രശ്മി കെ.എം
തേന്‍ നിറമുള്ള ഒരു ഒറ്റമരമാണ്.
ഇലകള്‍ പടര്‍ന്ന് ചില്ലകളാട്ടുന്ന മരം.
നോക്കിനില്‍ക്കെയുള്ള ചാഞ്ചാട്ടങ്ങളാല്‍
എന്നെ ഭയപ്പെടുത്തുന്ന വന്‍മരം.
നിന്റെ സൂക്ഷാണുക്കളിലെല്ലാം
സ്വപ്നം പെയ്യിച്ച രേതസ്സിറ്റുനില്‍ക്കുന്നു.
നിന്റെ കനിമധുരങ്ങള്‍ നുകര്‍ന്ന്
തടിമിനുക്കത്തെ പുണര്‍ന്ന്
നിഴല്‍ത്തണുപ്പില്‍ അമര്‍ന്നുകിടക്കാന്‍
എനിക്കു കൊതിയില്ല.
പകരം
വേരുകള്‍ ചിതറിയ മണല്‍ക്കെട്ടിനുള്ളില്‍
എന്നെ കൂടി അടക്കം ചെയ്താല്‍ മതി.
എന്നിലെ ഖരവും ജലവും
നീ വലിച്ചെടുക്കുക.
നമ്മള്‍ ഒരു നിത്യാശ്ലേഷത്തില്‍ അമര്‍ന്നുകഴിയുമ്പോള്‍
കോടാലിയുമായി അവര്‍ വന്നു കൊള്ളട്ടെ.
നിന്നെ വെട്ടിനുറുക്കിക്കൊള്ളട്ടെ.