Followers

Saturday, December 31, 2011

അപശബ്ദതാരാവലി



വി.ജയദേവ്

പറഞ്ഞുകഴിഞ്ഞപ്പോള്‍ ശരിയാണേ.
വറുതിയും പട്ടിണിയും
കണ്ടകശ്ശനി പോലെയാ.
കൊണ്ടേ പോകുവെന്നതെത്ര നേരാ,
അതു മുഖത്തെഴുതിയും വച്ചിട്ടുണ്ട്.
ഏതാണ്ടൊരു സ്ഥലത്തിന്‍റെ പേരു പറഞ്ഞു.
ആര്‍ക്കാ അതൊക്കെയിപ്പോള്‍
ഓര്‍ക്കാനുണ്ട് നേരമെന്നേ.
വെള്ളപ്പൊക്കമോ വരള്‍ച്ചയോ
എന്തോ സംഭവിച്ചുവെന്നുറപ്പാ.
മാരണങ്ങള്‍ വന്ന പാടെ
ഒളിച്ചുപോരികയായിരുന്നു.
കിട്ടിയ കിടക്കയും കുടുക്കയും കൊണ്ട്.
പല്ലെന്തെങ്കിലും കടിച്ചിട്ട്
ദിവസം അഞ്ചുപത്തായി.
നാവെന്തെങ്കിലും രുചിച്ചിട്ട്
കാലമെത്രയോ ആയി.
ഒട്ടിയ വയറുകള്‍
ശബ്ദതാരാവലിയിലേക്ക്
ഇടയ്ക്കിടെ പാളിനോക്കുന്നത്
എന്തിനാവും ആവോ?.
ആശാനുമൊക്കെയുള്ള കാലത്താണേ,
ശബ്ദം കൊണ്ടുള്ള കളിയും ചിരിയും
കാര്യവുമെന്നൊക്കെ
പറഞ്ഞപ്പോള്‍
തലയാട്ടിയതാണല്ലോ,
നമ്മുടെ ഭാഷ വല്ലോം
പിടികിട്ടുന്നുണ്ടാകുമോ?.
വിശപ്പുണക്കുന്ന ,
തടിച്ചുകൊഴുത്ത ,
എണ്ണയില്‍ മൊരിഞ്ഞ ,
പോഷകങ്ങള്‍ നിറഞ്ഞ ,
ദുര്‍മേദസുള്ള ,
അംഗവടിവുള്ള ,
വാലിട്ടുകണ്ണെഴുതിയ,
കാക്കത്തൊള്ളായിരം
വാക്കുകളുണ്ടതില്‍
എന്നു പറഞ്ഞതു
മനസിലായിട്ടുണ്ടാവണം.
നീട്ടിയ കടലാസിലെ ഒപ്പ്
വില്ലേജ് ഓഫിസറുടേതാണോ
ഹെഡ്ഡങ്ങത്തേയുടേതാണോ
എന്നു പാളിനോക്കിയപ്പോഴാണേ രസം,
ഒരു വിരലടയാളം പോലുമില്ല.
വല്ലാത്തൊരു ഭാഷ തന്നെ,
അതല്ല ഞെട്ടിച്ചത്.
അതൊരു കവിതയായിരുന്നു.
ശബ്ദതാരാവലിക്കകത്തു നിന്നു
തന്നെയാവും ആ ശബ്ദവും.
അല്ലാതെ വേറെ ശബ്ദം എവിടിരിക്കുന്നു?.
ചുറ്റും എന്തൊക്കെയോ ഇടിഞ്ഞുവീഴുന്നെന്നോ.
എവിടെയോ എല്ലാം തകരുന്നെന്നോ. അതെ,
ആരോ സ്വയം വലിച്ചെറിയുന്നുമുണ്ട് ചുറ്റിലും.