ആർ.മനു
(കാളിന്ദി എന്നും കൃഷ്ണകഥയുടെ കാൽപനിക സാക്ഷിയും മിത്തുമാണ്. കാർവർണ്ണ ജീവിതത്തിലെ ഗോപാലബാല്യം മുതൽ അസ്ത്രമുനയിലെ ഹരിശോഭയുടെ അവസാനം വരെ.)
ഒഴുകുന്നു, കാളിന്ദി
ഒരു നേർത്ത തേങ്ങലലയായ്
മഥുരയിലമ്പാടിയിലെ
ഗോക്കൾ മേയുന്ന ഗിരിഗോവർദ്ധന
ഹരിതാഭ താഴ്‌വരകളിൽ
മഴവീണു തുള്ളിയനാവുകളിടയർ
വഴിതെളിച്ചെത്തിയ കടവിലെ
പ്രണയകൽപ്പടവുകൾ
കളിവാക്കു ചൊല്ലിയ പ്രേമ സല്ലാപ
മിഴിനീർതോരാത്ത രാവുകളേറ്റും
വൃന്ദാവനത്തിലെ രാധ പാടുന്ന
മധു ഹൃദയസാഗര വേണുവായ്
പൂക്കളായ് കൊഴിയുന്നു പുഴകളിൽ
ചെറുരാഗമോതും കളകളാരവം
മറയുന്നു പൈക്കളെ മേയ്ക്കുമാ
ഗോപമുരളീരവസാന്ദ്രമേളം
ചെറുവിരലമ്പാടിക്കുടവിരിച്ച
ഗോവർദ്ധനത്തണൽ പരന്നൊഴുകിയ
മധുരകാളിന്ദീതീര വിരഹാർദ്ര
ഗോപികാ പാദസ്വനം
നേരിൽ നീരൊഴുക്കായ കാളിന്ദി,
ചോളവയൽ നനഞ്ഞൊഴുകു
മുഴവുചാൽ കീറും കലപ്പയിൽ
തെളിയും കൽപാന്ത നക്ഷത്രബിംബം,
യാദവനന്യോന്യമെയ്യുവാനസ്ത്രം വിളയും
എരകപ്പുൽപ്പാടങ്ങൾ കൊയ്തരക്തം
ദ്വാരക കടലെടുക്കും നിമിഷങ്ങളെ
കാത്തു കനലെരിയും കദനരാവുതൻ
നീലസംഗീത വർണ്ണസമുദ്രം
നിറഞ്ഞൊഴുകിപ്പരന്ന കാളിന്ദി
പ്രളയസൗഖ്യം കിനിയും, പ്രണയതീര
മോക്ഷമലയിടിഞ്ഞൊഴുകും കാളിന്ദി.
ഉഗ്രാഫണം ചീറ്റും വിഷം തീണ്ടി
നാഗസ്വരൂപ നൃത്തമാടും കാളിന്ദി
ഒഴുകുന്നവൊരു വിലാപമൊഴിയായ്
മഞ്ഞത്തുകിൽ ചേല ചൂടിയണയും
നിഴൽപടരും സാന്ദ്രസ്വരലയമായ
ഹരിശോഭനിറയുന്ന കാളിന്ദി.