Followers

Showing posts with label reshmi k m. Show all posts
Showing posts with label reshmi k m. Show all posts

Wednesday, December 5, 2012

ആണ്‍മരം

രശ്മി കെ.എം

നീ
തേന്‍ നിറമുള്ള ഒരു ഒറ്റമരമാണ്.
ഇലകള്‍ പടര്‍ന്ന് ചില്ലകളാട്ടുന്ന മരം.
നോക്കിനില്‍ക്കെയുള്ള ചാഞ്ചാട്ടങ്ങളാല്‍
എന്നെ ഭയപ്പെടുത്തുന്ന വന്‍മരം.
നിന്റെ സൂക്ഷാണുക്കളിലെല്ലാം
സ്വപ്നം പെയ്യിച്ച രേതസ്സിറ്റുനില്‍ക്കുന്നു.

നിന്റെ കനിമധുരങ്ങള്‍ നുകര്‍ന്ന്
തടിമിനുക്കത്തെ പുണര്‍ന്ന്
നിഴല്‍ത്തണുപ്പില്‍ അമര്‍ന്നുകിടക്കാന്‍
എനിക്കു കൊതിയില്ല.

പകരം

വേരുകള്‍ ചിതറിയ മണല്‍ക്കെട്ടിനുള്ളില്‍
എന്നെ കൂടി അടക്കം ചെയ്താല്‍ മതി.
എന്നിലെ ഖരവും ജലവും
നീ വലിച്ചെടുക്കുക.
നമ്മള്‍ ഒരു നിത്യാശ്ലേഷത്തില്‍ അമര്‍ന്നുകഴിയുമ്പോള്‍
കോടാലിയുമായി അവര്‍ വന്നു കൊള്ളട്ടെ.
നിന്നെ വെട്ടിനുറുക്കിക്കൊള്ളട്ടെ.

Tuesday, October 30, 2012

കുളവാഴകള്‍

രശ്മി കെ.എം

നാട്ടിലെ പുരയിടത്തിലെ രണ്ടുനില വീട്
നഗരത്തിലെ ഒറ്റമുറിഫ്ലാറ്റിന്റെ
നിവര്‍ത്തിവച്ച സ്വപ്നമാണ്.
അതിന്റെ അകത്തളങ്ങളിണക്കാന്‍
വഴുക്കലും മിനുക്കവുമുള്ള
ടൈലുകള്‍ പണിയാന്‍ വന്നത്
വരാപ്പുഴക്കാരന്‍ ഒരു ചെറുപ്പക്കാരന്‍.
ആദ്യം കണ്ടത് അവന്റെ സ്വര്‍ണ്ണമാലയാണ്.
നെഞ്ചിലൂടൊഴുകുന്ന വിയര്‍പ്പിനെ
അതങ്ങനെ തുരുതുരാ ഉമ്മ വച്ചുകൊണ്ടിരുന്നു.

മെയ്പ്പണിയും കൈപ്പണിയും നോക്കി
കണ്ണെടുക്കാതെ നില്‍ക്കുമ്പോള്‍
അവന്‍ തലയുയര്‍ത്തിച്ചിരിച്ചു.
ഇവന്റെ ചിരി കുട്ടികളുടേതാണല്ലോയെന്ന്
എനിക്കു വെറുതേ ദേഷ്യം തോന്നി.
കുറേക്കൂടി പ്രായം കൂട്ടി ചിരിക്കരുതോ?
ഞാന്‍ നരവീണു തുടങ്ങുയവളും
ഇളയ കുഞ്ഞു മൂന്നില്‍ പഠിക്കുന്നവളും
ഇളകിയടര്‍ന്ന മേദസ്സുള്ളവളുമായിരിക്കേ
എന്നോടെന്തിനു കുട്ടുകളെപ്പോലെ ചിരിക്കണം?

തോര്‍ത്തുവീശി വിയര്‍പ്പുതുടച്ച്
അവന്‍ അരികില്‍ വന്നു.
“ഞാനാടോ, ജോണി, താമ്മറന്നോ?
നമ്മള് പള്ളീസ്കൂളില് ഒപ്പം പഠിച്ചതല്ലേ?”
അയ്യോ...ഞാനാകെ നാണിച്ചു പോയി.
ടൈലുകളേക്കാള്‍ തിളക്കമുള്ള അവന്റെ ദേഹത്ത്
ഞാന്‍ പിന്നെ നോക്കിയതു കൂടിയില്ല.

ഞങ്ങള്‍ രണ്ടില്‍ അടുത്തിരുന്നാണു പഠിച്ചത്.
വാപൂട്ടാതെ മിണ്ടുന്ന പെണ്‍കുട്ടികളെ
ടീച്ചര്‍ ആണ്‍കുട്ടികളുടെ ഇടയിലിരുത്തും.
അവനു ചൊറിയും ചുണങ്ങുമുണ്ടായിരുന്നു.
ഞാന്‍ തൊടാതെ അറപ്പോടെ നീങ്ങിയിരിക്കും.
അവന്‍ കുളവാഴയും മഷിത്തണ്ടും തരും.
നീലയും പിങ്കും വരയുള്ള ചോക്കു പെന്‍സിലും.
ചൊറിമണം ഞാനങ്ങു മറന്നു പോകും.

സ്കൂളിലേക്കുള്ള കുറുക്കുവഴിയിലാണ്
അവന്റെ വീട്.
മുറ്റത്തെ കൈത്തോട്ടില്‍ പച്ചയുടെ പരവതാനിയില്‍
വയലറ്റുപൂക്കള്‍ നീട്ടിപ്പിടിച്ച്
കുളവാഴകള്‍ നിറഞ്ഞു നില്‍പ്പുണ്ടാവും.
വെള്ളത്തില്‍ ഇറങ്ങിനിന്ന്
ഒരു പടര്‍പ്പിന്റെ വാലറ്റം
അവനെനിക്കു നീട്ടിത്തരും.
കുമിള പോലുള്ള അവയുടെ ഉദരങ്ങള്‍
ഞങ്ങള്‍ ചവിട്ടിപ്പൊട്ടിച്ചു രസിക്കും.

“ഞാനെട്ടാങ്ക്ലാസ്സീ നിര്‍ത്തി.
അപ്പനപ്ലയ്ക്കും മരിച്ച്.”
ജോണിക്കു ചിരിക്കാതെ സംസാരിക്കാനറിയില്ല, ഇപ്പോഴും.

“ഇന്നാള് കടവില മാഷ് ടോടെ പഠിക്കാന്‍ വരുമ്പ
ഞാന്‍ തന്നക്കണ്ട് ചിരിച്ചേര്‍ന്ന്. താങ്കണ്ടില്ലേരിക്കും...”
മാഷ് ടെയവിടെ പണയത്തിലിരിപ്പായിരുന്നു
അന്ന് എന്റെ എല്ലാ ചിരികളുമെന്ന്
ജോണിക്കറിയാന്‍ വഴിയില്ല.

മുറ്റത്തെ കൃത്രിമക്കുളത്തില്‍
താമരച്ചെടികള്‍ പൂവിട്ടു നില്‍ക്കുന്നു.

കുളവാഴകള്‍ വളര്‍ത്തിയാ‍ലോ?

***

Saturday, October 6, 2012

കഥാസാരം

രശ്മി കെ.എം

ദൈവത്തിന്റെ കടയില്‍
മുന്‍വിധികള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നെന്നു കേട്ടു.
വാങ്ങാന്‍ ചെന്നപ്പോള്‍
രണ്ടെണ്ണം മാത്രം ബാക്കി.


"ഇഷ്ടമുള്ളതെടുക്കാം“ ദൈവം കണ്ണിറുക്കി.


രണ്ടും അനാകര്‍ഷകം
വിരക്തം.അവ്യക്തം.
ഞാന്‍ രണ്ടുമെടുത്തു.


ഒന്നാമത്തേത് ഒരു യോഗിനിയുടേതുപോലെ.
നിസ്സംഗമായ തലക്കെട്ട്
നിറഭേദങ്ങളില്ലാത്ത
പകര്‍ത്തെഴുത്തുപോലുള്ള ദിവസങ്ങള്‍
അരക്കെട്ടു വരെ മുഴുസ്വാതന്ത്ര്യം
കാലില്‍ അദൃശ്യമായ ചങ്ങലക്കിലുക്കം
ഒറ്റജാലകത്തിന്റെ ഫ്രെയിമില്‍ ലോകം ചുരുണ്ടുകിടന്നു
ആരാധിക്കാന്‍,
അമാനുഷികരും പെണ്‍ഛായയുള്ളവരുമ‍ായ
നായകന്മാരുടെ പടങ്ങള്‍
മഞ്ഞത്തയമ്പിന്റെ തൊപ്പികളണിഞ്ഞ
വിരസങ്ങളായ പകലുകള്‍
അടിവസ്ത്രങ്ങള്‍
ശരീരമാര്‍ദ്ദവങ്ങളോടു യുദ്ധത്തിലായിരുന്നു
കഴുത്തു ഞെരിച്ചുകൊന്ന
ഒരു കടല്‍പ്പെരുപ്പം
ആത്മാവില്‍ ഇരമ്പിക്കൊണ്ടേയിരുന്നു


"ദൈവമേ, ഹോ, വേണ്ട"
ഞാന്‍ രണ്ടാമത്തെ പൊതിയഴിച്ചു


അതു വേശ്യയുടേതായിരുന്നു
അക്ഷരങ്ങളിന്മേല്‍ അമര്‍ന്നു കിടക്കുന്ന ഇരുട്ട്.
ചെടിപ്പിന്റെ ഛര്‍ദ്ദില്‍ കെട്ടു പൊട്ടിക്കുമെന്ന്
അഴിച്ചിട്ട സുഗന്ധങ്ങള്‍ എപ്പോഴും ഭയപ്പെട്ടു
സ്വതന്ത്രമായ കാലുകള്‍.
മുടി തൊട്ടു തുടവരെ
വേര്‍തിരിക്കാനാകാത്ത സ്രവഗന്ധങ്ങളുടെ തിരക്ക്.
കടുത്ത പുറംതോടിനുള്ളില്‍
തടഞ്ഞുവീഴുന്ന ദീര്‍ഘശ്വാസങ്ങള്‍.
ഒറ്റജാലകവും നക്ഷത്രങ്ങളും ഉണ്ടായിരുന്നു
കറുപ്പും വെളുപ്പും കൈകള്‍ നീട്ടി
തണുത്ത നഗ്നതയില്‍ ചിത്രം വരയ്ക്കുന്ന ചന്ദ്രന്‍
കാമുകനും കാവല്‍ക്കാരനുമായിരുന്നു
ഓര്‍മ്മയും ഉന്മാ‍ദവും
മുഷിഞ്ഞ തുണികള്‍ക്കിടയില്‍
മരിച്ചു കിടപ്പുണ്ടായിരുന്നു

ഞാന്‍ കോപത്തോടെ
ദൈവത്തെ കാണാന്‍ തിരിച്ചു നടന്നു

ഒരു കുറിപ്പെഴുതിവച്ചു അയാള്‍ സ്ഥലം വിട്ടിരുന്നു

"നിയോഗങ്ങള്‍ രണ്ടും അപഹരിച്ചവളേ
നീ കുടുംബിനിയായി വാഴുക..."

Sunday, September 2, 2012

നൂല്‍ബന്ധം

രശ്മി കെ.എം

ഒക്കത്തും വിരല്‍ത്തുമ്പിലും
ഓരോ കിടാങ്ങളുമായി
കൂട്ടുകാരി വന്നു.

കുട്ടിക്കാലം പങ്കുവച്ചവള്‍
ഒരു കയ്യാല്‍ ചര്‍ക്ക തിരിച്ച്
കണ്ണും ചുണ്ടും കൂര്‍പ്പിച്ചു വച്ച്
കുഞ്ഞിലേ നൂല്‍ചുറ്റിക്കൊണ്ടിരുന്നവള്‍.

ആണ്‍പിള്ളേര്‍ ആര്‍പ്പിടുന്ന പുല്‍മൈതാനത്തില്‍
അവളോടൊപ്പം തുള്ളിച്ചാടാന്‍ പോകുന്നതിന്റെ
ഉന്മാദത്തില്‍
ഞാനും ചര്‍ക്ക തിരിച്ചു.
ഉണക്കിയ പാവുമായി
വല്യച്ഛന്‍ വീട്ടിലെത്തും മുന്‍പേ
പണി തീരില്ലേ എന്ന പേടിയായിരുന്നു അവള്‍ക്ക്.

തറിത്തട്ടിലിരുന്നപ്പോള്‍
ചവിട്ടുകോലില്‍ കാലെത്തിയ ദിവസം
അവള്‍ നെയ്ത്തുകാരിയായി.
എനിക്കു മുന്‍പേ വയസ്സറിയിച്ചു
നിറം വച്ചു.
പുഴുങ്ങിയ മരക്കിഴങ്ങും ചക്കക്കുരുവും
മിനുപ്പു കൂട്ടി.
ചീട്ടിത്തുണിയിലെ തുന്നല്‍ വേലികള്‍ക്കുള്ളില്‍
ചന്തങ്ങള്‍ തുളുമ്പി നിന്നു.
അല്പം പൊങ്ങിയ പല്ലായിരുന്നെങ്കില്‍
ചിരിക്കുമ്പോള്‍ പൂ വിടരുമായിരുന്നു എന്നു
കൊതിപ്പിച്ചു.
വിലകുറഞ്ഞ സോപ്പുമണത്തിനായി
ഞാന്‍ വിടാതെ മുട്ടിയുരുമ്മി.

കളിസ്ഥലങ്ങള്‍ കൈവിട്ടശേഷം
തറിയില്‍ മാത്രം കണ്ണുനട്ട്
അവള്‍ സംസാരിച്ചു.
ഊടും പാവും ഇണ ചേര്‍പ്പിച്ചു.
ഉടക്കുകള്‍ പറഞ്ഞുതീര്‍ത്തു
പഴന്തുണികളുടുത്ത് കസവുപുടവകള്‍ പണിതു.
എനിക്ക് ആദ്യം കിട്ടിയ പ്രേമലേഖനം വായിച്ച്
നൂല്‍ക്കുട്ടയില്‍ വീണുകിടന്നു ചിരിച്ചു.

കല്യാണം ചെയ്തവന്‍
കല്‍പ്പണിക്കാരനായതിനാലാവാം
അവളുടെ നെഞ്ച്
നെയ്ത്തുതാളങ്ങള്‍ മറന്നു.
ഞാന്‍ അവളേയും.

ഒക്കത്തും വിരല്‍ത്തുമ്പിലും
കിടാങ്ങളുമായി
വന്നു, എന്റെ കൂട്ടുകാരി.
ഇത്തള്‍ മഞ്ഞപ്പിച്ച പല്ലുകള്‍
കീഴ്ചുണ്ടില്‍ തറഞ്ഞുനില്‍ക്കുന്നു.
കൈകളില്‍
തറിപ്പണിയേക്കാള്‍ തഴമ്പ്.
വിണ്ട പാദങ്ങള്‍ നീട്ടി
അവള്‍ നിലത്തിരുന്നു.

അവളുടെ വിയര്‍പ്പിലും വായ്നാറ്റത്തിലും
എന്റെ മുഖം ചുളിഞ്ഞോ...
മൂക്കിള ചാടിയ കുട്ടികള്‍ക്കൊപ്പം
എന്റെ മകള്‍ ഓടിക്കളിച്ചപ്പോള്‍
നെഞ്ചിടിച്ചത് അവള്‍ കേട്ടിരിക്കുമോ?
***

Thursday, August 2, 2012

ഇര

രശ്മി കെ.എം



എനിക്കും ഒരു ഇരയുണ്ട്. 
എന്റെ കനികള്‍ തിന്നു തീര്‍ത്ത് 
മിഴിപാതി കൂമ്പി 
സുഖാലസ്യത്താല്‍ ഉറങ്ങാന്‍ കിടക്കുന്ന ഒരിര.

ഞാന്‍ അതിനെ ഉണരാന്‍ വിടുകയില്ല. 
സ്വപ്നങ്ങളുടെ വിസ്മയപ്പടിയില്‍ നില്‍ക്കുമ്പോള്‍
ഞാന്‍ അതിന്റെ തുടകള്‍ വിടര്‍ത്തും.
മാംസമോ ചോരയോ എന്ന് 
കാമനകള്‍ ശങ്കിക്കുമ്പോള്‍ 
നോവിക്കൂ, പ്രാണന്‍ പിടപ്പിക്കൂ എന്ന് 
മനസ്സു കുതിക്കും.
തലയില്‍ നിന്നോ പാദാഗ്രത്തില്‍നിന്നോ എന്ന് സംശയിക്കുമ്പോള്‍ 
കൊയ്യാന്‍ പാകമൊത്ത ഇളവയര്‍ തുടിച്ചുവെളിപ്പെടും.
അതിന്റെ ചുടുമണം എന്നെ മദിപ്പിക്കുകയില്ല . 
മുഖത്തു ബാക്കിവച്ച ചിരികള്‍ വിഭ്രമിപ്പിക്കുകയില്ല. 
പറിച്ചെടുക്കാന്‍ പാകമായ പഴം പോലെ 
പ്രാണന്‍ മാത്രം എന്നെ കൊതിപ്പിക്കും. 
ഭയത്താല്‍ അസുന്ദരമായ മുഖം
എന്നെ സന്തോഷിപ്പിക്കും. 

വിരണ്ടുപോയ കൃഷ്ണമണികളെ വേണം 
എനിക്കു ചൂഴ്ന്നെടുക്കാന്‍. 
വീണുയാചിക്കുന്ന ശിരസ്സിനെ വേണം 
എനിക്ക് അരിഞ്ഞുമാറ്റാന്‍. 
ഇര പക്ഷേ, ശാന്തമായി ഉറങ്ങുന്നു.

എന്റെ എലിക്കെണികള്‍ ഈ ഇരയ്ക്ക് പാകമാകുമോ.. 
വിഷം ചേര്‍ത്ത ഉരുളകള്‍ക്കു വീര്യം തികയുമോ..
ഇരയെ ചോദ്യം ചെയ്ത് ഉഷ്ണിച്ച രാത്രി 
ചുറ്റും കത്തി നില്‍ക്കുന്നു. . 
ഇര സ്വസ്ഥമായി ഉറങ്ങിക്കൊണ്ടേയിരിക്കുന്നു.
പ്രതാപിയായ ഇരയ്ക്കു കാവല്‍ നിന്നുനിന്ന് 
എനിക്കു മൂര്‍ച്ഛിക്കുന്നു...

Monday, July 2, 2012

അച്ഛന്‍

രശ്മി കെ.എം.


സൈക്കിളില്‍ നിന്ന് മൊപ്പെഡിലേക്ക്
എത്തിയിരുന്നേയുള്ളൂ, മരിക്കുമ്പോള്‍.
വിരല്‍പ്പിടിയയയുമ്പോള്‍
മക്കളുണ്ടായിരുന്നു ചുറ്റിലും
വിട്ടുപോവല്ലേയെന്ന് ഉച്ചത്തില്‍ കരയാന്‍.
പതിനാലുകൊല്ലം പാഞ്ഞുപോയി.
അതിലും എത്രയോ മുമ്പേ
പിന്നിലാക്കിയിരുന്നു കാലം.
എങ്കിലും
പച്ചമരുന്നുവച്ചുകെട്ടിയ പഴയവണ്ടി പായിച്ച്
മത്സരിച്ചുകൊണ്ടേയിരുന്നു.
കാറ്റുപിടിച്ച ചെങ്കൊടിപോലെ
കുതിച്ചുകൊണ്ടേയിരുന്നു.

ഉറക്കമില്ലാതെ ഓര്‍ത്തു കൊണ്ടിരുന്നത് എന്താണാവോ .
“ആറാട്ടിന് ആനകള്‍ എഴുന്നള്ളി“യ ശേഷം
പാട്ടുകേട്ടിട്ടുണ്ടാവുമോ
കഥ വായിച്ചിരിക്കുമോ
വടക്കന്‍പറവൂര്‍ ഫിലിം സൊസൈറ്റിക്കപ്പുറം
സിനിമ സന്തോഷിപ്പിച്ചിരിക്കുമോ

മിച്ചം വന്ന പാര്‍ട്ടിനോട്ടീസുകളുടെ മറുപുറത്ത് എഴുതിനിറച്ചവ
വീണ്ടുമൊന്നു വായിക്കപ്പെടാതെ
ഒപ്പം തീപ്പെട്ടുപോയി.
കുതിര്‍ത്ത ചെളിമണ്ണില്‍ പാര്‍പ്പിച്ചിരുന്ന
മണ്ണിരകള്‍ നാടുവിട്ടു .
എങ്കിലും മേല്‍പ്പോട്ടു കുതിപ്പിച്ച മാവുകള്‍
പുളിമാങ്ങകളുടെ പച്ചച്ചിരിയോടെ
ചേര്‍ത്ത് പിടിക്കാറുണ്ടിപ്പോഴും

ദൂരദര്‍ശന്‍ പഴകാന്‍ തുടങ്ങിയിരുന്നു. .
കൈരളി കടലാസില്‍ പോലുമായിരുന്നില്ല.
നായനാരോടു ചോദിച്ചത് ഏഷ്യാനെറ്റായിരുന്നു.
സാറ്റലൈറ്റുകളെ പക്ഷെ, വേലിക്കകത്തു കയറ്റിയില്ല.
ഈ ലോകത്തു ജീവിച്ച് വിനോദിക്കുന്നതെങ്ങിനെയെന്ന്
ആനന്ദിക്കുന്നവരോടെല്ലാം കലഹിച്ചു.

പുതുമയെ അകറ്റിപ്പിടിച്ചിരുന്നു .
കമ്പ്യൂട്ടര്‍, ചുരിദാറുകള്‍...
ബീയേക്കു പകരം പക്ഷേ, ബീബീയേ മതിയെന്നു പറഞ്ഞു.
ബീബീയേ പഠിച്ചാല്‍ ആരായിത്തീരുമെന്ന് ഓര്‍ത്തിരിക്കുമോ?
നെറ്റും മൊബൈലും വിക്ഷുബ്ധമാക്കിയേനെ.
കൂടിക്കഴിഞ്ഞവര്‍ കൊടി താഴെ വച്ചപ്പോള്‍
നെഞ്ചു നിലച്ചു പോയേനെ.
ചൂടും ചിരിയും ഉമ്മകളും തന്നു തീര്‍ക്കാതെ
മിണ്ടാതെ പൊയ്ക്കളഞ്ഞുവെങ്കിലും,
ഒന്നോര്‍ത്താല്‍ നന്നായി.
എത്ര വട്ടം മരിച്ചേനെ ജീവിച്ചിരുന്നെങ്കില്‍
ചെങ്കൊടിയുടെ ഓളം വെട്ടലിന്നുള്ളില്‍
എവിടെയോ ഉണ്ടെന്നു ഇപ്പോഴും തോന്നിക്കാറുണ്ട്.
കാല്‍പ്പാദങ്ങളില്‍
നോവിന്റെ കുടമുടയ്ക്കുന്ന ജാലവിദ്യ കാട്ടി
കാവലിരിക്കുന്നതായി കാണാറുണ്ട്, ചില രാത്രികളില്‍.
നാടകം കാണാന്‍
ഒന്നാം നിരയില്‍ ഒറ്റയ്ക്കിരുത്തി,
പുറത്തേക്കു പോയതാവും ചിലപ്പോള്‍.
വരും,
ഇരുട്ടുമാത്രമുള്ള ഇടവഴികള്‍ താണ്ടാന്‍
പഴയ സൈക്കിളില്‍...