങളിൽ പൂന്തോട്ടവുമുണ്ട്. ദിവസവും ആയിരക്കണക്കിന് സന്ദർശകരാണ് കുടുംബവും കുട്ടികളുമായി സ്റ്റുഡിയോയിലും അതുകഴിഞ്ഞ് പാർക്കിലും വന്നെത്തുന്നത്. എന്നിട്ടും പരിസരങ്ങളിലൊന്നും അഴുക്കോ ചപ്പുചവറോ കാണാനില്ല. കടലാസ്സു കഷണങ്ങളോ പ്ളാസ്റ്റിക് കവറോ ഒന്നും എങ്ങും ഉപേക്ഷിക്കപ്പെട്ടു കണ്ടില്ല. ശുചിത്വബോധം പാലിക്കുന്ന ജനങ്ങൾ. ചവറുകളൊക്കെ, അവിടവിടെ സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ്് ബിന്നുകളിൽ അപ്പഴപ്പോൾ തന്നെ കൊണ്ടുപോയി നിക്ഷേപിക്കുകയാണോരോരുത്തരും. അവിടെയുമുണ്ട് ശ്രദ്ധേയമായ വൈവിദ്ധ്യം. കടലാസ്സുകഷണങ്ങൾ ഇടാൻ ഒരു പാത്രമുണ്ടെങ്കിൽ മൂടിയുള്ള അടുത്ത പാത്രത്തിൽ പ്ളാസ്റ്റിക് വസ്തുക്കളാണ് നിക്ഷേപിക്കേണ്ടത്. മൂന്നാമത്തേതിൽ കാലിയായ മിനറൽ വാട്ടർബോട്ടിലുകൾ ഇടാം. ഈ വേസ്റ്റ് നിക്ഷേപം സാധാരണ കുട്ടികൾ പോലും കാര്യക്ഷമമായി നിർവ്വഹിക്കുന്നു.
ഞാൻ നമ്മുടെ നാട്ടിലെ അവസ്ഥയെപ്പറ്റി വെറുതെയൊന്നോർത്തു. സ്വന്തം വീട്ടിലെ ചപ്പുചവറുകൾ പോലും പൊതുനിരത്തിലേക്ക് വലിച്ചെറിഞ്ഞ് സ്വന്തം ഗൃഹം വെടിപ്പാക്കാൻ ശ്രമിക്കുന്നവരുടെ നാട്ടിൽ നിന്നാണല്ലോ ഞാൻ വന്നതെന്നോർത്തപ്പോൾ അറിയാതെ എന്റെ ശിരസ്സു കുനിഞ്ഞുപോയി.
“സമയം അഞ്ചേമുക്കാൽ കഴിഞ്ഞു. നമുക്ക് ബസ്സിനടുത്തേക്ക് നീങ്ങാം....” മധുസൂദനന്റെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി.