manampur rajanbabu
മുകരാനടുക്കുന്നു പിന്നെയും
മുരുക്കിന്റെ മുഖമാർന്നവർ....
മുറിപ്പാടുകൾ മാത്ര-
മെന്നതോർമിക്കാതല്ലാ
വലയിൽ വീണ്ടും വീണ്ടും
ചെന്നു വീഴ്വതീ മനം
ചെവിതിന്നീടും `കേമ-
ത്തങ്ങ`ളേ നമോവാകം!
ചുമൽ വിട്ടായീടുമോ
സദയം, കർമോത്സവം?
ഭീമബിംബമായ് പൊടി-
ഞ്ഞുതിരാ, മെന്നാൽ കർണ
ഭീകരം ധൃതരാഷ്ട്ര-
രോദനശുശ്രൂഷകൾ...
അകലത്തെങ്ങോ നാളെ
മീളുവാൻ കൈ നീട്ടിടു-
മൊരു മൺചെരാതുള്ളി
ലിപ്പൊഴും തപം കൊൾകേ,
കെണികൾ അത്താണിക-
ളാവതും പരിത്യാഗ-
ശിഷ്ടമാ, യാഘാതങ്ങ-
ളന്വയിപ്പതും ശീലം!
ആരവതുണീരങ്ങ-
ളീണങ്ങൾ മായ്ച്ചീടിലും
നേരമെത്തുകിൽ ബലി
നൽകുവാൻ, ബലിഷ്ഠമാം
സ്നേഹബാഹുക്കൾ നീട്ടി
യപദാനങ്ങൾ വാഴ്ത്തി
പടച്ചട്ടയും തന്നു
മുന്നിലാനയിക്കുമ്പോൾ,
രക്തപങ്കിലസ്നേഹ-
നാട്യങ്ങൾ ഗണിക്കാതെ-
യിപ്പൊഴും ചാവേറുള്ളിൽ
ചിന്തുവാൻ ത്രസിക്കുന്നു!