ശ്രീകൃഷ്ണദാസ് മാത്തൂർ
ഓര്‍മ്മയില്‍ ഒരെയോരന്തേവാസി
വെളിച്ചം വരാവുന്ന ചുരങ്ങളടച്ച്
ഒരേ വികാരത്തിനു മരുന്നിടുന്നു.
ഇലവിരല്‍ വ്യാക്ഷേപകങ്ങളുടെ
വിളിയിലേക്ക് ജാലകശീല നീക്കിയിട്ട് ,
അതില്‍ കുടുങ്ങുമവസാന മിന്നലിനെ
പിച്ചിയെടുത്ത് ബഹുനിലകള്‍ക്ക് താഴെക്കെറിഞ്ഞു
കരച്ചിലിന്റെ പല താളങ്ങള്‍ പരിചയിക്കുന്നു.
വിജാഗിരികളില്‍ എണ്ണ കുത്തിവച്ചു`
തുറന്നടയല്‍ നിലവിളികളെ നേര്‍പ്പിച്ച്,
ഉള്ളുകള്ളികള്‍ പൂട്ടി താക്കോല്‍കൂട്ടം
ഉള്ളിലേക്ക് തന്നെയെറിഞൊഴിഞ്ഞ്
കിട്ടിയ പടിക്കെട്ടുകള്‍ വഴിയത്
നിലകള്‍ വിട്ട് നിലകള്‍ മാറി കഴിയുന്നു.
അടച്ചു പോന്ന നിലകളില്‍
കെടുത്താന്‍ മറന്ന തിരികള്‍ തീ തൂവി
പ്രളയമാകവേ, സ്ത്രൈണ ഭാവത്തില്‍
നിലവിളി...
നിന്ന് കത്തുന്ന ബഹുനിലക്കെട്ടിടം നീ
പ്രതിഫലനങ്ങള്‍ മറച്ച
ഒരു കണ്ണ് തല്ലിപ്പൊളിച്ചൊടുവില്‍
ഒരു തുള്ളിയായ് നീ പുറത്തു ചാടുമ്പോള്‍
വീണുടയാതെ ഞാന്‍ നേരെ താഴെ
കൈ വിരുത്തി നില്‍പതുണ്ടാവും...