സണ്ണി തായങ്കരി 'ഭീമസേനാ, നീ തന്നെ ഹസ്തിനപുരിയുടെ അടുത്ത രാജാവ്'. കുരുക്ഷേത്രയുദ്ധത്തിന്റെ തീജ്വാലകൾ കെട്ടടങ്ങുന്നതേയുള്ളു. ഭ്രാതൃവൈര്യത്തിന്റെ അഗ്നിജ്വാലകൾ കരിവാളിപ്പിച്ച ഹസ്തിനപുരം കൊട്ടാരം. കരിങ്കൽ ഭിത്തികൾക്കുള്ളിലെ വിശാലമെങ്കിലും അലങ്കോലമായ രാജസദസ്സ്. കരിന്തിരി കത്തുന്ന പന്തങ്ങൾ നിർഗമിപ്പിക്കുന്ന, ഇരുട്ടിന് സമാനമായ നരച്ചവെട്ടത്തിൽ, അത്രയൊന്നും ആർഭാടമല്ലാത്ത പീഠങ്ങളിലൊന്നിലിരുന്ന് പാണ്ഡവവംശത്തിന്റെ ജ്യേഷ്ഠഭ്രാതാവ് യുധിഷ്ഠിരൻ കാട്ടാളാകാരമുള്ള വൃകോദരനെ നോക്കി തീർപ്പ് കൽപ്പിക്കുന്നു. ആരുടെ മുഖത്തും പ്രകാശമില്ല. പ്രത്യേകിച്ചും അധികാരം കൽപ്പിച്ചുനൽകുന്ന യുധിഷ്ഠിരന്റെ മുഖത്ത്. ദു:ഖം സ്ഥായിയായ ഭാവമാണെന്ന് മന:പൂർവം ധരിച്ചവശരായവർക്ക് ഇരുട്ടിന്റെ ബീജങ്ങളെയല്ലാതെ മറ്റൊന്നിനെയും ബഹിർഗമിപ്പിക്കാൻ കഴിയുന്നില്ല. ഇവിടെ, ചോരച്ചാലുകൾ ഇനിയും വറ്റിയിട്ടില്ല.ധീരമൃുത്യുപൂ രാവിന്റെ വന്യതയ്ക്കുമേൽ ബീഭത്സതയുടെ ദുന്ദുഭിപോലെ, യുദ്ധം കാറിത്തുപ്പിയ വിജനമായ മരുഭൂമിയിൽനിന്ന് ഉയരുന്ന ആക്രോശം ആരുടേത്? പുരുഷന്റെ വിജൃംഭിതമായ ലിംഗത്തെ നിയന്ത്രണത്തിലാക്കാൻ കാട്ടാളസ്ത്രീയുടെ യോനിയെ ഉപകരണമാക്കുകമൂലം മൂവന്തിയിൽ പിറന്നുവീണ്, ബീജദാതാവിനുവേണ്ടി കുരുക്ഷേത്ര ഭൂമിയിൽ ജീവനൊടുക്കിയ ഘടോൽക്കചനിൽനിന്നോ? അതോ, ധർമയുദ്ധത്തിന്റെ ബാലപാഠങ്ങൾ മറന്ന ആചാര്യന്മാരുടെ നീതിബാണമേറ്റ് ജീവൻ വെടിഞ്ഞ, മാനവരാശിയുടെ നിസ്സഹായതയുടെ പ്രതീകമായ അഭിമന്യുവിൽനിന്നോ? അതുമല്ല, വീരമൃത്യുപൂകിയെന്ന് സാക്ഷാൽ ഭഗവാൻ കള്ളപ്രഘോഷണം നടത്തി, യുദ്ധം ജയിച്ച്, പാണ്ഡവരുടെ നിതാന്ത ശത്രുവാക്കിയ അശ്വത്ഥാമാവിൽനിന്നോ? 'ജ്യേഷ്ഠാ... അങ്ങല്ലേ അതിന് സർവയോഗ്യൻ?' എന്നും എവിടെയും അവസാന ഊഴത്തിന്റെ ഉടമയായ താനെങ്ങനെ പ്രഥമനാകും? 'സഹോദരരുടെയും ഗുരു ആചാര്യന്മാരുടെയും ചുടുചോര ഇവിടെ വറ്റിയിട്ടില്ല. ഈ ചോരച്ചാലുകൾ ക്കുമുകളിലിട്ട സിംഹാസനത്തിനുവേണ്ടിയല്ല യുധിഷ്ഠിരൻ കാത്തിരുന്നത്.' അപ്പോൾ അതാണ് സത്യം. ഹസ്തിനപുരിയുടെ ചോരച്ചാലുകൾക്കുമുകളിലിരുന്ന് ഭീമസേനൻ ഭരിക്കണം. അതും ഒരു ഔദാര്യം. സാരമില്ല, മനുഷ്യരുധിരം ഭീമന് ഒരിക്കലും അരോചകമായിരുന്നിട്ടില്ല. ദുശ്ശാസനന്റേത് ഒഴിച്ച്... ആ അധമന്റെ നെഞ്ച് പിളർന്നപ്പോൾ ചിതറിയ ചോരയ്ക്ക് വല്ലാത്ത ചവർപ്പായിരുന്നു. അത് അവന്റെ ജനിതക തകരാറ് തന്നെയാവും! ആരുടെയെങ്കിലും വെല്ലുവിളിക്ക് കാതോർത്ത് മടിയിൽ ചൂതിന്റെ അക്ഷവുമായി നടക്കുന്നവന് ഇനി യും എപ്പോൾ വേണമെങ്കിലും രാജ്യത്തെയും ഭ്രാതാക്കളെയും ആർക്കും സ്വന്തമെന്ന് പറയാനാവാത്ത ദ്രൗപതിയെയും പണയപ്പെടുത്താൻ കഴിയും. അയാൾ രാജ്യം ഭരിക്കാതിരിക്കുന്നതുതന്നെയാണ് നന്ന്. കഴിയും. ഭീമന് കഴിയും. ആഴിയുടെ അടിത്തട്ടിലെ കന്ദരത്തിലൊളിച്ച ദുര്യോധനനെ കൗശലപൂർവം പുറത്തുകൊണ്ടുവന്ന് മാറുപിളർന്നവന് ഈ സിംഹാസനം തീർത്തും അനുയോജ്യംതന്നെ. ഇരുട്ടിൽ ആരുടെയും മുഖം കാണാനാവുന്നില്ല. വികാരം തിരിച്ചറിയാനാവുന്നില്ല. എങ്കിലും നകുലനും സഹദേവനും താൻ രാജാവാകുന്നതിൽ ഖേദമുണ്ടാവില്ല എന്നറിയാം. ആത്മാവിലുയർന്ന ആനന്ദം സ്വയമടക്കി പുറത്തേക്ക് നടന്നു. പുറത്ത് ഇരുട്ട് കനത്തുനിന്നു. ഭാരിച്ച തന്റെ ദേഹം കറുപ്പിന് മൂർത്തത്തയേകിയതായി ഭീമന് തോന്നി. മുന്നിൽ ഒരു നിഴൽ...! മഹാബലവാനെങ്കിലും എന്നും നിഴലിനെ ഭയപ്പെടുന്നവനാണ് ഭീമൻ. ഏത് അന്ധകാരത്തിലും തിരിച്ചറിയുന്ന രൂപം ഒന്നേയുള്ളു. ഭീമൻ ഹസ്തിനപുരിയുടെ രാജാവാകുന്നത് അവൾ അറിഞ്ഞിട്ടുണ്ടാവും. തീപിടിച്ചമേനിയെ ഒരു രാത്രി മുഴുവൻ തനിക്ക് സമർപ്പിച്ച് അഭിനന്ദിക്കാനുള്ള പുറപ്പാടാകും. കാമപൂരണത്തിന് അമ്മ കൽപ്പിച്ചുനൽകിയ സമയശ്രേണി ശമനമേകുന്നുണ്ടാ വില്ല ദ്രൗപതിക്ക്. മറ്റാർക്കും സാധിക്കാത്തത് തന്നിലൂടെ നിവർത്തിയാകുമ്പോഴേ ആ ദാഹം കാലംതെറ്റി തന്നിലേക്ക് പ്രവഹിക്കാറുള്ളുവേന്നത് ഭീമൻ എന്നും തിരിച്ചറിയുന്ന സത്യം. പക്ഷേ, കാമത്തെ പ്രത്യുപകാരമെന്ന താലത്തിൽവച്ച് നൽകുമ്പോഴും ഭീമൻ അത് ആസ്വദിച്ചിരുന്നുവേന്നത് മറ്റൊരു സത്യം. ഇരുട്ടിൽ പതിയിരുന്ന കീചകനെ, ഇരുട്ടായിവന്ന് യമപുരിയിലേക്ക് അയച്ചപ്പോഴും ദ്രൗപതി സമയ ക്രമം തെറ്റിച്ച് വിവസ്ത്രയായി. ആദ്യമായാണ് തനിക്കുവേണ്ടി ദ്രൗപതി ശരീരവും മനസ്സും രതിയിൽ ഒന്നിപ്പിച്ചതു. അന്ന് കീചകരക്തത്തിൽ ഭീമന്റെയും ദ്രൗപതിയുടെയും മദനജലം മുന്നിൽ കാണുന്ന നൃത്തമണ്ഡപത്തിൽ വീണുപടർന്നു. കീരീടധാരണത്തിനുമുമ്പ് മദനജലം യുധീഷ്ഠിരൻ അറയ്ക്കുന്ന ചോരച്ചാലുകളിലേക്ക് ഒഴുക്കുന്ന രണ്ടാമതൊരു രതിരാത്രികൂടി സ്വായത്തമാക്കണം. ഭീമന്റെ മേനിയിലേക്ക് കാമത്തിന്റെ തീ എങ്ങുനിന്നോ പാറിവീണു. 'വേണ്ട ഭീമാ, വേണ്ട. ഈ കിരീടം അങ്ങേയ്ക്ക് വേണ്ട.' എല്ലാ വ്യാമോഹങ്ങൾക്കും മീതെ ഒരു കൂച്ചുവിലങ്ങ്...! ദ്രൗപതിയുടെ വിലക്കുകൾക്ക് എന്നും ഇരയാവുക ഭീമൻതന്നെ. വാതിൽപ്പടിയുടെ കാവൽക്കാരനാകാനുള്ള യോഗം കൽപ്പിച്ച് നൽകിയത് വിധിയോ വിധാതാവോ? ഇതൊരു പുതിയ വെളിപാടല്ല എന്നതിന് ഈ ജീവിതംതന്നെ സാക്ഷ്യം. 'ഞാൻ ദ്രുപദരാജന്റെ മകളാണ്... ധൃഷ്ടദ്യുമ്നന്റെ സഹോദരി...' 'പിന്നെ...' 'പാണ്ഡവരുടെ...' 'ഭീമനും അക്കൂട്ടത്തിലുണ്ടോ?' ഉണ്ടെന്നോ ഇല്ലെന്നോ ദ്രൗപതി പറഞ്ഞില്ല. 'എന്തായാലും ബലന്ധുരയുടെ രണ്ടാം സ്ഥാനക്കാരിയാവാൻ എന്നെ കിട്ടില്ല.' ജടപിടിച്ച ശിരസ്സിൽനിന്ന് അധികാരലഹരിയുടെ ഭ്രമാത്മകതയെ വായുദേവൻ പക്ഷങ്ങളിൽ ഒളിപ്പിച്ചു. ശിരസ്സിനുമുകളിൽ ഉയർന്നുനിന്ന സങ്കൽപകിരീടം ഒരൊറ്റ നിമിഷംകൊണ്ട് നിലംപതിച്ചു. ഭാരം കുറഞ്ഞ ശിരസ്സ് ഉയർത്തുമ്പോൾ ദ്രൗപതിയെ കണ്ടില്ല. കാര്യം നേടി അവൾ പോയത് അർജുനന്റെ വിരിമാറിലേക്കോ? അതോ യുധിഷ്ഠിരന്റെ ശയനശൽപത്തിലേക്കോ? സമയപ്പട്ടിക ഇന്ന് ആരുടെ ശയ്യയിലാണ് രതിനടനമാടുന്നതെന്ന് ആർക്കറിയാം? ഭീമന്റെ ശരീരത്തിൽ ഉഷ്ണപ്രവാഹം നിലച്ചു. പുൽനാമ്പുകളിൽപ്പോലും അഗ്നിബാണങ്ങളേറ്റ ആ വീഥിയിൽ പിന്നെയുമെത്തി 'അരുതു'കളുടെ നിഴലുകൾ. വിദുരർ... ഇളയച്ഛന്റെ മറപറ്റി അമ്മ കുന്തിയും! ചെറിയച്ഛനുമുമ്പിൽ വസ്ത്രമുരിഞ്ഞപ്പോഴാണ് ജ്യേഷ്ഠൻ ഉണ്ടായതെന്നത് അമ്മ മറച്ചുവച്ച അനേകം രഹസ്യങ്ങളിലൊന്ന്. കിരീടം ഭീമന്റെ ശിരസ്സിലണിയാൻ പാടില്ലത്രേ! ദാസിയുടെ പുത്രന് കിരീടം അവകാശപ്പെടാനാവാത്തതുപോലെ കാട്ടാളരക്തം ഷണ്ഡന്റെ സിംഹാസനത്തിൽ ഇരുന്നുകൂടാ. സ്വാർഥത വീണ്ടും ഹസ്തിനാപുരിയിൽ ആഢ്യത്വത്തിന്റെ സിംഹാസനം പണിയുന്നു. മതി. കിരീടവും സിംഹാസനവും ഭീമൻ ഇവിടെ ഉപേക്ഷിക്കുന്നു. കാട്ടാളപുത്രന്റെ രാജ്യം ഹസ്തിനപുരിയല്ല. ഘോരവനമാണ്. അവിടെ എവിടെയെങ്കിലുമുണ്ടാകും ഹിഡിംബരക്തത്തിന്റെ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേരവകാശി. ഭീമന്റെ ജീവിതത്തിലെ ആദ്യപെണ്ണ്... യുദ്ധം തകർത്ത് തരിപ്പണമാക്കിയ ഹസ്തിനപുരിയുടെ ചവിട്ടിക്കുഴച്ച മണ്ണ് രാപ്പകലുകൾക്ക് പിന്നിലാകുമ്പോഴും വനസ്ഥലികൾ പ്രത്യക്ഷമാകുന്നില്ല. സൂര്യദേവൻ എത്തിനോക്കാത്ത കൊടുംകാടുകൾ എവിടേയ്ക്കാണ് പിൻവാങ്ങിയത്? വരണ്ട മണ്ണ്. വൻമരങ്ങൾ നിലംപരിശായിരിക്കുന്നു. അവ അനാഥപ്രേതങ്ങളെപ്പോലെ ആരെയോ പ്രതീക്ഷിച്ച് കിടക്കുന്നു. അംഗഭംഗം സംഭവിച്ചവ ഭൂമിയിലേക്ക് കൂപ്പുകുത്തുന്ന നിമിഷങ്ങൾക്കായി കാതോർക്കുന്നു. കാട്ടുവള്ളികൾ തൂങ്ങിയാടുന്ന മരതക്കാടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പക്ഷികളുടെ കളകൂജനങ്ങൾ കേൾക്കാനില്ല. മൃഗങ്ങളുടെ പ്രജനന കേന്ദ്രങ്ങൾ ഗർഭപാത്രങ്ങൾ പറിച്ചുമാറ്റപ്പെട്ട ഊഷരഭൂമിപോലെ! മരച്ചില്ലകളാലും മാലിന്യങ്ങളാലും മൂടപ്പെട്ട നീർച്ചോലകളുടെ ഗദ്ഗദം വിവസ്ത്രയാക്കപ്പെട്ട ഭൂമിക്കുമേൽ തപിച്ചു കിടക്കുന്നു. ശക്തിയുടെ പ്രതീകമായ ഭീമന്റെ കാലുകൾക്ക് തളർച്ച. ഗദയേന്തിയ ബാഹുവിന് ശക്തിക്ഷയം. വലിയ മുഖത്തിന് യോജിക്കാത്ത ചെറിയ നയനങ്ങൾക്ക് വിളർച്ച. ഒന്നിരുന്നേ മതിയാകു... മാനഭംഗം ചെയ്യപ്പെട്ട ഭൂമിയുടെ മാറിൽ ഊർധശ്വാസം വലിക്കുന്ന, അംഗഭംഗം സംഭവിച്ച ഉഡുംബരവൃക്ഷത്തിന്റെ ചുവട്ടിൽ ഭീമൻ തളർന്നിരുന്നു. സ്വർണംപൂശിയ ഗദ സമീപം ചാരിവച്ചു. എവിടെനിന്നോ ഓടിയെത്തിയ, നെറുകയിൽ വെളുപ്പിൽ മൂന്ന് വരകളുള്ള അണ്ണാൻ ചാടിക്കയറാൻ മരച്ചില്ല കാണാതെ, ഭീമനെയും ഗദയെയും മാറിമാറി നോക്കി രണ്ടുനിമിഷം ഇരുന്നു. പിന്നെ ഏതോ പ്രതിഷേധസ്വരം പുറപ്പെടുവിച്ച് ഒറ്റക്കുതിപ്പിന് ഉഡുംബരവൃക്ഷത്തിന്റെ തായ്ത്തടിയിലേക്ക് പാഞ്ഞുകയറി. എവിടെ ശിഷ്ടകാലം ചിലവഴിക്കാനായി ആഗ്രഹിച്ച കാനനം? എവിടെ എനിക്കായി കാത്തിരിക്കുന്ന മറ്റാരും പങ്കുവയ്ക്കാനില്ലാത്ത എന്റെ ഹിഡിംബി...? പെട്ടെന്ന് ആത്മാവിന്റെ രോദനത്തിന് സ്ത്രൈണതയുടെ പ്രത്യുത്തരം... തളർന്ന മിഴികളുയർത്തി. അവൾ... ഹിഡിംബി... കാലം അവളെ നേർപാതിയാക്കി ചുരുക്കിയിരിക്കുന്നു! 'എന്റെ പെണ്ണേ...' സ്നേഹം ധ്വനിപകർന്നാടിയെങ്കിലും അവൾ പുളകിതയായില്ല. 'ഞാൻ പ്രതീക്ഷിച്ചു, നിങ്ങൾ വരുമെന്ന്...' 'അതെ. നിന്നെക്കാണാൻ. നിന്നോടൊത്ത് നിന്റെ കാനനഗൃഹത്തിൽ അന്ത്യംവരെ കഴിയാൻ...' തീ ചിതറിയ ഒരു നോട്ടത്തിനൊടുവിൽ ഇങ്ങനെ കേട്ടു- 'ഏതു കാനനഗൃഹം? നിങ്ങൾ മനുഷ്യർ ഞങ്ങളുടെ വനസ്ഥലികൾ നശിപ്പിച്ചു. മനുഷ്യനും കാട്ടാളനുമല്ലാത്ത നിങ്ങൾ എവിടെയാണ് ഇപ്പോൾ കാനനം കാണുന്നത്? ഞങ്ങൾ, നികൃഷ്ടരായ കാട്ടാളർക്കിന്ന് കാടും മരങ്ങളുമില്ല, ഇലച്ചാർത്തുകളില്ല, വിശപ്പടക്കാൻ പക്ഷികളോ മൃഗങ്ങളോ കായ്കനികളോ ഇല്ല. തൊണ്ടയിലിറ്റിക്കാൻ ഒരുതുള്ളി നീരില്ല. എല്ലാമെല്ലാം നിങ്ങളുടെ വർഗം കയ്യേറി... 'പക്ഷേ, ഹിഡിംബി...ഞാൻ...' വ്യർഥമായ വാക്കുകളിൽ അവളെ ആശ്വസിപ്പിക്കാനുള്ള ശ്രമം പാഴായി. 'ഹസ്തിനപുരിയിൽനിന്ന് വലിച്ചെറിയപ്പെട്ട ഭീമസേനനെപ്പോലെ ഞങ്ങൾ കാട്ടാളർക്കും ജന്മഭൂമി നഷ്ടമായിരിക്കുന്നു.' '............' 'ഇനി ഞാനും എന്റെ വംശവും എവിടെ മേൽക്കൂര കണ്ടെത്തും? എന്റെ മകന് ഇനി ഏതു രാജ്യം...?' 'ഹിഡിംബി... നമ്മുടെ പുത്രൻ... അവൻ... കുരുക്ഷേത്രയുദ്ധത്തിൽ വീരമൃത്യുവരിച്ചതു...' രൂക്ഷമായ ഒരു നോട്ടമായിരുന്നു അതിന് മറുപടി. ആ കണ്ണുകൾക്ക് രക്തനിറം. മഹാബലവാനായ ഭീമൻ ഇവിടെ പതറിപ്പോകുന്നു... പിന്നെ കേട്ടത് പരിഹാസത്തിൽ മുക്കിയെടുത്ത മറ്റൊരു സത്യത്തിന്റെ അനാച്ഛാദനം... 'കാട്ടാളസ്ത്രീയുടെ ഗർഭപാത്രത്തിലേക്ക് ബീജം കടത്തിവിട്ട്, കാമം ശമിപ്പിച്ച്, അമ്മയുടെ കയ്യിൽപ്പിടിച്ച് ഭീരുവിനെപ്പോലെ മടങ്ങിയവനല്ലേ നിങ്ങൾ? പിന്നീട് ഒരിക്കലെങ്കിലും നിങ്ങൾ തിരിഞ്ഞുനോക്കി യില്ല. പിതാവിനെ അന്വേഷിച്ച് വന്നത് എന്റെ ഒരു പുത്രൻമാത്രം. അന്ന് നിങ്ങൾ ഉപേക്ഷിച്ച ബീജത്തിൽ മറ്റൊരു കാട്ടാളനും പിറവിയെടുത്തിരുന്നു.' ഒരു പുത്രൻ ജീവിച്ചിരിക്കുന്നു എന്ന വാർത്ത ഒരുവേള മറ്റെല്ലാ ദു:ഖാങ്ങളെയും നിഷ്പ്രഭമാക്കി. 'പറയൂ കിരീടമില്ലാത്ത രാജാവേ, കാട് നഷ്ടപ്പെട്ട എന്റെ പുത്രനും അവന്റെ വർഗവും ഇനി എവിടെ വസിക്കും?' 'എനിക്കറിയില്ല... എനിക്കറിയില്ല...' പരിത്യക്തനെപ്പോലെ ഭീമൻ കേണു. അയാൾ ഉഡുംബരവൃക്ഷത്തിലേക്ക് കൂടുതൽ പറ്റിച്ചേർന്നു. 'എനിക്കറിയാം. എന്റെ ഈ പുത്രൻ പാണ്ഡവർക്ക് മൂത്തപുത്രനാണ്. അവൻ യുവരാജാവാകും. മഹാറാണിപ്പട്ടത്തിന് അർഹത ബഹുഭർതൃത്വമുള്ള ദ്രൗപതിക്കല്ല, ഏകഭർതൃത്വമുള്ള ഹിഡിംബിക്കാണ്...' 'ഹിഡിംബി, നീയെന്താണീ പറയുന്നത്? നിനക്ക് ഭ്രാന്ത് പിടിച്ചോ?' 'അത് എന്റെ മകന്റെ അവകാശമാണ്. അവന്റെ വർഗത്തിന്റെ അവകാശമാണ്.' കണ്ണിൽ ഇരുട്ട് കയറുന്നു. ഒരു കൊടുങ്കാറ്റുവന്ന് ഈ ഭീമശരീരം അതിലെ അനാഥമായ ആത്മാവോടെ പറത്തിക്കൊണ്ട് പോയിരുന്നെങ്കിൽ... ആ നെഞ്ചിൻകൂട്ടിൽ ധർമാധർമങ്ങളുടെ പ്രാവുകൾ കുറുകി. 'അതേ, ഞങ്ങൾക്ക് രാജ്യം വേണം, ഭവനം വേണം. ഭക്ഷണവും ജീവജലവും വേണം.' ആയിരം കണ്ഠങ്ങളിൽനിന്ന് ഉയർന്ന അലർച്ച ഒരു ഭൂമികുലുക്കമായോ കടൽ ഇരമ്പമായോ കൊടുങ്കാറ്റായോ സകലതിനെയും കടപുഴകിയെത്തി. ഭീമന്റെ കണ്ണുകൾ വിടർന്നു. വൃക്ഷവേരുകൾ നഷ്ടപ്പെട്ട്, വിണ്ടുകീറിയ പാഴ്ഭൂമിയിൽ കരിവീട്ടിയുടെ കാതൽപോലെ ഘടോൽ ക്കചന്റെ മറ്റൊരു രൂപം... അവന് പിന്നിൽ തീ പാറുന്ന കണ്ണുകളുള്ള എണ്ണമറ്റ കാട്ടാളർ. ആയിരം കൈകളിൽ നീട്ടിപ്പിടിച്ച വിഷം പുരട്ടിയ അമ്പുകൾ ഭീമന്റെ നെഞ്ചകത്തിനുനേരെ... 'ഹിഡിംബി... അരുത്. അവിവേകം കാണിക്കരുത്. നമുക്ക് കൃഷ്ണനോട് ഒരുവാക്ക്...' 'ഏത് കൃഷ്ണൻ...? സൗകര്യപൂർവം ധർമഹത്യനടത്തുന്ന നിങ്ങളുടെ ദൈവത്തിൽ എനിക്ക് വിശ്വാസമില്ല.' ഹസ്തിനപുരിയെ ലക്ഷ്യമാക്കി നീങ്ങുന്ന കാട്ടാളപ്പടയെ നോക്കി ഭീമൻ തളർന്നുകിടന്നു. പിന്നീട് എപ്പോഴോ ഉണരുമ്പോൾ ചാരിവച്ചിരുന്ന ഗദ അപ്രത്യക്ഷമായിരുന്നു. ഹിഡിംബിയുടെ കറുത്ത് മെല്ലിച്ച കൈ തന്റെ ചപ്രച്ച മുടിയിൽ തലോടുന്നതുമാത്രം ഒട്ടൊരു ആശ്വാസമായി. അമ്മയുടെ മടിയിലെ കൈ ക്കുഞ്ഞെന്നപോലെ അയാൾ കണ്ണുകൾ അടച്ചു. |