Followers

Friday, August 2, 2013

ഈജിപ്ഷ്യന്‍ മമ്മി


 ശ്രീപാർവ്വതി
നീരദിന്‍റെ വലിയ മോഹങ്ങളിലൊന്നായിരുന്നു വീട്ടിലൊരു ഈജിപ്ഷ്യന്‍ മമ്മി. കൂട്ടുകാരൊക്കെ അവന്‍റെ നടക്കാത്ത മോഹത്തെ കുറിച്ച് പറഞ്ഞു ചിരിച്ചു. നീരദിന്‍റെ കാമുകി സാറ അവന്‍റെ ഭ്രാന്തില്‍ എന്നേ ഇഴുകി ചേര്‍ന്നു പോയിരുന്നതു കൊണ്ട് അവള്‍ക്കു മാത്രം അവനൊരു ബഫൂണ്‍ ആയിരുന്നില്ല. തന്‍റെ ഏറ്റവും വലിയ മോഹം ഈജിപ്റ്റില്‍ പോകണമെന്നതും ഒരു മമ്മിയെ എങ്കിലും തൊടണമെന്നതും ആണെന്ന് നീരദ് ആവര്‍ത്തിച്ചു പറയുന്നത് സുഹൃത്തുക്കള്‍ വെറുതേ കേട്ടു കൊണ്ടിരുന്നു. അവന്‍റെ സ്വപ്ന സഞ്ചാരം കഴിയുമ്പോള്‍ ജീവിതത്തില്‍ പരുക്കന്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് മലര്‍ന്നടിച്ചു വീണ്, അവര്‍ നീരദിന്‍റെ അടുത്തേയ്ക്കു തന്നെ ഈയാംപാറ്റകളെ പോലെ പറ്റിക്കൂടി. അവനായിരുന്നല്ലോ അവരുടെ ബാങ്ക്.
കഴിഞ്ഞ വര്‍ഷമാണ്, അഭി , നീരദിന്‍റെ ഉറ്റ ചങ്ങാതി അവന്, ഒരു ലോഹപ്രതിമ കൊണ്ടു കൊടുത്തത് ഒരു ഈജിപ്ഷ്യന്‍ പിരമിഡിന്‍റെ ലോഹ രൂപം. തിളങ്ങിയ കണ്ണുകൊണ്ടും തുടിയ്ക്കുന്ന കൈകൊണ്ടും നീരദ് അത് ഏറ്റു വാങ്ങി. അന്ന് അഭിയ്ക്ക് കോളായിരുന്നു. വില കൂടിയ ടൈറ്റന്‍ വാച്ച്, സാംസങ്ങിന്‍റെ ആന്‍ഡ്രോയിഡ് ഫോണ്‍ . മറ്റു കൂട്ടുകാരൊക്കെ അഭിയെ നിരാശയോടെ നോക്കിയിരുന്നു. ഇത് മിക്കപ്പോഴും പതിവാണ്, നീരദിന്, മമ്മിയുമായി ബന്ധപ്പെട്ട് എന്തു കൊടുത്താലും കൊടുക്കുന്നവര്‍ ചോദിക്കുന്നത് കിട്ടുമെന്നുറപ്പ്. സാറ പലപ്പോഴും നീരദിനെ വഴക്കു പറയുന്നുണ്ടെങ്കിലും അവന്‍റെ ഭ്രാന്തുകള്‍ക്കും ചൂടുള്ല ഉമ്മകള്‍ക്കും മുന്നില്‍ പിന്നെ അവള്‍ കൊച്ചു കുട്ടിയാണ്.

"എടാ നീരദേ , ഞാന്‍ നിന്‍റെ മമ്മിയാവട്ടെ? നീ വെറുതേ മമ്മിമാരുടെ കൂട്ട് തുണിയൊക്കെ ചുറ്റി എന്നെ നിന്‍റെ ഷോകേസില്‍ വയ്ക്ക്. വേറെ ആരും അറിയണ്ട..."
ഒരു ദിവസം സാറയുടെ ഡയലോഗ് കേട്ട് അവളുടെ തലയ്ക്കിട്ട് ഒരു കിഴുക്കു കൊടുത്തു നീരദ്.
"നിന്നെക്കാള്‍ എനിക്കു വലുതാണോ മമ്മി... എന്താ സാറാ ഇത്... നീയെന്നെ കളിയാക്കുവാണോ?"
സാറ ചിരിച്ചു,
"അല്ലെഡോ... നിന്‍റെ ഏറ്റവും വലിയ മോഹത്തില്‍ ഇങ്ങനെ പടര്‍ന്നു കയറാന്‍ മോഹം, എനിക്കാണെങ്കില്‍ ചോദിക്കാനും പറയാനും ആരുമില്ല. എന്നെ കാണണമെന്നു തോന്നുമ്പോള്‍ ഞാന്‍ നിന്‍റെ സാറയാവില്ലേ..."
എന്തു പറയണമെന്നറിയാതെ നീരദ് തലകുമ്പിട്ട് ദീര്‍ഘ നേരം കിടന്നു. ശൂന്യമായ മനസില്‍ നിറയുന്ന വെളിച്ചത്തിന്, അതീവ ശക്തിയായിരിക്കും, ആ വെളിച്ചത്തിന്‍റെ തീവ്രതയില്‍ അവന്‍ മയങ്ങി പോയി. കത്തിച്ചു വച്ച മെഴുകുതിരി ഊതിക്കെടുത്തി അന്നത്തെ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന്‍റെ മധുരം ഉള്ളില്‍ നിറച്ച് സാറ തന്‍റെ സ്കൂട്ടിയില്‍ കയറി വൈ ഡബ്ലിയൂ സി എയിലേയ്ക്ക് അതിവേഗം ഓടിച്ചു പോയി.

പിറ്റേന്ന് രാവിലെ നീരദ് സാറയെ ഫോണില്‍ വിളിച്ച് വരുത്തുകയായിരുന്നു. ചുവന്ന് വിറച്ചു നിന്ന അവന്‍റെ മുന്നിലേയ്ക്ക് ചോദ്യഭാവത്തോടെ സാറ കയറി നിന്നപ്പോള്‍ ബെഡ്റൂമില്‍ കിടന്ന വെളുത്ത നീണ്ട തൂണിക്കഷണങ്ങള്‍ എടുത്തു കാണിച്ചു കൊടുത്തു നീരദ്.
"ഓഹോ അപ്പോള്‍ നീയെന്നെ മമ്മിയാക്കാന്‍ തീരുമാനിച്ചു അല്ലേ?"
സാറ വാക്കുകളില്‍ തേന്‍ പുരട്ടിയെങ്കിലും അവസാനത്തെ വാചകത്തില്‍ അവള്‍ തട്ടിത്തെറിച്ചു വീണു.
"നിന്നെക്കാളും വലുതല്ല എനിക്ക് എന്‍റെ സ്വപ്നം സാറാ...
പക്ഷേ നീ തയ്യാറാണെന്നു പറഞ്ഞപ്പോള്‍, വെറുതേ കുറച്ച് മണിക്കൂറുകള്‍ "
പ്രത്യേകം ഓര്‍ദര്‍ കൊടുത്ത് ചെയ്യിപ്പിച്ച ശവപ്പെട്ടിയും നീളത്തില്‍ മുറിച്ചിട്ട തുണിക്കഷ്ണങ്ങളും അവളെ നോക്കി പല്ലിളിച്ചു.
അവനു മുന്നില്‍ അവള്‍ വെറുമൊരു പാവയായി നിന്നു കൊടുത്തു. അഴിഞ്ഞു വീഴുന്ന തന്‍റെ വസ്ത്രങ്ങള്‍ അവളെ തണുപ്പിച്ചില്ല. പക്ഷേ അതിവൈകാരികമായി തന്നിലേയ്ക്ക് ചുണ്ടുകള്‍ ചേര്‍ക്കാറുള്ള നീരദിന്‍റെ ചുണ്ടുകള്‍ക്ക് നഗ്നയായി ശരീരത്തെ കണ്ടിട്ടും ഒരു തുടിപ്പു പോലുമുണ്ടാകിന്നില്ലല്ലോ എന്നോര്‍ത്തു അവള്‍ക്കു വേദനിച്ചു. നീളമുള്ള കോട്ടണ്‍ തുണിക്കഷ്ണങ്ങള്‍ അവളുടെ നഗ്നതയിലേയ്ക്ക് പിണച്ചു കയറ്റുമ്പോള്‍ നീരദിന്, ആവേശമായിരുന്നു. സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്ന സാറയുടെ രോമങ്ങളിലേയ്ക്ക് അവന്‍ വെറുതേ മുഖമുരസി. പക്ഷേ ഉന്‍മത്തമായ എന്തു മണങ്ങളും അപ്പോള്‍ അവന്‍രെ മൂക്കിന്‍റെ പരിധികള്‍ക്കും അപ്പുറമായിരുന്നു. സാറയുടെ നെടുവീര്‍പ്പ് തുണിക്കഷ്ണങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു കൊണ്ടേയിരുന്നു.
"അമിതമായ വിഷാദം ഒരുവനെ കവിതകളുടെ മണവും രുചിയും ആസ്വദിപ്പിക്കും. "
താന്‍ നിര്‍മ്മിച്ചെടുത്ത മമ്മിയുടെ ശവപ്പെട്ടിയില്‍ നീരദ് ഇങ്ങനെ കുറിച്ചു. പിന്നീടവന്‍ പ്രിയപ്പെട്ട ഡയറിയെടുത്ത് കവിത കുറിച്ചു.
"മോഹങ്ങളുടെ വേലിയേറ്റത്തില്‍ ഞാനൊരു ഭ്രാന്തന്‍ കുതിരയായിരുന്നു
കടിഞ്ഞാണ്‍, നിന്‍റെ കയ്യിലും.
പക്ഷേ അത് ഈ നിമിഷം ഈ നഷ്ടപ്പെടുത്തിക്കളഞ്ഞു.
ഇപ്പോള്‍ ഞാന്‍ സ്വതന്ത്രന്‍
വരിഞ്ഞു മുറുക്കലില്ലാതെ എന്‍റെ സ്വപ്നത്തെ ഞാന്‍ ആഘോഷിക്കട്ടെ..."
വലിച്ചു മുറുക്കി കെട്ടിയ തുണിക്കഷ്ണങ്ങള്‍ സാരയെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു.ശ്വാസത്തിന്‍റെ വലിയുന്ന ഒച്ച ഒരു വേള അവളെ ഭയപ്പെടുത്തുകയും ചെയ്തു. നീരദ് സുഹൃത്തുക്കളെ വിളിച്ചു കാണുമോ, അവര്‍ ആശ്ചര്യപ്പെടും. ഇനിയാരും അവനെ ഭ്രാന്തന്‍ എന്നു വിളിക്കില്ല. സാറയ്ക്ക് ആശ്വാസമായിരുന്നു. നിരവധി നെടുവീര്‍പ്പുകള്‍ക്കിടയിലും ആ ചിന്തകള്‍ അവളെ ഉണര്‍ത്തിക്കൊണ്ടിരുന്നു.
രാത്രിയിലെപ്പൊഴോ നീരദിന്‍റെ ഇളം റോസ് നിറമുള്ള കിടക്കവിരിയിലേയ്ക്ക് തല്ലിയലച്ചു വീണ സാറയ്ക്ക് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. ഏറെ നേരത്തെ മുറുകിയുള്ള നില്‍പ്പ് അവളിലെ പെണ്ണിനെ തളര്‍ത്തിയിരുന്നു. പക്ഷേ നീണ്ട ഉറക്കത്തിന്‍റെ ഊര്‍ജ്ജം നീരദിനുണ്ടായിരുന്നു. മമ്മിയെന്നാല്‍ ശാപമാണെന്ന കേട്ടറിവിനോട് ഉറക്കെ ചിരിച്ചു കൊണ്ട് അവന്‍ സാറയെ പൊതിഞ്ഞിരുന്ന കീറത്തുണികള്‍ വലിച്ചഴിച്ചു. നേര്‍ത്ത മെഴുകുതിരി വെളിച്ചത്തില്‍ നീരദിന്‍റെ കണ്ണിലെ ചുവന്ന നിറം കണ്ട സാറ മരവിച്ചു കിടന്നു. ഇതുവരെ ഉണ്ടായിട്ടില്ലാത്ത വല്ലാത്തൊരാവേശത്തോടെ അവന്‍ തന്നെ എടുത്ത് അമ്മാനമാടുന്നതും വസ്ത്രമില്ലാത്ത ഉടലിനെ ദൂരെ നിന്ന് ആസ്വദിക്കുന്നതും അവള്‍ കണ്ടു. ഒന്നിനും പ്രതികരിക്കാനാകാതെ അവള്‍ കിറ്റന്നു. പിന്നെ എപ്പൊഴോ ഉറങ്ങിപ്പോയി.

മമ്മിമാരുള്ള ശവക്കല്ലറകള്‍ പൊളിയ്ക്കുന്നത് ശാപമാണെന്ന് കണ്ടെത്തിയ പുസ്തകങ്ങളൊക്കെ അവന്‍റെ വായനശാലയെ വിട്ട് മുറ്റത്ത് കിടന്ന് എരിഞ്ഞു തീര്‍ന്നു. സാറയെ വേഷമണിയിച്ചതിനു ശേഷം നീരദ് അവന്‍റെ ഒരു സുഹൃത്തിനേയും പിന്നെ വീട്ടില്‍ കയറ്റിയില്ല. സ്വപ്ന കാഴ്ചകള്‍ സ്വയം ആസ്വദിക്കാനുള്ളതാണെന്ന് നീരദ് ഇറ്റയ്ക്കിടെ സാറയുടെ മുന്നില്‍ പോയി ഉരക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ചില നേരങ്ങളില്‍ ആ സ്വപ്നത്തിനുള്ളില്‍ ജീവനുള്ള ഒരു പെണ്ണ്, പ്രാണനു വേണ്ടി പിടയുന്നതോ ദാഹിച്ച് ഒച്ചയിടുന്നതോ അവന്‍ കേട്ടില്ല. സാരയാണെന്ന ബോധം വരുമ്പൊഴൊക്കെ അലറിക്കരഞ്ഞു കൊണ്ട് തുണിക്കഷ്ണങ്ങലഴിച്ച് നീരദ് അവള്‍ക്ക് കുടിയ്ക്കാന്‍ പാലും , കഴിക്കാന്‍ പഴങ്ങളുമൊക്കെ കൊടുത്തു. ഇടയ്ക്ക് അവള്‍ക്ക് പ്രിയപ്പെട്ട ചീസ് കേക്കിന്‍റെ കഷ്ണങ്ങളും കൊടുത്തു. അപ്പോഴൊക്കെ അവന്‍ പറയുന്നുണ്ടായിരുന്നു.
"മതി സാറാ... നീ രക്ഷപെടൂ... മമ്മിയുടെ ശാപം എന്നെ പിടി മുറുക്കിയിരിക്കുന്നു. അതിനുള്ലില്‍ നീയാണെങ്കിലും ഞാന്‍ കൂടു തുറന്നു വിട്ട ഏതോ ഒരാത്മാവ് എന്നെ വേട്ടയാടുന്നു. അതിന്‍റെ ശാപം എന്നെ മുറിവേല്‍പ്പിക്കുന്നു. രക്ഷപെടാന്‍ വാതിലുകളില്ല, സാറ... നീ പൊയ്ക്കൊള്ളൂ..."
പതിയെ പതിയെ അവനിലെ ഭ്രാന്തിന്‍റെ നീല ഞരമൌകള്‍ തടിച്ചു വരുന്നതു നോക്കി നില്‍ക്കുമോള്‍ അവള്‍ക്കും അത് മനസ്സിലായി. കയ്യില്‍ കിട്ടിയ അവന്‍റെ തന്നെ ഏതോ ഷര്‍ട്ടും പാന്‍രും ഇട്ട് മുന്‍വശത്തെ വാതിലിന്‍റെ നേര്‍ക്കോടിയ സാറ പകച്ചു പോയി.
ഇവിടെയുണ്ടായിരുന്ന വാതിലെവിടെ? വാതിലിന്‍റെ സ്ഥാനത്ത് കല്ലു കെട്ടി മറച്ചിരിക്കുന്നു. ജനലുകള്‍ തുരക്കാനാകാത്ത വിധം തടി വച്ച് ആണിയടിച്ചിരിക്കുന്നു. മരവിച്ച് നിന്നു പോയ സാറയുടെ മുന്നില്‍ വഴി മരഞ്ഞ് നീരദ് നിന്നു.

"നിനക്കെന്നെ വിട്ട് രക്ഷപെടണോ കള്ളീ... നിനക്കതിനു കഴിയോ? മമ്മിയുടെ ശാപത്തില്‍ നിന്ന് നീ മാത്രം രക്ഷപെടുമോ? "
നീരദ് സാരയെ വട്ടം ചുറ്റിപ്പിടിച്ച് നൃത്തം ചെയ്തു. അവളുടെ വിളര്‍ത്ത ചുണ്ടില്‍ അമര്‍ത്തി ചുംബിച്ച് അവളെ തൂക്കിയെടുത്ത് വേഷം മാറ്റിയിരുത്തി.
ഉറങ്ങാന്‍ പോകും മുന്‍പ് സാറയുടെ തണുത്ത വാക്കുകള്‍ അവനില്‍ അലയടിച്ചു ,
"ഒറ്റപ്പെടലിന്‍റെ ഈ തണുത്ത കൂട്ടില്‍ എന്നെ നീ വലിച്ചെറിയരുതേ..."
കയ്യിലിരുന്ന സേഫ്റ്റി പിന്‍ ചെവിയിലേയ്ക്ക് തിരുകി കയറ്റി ചൊറിച്ചിലിന്‍റെ വല്ലാത്ത സുഖം ആസ്വദിക്കുമ്പോള്‍ നീരദ് കയ്യിലിരുന്ന ഡയറിയില്‍ അടുത്ത കവിത കുറിയ്ക്കുകയായിരുന്നു,
വഴിയില്‍ ഉപേക്ഷിച്ചു പോയ ഒരു നക്ഷത്രത്തെ കുറിച്ച്
"ആകാശത്ത് ഒറ്റയ്ക്കൊരു താരകം
മഴ മേഘങ്ങളുടെ തലോടലേറ്റ് അത് വിറയ്ക്കുന്നുണ്ടോ?
പാതിരാ വരെ ശൂന്യതയുടെ തുരുത്തില്‍ കഴിഞ്ഞ നിലാവിന്,
എന്‍റെ താരകമേ നീയാണ്ണ്, അമൃതം.
അഹങ്കാരം"
ഡയറി അടച്ചു വച്ച് കയ്യേല്‍ക്കാന്‍ പോകുന്ന ശാപത്തിന്‍റെ കണക്കെടുപ്പുകള്‍ നടത്തി നീരദ് പതിയെ കിടക്കയിലേയ്ക്ക് ചാഞ്ഞു.