Followers

Friday, August 2, 2013

വിരൂപത...!!!

ശ്രീജിത്ത് മൂത്തേടത്ത്
           റടിയിലേറെ ഉയരമുള്ള നിലക്കണ്ണാടിയില്‍ നിന്നും ഗോപാല്‍ തന്റെ യഥാര്‍ത്ഥ രൂപത്തെ അവജ്ഞയോടെ നോക്കി. ഒടിഞ്ഞ് മടങ്ങിയ മൂക്കും, തടിച്ച ചുണ്ടും, കരുവാളിച്ച മുഖവും അയാളില്‍ മടുപ്പുളവാക്കി. ഇതും വച്ചുകൊണ്ട് ഇനിയെത്ര കാലം ? രാഷ്ട്രീയത്തില്‍ സൗന്ദര്യത്തിന് പ്രാധാന്യമില്ല എന്ന അറിവാണ് അയാളെ അതിലേക്ക് ആകര്‍ഷിച്ചത്. കുട്ടിക്കാലത്തെന്നോ എവിടെയും ശോഭിക്കാനാവാതെ, ആരുടെയും ശ്രദ്ധയാകര്‍ഷിക്കാനാവാതെ വന്നപ്പോഴും, തന്റെ വൈരൂപ്യം എന്തിനും തടസ്സമായപ്പോഴും അയാള്‍ ഇതു പോലെ ദുഃഖിതനായി കുന്തിച്ചിരുന്നു പോയിട്ടുണ്ട്. പക്ഷെ അന്ന് തന്റെ സ്വന്തം വൈരൂപ്യം മുഴുവനായും നോക്കിക്കാണാനിതുപോലെ ആറടിയുയരമുള്ള നിലക്കണ്ണാടിയുണ്ടായിരുന്നില്ല. പകരം മൂക്കിന് നേരെ പിടിച്ചാല്‍ മൂക്ക് മാത്രം പ്രതിഫലിപ്പിക്കുന്ന ഒരു കുഞ്ഞ് കണ്ണാടിത്തുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
            സുഹൃത്തായ പ്രാദേശിക നേതാവിന്റെ ക്ഷണവും, നിര്‍ബന്ധവും സ്വീകരിച്ച് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിക്കു വേണ്ടി പ്രവൃത്തിക്കാന്‍ തുടങ്ങുമ്പോഴും വലിയ പ്രതീകഷയൊന്നുമുണ്ടായിരുന്നില്ല ശ്രദ്ധിക്കപ്പെടാന്‍ കഴിയുമെന്ന്. അന്ന് ഗോപാലിന് പ്രായം പതിനഞ്ച്. പത്താം ക്ലാസ്സ് തോറ്റ് ട്യൂട്ടോറിയയില്‍ പ്രൈവറ്റായി പഠിക്കുന്ന കാലം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ വിളനിലമായിരുന്നു ട്യൂട്ടോറിയല്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന സാഗര്‍ കോളേജ് എന്ന ഓല ഷെഡ്.
           ഇരുണ്ട സുന്ദരമല്ലാത്ത രൂപമായിരുന്നുവെങ്കിലും മുഴക്കമുള്ള ശബ്ദമായിരുന്നു അവന്റെത്. മുഴക്കമുള്ള ഘനഗാംഭീര്യം തുളുമ്പുന്ന പ്രസംഗങ്ങള്‍ അവന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. പുതിയ വാക്കുകള്‍ക്കും, വാഗ്പ്രയോഗങ്ങള്‍ക്കും, തന്റെ പ്രസംഗത്തിനാവശ്യമായ റഫറന്‍സിനുമായി അവന്‍ പുസ്തകങ്ങളിലും, മാസികകളിലും, പത്രങ്ങളിലും മുങ്ങിത്തപ്പി. അതിലൊതുങ്ങി, അല്ലെങ്കില്‍ അതിലൂടെ മാത്രമായി വികസിച്ചു അവന്റെ പഠനം. എന്നുവച്ചാല്‍ ഔപചാരിക വിദ്യാഭ്യാസം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു. അല്ലെങ്കില്‍ അവന്‍ മറന്നു.
            പ്രസംഗ വേദികളില്‍ അവന്റെ വാക്കുകളില്‍ തീ പടര്‍ന്നു. മിന്നല്‍പ്പിണരായി അത് ശ്രോതാക്കളുടെ ശ്രവണേന്ദ്രിയങ്ങളിലേക്ക് തുളഞ്ഞുകയറി. പ്രപഞ്ചം നടുങ്ങുന്ന ഇടിമുഴക്കമായി അത് അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. തുടര്‍ന്നുവന്ന പേമാരി പോലെ ഹസ്താരവം മുഴങ്ങി. ഇവിടെ പുതിയൊരു ഗോപാല്‍ പിറക്കുകയാണെന്ന് അവന്‍ അറിഞ്ഞു. അംഗീകാരം, പ്രശംസകള്‍... അവന്‍ സ്വയം മറന്നു. തന്റെ വൈരൂപ്യം സൃഷ്ടിച്ച പുകമറയില്‍ നിന്നും, വാഗ്മുഴക്കം സൃഷ്ടിച്ച അഗ്നിയുടെ ദീപ്തനാളങ്ങളുടെ വെള്ളിവെളിച്ചം തെളിയിച്ച വഴിയിലൂടെ അവന്‍ പുറത്തു ചാടി.
          അടുത്തു വന്ന തെരഞ്ഞെടുപ്പില്‍ അവന്റെ മാര്‍ക്കറ്റ് വാല്യു കുതിച്ചുയര്‍ന്നു. നേതാക്കന്‍മാരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അവന്‍ വാക്കുകള്‍ കൗണ്ട് താണ്ഡവമാടി. പ്രസംഗവേദിയില്‍ നിന്ന് ആക്രോശിക്കുമ്പോള്‍ അവന് ആയിരം കൈകളും ആയിരം മുഖങ്ങളുമുള്ളപോലെ തോന്നിച്ചു. മിന്നല്‍പ്പിണരായും ഇടിമുഴക്കമായും അവന്‍ ഉഴുതു മറിച്ച പതം വന്ന നനുത്ത മണ്ണില്‍ തകരകളെന്നോണം സുമുഖരായ പുതു നേതാക്കന്മാര്‍ ഉയിര്‍ക്കൊണ്ടു. അവര്‍ അധികാരശ്രേണികള്‍ ചവിട്ടിക്കയറി. അവരൊക്കെ അവന്റെ ഉറ്റ സുഹൃത്തുക്കളായി തന്നെ നിലകൊണ്ടു. അപ്പോഴൊന്നും അവന് ആഗ്രഹമുണ്ടായിരുന്നില്ല, അല്ലെങ്കില്‍ ചിന്താ ശേഷിയുണ്ടായിരുന്നില്ല, സ്വയം ഒരു നേതാവായി മാറണമെന്ന്. തനിക്ക് കിട്ടിക്കൊണ്ടിരുന്ന കയ്യടികളിലും, അഭിനന്ദനങ്ങളിലും അവന്‍ മതിമറന്നിരുന്നു. അവനത് അമൃത് പോലെയായിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതൃവൃന്ദവുമായി അവന് നേരിട്ട് ബന്ധമുണ്ടായിരുന്നു. സുമുഖരായ അവരോരോരുത്തരും അവന്റെ വാഗ്ധോരണിയുടെ ചുവടു പിടിച്ചും, സുന്ദര മുഖങ്ങളാല്‍ ചെയ്യാന്‍ കഴിയുന്നതിലപ്പുറവും, വൃത്തികേടുകള്‍ ചെയ്തും നേതാക്കന്‍മാരായി മാറിയവരായിരുന്നുവല്ലോ ?..!!
               ഇപ്പോള്‍ യുവത്വമൊക്കെ ഹോമിക്കപ്പെട്ട്, തൊണ്ട കീറി പൊട്ടി, നാല്‍പ്പതെങ്കിലും അമ്പതോ അതിനു മുകളിലോ പ്രായം തോന്നിക്കപ്പെടുമ്പോഴാണ്, ഗോപാലിന് എന്തെങ്കിലും ആയിത്തീരണമെന്ന് തോന്നിത്തുടങ്ങിയത്. അയാള്‍ക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു, തന്നോടടുപ്പം പുലര്‍ത്തുന്ന, താന്‍ സൃഷ്ടിച്ച സമുന്നത നേതൃത്വത്തോടൊന്ന് പറയേണ്ട താമസം, താന്‍ നേതൃത്വത്തിലേക്കോ, അല്ലെങ്കില്‍ ഉയര്‍ന്ന ഏതെങ്കിലും സ്ഥാനങ്ങളിലേക്കോ ഉയര്‍ത്തപ്പെടുമെന്ന്. താന്‍ ഉഴുതു മറിച്ച മണ്ണില്‍ തനിക്ക് വേരോടിക്കുവാനും, വളരാനും കഴിയുമെന്നും അയാള്‍ക്ക് തികഞ്ഞ ആത്മ വിശ്വാസമുണ്ടായിരുന്നു. വിരൂപമെങ്കിലും, ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായാണ് ഗോപാല്‍ തന്റെ അടുത്ത സുഹൃത്ത് കൂടിയായ, അല്ലെങ്കില്‍ താന്‍ അങ്ങനെ വിശ്വസിക്കുന്ന പാര്‍ട്ടി പ്രസിഡണ്ടിനെ നേരിട്ട് കാണാന്‍ പോയത്.

           “നോക്കൂ ഗോപാല്‍... നമ്മുടെ രാജ്യത്തിനിന്നാവശ്യം യുവത്വം സ്ഫുരിക്കുന്ന യാവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന സുമുഖരായ യുവ നേതൃത്വത്തെയാണ്. കമ്പോള വത്കരണത്തിന്റെയും, ആഗോളവത്കരണത്തിന്റെയും നൂതന പ്രവണതകള്‍ക്കനുസരിച്ച് നാമുയര്‍ന്നില്ലായെങ്കില്‍ അത് വിഡ്ഢിത്തമാവും. ഇന്നത്തെ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയണമെങ്കില്‍ ആകര്‍ഷകമായ മുഖശ്രീ കൂടെ അത്യാവശ്യമാണ്. ഗോപാലിനറിയാത്ത കാര്യമല്ലല്ലോ ഇതൊന്നും. പിന്നെ പാര്‍ട്ടിയുടെ ഇന്നത്തെ വളര്‍ച്ചയില്‍ ഗോപാലിനുള്ള പങ്ക് പാര്‍ട്ടി എന്നും സ്മരിക്കും. ഗോപാലിനെ പാര്‍ട്ടി സംരക്ഷിക്കും. പാര്‍ട്ടിയുടെ സ്വത്താണ് ഗോപാല്‍...”
           പ്രസിഡണ്ട് പറഞ്ഞ് നിര്‍ത്തുന്നതിന് മുമ്പുതന്നെ ഗോപാലിന്റെ മുഖത്ത് അവശേഷിച്ചിരുന്ന പ്രത്യാശയുടെ അന്തിവെളിച്ചവും അടിതിരിപോലെ അണഞ്ഞു പോയിരുന്നു. അതോടെ അവിടെ അന്ധകാരം നിറഞ്ഞു.
            പാര്‍ട്ടി തനിക്ക് അനുവദിച്ച് തന്നിരുന്ന പ്രചരണ വിഭാഗം ഓഫിസ് കൂടിയായ, തന്റെ വസതിയെന്ന് ഗോപാല്‍ കരുതിയിരുന്ന, കെട്ടിടത്തിലെ, നിലക്കണ്ണാടിയില്‍ ഗോപാല്‍ ഒന്നുകൂടെ നോക്കി. മുമ്പ് കുട്ടിക്കാലത്ത് മൂക്കുമാത്രം കാണാമായിരുന്ന കണ്ണാടിക്കഷണത്തില്‍ നോക്കിയതില്‍ പിന്നെ ഇന്ന് ആദ്യമായാണ് താന്‍ കണ്ണാടി നോക്കുന്നതെന്നയാള്‍ക്ക് തോന്നി. തന്റെ വൈരൂപ്യം വിളിച്ചോതുന്ന ലോകത്തുള്ള സകല കണ്ണാടികളും തകര്‍ക്കണമെന്ന് അയാള്‍ ആശിച്ചു. തിരപോലെ നുരച്ചുവരുന്ന രോഷം അടക്കിനിര്‍ത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
            ഗോപാല്‍ ഭ്രാന്തനെപ്പോലെ അലറി. കണ്ണില്‍ കണ്ടതെല്ലാമെടുത്ത്, കണ്ണാടിക്ക് നേരെ വലിച്ചെറിഞ്ഞു. ചുവരിലും, നിലത്തുമായി, ചിതറിത്തെറിച്ച തുണ്ടു കണ്ണാടിച്ചില്ലുകളില്‍ ആയിരം ഭാവങ്ങളാര്‍ന്ന് തന്റെ വൈരൂപ്യം പ്രതിഫലിക്കുന്നതയാള്‍ക്ക് തോന്നി. അലറിക്കൊണ്ടയാള്‍ അവയ്ക്ക് നേരെ പാഞ്ഞടുത്തു.
ദേഹമാസകലം കുപ്പിച്ചില്ലുകള്‍ തറച്ചുകയറി, കീറിമുറിഞ്ഞ ശരീരവുമായി സര്‍ക്കാര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ മുരളുന്ന ഫാനിന് കീഴെ കിടക്കുമ്പോള്‍ ആശയുടെ പുതു വെളിച്ചം പോലെ പ്രസിഡണ്ടിന്റെ വാക്കുകള്‍ ഗോപാലിന്റെ ചെവിയില്‍ മന്ത്രിച്ചു. -“പാര്‍ട്ടി ഗോപാലിനെ സംരക്ഷിക്കും. പാര്‍ട്ടിയുടെ സ്വത്താണ് ഗോപാല്‍..” ആശയുടെ അവസാന തിരിവെളിച്ചമായ ആവാക്കുകളില്‍ സംരക്ഷണം തേടാന്‍ കൊതിച്ച് കണ്ണുകളടച്ച ഗോപാലിനെ ആരോ തട്ടിയുണര്‍ത്തി.
        "ബോധം തെളിഞ്ഞോ..” - പരിചയമുള്ള പോലീസുദ്യോഗസ്ഥന്‍ കുശലാന്വേഷണം നടത്തി. പിന്നെ ക്ഷമാപണമെന്നോണം അയാളെ അറിയിച്ചു.
         “പാര്‍ട്ടിയുടെ പ്രചരണ വിഭാഗം ഓഫീസില്‍ ആക്രമണം നടത്തി വസ്തുവകകള്‍ നശിപ്പിച്ചതിനെതിരെ താങ്കള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.”