ഓഡ് റ്റു ദ് സീ/ഇബ്രാഹിം അൽ റുബായിയാസ്
പരിഭാഷ :
രജീഷ് പാലവിള
സാഗരഗീതം
കടലേ!യെനിക്കു നീ പകര്‍ന്നു തന്നീടുക ;
അകലെയാം പ്രാണപ്രിയര്‍ തന്‍ വാര്‍ത്തകള്‍ !!
അവരുടെ അരികിലേക്കെത്തുവാ,നല്ലെങ്കി-
ലിവനു നിന്‍ കയ്യില്‍ മരിച്ചുകിടക്കുവാന്‍ ..
മുങ്ങീടുമായിരുന്നല്ലോ നിന്നി,ലവിശ്വാസ -
ചങ്ങലകളിതേതുമില്ലെങ്കിലീ ഞാന്‍ !!
ശോകഭരിതമായ് നിന്‍റെ തീരങ്ങളൊക്കെയും;
ക്രൂരതടങ്കലിന്‍ നോവാലനീതിയാല്‍ !
നിര്‍ദ്ദയം വിഴുങ്ങുന്നു നീ ,ക്ഷിപ്രമെന്‍ ശാന്തത!
മൃത്യുവാകുന്നു നിന്‍ വന്യനിശബ്ദത !!
നിന്‍റെ പ്രചണ്ഢമാം തിരയടിയില്‍ നിഗൂഢത!
നിന്നിലുണര്‍ന്ന മൗനഞൊറിയിലോ വഞ്ചന !!
നിശ്ചലതയില്‍ ദുശാഠ്യമാ,ലൊരുവേളയീ
കപ്പലിന്‍ നായകനെ വധിച്ചിടാം നീ!
എന്നല്ല ,യീ തിരകളാലതിന്‍ സഞ്ചാരിയെ
എന്നേയ്ക്കുമായി നീ കൊണ്ടുപോകാം !!
ഗൂഢമാം ശാന്തിയില്‍;ബധിരമാം വ്യാപ്തിയില്‍;
മൂഢമൌനങ്ങളി,ലലംഭാവങ്ങളില്‍ ,
ക്രൗര്യമായലറിടും കാറ്റിന്റെ ചുഴിയിലും
പേറുന്നു ,നീ ശവക്കുഴികളെല്ലായ്പ്പൊഴും !
കാറ്റിനാല്‍ ക്ഷുഭിതമായായ് തീരുമ്പൊഴൊക്കെയും
ഏറ്റമറിയുന്നു ഞാന്‍ ,നിന്നനീതി !
കാറ്റ് നിന്‍വായ്‌മൂടിക്കെട്ടുമ്പൊഴോ ,വേലി-
യേറ്റമിറക്കങ്ങള്‍ തീരങ്ങളില്‍ !!
കടലേ!യിവിടെത്തടങ്കലില്‍ ഞങ്ങള്‍ തന്‍
തുടലുകള്‍ നിന്നെയും നോവിക്കുമോ?!
അവര്‍ തന്‍ ബലപ്രയോഗങ്ങളാലിതുവഴി
പ്രതിദിനം,വന്നുപോകുന്നു ഞങ്ങള്‍ !
ഞങ്ങള്‍ തന്‍ കുറ്റങ്ങളൊക്കെ നീയറിയുമോ?
എങ്ങുനിന്നിരുളിലേക്കെത്തിയെന്നറിയുമോ ?!!
കടലേ!നീയു,മപമതിക്കുന്നുവോ ,ഞങ്ങളീ -
ത്തടവില്‍ പുലര്‍ത്തുന്ന ദാസഭാവം !
ശത്രുക്കളോടൊത്തു വഞ്ചിച്ചു ഞങ്ങളെ
ദുഷ്ടയായ് നീ കാവല്‍ നില്‍ക്കുന്നുവോ?!!
ഇവിടെയീപ്പാറകള്‍ക്കിടയില്‍ നടന്നതാം
കുടിലതയൊക്കെ ,യവപറഞ്ഞതില്ലേ ?
അടിമയായ് തീര്‍ന്നതാം ക്യൂബ,യാക്കഥകള്‍ നിന്‍
ഹൃദയത്തിലേക്കു പകര്‍ന്നതില്ലേ ?!!
കഠിനമാം മൂന്നുവര്‍ഷങ്ങള്‍ നിന്‍ തീരത്ത്
കരള്‍ നൊന്തു ഞങ്ങള്‍ ;നീയെന്തു നേടി ?!!
കവിതകള്‍ നിറച്ചതാം കപ്പലീകടലിലാ-
യെരിയുമാത്മാവിലടച്ച തീനാളവും!!
കവിയുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് ത്രാണനം ;
വ്രണിതഹൃദയങ്ങള്‍ക്ക് ശമനൌഷധം !!