Followers

Friday, August 2, 2013

രണ്ടു കവിതകള്‍

പി എ അനീഷ്

1)കാവ്

സൂക്ഷിക്കുന്നുണ്ട്
ഓര്‍മകളിലിന്നും
മരങ്ങളിടതൂര്‍ന്ന
ഒരു വനശകലം

ചുളിഞ്ഞ തൊലിപോലെ
തൂങ്ങിയ വേടുകള്‍ക്കിടയില്‍
ഒളിച്ചിരിപ്പുണ്ടാകും
ദാഹിക്കുന്ന കണ്ണുകള്‍
ഉച്ചക്കാറ്റിന്റെ ചുഴലിയില്‍
കൂട്ടമായ് ചിറകടിച്ചുയര്‍ന്ന്
അദൃശ്യമായ എന്തിന്റെയോ
സാന്നിധ്യമുണ്ടെന്നു ഭയപ്പെടുത്തും
കരിയിലകള്‍
തിരി വയ്ക്കാന്‍ മറന്ന്
എണ്ണ വറ്റിപ്പോയ
കല്‍വിളക്കുകള്‍ക്കരികില്‍
മഴയത്തും വെയിലത്തും
ഫണം വിടര്‍ത്തിയ മൂകത
കണ്ണുകാണാത്ത പകലിന്റെ കൊമ്പില്‍
തലകീഴായ് തൂങ്ങുന്ന
പേക്കിനാവുകള്‍
പായലുമൂടിയ
ജലത്തിന്റെ വിളളലുകളില്‍
കുമിളകളായ് പൊന്തുന്ന
തോന്നലുകള്‍
ഒന്നുമില്ലായ്മയുടെ
കൂണുകള്‍ മുളച്ച
വെയില്‍ത്തെരുവുകള്‍ കടന്ന്
ഉഷ്ണക്കാറ്റിന്‍ ചുവട്ടിലിരിക്കുമ്പോള്‍
അടയുന്ന കണ്‍പോളകളില്‍
തെളിയുന്നു
അരണ്ട വെളിച്ചത്തിന്റെ
ആ ദ്വീപ്

അവിടെ നിന്നുളള മടക്കങ്ങളില്‍
എന്റെ കൈകളിലുണ്ടാകും
ചുരുട്ടിപ്പിടിച്ച
ഒരു തുണ്ട്
വയല്‍
2)തണുപ്പിനോട്

എടോ തണുപ്പേ
താനിങ്ങനെയെന്നും
രാപ്പാതിനേരത്ത്
കടന്നുവന്ന്
ക്രൂരനായ വന്യമൃഗം
തേറ്റയാലെന്നപോലെ
മുരണ്ടുകൊണ്ടെന്റെ
പുറത്താകുന്ന ശരീരത്തെ
കുത്തിമറിക്കുകയാണ്

ഞാനപ്പോള്‍
സൂചിത്തലപ്പിനേക്കാള്‍
സൂക്ഷ്മമായ നിന്റെ മൂര്‍ച്ചയില്‍
നിന്നു രക്ഷപ്പെടാന്‍
പുതപ്പിനുള്ളിലേക്കു
ചുരുണ്ടുകൂടുകയാണ്

എന്നാലും
അസ്വസ്ഥപ്പെടുത്തുന്ന
സുഖാലസ്യത്തിന്റെ ചൂടില്‍നിന്ന്
ഇടയ്ക്കിടയ്ക്ക്
നിന്റെ തേറ്റയിലേക്കെന്റെ
പുതപ്പു ഞാന്‍ മാറ്റുന്നുണ്ട്
മരണത്തിന്റെ നാക്കിലേക്ക്
നീട്ടുന്ന ഉഷ്ണശരീരങ്ങള്‍പോലെ!