Followers

Saturday, December 31, 2011

ഫെമിനിസമെന്ന സാംക്രമിക രോഗം !!

ചിത്രകാരൻ

ഫെമിനിസമെന്ന വര്‍ഗ്ഗീയ രോഗത്തിന്റെ കൂംബൂചീയല്‍ ബാധിച്ചവരെ മനുഷ്യരായി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രയാസമാണ്. കാരണം ഈ രോഗം ഗുരുതരമായി കീഴടക്കുന്നത് മനുഷ്യന്റെ സ്ത്രൈണഭാവത്തിന്റെ ഉറവിടങ്ങളായ സ്നേഹം,നന്മ,നീതിബോധം തുടങ്ങിയ നിലപാടുതറയെയാണ്.മനുഷ്യമനസ്സിന്റെ ശ്രീകോവില്‍ എന്നു പറഞ്ഞാല്‍ നിലപാടുതറയെന്നു പറയുന്നതിനേക്കാള്‍ ചിലര്‍ക്ക് കൂടുതലായി മനസ്സിലായേക്കും.സ്ത്രീകള്‍ക്കിടയിലും പുരുഷന്മാര്‍ക്കിടയിലും ഫെമിനിസ്റ്റ് രോഗികളുണ്ട്.അത്യന്തം സംക്രമികശേഷിയുള്ള രോഗമായതിനാല്‍ ഈ രോഗത്തിന്റെ പകര്‍ച്ചപ്പനിക്കെതിരെ കരുതിയിരിക്കേണ്ടതുണ്ട്.
കുടുംബങ്ങളില്‍ ഈ രോഗത്തിന്റെ വൈറസ് സംക്രമിക്കുന്നത് കുടുംബാംഗങ്ങള്‍ക്കിടയിലുള്ള അമിത ലാളന,പ്രീണനം തുടങ്ങിയ കപടസ്നേഹപ്രകടനങ്ങളിലൂടെയാണ്.

ഈ രോഗം വിദ്യാഭ്യാസത്തിന്റേയും,ആധുനികതയുടേയും,പരിഷ്ക്കാരത്തിന്റേയും ലക്ഷണവും സ്ത്രീ സമത്വത്തിന്റെ വിശുദ്ധ സാംസ്ക്കാരിക യുദ്ധവുമാണെന്ന്‌ വിശ്വസിക്കുന്നവരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷവും.സ്വയം അടിമയാണെന്ന്(ദാസന്‍,ശൂദ്രന്‍,അബ്ദുള്‍)പറയുന്നതില്‍ അഭിമാനിക്കുന്ന നമ്മുടെ ജനത്തിന് അങ്ങനെയല്ലേ ചിന്തിക്കാന്‍ കഴിയു ! സ്ത്രീയേയും പുരുഷനേയും പകുത്ത് നീതിപൂര്‍വ്വകമായി സമത്വപ്പെടുത്തുന്ന ഫെമിനിസ്റ്റ് വര്‍ഗ്ഗീയരോഗികളുടെ ചിന്താരീതി തെറ്റാണെന്ന് അപൂര്‍വ്വം ചില ചിത്രകാരന്മാര്‍ക്ക് മാത്രമേ പറയാന്‍ തോന്നു. നമ്മുടെ സ്ത്രീകള്‍ക്ക് ആണത്വമുള്ള പുരുഷന്മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള സാമൂഹ്യബോധം നൂറ്റാണ്ടുകളായി നഷ്ടപ്പെട്ടുകിടക്കുന്നതിന്റെ പരിണതഫലമാണ് സ്ത്രീ-പുരുഷന്മാര്‍ ഫെമിനിസ്റ്റ് വര്‍ഗ്ഗീയ രോഗത്തിന് ഇത്രകണ്ട് അടിമപ്പെടാന്‍ കാരണം.

കൂടാതെ, പത്രമാധ്യമങ്ങളിലൂടെ സമൂഹത്തെ കൂടുതല്‍ സ്ത്രൈണമാക്കുന്നതിനായുള്ള വന്‍ കംബൈനുകള്‍ വിപണിതാല്‍പ്പര്യക്കാര്‍ നടപ്പാക്കുന്നതിന്റെ സ്വാധീനവും കുറച്ചുകണ്ടുകൂട.ഉപഭോഗ വസ്തുക്കളെ ശക്തമായി സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ സ്ത്രീത്വത്തെ പൊലിപ്പിച്ചെടുത്താല്‍ മതിയെന്നത് എല്ലാ കാലത്തേയും ബിസിനസ്സ് മാനേജുമെന്റ് വിദഗ്ദര്‍ക്ക് അറിവുള്ള കാര്യമാണല്ലോ!

സ്ത്രീയും ഒരു ഉപഭോഗവസ്തുവാകുന്നത് ഈ പൊലിപ്പിക്കലിലൂടെയാണ്. പൊലിപ്പിക്കപ്പെടാത്തവര്‍, വേണ്ടത്ര പ്രതിഫലം ലഭിക്കാതെ അദ്ധ്വാനിക്കെണ്ടിവരുന്നവര്‍ എന്നിങ്ങനെയുള്ള പരാതിക്കെട്ടുമായി പൊലിപ്പിക്കപ്പെടുന്നതിനായി ക്യൂ നില്‍ക്കാന്‍ സ്ത്രീകള്‍ക്കും,അസമത്വത്തിനെതിരെ പോരാടാന്‍ സ്ത്രൈണ മനസ്സുള്ള പുര്ഷമനസ്സിനും തോന്നിത്തുടങ്ങുന്നതോടെയാണ് ഫെമിനിസ്റ്റ് രോഗം സമൂഹത്തെ യുദ്ധക്കളമാക്കുന്നത്. ഫലം നാട്ടില്‍ റേഷന്‍ കടയേക്കാള്‍ പ്രചാരം മദ്യക്കടക്കും, ജ്വല്ലറികള്‍ക്കും ലഭിക്കുന്നു!
കുടുംബത്തില്‍ സ്നേഹം നഷ്ടപ്പെടുന്ന കുട്ടികള്‍ പാര്‍ക്കിലും,സിനിമാശാലകളിലും,ഇന്റെര്‍നെറ്റിലും,തെരുവിലും മൊബൈല്‍ ഫോണുമായി സ്നേഹത്തിനുവേണ്ടി തെണ്ടുന്ന കാഴ്ച്ച നമുക്ക് സുപരിചിതമാകുന്നു.പീഢംന കഥകള്‍ ആഘോഷമായി മീഡിയക്ക് പരസ്യവരുമാനം വര്‍ദ്ധിപ്പിക്കുന്നു!!

ഇതെക്കുറിച്ചെഴുതിയാല്‍ തീരില്ല ! ഫെമിനിസം എന്ന സാമൂഹ്യ വിപത്ത് കപടമായ ഒരു ലോകത്തേക്കാണ് നമ്മേ കൊണ്ടുപോകുന്നത്. റോസ് ബാസ്റ്റിന്‍ എന്ന ബ്ലോഗര്‍ ഫെമിനിസമെന്ന പേരില്‍ ഒരു കവിതയും, അതേക്കുറിച്ചുള്ള ഒരു വിശദീകരണവും അവരുടെ ബ്ലോഗില്‍ എഴുതിവച്ചിട്ടുണ്ട്. സത്യം മനസ്സിലാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അത് ക്ലിക്കി വായിക്കാവുന്നതാണ്.