Followers

Tuesday, October 30, 2012

കുളവാഴകള്‍

രശ്മി കെ.എം

നാട്ടിലെ പുരയിടത്തിലെ രണ്ടുനില വീട്
നഗരത്തിലെ ഒറ്റമുറിഫ്ലാറ്റിന്റെ
നിവര്‍ത്തിവച്ച സ്വപ്നമാണ്.
അതിന്റെ അകത്തളങ്ങളിണക്കാന്‍
വഴുക്കലും മിനുക്കവുമുള്ള
ടൈലുകള്‍ പണിയാന്‍ വന്നത്
വരാപ്പുഴക്കാരന്‍ ഒരു ചെറുപ്പക്കാരന്‍.
ആദ്യം കണ്ടത് അവന്റെ സ്വര്‍ണ്ണമാലയാണ്.
നെഞ്ചിലൂടൊഴുകുന്ന വിയര്‍പ്പിനെ
അതങ്ങനെ തുരുതുരാ ഉമ്മ വച്ചുകൊണ്ടിരുന്നു.

മെയ്പ്പണിയും കൈപ്പണിയും നോക്കി
കണ്ണെടുക്കാതെ നില്‍ക്കുമ്പോള്‍
അവന്‍ തലയുയര്‍ത്തിച്ചിരിച്ചു.
ഇവന്റെ ചിരി കുട്ടികളുടേതാണല്ലോയെന്ന്
എനിക്കു വെറുതേ ദേഷ്യം തോന്നി.
കുറേക്കൂടി പ്രായം കൂട്ടി ചിരിക്കരുതോ?
ഞാന്‍ നരവീണു തുടങ്ങുയവളും
ഇളയ കുഞ്ഞു മൂന്നില്‍ പഠിക്കുന്നവളും
ഇളകിയടര്‍ന്ന മേദസ്സുള്ളവളുമായിരിക്കേ
എന്നോടെന്തിനു കുട്ടുകളെപ്പോലെ ചിരിക്കണം?

തോര്‍ത്തുവീശി വിയര്‍പ്പുതുടച്ച്
അവന്‍ അരികില്‍ വന്നു.
“ഞാനാടോ, ജോണി, താമ്മറന്നോ?
നമ്മള് പള്ളീസ്കൂളില് ഒപ്പം പഠിച്ചതല്ലേ?”
അയ്യോ...ഞാനാകെ നാണിച്ചു പോയി.
ടൈലുകളേക്കാള്‍ തിളക്കമുള്ള അവന്റെ ദേഹത്ത്
ഞാന്‍ പിന്നെ നോക്കിയതു കൂടിയില്ല.

ഞങ്ങള്‍ രണ്ടില്‍ അടുത്തിരുന്നാണു പഠിച്ചത്.
വാപൂട്ടാതെ മിണ്ടുന്ന പെണ്‍കുട്ടികളെ
ടീച്ചര്‍ ആണ്‍കുട്ടികളുടെ ഇടയിലിരുത്തും.
അവനു ചൊറിയും ചുണങ്ങുമുണ്ടായിരുന്നു.
ഞാന്‍ തൊടാതെ അറപ്പോടെ നീങ്ങിയിരിക്കും.
അവന്‍ കുളവാഴയും മഷിത്തണ്ടും തരും.
നീലയും പിങ്കും വരയുള്ള ചോക്കു പെന്‍സിലും.
ചൊറിമണം ഞാനങ്ങു മറന്നു പോകും.

സ്കൂളിലേക്കുള്ള കുറുക്കുവഴിയിലാണ്
അവന്റെ വീട്.
മുറ്റത്തെ കൈത്തോട്ടില്‍ പച്ചയുടെ പരവതാനിയില്‍
വയലറ്റുപൂക്കള്‍ നീട്ടിപ്പിടിച്ച്
കുളവാഴകള്‍ നിറഞ്ഞു നില്‍പ്പുണ്ടാവും.
വെള്ളത്തില്‍ ഇറങ്ങിനിന്ന്
ഒരു പടര്‍പ്പിന്റെ വാലറ്റം
അവനെനിക്കു നീട്ടിത്തരും.
കുമിള പോലുള്ള അവയുടെ ഉദരങ്ങള്‍
ഞങ്ങള്‍ ചവിട്ടിപ്പൊട്ടിച്ചു രസിക്കും.

“ഞാനെട്ടാങ്ക്ലാസ്സീ നിര്‍ത്തി.
അപ്പനപ്ലയ്ക്കും മരിച്ച്.”
ജോണിക്കു ചിരിക്കാതെ സംസാരിക്കാനറിയില്ല, ഇപ്പോഴും.

“ഇന്നാള് കടവില മാഷ് ടോടെ പഠിക്കാന്‍ വരുമ്പ
ഞാന്‍ തന്നക്കണ്ട് ചിരിച്ചേര്‍ന്ന്. താങ്കണ്ടില്ലേരിക്കും...”
മാഷ് ടെയവിടെ പണയത്തിലിരിപ്പായിരുന്നു
അന്ന് എന്റെ എല്ലാ ചിരികളുമെന്ന്
ജോണിക്കറിയാന്‍ വഴിയില്ല.

മുറ്റത്തെ കൃത്രിമക്കുളത്തില്‍
താമരച്ചെടികള്‍ പൂവിട്ടു നില്‍ക്കുന്നു.

കുളവാഴകള്‍ വളര്‍ത്തിയാ‍ലോ?

***