p a anish
ചെട്ട്യാര് വന്നാപ്പിന്നെ
പാത്രങ്ങളുടെ പാട്ടാണ്
കൊട്ടിലിനു പിന്നിലെ
പുളിമരച്ചോട്ടില്‍
കനലെരിഞ്ഞ്
പാത്രങ്ങളൊക്കെ
ഞണുക്കം മാറി
പൊട്ടലുമോട്ടയുമടഞ്ഞ്
പാടാന്‍ തുടങ്ങും
അട്ടത്തെയരണ്ട നിശ്ശബ്ദത
മാറാല പടര്‍ത്തിയ നാളുകള്‍ മറന്ന്
അരിതിളയ്ക്കുന്ന പാട്ട്
വയലിനക്കരെ
തെങ്ങുവരമ്പില്‍ നിന്നാലും
കേള്‍ക്കാം
കത്തുന്നത് കനലാക്കുന്ന
കാറ്റുയന്ത്രത്തെ
ചലിപ്പിക്കുമയാളുടെ
വിരലുകളെ
പാത്രങ്ങളോട്
തിരിഞ്ഞും മറിഞ്ഞുമിരിക്കെന്ന
പറച്ചിലുകളെ
പാട്ടുകള്‍ക്കിടയില്‍ നിന്നു
വിസ്മയിച്ചിട്ടുണ്ട്
പാട്ടുകൂടുകള്‍ തേടി
കിളികളാര്‍ക്കുമ്പോള്‍
ഞണുക്കമൊരിക്കലും മാറാത്തൊരോട്ടക്കലം
തലയില്‍ കമഴ്ത്തി
കാറ്റിനെതിരെ കൈ വീശി വീശിയൊരു പോക്കുണ്ട്
അതു നോക്കി നില്‍ക്കുമൊരു
കുട്ടി
ഇപ്പോഴുമാ വരമ്പത്തുണ്ട്