Followers

Wednesday, February 1, 2012

യാത്രാന്ത്യക്കുറിപ്പ്‌

ആർ.മനു

ഇവിടെഞ്ഞാനെത്തിനിൽക്കുന്നു
നീണ്ടമൗനങ്ങളിടിവെട്ടി വീഴുന്ന
പെരുമഴകളിലീക്കൊച്ചു
നീർച്ചുഴികളി,ലിലകളിൽപടരുന്ന
നഗരാന്ധകാരാന്തരത്തിൽ

ജന്മനേത്രങ്ങളീ ബീജങ്ങളുലയുന്ന-
യാശുപത്രിക്കിടക്കകളിലുയരുന്ന
തേങ്ങലുകളിവിടെ താരാട്ടുമില്ല.
ഓർമ്മയിലെനാളങ്ങളീജീവരൂപങ്ങൾ
അവിരാമബിന്ദുക്കളുയിരിന്റെ
ചോദ്യങ്ങളുലകിന്റെ നീറ്റലുകൾ.
ഒരു കണികയായ്‌ കനൽക്കൂട്ടങ്ങളെരിയുന്ന
കണ്ണിൻതിളക്കങ്ങളീച്ചോറ്റുപാത്
രങ്ങൾ,
കവലയിലെ വേദാന്ത മൊഴികളിൽ മുറിയുന്നവ.

പാതിവെന്താഗാത്രങ്ങ, ളലിയാത്ത
പിണ്ഡങ്ങളലയുന്ന ഗംഗാതീരം
വേദകാതങ്ങൾ താണ്ടുന്ന പടയണി
നാദകോമരങ്ങളെല്ലാം മടുത്തൊടുവിൽ
നിണമൂറിനിൽക്കുന്ന സഹ്യശൈലങ്ങളും
നിളനിറച്ചൊഴുക്കുന്നയസുരവാതങ്ങളും

ഓടിമറയുന്ന തെയ്യങ്ങളൊപ്പമെത്തുന്നപൈതങ്ങൾ
ഉഷ്ണസ്വപ്നങ്ങൾ വേവുന്ന മുറിവിന്റെ
നീറ്റലുകളൂതിത്തണുപ്പിച്ച്‌ ശീതവാതം
വഴിയോരപ്പലകയിലെഴുതാത്ത വരികളും.

രാഘവനിവിടെ,
സീതയെത്തിരഞ്ഞൊടുവിലലയുന്നു.
സരയൂവാർത്തുകരയുന്നു
വാല്മീകി ജട പിഴുതുമാറ്റി!

നാലുകെട്ടിന്റെ പടിചവിട്ടവേ
എട്ടുപതിറ്റാണ്ടായമുത്തശ്ശി
ചൊല്ലിയതോർമ്മയിലൊരു
നനവായ്‌ തെളിവായ്‌ ദുഃസ്വപ്ന
വീഥികളിലരയിലേലസ്സുപോലെ-
യൊളിവാർന്നു നിൽക്കുന്നു
'പടിയിറങ്ങി പടിയിറങ്ങി
പാതാളനടുവിലെത്തുന്നു.'