ആർ.മനു
ഇലച്ചാർത്തിന്റെ സാന്ത്വനമായി
ഉഴുതുമറിച്ച മണ്ണിന്റെ മണമായി
പൊതിച്ചെന്നിൽ നിന്നൂറ്റിയ
തലച്ചോറിന്റെ തിളക്കത്തിലെ
കാൽച്ചവിട്ടേറ്റ തലമുറകൾ നീണ്ട
ശവം തീനിയുറുമ്പുകളുടെ സ്വരമായ്
ആരുമറിയാതെ പുൽമേടുകളിലെ
കീടവും കൂണും മുളച്ച
ശവക്കോട്ടതൻ തേങ്ങളിൽ നിന്നു
മൊരുയാത്രാമൊഴിയുമായ്
കവിതയെന്നെ വിട്ടുപോകുന്നു.
പെങ്ങൾ തൻ ഗർഭത്തുടിപ്പും
ഭാര്യയുടെ വിയർപ്പിൻ പുളിപ്പും
കാമിനീ, നിന്റെയഴുകിയ പല്ലുകളും
പിന്നെയച്ഛന്റെ മരണവാറണ്ടുകളിലമ്മ
മുഷ്ടിച്ചിതലുകളിലെനിക്കായ് ഭാഗം കുറിച്ച
കവിതയെന്നെ വിട്ടുപോകുന്നു
കടമ്പുപൂക്കും കൊടുങ്കാറ്റിന്റെയോർമ്മയായ്
കടവുകാക്കും കഴുതയുടെ മോങ്ങളിൽ
കനിവുനേർത്ത കരിനിഴലിലും
കാട്ടുചെടിയുടെ കൊടുമുകളിലും,
നുരപതഞ്ഞൊഴുകുന്ന
സോമസായന്തനങ്ങളിൽ
ഒഴിവുതീരാത്ത മരണപത്രമായ്
കവിതയെന്നെ വിട്ടുപോകുന്നു.
ഇതുവിഷവിത്തു വിരിയുന്ന
വേർപിരിയലീ
രാസലായനീത്തളങ്ങളിൽ
കെട്ടുമുറിഞ്ഞൂരിത്തെറിച്ചു
നഷ്ടമാകുന്നുവാശ്വാസഗേഹങ്ങളെന്
ശിഷ്ടകാലത്തിലോ കേതുഭാവങ്ങളും.