Followers

Showing posts with label sreekrishnadas mathur. Show all posts
Showing posts with label sreekrishnadas mathur. Show all posts

Friday, August 2, 2013

വേദന


 ശ്രീകൃഷ്ണദാസ് മാത്തൂർ


ഓര്‍മ്മയില്‍ ഒരെയോരന്തേവാസി
വെളിച്ചം വരാവുന്ന ചുരങ്ങളടച്ച്
ഒരേ വികാരത്തിനു മരുന്നിടുന്നു.
ഇലവിരല്‍ വ്യാക്ഷേപകങ്ങളുടെ
വിളിയിലേക്ക്‌ ജാലകശീല നീക്കിയിട്ട് ,
അതില്‍ കുടുങ്ങുമവസാന മിന്നലിനെ
പിച്ചിയെടുത്ത് ബഹുനിലകള്‍ക്ക് താഴെക്കെറിഞ്ഞു
കരച്ചിലിന്റെ പല താളങ്ങള്‍ പരിചയിക്കുന്നു.
വിജാഗിരികളില്‍ എണ്ണ കുത്തിവച്ചു`
തുറന്നടയല്‍ നിലവിളികളെ നേര്‍പ്പിച്ച്,
ഉള്ളുകള്ളികള്‍ പൂട്ടി താക്കോല്‍കൂട്ടം
ഉള്ളിലേക്ക് തന്നെയെറിഞൊഴിഞ്ഞ്
കിട്ടിയ പടിക്കെട്ടുകള്‍ വഴിയത്‌
നിലകള്‍ വിട്ട് നിലകള്‍ മാറി കഴിയുന്നു.
അടച്ചു പോന്ന നിലകളില്‍
കെടുത്താന്‍ മറന്ന തിരികള്‍ തീ തൂവി
പ്രളയമാകവേ, സ്ത്രൈണ ഭാവത്തില്‍
നിലവിളി...
നിന്ന് കത്തുന്ന ബഹുനിലക്കെട്ടിടം നീ
പ്രതിഫലനങ്ങള്‍ മറച്ച
ഒരു കണ്ണ് തല്ലിപ്പൊളിച്ചൊടുവില്‍
ഒരു തുള്ളിയായ്‌ നീ പുറത്തു ചാടുമ്പോള്‍
വീണുടയാതെ ഞാന്‍ നേരെ താഴെ
കൈ വിരുത്തി നില്‍പതുണ്ടാവും...

Thursday, July 4, 2013

കവിതയുടെ സിഗ്നല്‍.

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍


ഈ തണല്‍തിറ വലിച്ചു കീറി
വെയിലിലേക്ക് മാറിനില്‍കുമ്പോള്‍
കവിതയുടെ സിഗ്നല്‍ വരുന്നു,
ചുവന്നതൊണ്ടിപ്പഴക്കണ്ണുകള്‍ സാക്ഷ്യം.
രൂപമില്ലാത്ത കിളിപ്രവാളം
താണചില്ലയിലേക്ക് ഒഴുകുന്നു.
എവിടെയൊക്കെയോ കൊല്ലപ്പെട്ട
പെണ്ണുങ്ങളുടെ കൂട്ടിയിട്ട ശരീരങ്ങള്‍(*),
മണലും, പ്രാഡോ വണ്ടികളും കയറി
മരുഭൂമിയില്‍ മുഴുത്തു കിടക്കുന്നു,
കാറ്റിലെണീറ്റവ മാറിക്കിടക്കുമ്പോള്‍
കല്ലറയും തോണ്ടി ഭോഗിച്ചവന്റെ മുന്നേ
ഉടഞ്ഞ വള കൊണ്ടുമുറിഞ്ഞ കൈനീട്ടി
അവള്‍ വിങ്ങല്‍വിളിയായ്‌ വരുന്നു.
പര്‍ദ്ദയിലൊളിച്ചൊരു ഹൂറിയായ്‌
തുറസ്സിലേക്ക് പുറംതിരിഞ്ഞിരിക്കുന്നു.
കാഴ്ച്ചപ്പാടങ്ങളെ തോണ്ടിയെടുത്ത്
നട്ടുവളര്‍ത്തി കുടമാറ്റം നഗരത്തില്‍,
മുസലം പിളര്‍ത്തിയ യോനിയില്‍നിന്നും
പ്രാണവായു പകുത്ത പുകയടുപ്പില്‍ നിന്നും
ചെന്തെരുവിലെ ഏറ്റവും പിഴച്ച തെച്ചിയില്‍ നിന്നും
മാറില്‍ നിന്ന്
മനസ്സില്‍ നിന്ന്
മതിലില്‍ നിന്ന്
കടവുകളിലെ തേച്ചുകുളിയില്‍ നിന്ന്‍
ഒറ്റപ്പെട്ട നിലവിളികളില്‍ നിന്ന്
നേരുകള്‍ ചീര്‍ത്ത് പൊട്ടിക്കൊണ്ടെയിരിക്കും
പുരാണേതിഹാസങ്ങളില്‍ നിന്ന്‍ ,
കിണറ്റിന്‍ കരയിലെ തേങ്ങലുകളില്‍ നിന്ന്‍ ,
അഴുക്ക് ചാലുകളില്‍ നിന്ന്‍,
നശിച്ച കാലുകളില്‍ കേട്ടിപ്പോയ
കൊലുസ്സുകളില്‍ നിന്ന്‍ ,
എറ്റുവാങ്ങാനാളില്ലാതെ ചുറ്റും
മേലോഴുക്കിലെ ശവങ്ങളില്‍ നിന്ന്‍ ,
"സൌണ്ട് ഹോണി" നു പിന്നിലെ
'വാഗണ്‍' ദുരന്തങ്ങളില്‍ നിന്ന് ,
പറിച്ചെടുത്ത തീക്കണ്ണുകളൊട്ടിച്ച്
കടല്‍ചുരം കടന്നൊരു ജീവതയായവള്‍ ... 
മഴക്കാറുകള്‍ തിര്യക്കായ്‌ വിലങ്ങും
വഴിയമ്പലത്തിന്റെ ഇടനാഴിയില്‍
ഒരിടവമഴയുടെ ഇടിപ്പാളി
വലിച്ചിട്ടു മയങ്ങാന്‍ കിടക്കുമ്പോള്‍
മിന്നല്‍ചിലങ്കയുടെ സാമീപ്യം,
ഇറങ്ങിപ്പോയ കടലുകളെല്ലാം
തിരിച്ചിരമ്പി വരും പ്രതീതി.
വാതില്‍ അകമേനിന്നു പൂട്ടിയിട്ടെല്ലാരും
ഒരു ടബ്ബ് കടലില്‍ കുളിക്കവേ
എന്റെ ഹൃദയത്തിന്റെ സിഗ്നല്‍
എനിക്ക് നന്നായി കേള്‍ക്കാവുന്നു.
അതിന്റെ സ്വരപ്രവാളത്തില്‍ നിന്ന്
ഒരു കവിയേറ്റുവന്നെന്നെ പിടിച്ചെടുക്കുന്നു.
******************

Saturday, March 2, 2013

ബോൾസുകൾ




ശ്രീകൃഷ്ണദാസ് മാത്തൂർ
ചെംകാന്തി, ചുവട്ടിലും,
ശിഖരങ്ങൾ തുടങ്ങുന്നിടത്തും
ചെന്നധ:പതിച്ചിരിക്കുന്നു.

ഗ്ലാസ്നോസ്തും
പേരെസ്ത്രോയിക്കയും കഴിഞ്ഞ
റഷ്യക്കാരനെപ്പോലെ
ഇലയിടുക്കിൽ ചുവപ്പൊളിപ്പിച്ച്‌
പച്ചക്കൊടികൾ പാറിച്ചു
നിൽക്കുന്നു..

എങ്കിലും, വീർത്തുനിൽക്കും
വീർപ്പുമുട്ടലിൽ ചെ-
ന്നാരാനുമൊന്നു തൊട്ടാൽ...

മുഷ്ടിചുരുട്ടിപ്പൊട്ടി-
ച്ചിങ്ക്വിലാബു വിളിക്കുന്നു
മുറ്റത്തെ ബോൾസുകൾ*..!

Thursday, May 3, 2012

വെയിലിൽപൊതിഞ്ഞ്‌.

ശ്രീകൃഷ്ണദാസ് മാത്തൂർ

കക്കൂസിൽനിന്നു ട്രെയിനിന്റെ
തെറിപ്പാട്ടു കേട്ടിറങ്ങി.
ബർത്തിൽ കയറിക്കിടന്നു.
(ട്രെയിനിനു
കക്കൂസിലൊരു പാട്ട്‌
ബർത്തിൽ മറ്റൊരു പാട്ട്‌)

ഉള്ളിൽ കുടുങ്ങിപ്പോയ മുടി
പറിച്ചെടുത്തു രാത്രിയലറി.
രാത്രിഞ്ചരർ
തള്ളിയിട്ടോരെ പോലെ
പൊന്തകൾ വാവിട്ടുകരയുന്നു.

കൂടെ വരുമോ?
സർവ്വത്ര തിരസ്കൃതമന്റെ ചോദ്യം.
കാറ്റായൊരാൾ മത്രം
ജന്നലഴിയിൽ തട്ടിമുട്ടിച്ചതഞ്ഞ്‌
കൂടെ വരുന്നെന്ന്..!
ഹ്ഹ്‌, സാഹസീകം!!

പൊതി തന്നുവിടാൻ മറന്ന
വീടിന്റെ വിളി 'ടിടി ഇ' യെപ്പോലെ
പലപ്പൊഴും വന്നു തട്ടുന്നു,
ടിക്കറ്റു ചോദിക്കുന്നു..

പുറത്തെ കുറ്റിരുട്ടിൻ ചില്ലയിൽ
വെയിലിൽ പൊതിഞ്ഞ്‌ തൂങ്ങുന്നു,
ശാത്രം കൊത്തിയെടുത്തതിൻ ബാക്കി
ഒരു പൂളു ചന്ദ്രക്കല.

ഈ രാത്രിമുഴുവൻ
എനിക്കിതുമതി
സുഭിക്ഷം, സ്വപ്നം കാണുവാൻ..

Wednesday, April 4, 2012

മഴ.



ശ്രീകൃഷ്ണദാസ്‌ മാത്തൂർ


പച്ചക്കൈപ്പത്തികളിൽ നിറച്ച്‌
ആകാശക്കണ്ണീരു കോരി നനഞ്ഞ്‌
ചേമ്പുകൾ മഴച്ചള്ളകുത്തുന്നു.

ഒരു വിമതന്റെ ചോരച്ചാലായ്‌
മഴ മുറ്റംവഴി വീടിനെ ചുറ്റുന്നു.

അതിവൃഷ്ടിയും പാടവും കൈകോർത്ത
പ്രളയപ്പരപ്പിലെ ഒറ്റവരമ്പിലൂടെ
ഒരു കറങ്ങും കരിങ്കുടക്കീഴുപറ്റി
ഒടുവിലെ ഒറ്റയാനും മടങ്ങുന്നു.

ഒറ്റയാന്മാരൊഴിയുന്ന ഭൂമിയിൽ
പേടി ഒളിഞ്ഞിരുന്നലറിക്കരയുന്നു.

നർത്തകിയിൽ നിന്നഴിഞ്ഞുപോയ
കാൽചിലമ്പുപോലെ വെറുംകാവ്‌
കിലുക്കും നിറമുള്ള ശബ്ദങ്ങളിൽ
മഴക്കുമിള പൊങ്ങിപ്പറക്കുന്നു.

ശരിയായ പ്രാതിനിദ്ധ്യത്തിനായ്‌ കാട്‌
വംശനാശ ഭീഷണിമുഴക്കി, വായ്ത്തല-
ത്തുമ്പത്തിരുന്നുണ്ണാവ്രതം നോൽക്കുന്നു.

ഒരു മുഴുക്കുടിയനായ്‌ മഴ വന്ന്
വേച്ചുവേച്ചു പെയ്യുന്നു.


ഇടി പുലഭ്യം!
മിന്നൽ ഛർദ്ദി..!
************