Followers

Friday, August 2, 2013

ചില സംസ്ക്കാരചിന്തകള്‍


സന്തോഷ് പാലാ

10 ക വിലയിട്ടാലും
20 ക വിലയിട്ടാലും
100 ക വിലയിട്ടാലും
കാഞ്ഞിരപ്പള്ളിക്കാരന്‍ ഔസേഫിന്
സാധനമില്ലാതെ പറ്റില്ലെന്ന്
കാക്കക്ക് നന്നായി അറിയാം.
തുണ്ടുപടത്തിന്റെ കാര്യമല്ല പറഞ്ഞുവരുന്നത്,
തുണ്ടം തൂക്കുമീനിന്റെ കാര്യമാണ്

നേഴ്സിങ്ങിന് പഠിക്കുന്ന
മകളെയും കൊണ്ട്
കുമളി ബാലന്‍ പിള്ള സിറ്റിയില്‍ നിന്നു
കോട്ടയം സിറ്റിയില്‍ വന്നിങ്ങിയ
ഏലിക്കുട്ടിച്ചേടത്തി
ട്രെയിന്‍ കണ്ടു
വായും പൊളിച്ചു നില്‍ക്കുമ്പോളാണ്
രാജ് മേനോന്‍ പാസ്റ്റര്‍
സത്യ വേദപുസ്തകത്തില്‍ നിന്നും
പത്തു സത്യങ്ങള്‍
നാഗമ്പടം മൈതാനിയില്‍
പുതുക്കി പണിത്
രക്ഷകനായത്

സംക്രാന്തി വാണിഭത്തിന്
നല്ല ചരക്കുകളൊന്നുമില്ലാത്ത
വിഷമത്തില്‍
വിപണിനിലവാരം
ചര്‍ച്ചചെയ്യാനൊരുങ്ങുന്നു
മണിപ്പുഴ.

തട്ടിദോശയുടെ രുചി
തൊട്ടുനക്കുന്ന
കലക്ട്രേറ്റ് പടിക്കല്‍
എത്തിയപ്പോള്‍
കുമ്മനം
കുമാരിചേച്ചി
പതിവുപോലെ
അവിടെ
ചിരിച്ചു നില്‍പ്പുണ്ട്

മുട്ടിപ്പായി പ്രാര്‍ഥിച്ചിട്ടും
തിരുനക്കരത്തേവരും
മണകാട് മാതാവും
മൈന്‍ഡ് ചെയ്യാതെ
കടന്നുപോയി

2
ഒരു തുത്തുകുലുക്കി തുമ്മിയ ഒച്ചകേട്ടാണ്
ഉണര്‍ന്നത്
മെത്രാന്‍ ദ്വീപിന്റെ അതിരളന്നിരുന്ന്
വേമ്പനാട്ട് കായലില്‍ നിന്നും
ഇത്തിരി വെള്ളം
ഇടം കയ്യുകൊണ്ട്
തെപ്പിയെടുക്കുന്ന
തിരക്കിലായിരുന്നു
പൊടുന്നനെ ഞാന്‍.

ഈ വെള്ളത്തിലെങ്ങാനും
വീണുപോയാലിനിയെന്താവും പുകില്‍?

ഇവിടെത്തന്നെ പൊങ്ങുമോ?
അതോ കുറെ
അകലെയെവിടെയെങ്കിലുമായിരിക്കുമോ
?

ഇന്നലെ ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍
കടത്തിണ്ണയിലെവിടെയോ കണ്ടിരിന്നുവെന്ന്
കാഞ്ഞിരപ്പള്ളിക്കാരന്‍
ഔസേഫ് മൊഴികൊടുക്കുമോ?
രാജ്‌മേനോന്‍ പാസ്റ്റര്‍ ദൈവസന്നിധിയില്‍
നിന്നൊരാളെ ജനസഹസ്രത്തിന്
കയ്യുയര്‍ത്തിക്കാട്ടീടുമോ?
ഏലിക്കുട്ടിച്ചേടത്തീടെ മകള്‍
വിജയവാഡയിലെത്തുമ്പോള്‍
ട്രെയിനിലിരുന്ന്
എന്റെ വിശേഷങ്ങള്‍ തിരക്കുമോ?
മണിപ്പുഴ ഷാപ്പിലെ
പാവങ്ങളെ
ചാനല്‍ക്കാമറകള്‍
തത്സമയം വിചാരണചെയ്യുമോ?
കുമ്മനം കുമാരിച്ചേച്ചിയുടെ
ഡയറിയിലെങ്ങാനും
എന്റെ നമ്പരോ
പേരോ ഉണ്ടാവുമോ?

കൊട്ടേം പരമ്പും
വാങ്ങാന്‍ പോയ
വിദ്യാസമ്പന്നനെ
സംസ്ക്കാരശൂന്യര്‍
ദാരുണമായി
അപായപ്പെടുത്തിയെന്ന്
വീട്ടുകാര്‍
പരാതിപ്പെടുമോ?


ഉറക്കത്തില്‍ ഉന്തിപുറത്തുചാടിച്ച
പത്രക്കെട്ട് വണ്ടിയില്‍
പുലരിയെ കുത്തിനോവിക്കാനെത്തുന്ന
താളിലെവിടെയെങ്കിലും
ഞാന്‍ ഇതിനകം
വലിയ വാര്‍ത്തയായിരിക്കുമോ?

3
ഒരു രാവുറങ്ങിപകലുദിക്കുമ്പോഴേക്കുമല്ലേ
എല്ലാം തകിടം മറിയുന്നത്?

മരിച്ചവന്റെ മനശാസ്ത്രം
മണത്തെടുക്കാന്‍ ശ്രമിച്ചല്ലേ
സാധാരണക്കാരായ
മനുഷ്യരെല്ലാം
ചിന്തകരാകുന്നത്!?

എന്തായാലും വഞ്ചിയിപ്പോഴും
തിരുനക്കരെത്തന്നെ
എഴുന്നള്ളിച്ചു
കൊണ്ടുപോകാനുള്ളവരെയും
കാത്ത് കാത്തിരുന്ന്
എന്റെ കണ്ണ് കഴയ്ക്കുന്നു...

വെടിവഴിപാട് നടത്തി
മഹാദേവനോട്
കാര്യം ബോധിപ്പിച്ച്
പെട്ടന്നാരോ
വേഗത്തില്‍
എന്റെ നേരെ
നടന്നടുക്കുന്നു.