രശ്മി കെ.എം.
സൈക്കിളില്‍ നിന്ന് മൊപ്പെഡിലേക്ക്
എത്തിയിരുന്നേയുള്ളൂ, മരിക്കുമ്പോള്‍.
വിരല്‍പ്പിടിയയയുമ്പോള്‍
മക്കളുണ്ടായിരുന്നു ചുറ്റിലും
വിട്ടുപോവല്ലേയെന്ന് ഉച്ചത്തില്‍ കരയാന്‍.
പതിനാലുകൊല്ലം പാഞ്ഞുപോയി.
അതിലും എത്രയോ മുമ്പേ
പിന്നിലാക്കിയിരുന്നു കാലം.
എങ്കിലും
പച്ചമരുന്നുവച്ചുകെട്ടിയ പഴയവണ്ടി പായിച്ച്
മത്സരിച്ചുകൊണ്ടേയിരുന്നു.
കാറ്റുപിടിച്ച ചെങ്കൊടിപോലെ
കുതിച്ചുകൊണ്ടേയിരുന്നു.
ഉറക്കമില്ലാതെ ഓര്‍ത്തു കൊണ്ടിരുന്നത് എന്താണാവോ .
“ആറാട്ടിന് ആനകള്‍ എഴുന്നള്ളി“യ ശേഷം
പാട്ടുകേട്ടിട്ടുണ്ടാവുമോ
കഥ വായിച്ചിരിക്കുമോ
വടക്കന്‍പറവൂര്‍ ഫിലിം സൊസൈറ്റിക്കപ്പുറം
സിനിമ സന്തോഷിപ്പിച്ചിരിക്കുമോ
മിച്ചം വന്ന പാര്‍ട്ടിനോട്ടീസുകളുടെ മറുപുറത്ത് എഴുതിനിറച്ചവ
വീണ്ടുമൊന്നു വായിക്കപ്പെടാതെ
ഒപ്പം തീപ്പെട്ടുപോയി.
കുതിര്‍ത്ത ചെളിമണ്ണില്‍ പാര്‍പ്പിച്ചിരുന്ന
മണ്ണിരകള്‍ നാടുവിട്ടു .
എങ്കിലും മേല്‍പ്പോട്ടു കുതിപ്പിച്ച മാവുകള്‍
പുളിമാങ്ങകളുടെ പച്ചച്ചിരിയോടെ
ചേര്‍ത്ത് പിടിക്കാറുണ്ടിപ്പോഴും
ദൂരദര്‍ശന്‍ പഴകാന്‍ തുടങ്ങിയിരുന്നു. .
കൈരളി കടലാസില്‍ പോലുമായിരുന്നില്ല.
നായനാരോടു ചോദിച്ചത് ഏഷ്യാനെറ്റായിരുന്നു.
സാറ്റലൈറ്റുകളെ പക്ഷെ, വേലിക്കകത്തു കയറ്റിയില്ല.
ഈ ലോകത്തു ജീവിച്ച് വിനോദിക്കുന്നതെങ്ങിനെയെന്ന്
ആനന്ദിക്കുന്നവരോടെല്ലാം കലഹിച്ചു.
പുതുമയെ അകറ്റിപ്പിടിച്ചിരുന്നു .
കമ്പ്യൂട്ടര്‍, ചുരിദാറുകള്‍...
ബീയേക്കു പകരം പക്ഷേ, ബീബീയേ മതിയെന്നു പറഞ്ഞു.
ബീബീയേ പഠിച്ചാല്‍ ആരായിത്തീരുമെന്ന് ഓര്‍ത്തിരിക്കുമോ?
നെറ്റും മൊബൈലും വിക്ഷുബ്ധമാക്കിയേനെ.
കൂടിക്കഴിഞ്ഞവര്‍ കൊടി താഴെ വച്ചപ്പോള്‍
നെഞ്ചു നിലച്ചു പോയേനെ.
ചൂടും ചിരിയും ഉമ്മകളും തന്നു തീര്‍ക്കാതെ
മിണ്ടാതെ പൊയ്ക്കളഞ്ഞുവെങ്കിലും,
ഒന്നോര്‍ത്താല്‍ നന്നായി.
എത്ര വട്ടം മരിച്ചേനെ ജീവിച്ചിരുന്നെങ്കില്‍
ചെങ്കൊടിയുടെ ഓളം വെട്ടലിന്നുള്ളില്‍
എവിടെയോ ഉണ്ടെന്നു ഇപ്പോഴും തോന്നിക്കാറുണ്ട്.
കാല്‍പ്പാദങ്ങളില്‍
നോവിന്റെ കുടമുടയ്ക്കുന്ന ജാലവിദ്യ കാട്ടി
കാവലിരിക്കുന്നതായി കാണാറുണ്ട്, ചില രാത്രികളില്‍.
നാടകം കാണാന്‍
ഒന്നാം നിരയില്‍ ഒറ്റയ്ക്കിരുത്തി,
പുറത്തേക്കു പോയതാവും ചിലപ്പോള്‍.
വരും,
ഇരുട്ടുമാത്രമുള്ള ഇടവഴികള്‍ താണ്ടാന്‍
പഴയ സൈക്കിളില്‍...